ജീവിതക്രമങ്ങളിലൂടെ ഹൃദയം സംരക്ഷിക്കാം

ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുകയും പല രോഗങ്ങള്‍ക്കും ചികിത്സയില്ലാതെ വരുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ലോക ഹൃദയദിനം നല്‍കുന്ന സന്ദേശം വളരെ പ്രസക്തമാണ്.
ഹൃദയം ആരോഗ്യകരമായ പരിതസ്ഥി തിയില്‍ (Heart-Healthy Environments) എന്നതാണ് ഈ വര്‍ഷത്തെ തീം. ആരോഗ്യകരമായ ചുറ്റുപാടുകളിലൂടെയും ജീവിതക്രമങ്ങളിലൂടെയും ആരോഗ്യമുള്ള ഹൃദയം എന്ന ആശയമാണ് ഇതിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ജീവിക്കുന്ന ചുറ്റുപാട്, ജോലിസ്ഥലം എന്നിവ ഹൃദ്രോഗസാധ്യതകള്‍ക്ക് അതീതമാക്കലാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുന്നതും ഹൃദയസംരക്ഷണത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങളാണ്.
പുകയില ഉപയോഗം, വ്യായാമക്കുറവ് എന്നിവ ഹൃദ്രോഗസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അമിതമായ മാനസികസമ്മര്‍ദങ്ങളും ഹൃദയാഘാതത്തിന് കാരണമാകുന്നു.
ഹൃദയാഘാതം, റുമാറ്റിക് ഹാര്‍ട്ട്, കാര്‍ഡിയോ മയോപ്പതി, വാല്‍വുകള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍, കുട്ടികളില്‍ ജന്മനാ കാണുന്ന ഹൃദയഭിത്തികളിലെ ദ്വാരം എന്നിവക്ക് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലുണ്ട്. ക്രമംതെറ്റിയുള്ള ഹൃദയമിടിപ്പ്, പ്രവര്‍ത്തനമാന്ദ്യം എന്നിവ നിയന്ത്രിച്ചുനിര്‍ത്താന്‍ ഹോമിയോപ്പതിയിലൂടെ കഴിയുന്നു.
ഹൃദയാഘാതം വരുന്നതിനെ തടയാനും ഹൃദയധമനികളിലെ തടസ്സങ്ങളെ നീക്കംചെയ്ത് രക്തസഞ്ചാരം ക്രമപ്പെടുത്താനും ചികിത്സക്ക് കഴിയുന്നു. പ്രകൃത്യാ ഹൃദയഭിത്തികളില്‍ നടക്കുന്ന സമാന്തര ധമനികള്‍ ഉണ്ടാകുന്നതിനെ സഹായിക്കുന്നു. ഇതിലൂടെ തടസ്സംവന്ന ധമനികളുടെ പ്രവര്‍ത്തനവൈകല്യം മറികടക്കുന്നു. ഹൃദയാഘാതത്താല്‍ നിര്‍ജീവമായ കോശങ്ങള്‍ക്ക് രക്തസഞ്ചാരം ലഭിക്കുകയും പുനര്‍ജീവനം സാധ്യമാവുകയും ചെയ്യുന്നു. തുടര്‍ച്ചയായ ഹൃദയാഘാതത്തിന്‍െറ ഫലമായി സംഭവിക്കുന്ന പൂര്‍ണ ഹൃദയപരാജയത്തെ ഇതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
തൊണ്ടയില്‍ തുടരെ വരുന്ന അണുബാധയാല്‍ രോഗിയുടെ രക്തത്തില്‍ ചില പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതിലൂടെ രൂപപ്പെടുന്ന ആന്‍റിബോഡിയുടെ ഫലമായി ഉണ്ടാകുന്ന അസുഖമാണ്  റുമാറ്റിക് ഫീവര്‍. സന്ധികളില്‍ നീര്‍ക്കെട്ടും ശക്തമായ പനിയുമാണ് രോഗിയില്‍ അനുഭവപ്പെടുന്നത്. ഇതിന്‍െറ ഫലമായി ഹൃദയവാല്‍വുകളില്‍ പ്രത്യേക തരം കോശങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ഹൃദയവാല്‍വുകളുടെ ചുരുക്കത്തിനും പ്രവര്‍ത്തനവൈകല്യത്തിനും ഇത് കാരണമാവുകയും രക്തം പമ്പുചെയ്യുന്ന അവസരത്തില്‍ വാല്‍വ് പൂര്‍ണതോതില്‍ അടയാതെ വരുകയും ചെയ്യുന്നു. കിതപ്പ്, ക്ഷീണം, അമിതമായതും ക്രമംതെറ്റിയതുമായ നെഞ്ചിടിപ്പ് എന്നീ രോഗലക്ഷണങ്ങള്‍ ഇതോടെ പ്രകടമാകുന്നു. ഈ രോഗാവസ്ഥയെയാണ് റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് എന്നു പറയുന്നത്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതിനാല്‍ കൃത്യമായ ചികിത്സ ആവശ്യമാണ്.
