ജനത്തിനു വേണ്ടി അവരില്‍നിന്നു പഠിച്ച ഗാന്ധി

സമൂഹത്തിനു നല്‍കുന്ന മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി വ്യക്തികള്‍ക്ക് ഓണററി  ഡോക്ടറേറ്റ് നല്‍കുന്ന കാലമാണിത്. ലോകത്തിലെ വിവിധ സര്‍വകലാശാലകള്‍ അതിര്‍ത്തിവരമ്പുകള്‍ക്കപ്പുറം നിരവധി വ്യക്തിത്വങ്ങളെ ഇങ്ങനെ ആദരിക്കാറുണ്ട്. യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍െറ അംഗീകാരത്തോടെ നൂറുകണക്കിന് ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണം പ്രോത്സാഹിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്കോളര്‍ഷിപ്പിനുമൊക്കെയായി ആയിരത്തിലധികം കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കപ്പെടുന്നത്. സ്ത്രീകളും ദലിതരും ഉള്‍പ്പെടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തലമുറകളായി ഗവേഷണം നടന്നുവരുന്നു. കുറെ വ്യക്തികള്‍ ഡോക്ടര്‍മാരായി എന്നല്ലാതെ മേല്‍പറഞ്ഞ വിഭാഗത്തിന്‍െറ മിക്ക അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ തന്നെയാണ് ഇന്ത്യയില്‍ ഇന്നും. അക്കാദമികരംഗത്തെ ഗവേഷണങ്ങളൊന്നും ജീവിതഗന്ധി അല്ളെന്നും ഗവേഷണവും സാമൂഹികപ്രശ്നങ്ങളും തമ്മില്‍ വലിയൊരു അന്തരം നിലനില്‍ക്കുന്നുവെന്നുമാണ്    സൂചിപ്പിക്കുന്നത്. ഇവിടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയിലെ ഗവേഷകന്‍ പുതുതലമുറക്ക് പ്രചോദനമാവേണ്ടത്.

നിലവിലുള്ള ഒരു കാര്യം പരിശോധിക്കാനോ പുതിയ കാര്യങ്ങള്‍ കണ്ടത്തൊനോ ഒക്കെയാണ് ഗവേഷണം നടത്തുന്നത്. സാമൂഹികശാസ്ത്ര രംഗത്ത് ഗവേഷകര്‍ നിരീക്ഷണം, അഭിമുഖം, സര്‍വേ തുടങ്ങിയ രീതികള്‍ ഉപയോഗിച്ചാണ് പ്രധാനമായും പഠനം നടത്തുന്നത്. തല്‍പരത, നിഷ്പക്ഷത, ആത്മാര്‍ഥത, സത്യസന്ധത, സ്ഥിരോത്സാഹം എന്നിവ ഗവേഷകന് അവശ്യമുണ്ടായിരിക്കേണ്ട യോഗ്യതകളാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയെയും അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനരീതിയും പരിശോധിച്ചാല്‍ ഒരു ഗവേഷകന് വേണ്ട മേല്‍പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തുചേര്‍ന്നതായി കാണാം. ആധുനിക ഗവേഷകരില്‍നിന്ന് വ്യത്യസ്തമായി തന്നിലെ ഗവേഷകനെ പരമാവധി പ്രയോജനപ്പെടുത്തി സാമൂഹികപ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുവേണ്ടിയാണ് അദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുള്ളത്. “I am not built for academic writing, Action is my domain” എന്നൊരിക്കല്‍ ഗാന്ധിജി പറയുകയുണ്ടായി.

