വര്‍ഗീയകക്ഷികള്‍ കടന്നുവന്ന ഊടുവഴികള്‍

ഏതൊരു ക്ഷേമരാഷ്ട്രത്തെയും ശവമഞ്ചത്തിലേക്ക് നയിക്കാനാകുംവിധം രോഗിയാക്കുന്ന രണ്ട് സുപ്രധാന മാരകരോഗാണുക്കളാണുള്ളത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള അഴിമതിയും അധികാരമോഹവുമാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, ജനതയുടെ ഹൃദയബന്ധങ്ങളെപ്പോലും വിഭജിച്ച് രാഷ്ട്രശരീരത്തെ മരണാസന്നമാക്കുന്ന വംശീയതയും വര്‍ഗീയതയുമാണ്. ഇവയില്‍ ഏതാണ് മാരകമായ രോഗാണു എന്നു ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയതയെന്നേ നമുക്ക് പറയാന്‍കഴിയൂ. വര്‍ഗീയത രാഷ്ട്രീയശരീരത്തിനെ സ്പര്‍ശിച്ച് കഴിഞ്ഞാല്‍ അത് അതിവേഗത്തില്‍ ശരീരത്തിലുടനീളം പടരുകയും ശരീരത്തെ തീര്‍ത്തും മൃതസമാനമാക്കുംവിധം ഭീകരമായ പരിക്കേല്‍പിക്കുകയും ചെയ്യുന്നു. എന്നാല്‍ അഴിമതിയും അതിരുകളില്ലാത്ത അധികാരക്കൊതിയും മാരകംതന്നെയാണ്. പക്ഷേ, അതൊരു സൈലന്‍റ് കില്ലറാണെന്ന് മാത്രം. തീര്‍ത്തും ആത്മീയരഹിതമായ സ്വാര്‍ഥതയാണ് ഒരാളെ എല്ലാ അതിര്‍വരമ്പുകളെയും നിഷ്പ്രഭമാക്കുന്ന അഴിമതിക്കാരനും അധികാരക്കൊതിയനുമാക്കുന്നത്; അതേസമയം സ്വാര്‍ഥതയോട് കുടിലമായ സങ്കുചിതത്വം കൂടിച്ചേരുന്നിടത്താണ് വര്‍ഗീയത തിടംവെക്കുന്നത്.

വര്‍ഗീയതയുടെ അടിത്തറ
അതിരുകളില്ലാത്ത സ്വാര്‍ഥമോഹങ്ങളെ ആദര്‍ശമാക്കുന്ന സാമൂഹികരാഷ്ട്രീയസംസ്കാരം ഫലഭൂയിഷ്ട മണ്ണൊരുക്കുന്നേടത്ത് മാത്രമാണ് വര്‍ഗീയവിഷവിത്ത് പന്തലിച്ചുവളരുന്നത്. ഇവ രണ്ടും ആത്മീയതക്കന്യമായ പിന്തോല്‍പന്നങ്ങള്‍ മാത്രമാണ്. അതുകൊണ്ടാണ് ആവോളം അഴിമതിയുടെയും അധികാരക്കൊതിയുടെയും നൃത്തമാടിത്തിമിര്‍ത്ത് കാലൊടിഞ്ഞ് കിടപ്പായ കോണ്‍ഗ്രസടക്കമുള്ള ചില മതേതര പാര്‍ട്ടികളുടെയും വര്‍ഗീയരാക്ഷസനായ ബി.ജെ.പിയുടെയും വികസനത്തെക്കുറിച്ചുള്ള ശൈലിയും വര്‍ത്തമാനവും ഒരുപോലെയാകുന്നതും അവരുടെ സാമ്പത്തിക കൂട്ടാളികള്‍ സമാനരാകുന്നതും. ഈവഴി ചിന്തിക്കുമ്പോള്‍ മതേതരഭാരതത്തില്‍ ഇന്ന് അധികാരത്തിന്‍െറ ഉത്തുംഗതയില്‍ പോലും വര്‍ഗീയശക്തികള്‍ ഉറഞ്ഞാടുന്ന അവസ്ഥയുണ്ടാക്കിയതില്‍ മുമ്പ് ഇന്ത്യ ഭരിച്ച് രാജ്യത്തിന്‍െറ ക്ഷേമരാഷ്ട്രസങ്കല്‍പത്തിന് മാരകമായ പരിക്കേല്‍പിച്ച ഇവിടത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് തന്നെയാണ് സുപ്രധാന ഉത്തരവാദിത്തം എന്ന സത്യം പറയാതിരിക്കാന്‍ വയ്യ. ഇന്ദിര ഗാന്ധി അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥ കഴിയുന്നതുവരെ ഏതാണ്ട് കാല്‍നൂറ്റാണ്ടിലധികം രാജ്യം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍െറ തന്നെ ഭരണഘടനയില്‍ പറയുന്നതുപോലെ സോഷ്യലിസ്റ്റ് വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെങ്കില്‍ ഈ രാജ്യത്തിനെ ക്ഷേമരാഷ്ട്രത്തിലേക്കത്തെിക്കാന്‍ നീണ്ട കാല്‍നൂറ്റാണ്ടിന്‍െറ തുടര്‍ച്ചയായ ഭരണം ധാരാളമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പ്രധാനമായി ക്ഷേമമുണ്ടായത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജന്മിമാര്‍ക്കും പട്ടണങ്ങളിലെ വ്യവസായികള്‍ക്കുമാണ്. മഹാത്മജി പറഞ്ഞത് ഇന്ത്യയുടെ ഹൃദയമുറങ്ങുന്ന പാവപ്പെട്ട ഗ്രാമീണനില്‍നിന്ന് വികസനം ആരംഭിക്കണമെന്നാണ്. അതാണ് ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജി’ന്‍െറ പൊരുള്‍. പക്ഷേ, ഇന്ത്യന്‍ ഗ്രാമീണന്‍ നീണ്ട കാല്‍നൂറ്റാണ്ടിന് ശേഷവും മണ്ണുതിന്നുന്നവന്‍ മാത്രമായി അവശേഷിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടി എന്നറിയപ്പെടുന്നതിനാല്‍ മറ്റൊരു മതേതര പാര്‍ട്ടിക്ക് ഇന്ത്യയില്‍ വ്യാപകമായി വേരോട്ടമില്ളെന്ന് കോണ്‍ഗ്രസ് ധരിച്ചു. ശക്തമായ ഒരു മതേതരപ്രതിപക്ഷത്തിന്‍െറ അഭാവത്തില്‍ ഇവിടെ നേരത്തെതന്നെ വിത്ത് വിതറിക്കഴിഞ്ഞിരുന്ന ഭൂരിപക്ഷ വര്‍ഗീയത അധികാരത്തില്‍ കയറിയിരിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് കണക്കിലെടുത്തില്ല. കോണ്‍ഗ്രസിനെ താഴെയിറക്കിയേ തീരൂ എന്ന് ഭൂരിപക്ഷ ജനതയും ചിന്തിക്കുന്ന ഒരവസ്ഥയില്‍ രാജ്യമത്തെി. കാരണം കോണ്‍ഗ്രസ് ഭരണത്തില്‍ ജനാധിപത്യഭരണഘടനപോലും അട്ടിമറിയുടെ വക്കത്തത്തെിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിശിക്ഷ്യനുമായ സാക്ഷാല്‍ ജയപ്രകാശ് നാരായണന്‍ തന്നെ ജനങ്ങള്‍ക്കുവേണ്ടി രംഗത്തിറങ്ങി. ദുര്‍ബലമായ മതേതര പാര്‍ട്ടികളെകൊണ്ടുമാത്രം അന്ന് കോണ്‍ഗ്രസിനെ മറിച്ചിടാന്‍ സാധിക്കുമായിരുന്നില്ല. ജനസംഘം പോലുള്ള വര്‍ഗീയപാര്‍ട്ടികളെക്കൂടി കൂട്ടുപിടിക്കേണ്ട നിര്‍ബന്ധിതാവസ്ഥ സംജാതമായി. പക്ഷേ, ആ ഒരു സന്ദിഗ്ധഘട്ടത്തില്‍പോയും വര്‍ഗീയ പ്രത്യയശാസ്ത്രത്തോട് സഹകരിക്കാന്‍ ജയപ്രകാശിനെപ്പോലുള്ള ഗാന്ധിശിഷ്യനായ സോഷ്യലിസ്റ്റിന് സാധിക്കുമായിരുന്നില്ല. ജനസംഘം എന്ന സംഘടന തന്നെ പിരിച്ചുവിട്ട് ജനതാപാര്‍ട്ടി എന്ന മതേതര പാര്‍ട്ടിയിലേക്ക് ചേരാന്‍ അദ്ദേഹത്തിന്‍െറ ആദര്‍ശംവിടാത്ത നിലപാട് അവരെ നിര്‍ബന്ധിതരാക്കി. എന്നാല്‍ ജയപ്രകാശ് നാരായണന്‍ കാട്ടിയ ഈ ആദര്‍ശനിഷ്ട അദ്ദേഹത്തിന്‍െറ പിന്‍ഗാമികളായിവന്നവര്‍ കണിശമായി പാലിച്ചില്ല. അടിയന്തരാവസ്ഥക്കാലത്തേതുപോലൊരു ദുരന്തഘട്ടമൊന്നും രാജ്യം അഭിമുഖീകരിച്ചിട്ടില്ലാതിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ വര്‍ഗീയശക്തിയായ ബി.