ആസ്ത്മയെ പ്രതിരോധിക്കാന്‍ ഈ കരുതലുകള്‍

ശ്വാസകോശത്തെ പ്രത്യേകിച്ചും ശ്വാസനാളികളെ ബാധിക്കുന്ന അലര്‍ജിയാണ് ആസ്ത്മ. ലോകത്താകമാനം 300 ദശലക്ഷം പേര്‍ ആസ്ത്മ രോഗംമൂലം ബുദ്ധിമുട്ടുകളനുഭവിക്കുന്നു എന്നാണ് കണക്ക്.
ശ്വാസകോശങ്ങളിലേക്കുള്ള വായുവിന്‍െറ പ്രവാഹം തടസ്സപ്പെടുത്തി ശ്വസനത്തെ ബാധിക്കുന്ന അവസ്ഥയാണ് ആസ്ത്മ. ആസ്ത്മക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്നു.
ശ്വാസനാളികളില്‍നിന്ന് പശിമയുള്ള ഒരു ദ്രാവകവുമുണ്ടാവുന്നു. ഇതുമൂലം ശ്വാസനാളികള്‍ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി കൂട്ടിന് ചുമയും വലിവും ഉണ്ടാകുന്നു. കുട്ടികളില്‍ ആസ്ത്മ പല രീതികളില്‍ പ്രകടമാകാം.
 ചുമ- കൂടുതലും അതിരാവിലെയും രാത്രിയും.
 ശ്വസിക്കാന്‍ പ്രയാസം.
 ഇടക്കിടെ ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്.
 നെഞ്ചില്‍നിന്ന് ശ്വസിക്കുമ്പോള്‍ വിസിലടിക്ക് സമാനമായ ശബ്ദം കേള്‍ക്കുക.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ പുക, പൊടി, തണുപ്പ് എന്നിവയുടെ സാന്നിധ്യത്തിലും കായികാഭ്യാസ വേളയിലും വര്‍ധിക്കുന്നതും ആസ്ത്മയുടെ പ്രത്യേകതയാണ്.  ഉത്കണ്ഠ, ഭയം, കരച്ചില്‍ തുടങ്ങിയ തീവ്ര വികാരങ്ങളുണ്ടാകുമ്പോള്‍ രോഗലക്ഷണങ്ങള്‍ വര്‍ധിക്കാം.
പ്രാരംഭ ദിശയിലുള്ള രോഗനിര്‍ണയവും താമസിപ്പിക്കാതെയുള്ള ചികിത്സയും ആസ്ത്മയെ സംബന്ധിച്ച് പ്രധാനമാണ്.  രോഗലക്ഷണങ്ങളുടെ നിയന്ത്രണമാണ്, പൂര്‍ണ രോഗശമനത്തേക്കാള്‍ ആസ്ത്മയില്‍ ശ്രദ്ധിക്കേണ്ടത്. ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം.
1. റിലീവേഴ്സ് (Relievers)
2. പ്രിവന്‍േറഴ്സ് (Preventers)
തടസ്സമകറ്റി ശ്വാസനാളങ്ങള്‍ തുറന്ന് വായുസഞ്ചാരം സുഗമമാക്കുന്ന മരുന്നുകളാണ് റിലീവേഴ്സ്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകള്‍ ശ്വാസതടസ്സം നീക്കി വേഗം ആശ്വാസം നല്‍കുന്നു.
അലര്‍ജിജന്യ വസ്തുക്കളുമായി ഇടപഴകുമ്പോള്‍ ആസ്ത്മയുടെ തുടര്‍ ലക്ഷണങ്ങള്‍ വരാതെ തടയുന്ന മരുന്നുകളാണ് പ്രിവന്‍േറഴ്സ്. അസുഖത്തിന്‍െറ വൈഷമ്യതകളില്ലാത്ത അവസ്ഥയില്‍ പിന്നീട് ലക്ഷണങ്ങള്‍ വരാതിരിക്കാന്‍ ഇവ സഹായിക്കുന്നു.
ഇന്‍ഹേലര്‍ ചികിത്സ
ആസ്ത്മ ചികിത്സയില്‍ ഏറ്റവും നിര്‍ണായകമായ ഒരു വഴിത്തിരിവാണ് ഇന്‍ഹേലറുകളുടെ കടന്നുവരവ്. നിലവിലെ ചികിത്സാരീതികളില്‍ ഏറ്റവും ഫലപ്രദമാണ് ഇന്‍ഹേലര്‍ ചികിത്സ. മരുന്നുകളെ ശ്വാസനാളികളിലേക്ക് നേരിട്ടത്തെിക്കുകയാണ് ഇന്‍ഹേലറുകള്‍ ചെയ്യുന്നത്. വിവിധതരം ഇന്‍ഹേലറുകള്‍ ഇന്ന് ലഭ്യമാണ്. കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍ഹേലറുകള്‍ തെരഞ്ഞെടുക്കാം.