ഹൃദയഭിത്തികള്‍ക്ക് വരുന്ന അസുഖമാണ് കാര്‍ഡിയോ മയോപ്പതി. സമ്പൂര്‍ണ ഹൃദയപരാജയത്തിലേക്ക് നയിക്കുന്ന ഒരു രോഗാവസ്ഥയാണിത്. പൊതുവെ ചികിത്സയില്ലാത്ത വിഭാഗത്തില്‍പെടുന്ന അസുഖമായി കണക്കാക്കുന്നതിനാല്‍ ഹൃദയം മാറ്റിവെക്കുന്ന   ചികിത്സയാണ് നിലവിലുള്ളത്. പ്രാരംഭദിശയില്‍ ഹോമിയോ ചികിത്സയെടുക്കുന്നവരില്‍ ഈ അസുഖം നിയന്ത്രണവിധേയമായി നില്‍ക്കുന്നു.
ഹൃദ്രോഗങ്ങള്‍ തടയാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കാം എന്നത് മനസ്സിലാക്കുന്നത് നല്ലതാണ്. രോഗപ്രതിരോധമാണ് രോഗചികിത്സയെക്കാള്‍ ഉത്തമം. യഥാര്‍ഥ കാരണം അറിയാത്തതിനാല്‍ പല ഘടകങ്ങളെയും നിയന്ത്രണവിധേയമാക്കിയുള്ള ഒരു ജീവിതശൈലി രൂപ പ്പെടുത്തുക എന്നതാണ് പ്രധാനം.
ഇത് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായകരമാണ്. സാധാരണക്കാര്‍, ഹൃദ്രോഗസാധ്യത ഉള്ളവര്‍, ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
ഇതില്‍ പാരമ്പര്യമായോ മറ്റു കുടുംബാംഗങ്ങള്‍ക്കോ ഹൃദ്രോഗം വരാത്തവരെ സാധാരണക്കാര്‍ എന്ന വിഭാഗത്തില്‍പെടുത്താം. 35-40 വയസ്സ് കഴിഞ്ഞവര്‍ ആറു മാസത്തിലൊരിക്കലെങ്കിലും പ്രാഥമികമായ രക്തപരിശോധനകള്‍ നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതാണ്. പ്രഷര്‍, ഷുഗര്‍, യൂറിക് ആസിഡ്,  കൊളസ്ട്രോള്‍ എന്നിവ സാധാരണ നിലയില്‍ നില്‍ക്കുന്നു എന്നത് ഉറപ്പുവരുത്തണം. കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കണം. കൂടുതല്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ശീലമാക്കണം. മുട്ട, പാല്‍, വെളിച്ചെണ്ണ എന്നിവ കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുന്നില്ല. ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ പര്യാപ്തമായ പല ഘടകങ്ങളും ഇവയില്‍ അടങ്ങിയതിനാലാണിത്. വിവിധ തരം വിറ്റമിനുകള്‍, പ്രോട്ടീന്‍, കോളിന്‍, ലസിതിന്‍ തുടങ്ങിയ അനേകം പോഷകങ്ങള്‍ ഇവയുടെ നിയന്ത്രണംമൂലം നഷ്ടപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പാരമ്പര്യമായി ഹൃദ്രോഗ പശ്ചാത്തലമുള്ളവര്‍ പ്രത്യേകിച്ച് പിതാവിനോ മാതാവിനോ ഹൃദ്രോഗം ഉണ്ടായിരുന്നവര്‍ , ആകസ്മികമായി പെട്ടെന്ന് കുഴഞ്ഞു വീണു മരണം സംഭവിച്ച കുടുംബത്തിലുള്ളവര്‍ എന്നിവര്‍ ഹൃദ്രോഗസാധ്യത കൂടിയ വിഭാഗത്തില്‍പെടുന്നു. ഇവര്‍ കുറച്ചുകൂടി ജാഗ്രതാപൂര്‍ണമായ ജീവിതക്രമം പാലിക്കേണ്ടതും ആരോഗ്യപരിപാലനം കൂടുതല്‍ ശ്രദ്ധയോടെ പാലിക്കേണ്ടതുമാണ്. കൃത്യമായ പരിശോധനകളും രോഗാവസ്ഥക്കനുസരിച്ചുള്ള ചികിത്സയും ചെയ്യേണ്ടതാണ്.
ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ വളരെ ചിട്ടയായ ജീവിതക്രമവും ഭക്ഷണവും മരുന്നും എടുക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനും മാനസികസമ്മര്‍ദങ്ങള്‍ ഒഴിവാക്കാനും വിശ്രമം, ഉറക്കം എന്നിവ കൃത്യതയോടെ പാലിക്കുന്നതും രോഗാവസ്ഥയുടെ കാഠിന്യം കുറക്കും. പ്രഷര്‍, ഷുഗര്‍, യൂറിക് ആസിഡ് എന്നിവ നിയന്ത്രിച്ചുനിര്‍ത്തേണ്ടതാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.