ജെ.പിയോട് കുറേയധികം വിട്ടുവീഴ്ച കാട്ടി. വി.പി. സിങ്ങിന്‍െറയും ചന്ദ്രശേഖറിന്‍െറയും നേതൃത്വത്തില്‍ രൂപംകൊണ്ട ജനതാദള്‍ എന്ന മുഖ്യ പ്രതിപക്ഷ മതേതര പാര്‍ട്ടിയാണ് അന്ന് ആ നയം സ്വീകരിച്ചത്. ഉള്ളതുപറയണമല്ളോ, താല്‍ക്കാലികലാഭത്തിന് ബി.ജെ.പി കുറച്ച് വളര്‍ന്നാലും തരക്കേടില്ളെന്ന നയം. എന്നാല്‍ ഇന്ത്യയിലെ മറ്റൊരു മതേതര പാര്‍ട്ടികളെയും പോലെ വര്‍ണാധിപത്യ നേതൃത്വത്തെ തന്നെ കൊണ്ടുനടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ബംഗാളിലെങ്കിലും തങ്ങളുടെ അണികളെ പൂര്‍ണമായൊരു വര്‍ഗീയവിരുദ്ധ മാനസികാവസ്ഥയിലത്തെിക്കാന്‍ കഴിഞ്ഞോ എന്ന കാര്യം സംശയമാണ്. ഒന്നാമതും രണ്ടാമതും ഞാന്‍ സവര്‍ണ ഹിന്ദുവാണെന്നും മൂന്നാമത് പാര്‍ട്ടിക്കാരനാണെന്നും തുറന്നുപറയുന്ന പാര്‍ട്ടി മെംബര്‍മാര്‍ പാര്‍ട്ടി കാല്‍നൂറ്റാണ്ടിലധികം ഭരിച്ച ബംഗാളിലുള്ളതായി പത്രദ്വാരാ കൗതുകവാര്‍ത്തയായി നാം വായിച്ചിട്ടുണ്ട്. മാത്രമല്ല, മൃദുഹിന്ദുത്വനയം പിന്തുടര്‍ന്ന് സ്വയം നശിച്ച കോണ്‍ഗ്രസില്‍നിന്ന് യു.പി അടക്കമുള്ള ഉത്തരേന്ത്യന്‍ സ്റ്റേറ്റുകളില്‍ നിന്ന് കൊഴിഞ്ഞുപോയപോലെ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങള്‍ അകന്നുപോയപ്പോഴാണ് ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നത്. എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്ന് ഇപ്പോഴും പാവങ്ങളായി തുടരുന്ന പിന്നാക്ക ന്യൂനപക്ഷങ്ങള്‍ അകന്നുപോകുന്ന അവസ്ഥയുണ്ടായതെന്നതും സവര്‍ണാധിപത്യം ഹിന്ദുത്വവര്‍ഗീയതയുടെ ഭീഷണിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തമാണ്. ജനതാദളിന്‍െറ നേതൃത്വത്തിലുള്ള ബദല്‍ മതേതര പരീക്ഷണപരാജയത്തിനുശേഷം വീണ്ടും കോണ്‍ഗ്രസ് മറ്റ് പലരുടെയും സഹായത്തോടെയാണെങ്കിലും അധികാരത്തില്‍ തിരിച്ചുകയറി. എന്നാല്‍ കഴിഞ്ഞതില്‍നിന്നൊരു പാഠവും ഉള്‍ക്കൊള്ളാത്ത കോണ്‍ഗ്രസിനെ തന്നെയാണ് അപ്പോഴും രാജ്യം കണ്ടത്. അറപ്പുളവാക്കുന്ന അഴിമതിയും അധികാരക്കൊതിയും തുടര്‍ന്നു എന്നു മാത്രമല്ല ബി.ജെ.പിയെ തടയാന്‍ മതേതരനിലപാട് കര്‍ശനമാക്കുന്നതിന് പകരം മൃതുഹിന്ദുത്വ നിലപാട് വര്‍ധിപ്പിക്കുകയാണ് പാര്‍ട്ടി ചെയ്തത്.

