ഏറ്റവും കൗതുകകരമായ സഖ്യസവിശേഷതയോടെയാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ അങ്കം ഒരുങ്ങുന്നത്. കോണ്‍ഗ്രസുമായി പരസ്പരം മത്സരം ഒഴിവാക്കി ചില സീറ്റുകള്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബംഗാളിലെ സി.പി.എമ്മും കോണ്‍ഗ്രസും കൈ കോര്‍ത്തിരിക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി പരിപാലിച്ച ബംഗാളിലെ ഇടതുപക്ഷ സിംഹാസനത്തെ തകര്‍ത്ത് 2011ല്‍ അധികാരത്തില്‍ വന്ന തൃണമൂല്‍ കോണ്‍ഗ്രസ് മാവോവാദികളുമായി കൂട്ടുചേര്‍ന്ന് നടത്തുന്ന കമ്യൂണിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലുള്ള നിലനില്‍പ് രാഷ്ട്രീയത്തിന്‍െറ സ്വാഭാവികമായ നിലപാടാണിത്. അത് ബംഗാള്‍ പാര്‍ട്ടിയുടെ ജീവന്മരണ പോരാട്ടമായതുകൊണ്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ബംഗാള്‍ ഘടകത്തിന്‍െറ നിലപാടനുസരിച്ച തീരുമാനം കൈക്കൊള്ളാനാണ് പി.ബിയെ നേരത്തേതന്നെ ചുമതലപ്പെടുത്തിയത്. കേരളത്തിന്‍െറ വിയോജിപ്പുണ്ടായിട്ടും, വി.എസ്. അച്യുതാനന്ദനെപ്പോലുള്ളവരുടെ പിന്തുണയും യെച്ചൂരിയുടെ മാനസികമായ അനുഭാവവും ചേര്‍ത്തുവെച്ച് കോണ്‍ഗ്രസ് എന്ന ദേശീയ ബൂര്‍ഷ്വാ രാഷ്ട്രീയത്തോട് സി.പി.എമ്മിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ‘തിരുത്തല്‍’ സമീപനം ബംഗാളില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനോ കൂട്ടുചേരാനോ ഇടയാവുന്ന രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുന്നത് വര്‍ഗരാഷ്ട്രീയത്തിന്‍െറ അടവുനയമായാണ് സി.പി.എം വ്യാഖ്യാനിക്കുന്നത്. ബംഗാളിന്‍െറ മാത്രം സാഹചര്യമാണത് എന്നും ഊന്നിപ്പറയുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാവോവാദികളുടെ നരനായാട്ടില്‍ സി.പി.എമ്മിന്‍െറ 550 ഓളം കേഡറുകളും അനുഭാവികളുമാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. സായുധധാരികളായ നക്സലുകള്‍ക്കും അതിന് കൂട്ടുനില്‍ക്കുന്ന തൃണമൂല്‍ പൊലീസിനും മുന്നില്‍ പാര്‍ട്ടിഗ്രാമങ്ങളൊന്നാകെ വിഹ്വലമായിരിക്കുന്നു. ഗ്രാമങ്ങളില്‍ സി.പി.എം ജനങ്ങളില്‍നിന്ന് അകന്നിരിക്കുന്നു. പശ്ചിമബംഗാളിലെ മുസ്ലിംമതമൗലികവാദികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് സൗഹൃദത്തിലാവുകയും ഈ സാഹചര്യം ഉപയോഗിച്ച് ബംഗാളിലെ സംഘ്പരിവാര്‍ ഭൂരിപക്ഷ വര്‍ഗീയത പാര്‍ട്ടിഗ്രാമങ്ങളില്‍ നട്ടുവളര്‍ത്തുന്നു എന്നൊക്കെയാണ് സി.പി.എം ഭാഷ്യം.
