എല്ലാ വിളക്കുകളും അണഞ്ഞുപോകുമ്പോള്‍

ഓരോ വേനലിലും വടക്കേ ഇന്ത്യയിലേക്കും ഓരോ ശൈത്യത്തിലും ദക്ഷിണേന്ത്യയിലേക്കും യാത്രചെയ്യാന്‍ കൊതിക്കുക എന്‍െറ ശീലമാണ്. പക്ഷേ, പലപ്പോഴും അത്തരം യാത്രകള്‍ തരപ്പെടാറില്ല. എന്നാല്‍ ഈ വേനല്‍ സര്‍വ ഇടങ്ങളിലും കടുത്തുപോയതില്‍ അതീവ ദു$ഖിതയാണ് ഞാന്‍. ഉത്തരാഖണ്ഡ്-ഹിമാചല്‍ മേഖലകളിലെ കുന്നിന്‍പ്രദേശങ്ങളില്‍ അസാധാരണ തോതിലുള്ള അഗ്നിബാധയും ഉണ്ടായി. അതിനിടയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ പ്രസ്താവന വന്നു: ‘ഇതെല്ലാം മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ മാത്രം.’ ദുരന്തങ്ങളെ ഈ ഒറ്റവാക്യത്തില്‍ സംക്ഷേപിക്കുന്ന മന്ത്രിയുടെ ഉദ്ദേശ്യം വ്യക്തമല്ല. മനുഷ്യനിര്‍മിതം എന്നതിലൂടെ ഏതു മനുഷ്യരെയാണ് മന്ത്രി ഉന്നമിടുന്നത്. മന്ത്രിയോട് നേരിട്ട് വിശദീകരണമാരായാന്‍ എനിക്കിപ്പോള്‍ മാര്‍ഗങ്ങളൊന്നുമില്ല. മന്ത്രിപുംഗവന്മാരില്‍നിന്ന് ഏറെ അകലം പാലിക്കുന്ന രീതിയാണ് ഞാന്‍ അനുവര്‍ത്തിച്ചുവരുന്നതും.
ഉഷ്ണാധിക്യവും അഗ്നിബാധയും മനുഷ്യനിര്‍മിതം എന്ന വാദം നേരുതന്നെ. ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ മെഷിനറിയുടെ തലപ്പത്തിരിക്കുന്നവരുമായ ഒരുകൂട്ടം മനുഷ്യര്‍ വനങ്ങള്‍ വെളുപ്പിക്കാനും ഹരിതാഭകള്‍ കവര്‍ന്നെടുക്കാനും മലയോരങ്ങള്‍ ഇടിച്ചുനിരത്താനും ഒത്താശകള്‍ ചെയ്യുന്നു. ഭരണകര്‍ത്താക്കളും വനമാഫിയയും വിതക്കുന്ന വിനാശം രാജ്യത്തെ ഓരോ പൗരനെയും പ്രതിസന്ധിയിലാഴ്ത്തുന്നു എന്നതിന്‍െറ സംശയാതീതമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു. വനം നശിപ്പിക്കുന്ന കരാറുകള്‍ രാജ്യത്തെ പരിസ്ഥിതിയെതന്നെ നാമാവശേഷമാക്കുന്നു. ജമ്മു-കശ്മീരിലെ സംഘര്‍ഷമേഖലകളില്‍പോലും വനം മാഫിയ അധികാരത്തിന്‍െറ ഇടനാഴികളില്‍ ദു$സ്വാധീനം ചെലുത്തുന്നു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇവര്‍ ഏല്‍പിക്കുന്ന ആഘാതത്തിന്‍െറ വ്യാപ്തി തിട്ടപ്പെടുത്താനാകില്ല.
കാട്ടുതീ ഇത്ര വ്യാപകമായ തോതില്‍ മുമ്പ് പ്രത്യക്ഷമായിരുന്നില്ല. ഒരുവശത്ത് സ്മാര്‍ട്ട് സിറ്റികള്‍ പണിതുയര്‍ത്തുന്നതിനിടയിലാണ് കാട്ടുതീയുടെ വിനാശങ്ങളെ നാം അഭിമുഖീകരിക്കുന്നത് എന്നോര്‍മിക്കുക. പൈതൃകങ്ങളും പ്രകൃതിസമ്പത്തും കാത്തുസംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനിടെ പുതിയ നഗരവത്കരണ പ്രോജക്ടുകള്‍ക്കുവേണ്ടി നാം തലപുകക്കുന്നു. വനങ്ങളിലും താഴ്വാരങ്ങളിലും ചെറുപട്ടണങ്ങളിലും മാത്രമല്ല, ന്യൂഡല്‍ഹി പോലുള്ള മഹാനഗരങ്ങളിലും മനുഷ്യനിര്‍മിത വിനാശങ്ങള്‍ പ്രതിസന്ധികള്‍ക്ക് വിത്തുപാകിയിരിക്കുന്നു.