സമൂഹം ഇന്നാഗ്രഹിക്കുന്ന പാര്‍ട്ടിസിപന്‍റ് ആക്ഷന്‍ റിസര്‍ച്ചിന്‍െറ പ്രയോക്താവായിരുന്നു ഗാന്ധിജി. ചമ്പാരന്‍ സത്യഗ്രഹത്തിലൂടെയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് ഗാന്ധിജിയുടെ വരവ്. നീലം കൃഷിക്കാര്‍ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ചമ്പാരനിലേക്ക് ക്ഷണിച്ച പ്രകാരം അദ്ദേഹം അവിടേക്കു പോവുകയായിരുന്നു. അഭിനവനേതാക്കള്‍ ചെയ്യുന്നതുപോലെ കേട്ട പാതി കേള്‍ക്കാത്ത പാതി സമരത്തിനിറങ്ങുകയായിരുന്നില്ല ഗാന്ധിജി. ചമ്പാരനിലത്തെിയ അദ്ദേഹം ഏതു ഗവേഷകനെയും പോലെ വിഷയത്തെ കുറിച്ച് കൃത്യമായും വസ്തുനിഷ്ഠമായും പഠിക്കുകയായിരുന്നു ആദ്യം.

നിജ$സ്ഥിതി മനസ്സിലാക്കാന്‍ കര്‍ഷകരുടെയും കമീഷണറുടെയും അഭിപ്രായങ്ങള്‍ ഒരു പോലെ സ്വാംശീകരിക്കുകയും വിശദമായി അപഗ്രഥനം ചെയ്യുകയുമാണ് ഗാന്ധിജി ചെയ്തത്. ഗ്രാമീണര്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ പ്രശ്നം അന്തിമമായി പരിഹരിക്കപ്പെടുകയുള്ളൂ എന്ന് ബോധ്യമായ അദ്ദേഹം മറ്റു സ്ഥലങ്ങളില്‍ നിന്നുപോലും വളന്‍ററി അധ്യാപകരെ ഉപയോഗപ്പെടുത്തി പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുകയും തുടര്‍ച്ചയെന്നോണം ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം ശുചിത്വത്തിന്‍െറ പ്രാധാന്യം ഗ്രാമീണരിലേക്ക് എത്തിക്കാന്‍ ബോധവത്കരണ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.  ഇങ്ങനെ ചമ്പാരനിലിറങ്ങിയ ഗാന്ധിജി ആ സത്യഗ്രഹസമരങ്ങളെ കര്‍ഷക സമരങ്ങളിലെ തിളങ്ങുന്ന ഏടാക്കി മാറ്റി.

പ്രസിദ്ധീകരിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും  ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്’ എന്ന ക്ളാസിക് ഗ്രന്ഥത്തിന്‍െറ പ്രസക്തി കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. അഭിഭാഷകവൃത്തിയെപ്പറ്റി, പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ പരിമിതികളെക്കുറിച്ച്, മതനിരപേക്ഷതയെപ്പറ്റി, ആധുനിക വിദ്യാഭ്യാസത്തിന്‍െറ പേരില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആധുനിക ഗവേഷകരെപോലും വെല്ലുന്ന രീതിയിലാണ് അദ്ദേഹം എഴുതിയത്. ചരിത്രത്തെ മുന്‍നിര്‍ത്തിയും ചുരുങ്ങിയ താളുകളില്‍ ശാസ്ത്രീയമായി  ഒരു പഠന റിപ്പോര്‍ട്ടിന്‍െറ ചാരുതയിലാണ് ‘ഹിന്ദ് സ്വരാജ്’ എഴുതിയിട്ടുള്ളത്.
ഗവേഷണത്തിലൂടെ തനിക്കെന്ത് എന്നല്ല, സമൂഹത്തിന് എന്ത് പ്രയോജനമാണ് എന്നു ചിന്തിക്കുന്ന ലോകം കണ്ട ഏറ്റവും മികച്ച ഗവേഷകനായിരുന്നു ഗാന്ധിജി. ഗവേഷകന് സാമൂഹികപ്രതിബദ്ധത എന്ന യോഗ്യതകൂടി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു.

തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെ
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം
അസി. പ്രഫസറാണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.