ഒരു ഭാഗത്ത് മമതയും മറുഭാഗത്ത് സംഘ്പരിവാറും ചേര്‍ന്ന് നക്കിത്തുടക്കാന്‍ പാകത്തിലാക്കിയ സ്റ്റേറ്റിനെ രക്ഷിക്കാനാണ് കോണ്‍ഗ്രസുമായി പാര്‍ട്ടി ധാരണയിലായത്. പക്ഷേ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഈ നിലപാട് ബംഗാളില്‍ തുടങ്ങി ബംഗാളില്‍തന്നെ അവസാനിപ്പിക്കാനാകുമെന്ന് സി.പി.എം നേതൃത്വത്തിനുപോലും തീര്‍ത്തുപറയാനാവില്ല. സാക്ഷാല്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് കടന്നുവന്ന് ചുവരില്‍ കരിഓയില്‍ തേച്ച് നൃത്തം ചെയ്യുമാറ് സംഘ്പരിവാര മേല്‍ക്കോയ്മ ഇന്ത്യയാകെ നീരാളിയായി വളര്‍ന്നുകഴിഞ്ഞിരിക്കെ, ബംഗാളിലെ നിലപാട് പരിമിതം എന്ന് ശാഠ്യംപിടിക്കാന്‍ ഇനി സി.പി.എമ്മിനാകുമോ? സ്വന്തം രാഷ്ട്രീയ ഭൂമിക ആടിയുലയുമ്പോള്‍ ബൂര്‍ഷ്വാ പാര്‍ട്ടിയായ കോണ്‍ഗ്രസും പഥ്യമാണെന്നും രാജ്യമാകെ നിലനില്‍ക്കുന്ന അതേ പ്രവണതയുടെ മുന്നില്‍ തങ്ങള്‍ ഇനിയും സിദ്ധാന്തവരട്ടുവാദം തുടരുമെന്നും പറയാന്‍ സി.പി.എമ്മിന് ഇനി ആവുമോ?
ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യമാകെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫെബ്രുവരി 23ന് നടന്ന ‘ചലോ ഡല്‍ഹി മാര്‍ച്ച്’ സംഘ്പരിവാരം പടുത്തുയര്‍ത്തിയ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരായ മുഴുവന്‍ രാഷ്ട്രീയ-സാംസ്കാരിക-മതബോധങ്ങളും കൈകോര്‍ത്തുനിന്ന അപൂര്‍വമായ കൂട്ടായ്മയായിരുന്നുവല്ളോ. വിവേകമുണ്ടെങ്കില്‍ അത് ഭാവിയെ രൂപപ്പെടുത്താനുള്ള പ്രചോദനമാണ് ആകേണ്ടത്. ബംഗാളില്‍ പാര്‍ട്ടി നടപ്പാക്കുന്നത് ആ വിവേകംതന്നെയാണ്. ഇന്ത്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ വലിയ ശക്തിയൊന്നുമല്ലാതിരുന്ന എ.ഐ.എസ്.എഫിന്‍െറ കൊടി പിടിച്ച കനയ്യ കുമാറിനും ജെ.എന്‍.യുവിലും അതുപോലുള്ള ഇടങ്ങളിലും മാത്രം പ്രതിഭാസമായിരുന്ന തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ നേതാക്കളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുംവേണ്ടി നാട്ടിലുയര്‍ന്ന വികാരം ഭാവി ഇന്ത്യയുടെ രാഷ്ട്രീയ ത്തെയാണ് പ്രസരിപ്പിക്കുന്നത്. ഫാഷിസത്തിനെതിരായി ഇത് ഇടതു മതേതര-ന്യൂനപക്ഷ സാമുദായിക രാഷ്ട്രീയ ചേരികളെ യോജിപ്പിച്ചുനിര്‍ത്തി സര്‍ഗാത്മക രാഷ്ട്രീയശക്തിയായി മുന്നോട്ടുനയിക്കാന്‍ നേതൃപരമായ പങ്കുവഹിക്കാന്‍ സി.പി.എമ്മിന് കഴിയണം. ബംഗാളിലെ നിലപാട് അവിടെ പരിമിതമാണെന്ന വരട്ടുവാദം ആത്മഹത്യാപരമാണെന്നും അവര്‍ തിരിച്ചറിയണം.