കേരള രാഷ്ട്രീയം
ഇനി കേരളത്തിലേക്ക് വരാം. കേരളത്തില്‍ ഹിന്ദുത്വവര്‍ഗീയകക്ഷി അത്ര എളുപ്പം വേരുപിടിക്കുന്ന മണ്ണല്ല. അതിന്‍െറ ഒന്നാമത്തെ കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തമായ സ്വാധീനംതന്നെ. ഇന്ത്യയിലങ്ങോളമിങ്ങോളം സവര്‍ണ ഹൈന്ദവവിഭാഗങ്ങളാണ് ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ രാഷ്ട്രീയശക്തികളുടെ സ്പോണ്‍സര്‍മാര്‍. എന്നാല്‍ ഇവിടെയുള്ള സവര്‍ണ ഹൈന്ദവനേതൃത്വം ഒന്നാകെ ഇത്തരം വര്‍ഗീയകക്ഷിയുടെ സ്പോണ്‍സര്‍ഷിപ് ഏറ്റെടുക്കാന്‍ നിന്നുകൊടുത്തില്ല. അതിന്‍െറ കാരണം, വെളുക്കാന്‍തേച്ചത് പാണ്ടായിപ്പോകുമോ എന്ന അവരുടെ ഭയമായിരിക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി 50 ശതമാനത്തിലധികം മുസ്ലിം, ക്രിസ്ത്യന്‍ നൂനപക്ഷ ജനസംഖ്യയുള്ള നാടാണ് കേരളം, എന്നിട്ടും ഇവിടെ അധികാരതലങ്ങളിലും ഉദ്യോഗതലങ്ങളിലുമെല്ലാം (ന്യൂനപക്ഷങ്ങള്‍ക്ക് വിവിധതരം തൊഴില്‍സംവരണമുണ്ടായിട്ടും) അര്‍ഹതപ്പെട്ടതിലധികം പങ്കും സ്വാധീനവും തങ്ങള്‍ക്ക് ലഭിക്കുന്നൊരു സാഹചര്യം ഇപ്പോള്‍ മതേതര കേരളത്തിലുണ്ട് എന്നവര്‍ക്കറിയാം. ഇവിടത്തെ മുന്നാക്ക സവര്‍ണവിഭാഗം ആരാലും ശ്രദ്ധിക്കപ്പെടാതെ കൈക്കലാക്കിപ്പോന്ന ആനുകൂല്യങ്ങളാണിവ. എന്നാല്‍, കുളംകലക്കി, പ്രശ്നം സൃഷ്ടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയകക്ഷികള്‍ രംഗം കൈയടക്കിയാല്‍ മഹാഭൂരിപക്ഷംവരുന്ന പിന്നാക്ക ന്യൂനപക്ഷ മതേതര കൂട്ടായ്മയെ മറികടന്ന് നമുക്കിങ്ങനെ പാലുകുടിക്കാന്‍ കഴിയുമോ എന്ന ഭയം അവര്‍ക്കുണ്ടാകും. ബി.ജെ.പി ഇവിടെ വേരുപിടിക്കാത്തതിന്‍െറ മറ്റൊരുകാരണം അതാണെന്ന് കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു.