കുടിനീരിനുവേണ്ടി മൈലുകള്‍ താണ്ടേണ്ട ദുര്‍ഗതിയിലാണ് സാധാരണക്കാര്‍. ശുദ്ധവായു സങ്കല്‍പം മാത്രമായിരിക്കുന്നു. അഴുക്കുചാലുകള്‍ രോഗസാധ്യതകള്‍ ഇരട്ടിപ്പിക്കുന്നു. ഏതു ദിക്കിലും നമ്മുടെ ജീവിതത്തിന്‍െറ ദുസ്സഹാവസ്ഥയിലേക്കുള്ള ചൂണ്ടുപലകകള്‍ കാണാനാകും. നല്ല ദിനങ്ങളുടെ കടന്നുവരവ് എന്ന മോഹന വാഗ്ദാനം പഴങ്കഥയായി.
യഥാര്‍ഥത്തില്‍ ഈ ഘട്ടത്തില്‍ മോദി ഭരണം കണിശമായി അവലോകനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അത്തരമൊരു മൂല്യപരിശോധന ഏറെ പ്രസക്തമാണ്. വളരെ മോശപ്പെട്ട ഭരണവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. നിത്യേന നാം അഭിമുഖീകരിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ ഡോസുകള്‍ നല്‍കുന്ന സൂചനകള്‍ പരിതാപകരമാണ്.
ഭക്ഷണം, കുടിവെള്ളം, ആരോഗ്യം, സുരക്ഷ, വികസനം, കുറ്റകൃത്യങ്ങള്‍, മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, ന്യൂനപക്ഷ-ദലിത് വിഷയങ്ങള്‍, കാര്‍ഷിക മേഖല, ഗതാഗതം തുടങ്ങിയ സര്‍വതലങ്ങളിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ദു$ഖകരമായ തകര്‍ച്ച സംജാതമായിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ചില പാഴ്വാഗ്ദാനങ്ങളായിരുന്നു തങ്ങള്‍ക്ക് ലഭിച്ചത് എന്ന് തിരിച്ചറിയുന്ന ജനങ്ങളില്‍ നൈരാശ്യം പടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രത്യാശയുടെ ചെറുനാളമെങ്കിലും ജ്വലിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു ഞാനും. പക്ഷേ, സര്‍വദീപങ്ങളും അണഞ്ഞുപോയിരിക്കുന്നു.
രാഷ്ട്രീയവ്യവഹാരങ്ങളിലും ആഖ്യാനങ്ങളിലുംപോലും നിലവാരത്തകര്‍ച്ച പ്രകടമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച മുന്‍ കേന്ദ്രമന്ത്രി ദിഗ്വിജയ് സിങ്ങിന്‍െറ 37കാരിയായ മകള്‍ കാര്‍ത്തിക സിങ് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ചപ്പോള്‍ മൂന്നാംകിട കമന്‍റുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടവര്‍ സഹതാപം അര്‍ഹിക്കുന്നില്ല. ഗാന്ധികുടുംബത്തോടുള്ള അദ്ദേഹത്തിന്‍െറ കൂറു മുതല്‍ അദ്ദേഹത്തിന്‍െറ രണ്ടാം വിവാഹം വരെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമൂഹമാധ്യമങ്ങള്‍ ആ യുവതിയുടെ മരണത്തിന് മീതെ മൂടുപടങ്ങള്‍ ചാര്‍ത്തിയത്. വിയോഗ ദു$ഖം അനുഭവിക്കുന്ന ആ കുടുംബത്തിന് കൂടുതല്‍ അസ്വാസ്ഥ്യങ്ങള്‍ പകരുന്ന ഹീനമായ ഹൃദയശൂന്യത മാത്രമായിരുന്നു അത്.
നീറുന്ന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന സംവാദങ്ങളുമായി ചാനലുകള്‍ സദാ ജനഹൃദയങ്ങളെ കീഴ്പ്പെടുത്തുന്നു. ബോളിവുഡിലെ തിരക്കഥകളെ വെല്ലുന്ന സ്റ്റോറികളോടുള്ള ആഭിമുഖ്യങ്ങള്‍ ഉപക്ഷേിക്കാന്‍ കഴിയാത്ത ചാനലുകള്‍ ഭരണകര്‍ത്താക്കളുടെ ആയുധങ്ങള്‍തന്നെ.
മുന്‍ ഭരണകൂടങ്ങളുടെ കാലത്ത് നടന്ന അഴിമതികള്‍ ആവര്‍ത്തിച്ച് ചര്‍ച്ചചെയ്യപ്പെടുന്നതിന്‍െറ പ്രയോജനം ആര്‍ക്കാണെന്ന കാര്യത്തില്‍ സംശയിക്കാനൊന്നുമില്ല. അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയുടെ ചര്‍ച്ചകള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെടുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തിലെ പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ വിസ്മരിക്കുമെന്നാകാം കണക്കുകൂട്ടല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.