2012 ഏപ്രിലില്‍ കോഴിക്കോട് ചേര്‍ന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ ബംഗാളിലെ പാര്‍ട്ടിയുടെ പ്രതിസന്ധി എടുത്തുപറഞ്ഞിട്ടുണ്ട്. ത്രിപുര സര്‍ക്കാറിനെ പ്രതിരോധിക്കാനും ബംഗാളില്‍ ശക്തമായി തിരിച്ചുവരാനുമുള്ള അടവുനയം സ്വീകരിക്കാനും പ്രമേയം ആഹ്വാനം ചെയ്തതാണ്. പക്ഷേ, അത ിനുശേഷമുണ്ടായ ഫാഷിസ്റ്റ് വിരുദ്ധ വികാരം ബംഗാളിലും ത്രിപുരയിലും അടവുനയപരമായി പരിമിതപ്പെടുന്ന ഒന്നല്ല.
ബംഗാളിലെ മാവോവാദി ആക്രമണത്തെപ്പോലെതന്നെ മുസ്ലിംകള്‍ക്കെതിരെ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നടന്ന കലാപങ്ങളുടെ കണക്കും പാര്‍ട്ടിപ്രമേയത്തിലുണ്ടായിരുന്നു. 19ാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം 20ാം പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് ചേരുന്നതിനിടയില്‍ ഹൈദരാബാദ്, ബറേലി, അഹ്മദാബാദ്, നാന്ദേഡ്, ഗോപാല്‍ഗഢ്, മുറാദാബാദ്, രുദ്രപുര്‍ തുടങ്ങിയ കലാപങ്ങളിലായി 230ഓളം പേരാണ് കൊല്ലപ്പെട്ടതെന്ന് (2009ല്‍119, 2010ല്‍ 111) പാര്‍ട്ടിപ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗാളില്‍ മാവോവാദി സായുധശക്തിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനോട് ചേരാമെങ്കില്‍ ഫാഷിസത്തിനെതിരായി കോണ്‍ഗ്രസിനോടൊപ്പമോ അല്ലാതെയോ ചേര്‍ന്ന് മുസ്ലിംരാഷ്ട്രീയ ശക്തികളെ കൂട്ടുപിടിക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലും സി.പി.എമ്മിന് എന്താണ് തടസ്സം?
ഈ ചോദ്യം പ്രസക്തമാവുന്ന സംസ്ഥാനങ്ങള്‍ നിരവധിയുണ്ട്. ചില സംസ്ഥാനങ്ങളില്‍ മുസ്ലിം രാഷ്ട്രീയം സുസംഘടിതമല്ല. ആന്ധ്രയിലും കേരളത്തിലും മുസ്ലിംകള്‍ക്ക് തനതായ ചില രാഷ്ട്രീയ സ്വരൂപങ്ങളുണ്ട്. അതില്‍ ചിലത് കമ്യൂണിസ്റ്റ് വിരുദ്ധമാകാം. പക്ഷേ, ഫാഷിസത്തിനെതിരായ നിലപാടില്‍ അത് കമ്യൂണിസ്റ്റ് ചേരിയിലും ഇടപഴകുമെന്നുറപ്പായ കുറെ ഇടങ്ങളുണ്ട്. മുസ്ലിംകള്‍ അവരുടെ വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരക്കണമെന്ന നമ്പൂതിരിപ്പാടന്‍ ആശയത്തിന് എന്നോ പല്ല് കൊഴിഞ്ഞുപോയിട്ടുണ്ട്. കാരണം, മുസ്ലിംകളിലെ രാഷ്ട്രീയ കൂട്ടായ്മകള്‍ എന്നും ശക്തിപ്രാപിക്കുകയേ ചെയ്തിട്ടുള്ളൂ. അവയില്‍ തീവ്ര കമ്യൂണിസറ്റ് വിരുദ്ധമല്ലാത്ത രാഷ്ട്രീയ ചേരികളോട് സമരസപ്പെടുക എന്ന സമീപനം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചേ പറ്റൂ. കേരളം അതിന്‍െറ ഒരു ഭൂമികയാണ്. ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസിനെ ചെറുക്കാന്‍ മുസ്ലിംലീഗിനെപ്പോലുള്ളവരുമായി അടവുനയസഖ്യത്തിലേര്‍പ്പെടാമെന്നായിരുന്നല്ളോ എം.വി. രാഘവന്‍െറ നിലപാട്. രാഘവന്‍ പറഞ്ഞത് കോണ്‍ഗ്രസിനെതിരായ ശാക്തികചേരിയെക്കുറിച്ചാണെങ്കില്‍ ബംഗാള്‍ പാര്‍ട്ടി സാക്ഷാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിരോധചേരിയാണ് ഈ തെരഞ്ഞെടുപ്പില്‍ രൂപപ്പെടുത്തിയത് എന്നോര്‍ക്കണം. കേരളത്തില്‍ മുസ്ലിംലീഗിന്‍െറ സാമുദായികതയോടാണ് വെറുപ്പെങ്കില്‍ ആ സാമുദായികതയെ നിരാകരിക്കുന്ന മുസ്ലിംരാഷ്ട്രീയ അടിയൊഴുക്ക് സമുദായത്തിലുണ്ട്. അതുപോലും സി.പി.എമ്മിന് തൊട്ടുകൂടായ്മയാണിന്നും.
