തത്ത്വശാസ്ത്രം മുറുകെ പിടിച്ച നേതാവ്

പാര്‍ട്ടിയുടെ തത്ത്വശാസ്ത്രത്തില്‍ എന്നും ഉറച്ചുനിന്ന നേതാവാണ് സഖാവ് വി.വി. ദക്ഷിണാമൂര്‍ത്തി. സംഘടനയിലെ കെട്ടുറപ്പ് കാത്തൂസൂക്ഷിക്കുന്നതിലും പാര്‍ട്ടി നയത്തില്‍ അടിയുറച്ച് നില്‍ക്കുന്നതിലും സംഘടനാ തീരുമാനം ഉയര്‍ത്തിപ്പിടിക്കുന്നതിലും അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍തന്നെ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. സ്റ്റുഡന്‍റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തില്‍  സജീവമായത്. പാര്‍ട്ടിയിലെ വിവിധ തലത്തിലെ ഉത്തരവാദിത്തം അദ്ദേഹം നിര്‍വഹിച്ചിരുന്നു. അറിയപ്പെടുന്ന അധ്യാപക സംഘടനാ നേതാവായിരുന്നു അദ്ദേഹം. സ്വകാര്യ സ്കൂള്‍ അധ്യാപക സംഘടയുടെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. വടക്കുംപാട് ഹൈസ്കൂളിലും അതിനു മുമ്പ് തിരുവല്ലൂരും അദ്ദേഹം ജോലി ചെയ്തിരുന്നു.

മൂര്‍ത്തിമാഷിന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ആദ്യ കേന്ദ്രം പേരാമ്പ്രക്കടുത്ത പലേരിയിലായിരുന്നു. കോഴിക്കോട് ജില്ലയിലും കേരളത്തിലും അറിയപ്പെടുന്ന നേതാവായി വളര്‍ന്ന അദ്ദേഹം പാര്‍ട്ടി തത്ത്വശാസ്ത്രവും ആദര്‍ശവും മുറുകെ പിടിച്ച വ്യക്തിയായിരുന്നു. നിരന്തര പഠനം നടത്തിയിരുന്ന അദ്ദേഹം പാര്‍ട്ടി വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രദ്ധേയനായ വാഗ്മിയായിരുന്നു മാഷ്. കേരളത്തിനകത്തും പുറത്തും പാര്‍ട്ടി വിദ്യാഭ്യാസത്തില്‍ ദക്ഷിണാമൂര്‍ത്തി മാഷ് ഇടപെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ ഒട്ടുമിക്ക ഉന്നത നേതാക്കളുടെയും പ്രസംഗം അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ളീഷില്‍ നല്ല അവഗാഹമുണ്ടായിരുന്നു.

പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമെന്നനിലയില്‍ അദ്ദേഹം പ്രവര്‍ത്തന മികവ് വെളിവാക്കി. ‘ദേശാഭിമാനി’യുടെ ചീഫ് എഡിറ്റര്‍ പദവിയില്‍നിന്ന് അദ്ദേഹം മാറിയിട്ട്  ഒരുമാസത്തോളമേ ആയുള്ളൂ. താഴത്തേട്ടില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവര്‍ക്ക് നേതൃത്വം നല്‍കി. കൊയിലാണ്ടി താലൂക്ക് ചത്തെ് തൊഴിലാളി യൂനിയന്‍ നേതാവായിരുന്ന അദ്ദേഹം  പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. മൂര്‍ത്തിമാഷ്  ആ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഞാനായിരുന്നു പകരം ആ യൂനിയന്‍െറ സെക്രട്ടറിയായത്.

താന്‍ അന്ന് പേരാമ്പ്രയിലെ കീഴരിയൂര്‍ മിച്ചഭൂമി സമരത്തിന് നേതൃത്വം നല്‍കുകയായിരുന്നു. അവിടെനിന്നാണ് അദ്ദേഹം ലേബര്‍ യൂനിയനിലേക്ക് എന്നെ കൊണ്ടു വന്നത്. എന്‍െറ രാഷ്ട്രീയ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മൂര്‍ത്തിമാഷിന്‍െറ പിന്തുണയും നേതൃത്വവും ഉണ്ടായിരുന്നു.  മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായപ്പോഴും മൂര്‍ത്തിമാഷ് ഇടപെട്ട് ചുമതലയേല്‍പിക്കുകയായിരുന്നു. മാഷിന്‍െറ നേതൃത്വം എല്ലാ ഘട്ടത്തിലും എനിക്ക് കരുത്ത് പകര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം അദ്ദേഹം ജയില്‍ വാസം അനുഭവിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും  കേരളത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍െറ വിയോഗം വരുത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.