നിര്‍ധിഷ്ട അളവില്‍ വിദഗ്ധ ഉപദേശപ്രകാരം ഉപയോഗിച്ചാല്‍ ഇന്‍ഹേലറുകള്‍ക്ക് ഒരുവിധ പാര്‍ശ്വഫലങ്ങളുമില്ല. ഗുളിക/സിറപ്പ് രൂപത്തില്‍ ആവശ്യമുള്ളതിന്‍െറ 1/20 അളവ് മരുന്നുമാത്രമേ ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമുള്ളൂ.
തടയുന്നതെങ്ങനെ?
ആസ്ത്മ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന വസ്തുക്കളെ അലര്‍ജനുകളെന്ന് വിളിക്കുന്നു. പൊടി, പുക, തണുപ്പ് ഇവയാണ് പ്രധാന വില്ലന്മാര്‍. ഇവയൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. ആസ്ത്മയുള്ള കുട്ടിയുടെ കിടപ്പുമുറിയില്‍നിന്ന് പഴയ പുസ്തകങ്ങള്‍, കട്ടിയുള്ള കര്‍ട്ടനുകള്‍, കാര്‍പറ്റ്, അലമാര എന്നിവ ഒഴിവാക്കുക.
2. പുകവലിക്കാരുടെ സാമീപ്യം ഒഴിവാക്കുക.
3. മത്തെയും തലയണയും വെയിലത്ത് നന്നായി ഉണക്കിയശേഷം നേര്‍ത്ത റെക്സിന്‍കൊണ്ട് കവര്‍ തയ്പിച്ചിടുക. തുന്നിയ സ്ഥലത്ത് പ്ളാസ്റ്ററൊട്ടിച്ച് ഭദ്രമാക്കുക.
4. പട്ടി, പൂച്ച, പക്ഷികള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ വീട്ടിനുള്ളില്‍ ഒഴിവാക്കുക.
5. പുക പരമാവധി ഒഴിവാക്കുക. കഴിയുമെങ്കില്‍ ഗ്യാസ്സ്റ്റൗ അല്ളെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ മാത്രം ഉപയോഗിക്കുക.
6. കൊതുകുതിരി, കൊതുക് മാറ്റ്, ചന്ദനത്തിരി, സുഗന്ധലേപനങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.
ഭക്ഷണത്തിലും വേണം ശ്രദ്ധ
ഭക്ഷണത്തില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ആസ്ത്മ ലക്ഷണങ്ങള്‍ ഇടക്കിടെ വരുന്നത് തടയും.
 അമിതമായ എരിവ്, പുളി എന്നിവയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
കൂടുതല്‍ തണുത്ത ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ വര്‍ജിക്കുക.
 കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസര്‍വേറ്റീവ്സ് എന്നിവ കൂടുതലായുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഭയപ്പെടേണ്ട ഒരു രോഗമല്ല ആസ്ത്മ. പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും തുടക്കത്തിലെ ചികിത്സയും ആസ്ത്മയില്‍ നിര്‍ണായകമാണ്. ആസ്ത്മയെപ്പറ്റിയുള്ള അവബോധം വളര്‍ത്താനും തെറ്റിദ്ധാരണകള്‍ നീക്കുവാനും എല്ലാ വര്‍ഷവും മേയിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ‘ഗ്ളോബല്‍ ഇനീഷ്യേറ്റിവ് ഫോര്‍ ആസ്ത്മ’ (GINA) എന്ന അന്താരാഷ്ട്ര സംഘടനയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ഈ വര്‍ഷത്തെ ആസ്ത്മ ദിനം മേയ് മൂന്നിനാണ്. വരൂ ആസ്ത്മക്കെതിരെയുള്ള പോരാട്ടത്തില്‍ നമുക്കൊരുമിച്ച് പങ്കാളികളാകാം.

(ശിശുരോഗ- അലര്‍ജി വിദഗ്ധനും ഐ.എ.പി. റെസ്പിറേറ്ററി ചാപ്റ്റര്‍ കണ്‍വീനറുമാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.