ചരിത്രത്തിലിന്നോളം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ തെറ്റുകള്‍ തിരുത്തിക്കൊണ്ടേയിരിക്കുകയായിരുന്നുവല്ളോ. ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ നിര്‍വചിക്കാനുള്ള തര്‍ക്കത്തിലും വരട്ടുവാദത്തിലുമാണ് കാലം നഷ്ടപ്പെടുത്തിയത്. കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലിന്‍െറ ഇന്ത്യയിലെ തുടര്‍ച്ചയിലും ചൈനീസ്-റഷ്യന്‍ സമീപന പൊരുത്തക്കേടുകളിലും ഇന്ത്യ-ചൈന സംഘര്‍ഷത്തിലും ആഗോള വിപ്ളവരാഷ്ട്രീയത്തില്‍ സോവിയറ്റ്-ചൈനീസ് പോരിലും പെട്ടാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ ആദ്യത്തെ മൂന്ന് പതിറ്റാണ്ട് കാലം പരസ്പരം കലഹിച്ചത്. നക്സല്‍ പ്രസ്ഥാനം മുതല്‍ പലതും അതിന്‍െറ ജാരസന്താനങ്ങളായി പിറന്നു. 1920ലെ താഷ്കന്‍റ് കമ്മിറ്റിയുടെ ഇന്ത്യാ അജണ്ട ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള സമീപനത്തിലെ പിഴവായാണ് ആദ്യം അവതരിച്ചത്. 1942-45 കാലത്തെ നയസമീപനം നടപ്പാക്കുന്നതില്‍ ഗൗരവതരമായ പിശകുകള്‍ സംഭവിച്ചതായി 1948ല്‍ പാര്‍ട്ടി തിരുത്തി. പക്ഷേ, തിരുത്ത് നടപ്പാക്കുന്നതിലും ഇടതുപക്ഷ പാളിച്ചകള്‍ സംഭവിച്ചതായി 1950-51 കാലഘട്ടത്തില്‍ തിരുത്തി. പക്ഷേ, ആ തിരുത്തുകളെ ശരിയാക്കുന്നത് കോണ്‍ഗ്രസിനെതിരായി ആശയപ്പൊരുത്തമുള്ളവരുടെ ഇടതുപക്ഷ പ്രതിപക്ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തലാണെന്ന് 51ലെ പരിപാടിയില്‍ എഴുതിവെച്ചു. 1955ല്‍ വീണ്ടും പരിപാടി മാറ്റിയെഴുതി. ദേശീയ ബൂര്‍ഷ്വാസിയെയും ജനകീയ ജനാധിപത്യത്തെയും ദേശീയ ജനാധിപത്യത്തെയും വിശകലനംചെയ്യുന്നതില്‍ പിന്നെയും പാര്‍ട്ടിയില്‍ സംഘര്‍ഷം തുടര്‍ന്നു. അങ്ങനെയാണ് 1964ല്‍ പാര്‍ട്ടി പിളര്‍ന്നത്.