എന്നാല്‍ കേരളത്തിലെ മുഖ്യധാരാമതേതര കക്ഷികള്‍ മാത്രമല്ല, മുസ്ലിം ലീഗ് പോലുള്ള മതേതരമുഖമവകാശപ്പെടുന്ന ന്യൂനപക്ഷ സാമുദായിക രാഷ്ട്രീയകക്ഷി വരെ തങ്ങളുടെ താല്‍ക്കാലിക ലാഭത്തെ മുന്‍നിര്‍ത്തി ബി.ജെ.പി അംഗത്തെയോ അനുഭാവിയെയോ അധികാരസോപാനത്തിലത്തെിക്കാന്‍ കോ.ലീ.ബി സഖ്യമുണ്ടാക്കി കേരളത്തിന്‍െറ മതേതര മനസ്സിനെ വഞ്ചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വടകര ലോക്സഭാ സീറ്റിലും ബേപ്പൂര്‍ നിയമസഭാ സീറ്റിലുമാണ് ആ ജനവഞ്ചന അരങ്ങേറിയത്. അത്തരം കോ.ലീ.ബി അവിഹിതബന്ധം പിന്നീടും വിവിധ കാലഘട്ടങ്ങളില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ മുസ്ലിം ലീഗടക്കം മുഖ്യധാരാ പാര്‍ട്ടികളില്‍ പലരും ഇപ്പോഴും കൂട്ടുനില്‍ക്കുന്നുണ്ട്. ദേശീയതലത്തിലായാലും കേരളത്തിലായാലും ഹിന്ദുത്വവര്‍ഗീയ സംഘടന എവിടെയെങ്കിലും കാലുറപ്പിച്ചുണ്ടെങ്കില്‍ അത് ഇവിടത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ അവരുടെ താല്‍ക്കാലിക ലാഭത്തിനായി ഒരുക്കിയ ഊടുവഴികളിലൂടെ മാത്രമാണെന്ന് സ്പഷ്ടം. കേരളത്തിലെ മുസ്ലിം ആത്മീയസംഘങ്ങള്‍ എന്നറിയപ്പെടുന്ന മതസംഘടനകളില്‍ ചിലത് വര്‍ഗീയരാഷ്ട്രീയ കക്ഷി അധികാരത്തിന്‍െറ അക്കൗണ്ട് തുറക്കുന്നതില്‍ ആശങ്കപ്രകടിപ്പിക്കുന്നു.  അതിലേറെകാര്യമായി അവര്‍ ആശങ്കപ്പെടുന്നത് അടുത്തകാലത്തായി മൂല്യാധിഷ്ഠിത ജനപക്ഷവികസന രാഷ്ട്രീയത്തിന്‍െറ പേരില്‍ ഉയര്‍ന്നുവന്ന കൊച്ചുപാര്‍ട്ടികളുടെ കാര്യത്തിലാണ്. പ്രത്യേകിച്ചും ദുരന്തം തൊണ്ടക്കുഴിയിലത്തെിനില്‍ക്കുന്ന ഈ അവസരത്തില്‍പോലും സത്യസന്ധമായി പറയാതെ ആര്‍ക്കുവേണ്ടിയാണ് നമ്മുടെ ആത്മീയസംഘങ്ങള്‍ പോലും ഇത്ര ബാലിശമായരീതിയില്‍ രാഷ്ട്രീയം പറയുന്നത് എന്നോര്‍ത്ത് ഒരുവേള ദു$ഖിച്ചുപോയി. ആം ആദ്മി മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിവരെയുള്ള ചെറുനവ രാഷ്ട്രീയകക്ഷികള്‍ ഇക്കാര്യത്തില്‍ പിന്തുടരുന്ന നിലപാടുകള്‍ ആര്‍ക്കും അറിയാത്തതല്ല. ബി.ജെ.പി ജയിക്കുമെന്ന ആശങ്കയുള്ളിടങ്ങളില്‍ മാത്രമല്ല, ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിക്കുമെന്ന് പോലും തോന്നുന്ന മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മതേതരവോട്ട് ഭിന്നിപ്പിച്ച് കാര്യം നേടേണ്ടതില്ളെന്ന് വ്യക്തമായി തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയെപ്പോലുള്ള സംഘടനകള്‍ തീരുമാനമെടുത്തിട്ടുണ്ട്.
യഥാര്‍ഥത്തില്‍ ആത്മീയത സാമൂഹികരാഷ്ട്രീയരംഗത്തുകൂടി കടന്നുവരണമെന്നാണ് പ്രവാചകന്മാരെപ്പോലെ മഹാത്മജിയും പറഞ്ഞത്. അത്തരമൊരു സത്യസന്ധതയോടെയാണ് ഈ ആത്മീയസംഘങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്നതെങ്കില്‍ കുഴപ്പമുണ്ടാകുമായിരുന്നില്ല. ബി.ജെ.പി ജയിച്ചുപോകുമോ എന്ന് ആശങ്കപ്പെടുന്ന മഞ്ചേശ്വരം, നേമം പോലുള്ള മണ്ഡലങ്ങളിലെങ്കിലും മതേതര വോട്ടുകള്‍ സ്വന്തം കക്ഷിത്വത്തിന്‍െറ ദുര്‍വാശിക്കുവേണ്ടി പരസ്പരം പൊരുതി ഭിന്നിപ്പിക്കരുതെന്ന് ഇത്തരം ആത്മീയസംഘങ്ങളുടെ പ്രവര്‍ത്തകരില്‍ നല്ളൊരുവിഭാഗം തമ്പടിച്ചിരിക്കുന്ന മുസ്ലിം ലീഗടക്കമുള്ള മുഖ്യധാരാ പാര്‍ട്ടികളോട് ഇവര്‍ ചങ്കൂറ്റത്തോടെ പറയുകയാണ് വേണ്ടിയിരുന്നത്.             

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.