കോണ്‍ഗ്രസിനോട് ചേര്‍ന്നുള്ള കേരളത്തിലെ അച്യുതമേനോന്‍ സര്‍ക്കാറിന്‍െറ ഭാഗമായ സി.പി.ഐയും മറുഭാഗത്തുള്ള സി.പി.എമ്മും വര്‍ഗരാഷ്ട്രീയത്തിന്‍െറ സങ്കീര്‍ണമായ പ്രായോഗികതയും അടവുനയവും വിശദീകരിച്ച് ആശയക്കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുകയേ ചെയ്തുള്ളൂ. എത്രത്തോളമെന്നാല്‍, ബൂര്‍ഷ്വാ കോണ്‍ഗ്രസിനോടുള്ള വിരോധത്താല്‍ ആര്‍.എസ്.എസ് ഉള്‍പ്പെട്ട ജനസംഘത്തോടൊപ്പം നില്‍ക്കേണ്ടിവന്ന സാഹചര്യംപോലും പഥ്യമായി. ബൂര്‍ഷ്വാഭരണഘടനയനുസരിച്ച അധികാരം കൈയാളുന്നത് ജനകീയ ജനാധിപത്യ വിപ്ളവം എന്ന പൊതുലക്ഷ്യത്തിനു വേണ്ടിയുള്ള താല്‍ക്കാലിക ഇടപാടാണെന്ന അടവുനയം നിലനില്‍ക്കെ വി.പി. സിങ് സര്‍ക്കാറില്‍ പങ്കാളിയാകാമെന്നും അതിന്‍െറ തുടര്‍ച്ചയില്‍ അധികാരപങ്കാളിത്തം സജീവമായി പരിഗണിക്കണമെന്നുമുള്ള ഒരു വിഭാഗത്തിന്‍െറ നിലപാട് മൂടിവെക്കപ്പെട്ടു. വി.പി സിങ്ങിന്‍െറ കാലത്തിന്‍െറ തുടര്‍ച്ചയില്‍ നല്ളൊരു മതനിരപേക്ഷ കൂട്ടായ്മ ഇന്ത്യ പ്രതീക്ഷിച്ചതാണ്. പക്ഷേ, കമ്യൂണിസ്റ്റുകള്‍ക്ക് അത് വിട്ടുവീഴ്ചയോടെ കെട്ടിപ്പടുക്കാനായില്ല. പിന്നീട് 2009ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലത്തെിയപ്പോഴും ആശയക്കുഴപ്പം കൂടിയതേയുള്ളൂ.
സമകാലിക സാഹചര്യം ഗൗരവമായി വിലയിരുത്തിയശേഷവും 20ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്‍െറ തുടക്കംതന്നെ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തുല്യബലത്തില്‍ രാഷ്ട്രീയമായി സമരം ചെയ്യുക എന്ന പ്രഖ്യാപനമായിരുന്നു. വര്‍ഗചൂഷകരായ വന്‍കിട ബൂര്‍ഷ്വാ വ്യവസായിയെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ രണ്ട് പാര്‍ട്ടികളും എന്ന് പ്രമേയത്തില്‍ വ്യക്തതയോടെ ചൂണ്ടിക്കാട്ടി. എന്നിട്ടുപോലും ബംഗാളില്‍ കോണ്‍ഗ്രസിന്‍െറ സഹായം തേടേണ്ടിവന്നിരിക്കുന്നു.
തീവ്രവാദ വ്യതിയാനത്തോടുള്ള സമരമെന്നനിലയില്‍ ഇപ്പോള്‍ സ്വീകരിച്ച ബംഗാളിലെ പാര്‍ട്ടിയുടെ നിലപാട് ശരിയാണെന്നുതന്നെയാണ് പൊതുബോധം നമ്മെ ബോധിപ്പിക്കുന്നത്. പക്ഷേ, അത്രത്തോളം ശരിയായ ഒന്നാണ് ഇന്ത്യന്‍ ഫാഷിസത്തിനെതിരായ കൂട്ടായ്മകളെന്നും കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.