ദേശദ്രോഹ നിയമം: നിഷ്ക്രിയത വിപല്‍ക്കരം

ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ ദേശദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണം എ.ബി.വി.പി-ബി.ജെ.പി ഘടകങ്ങള്‍ മെനഞ്ഞെടുത്ത കെട്ടുകഥയാണെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, രാഷ്ട്രീയാന്തരീക്ഷം മലിനീകരിക്കുന്നതില്‍ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍  ഏറെ വിജയിച്ചു എന്നതാണ് ദു$ഖകരമായ സത്യം.  നിയമങ്ങള്‍ വളച്ചൊടിച്ചും മറ്റു വക്രീകരണങ്ങള്‍ വഴിയും രാഷ്ട്രീയമേല്‍ക്കൈ നേടാനുള്ള തന്ത്രങ്ങള്‍ രാജ്യത്ത് ശക്തിപ്രാപിക്കുകയാണെന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നു.
‘രാജ്യത്ത്  ദേശദ്രോഹ നിയമം’ ഇനിയും അതേപടി നിലനിര്‍ത്തേണ്ടതുണ്ടോ? ആവശ്യമില്ളെന്ന പക്ഷക്കാരാണ് കൂടുതല്‍. കാലാനുസൃതമല്ലാത്ത ചട്ടമാണതെന്നും നിരവധി പ്രഗല്ഭര്‍ ഇതിനകം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരമൊരു നിയമം പീനല്‍കോഡില്‍നിന്ന് ഒഴിവാക്കാന്‍ കെ.എം. മുന്‍ഷി നിര്‍ദേശിച്ചപ്പോള്‍ ടി.ടി. കൃഷ്ണമാചാരി പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നു. സമാനമായ നിയമം 1802ല്‍ അമേരിക്കയില്‍ റദ്ദാക്കപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ചരിത്രപരമായും പ്രായോഗികമായും പീനല്‍കോഡിലെ 124 എ വകുപ്പ് (ദേശദ്രോഹം) ഒരു പ്രസക്തിയുമില്ല. ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ തുടരുന്നത്  അത്യധികം എതിര്‍ക്കപ്പെടേണ്ടതുമാണ്. എത്രയുംപെട്ടെന്ന് ജുഗുപ്സാവഹമായ ഈ നിയമം പിന്‍വലിക്കപ്പെടണം. ജവഹര്‍ലാല്‍ നെഹ്റു വര്‍ഷങ്ങള്‍ക്കുമുമ്പേ തന്‍െറ ആശങ്ക പങ്കുവെച്ചത് ഈ വാക്കുകളില്‍ ആയിരുന്നു. പക്ഷേ, അര്‍ഥശങ്കക്കിടയില്ലാത്ത ആ നിര്‍ദേശം അവഗണിക്കപ്പെട്ടു.

ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്താണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ ദേശദ്രോഹ ചട്ടം കയറിക്കൂടിയത്. എന്നാല്‍, ബ്രിട്ടനില്‍ ദേശദ്രോഹ ചട്ടം റദ്ദാക്കപ്പെട്ടശേഷവും ഇന്ത്യയില്‍ അതേ നിയമം അയുക്തികമായി ദീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദേശദ്രോഹ നിയമത്തിന്‍െറ ചില പ്രധാന പാളിച്ചകള്‍ നോക്കുക:
എ) ദേശദ്രോഹത്തിന് നല്‍കിയ നിര്‍വചനത്തിലെ അവ്യക്തത
ബി)  രാഷ്ട്രീയ നിലപാടുകളില്‍ പൊതുജനങ്ങള്‍ക്ക് ഇഷ്ടകരമല്ളെന്ന കാരണത്താല്‍ അതിനെ കുറ്റകൃത്യമായി കാണുന്ന രീതി ശരിയല്ല
സി) അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ അത് നിഷേധിക്കുന്നു
ഡി) രാഷ്ട്രീയ പ്രതിയോഗികളെ നിശ്ശബ്ദമാക്കുന്നതിന് ചട്ടത്തെ ഭരണകര്‍ത്താക്കള്‍ ദുരുപയോഗം ചെയ്യുന്നു

ദേശദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യം  രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം  ഉന്നയിക്കേണ്ട ഉചിത സന്ദര്‍ഭമാണിത്. സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ പാര്‍ട്ടികള്‍ തയാറായേ മതിയാകൂ. ‘വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടാവുക എന്നതാണ് ശരിയായ രാഷ്ട്രീയ ധാര്‍മികത’ എന്ന രാം മനോഹര്‍ ലോഹ്യയുടെ അഭിപ്രായത്തെ പാര്‍ട്ടികള്‍ വിലമതിക്കട്ടെ. ദേശദ്രോഹ ചട്ടത്തിന്‍െറ വിപല്‍ഫലങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ അവസാനിപ്പിക്കാതെ രാജ്യസഭയില്‍ ഈ ചട്ടം റദ്ദാക്കുന്ന പ്രമേയം പാസാക്കുന്ന പ്രായോഗിക രീതി കൈക്കൊള്ളാന്‍ പാര്‍ട്ടികള്‍ എന്തിന് മടിച്ചുനില്‍ക്കുന്നു. അത്തരമൊരു പ്രമേയത്തെ എതിര്‍ത്ത് കൈപൊക്കാന്‍ ബി.ജെ.പി മാത്രമേ കാണൂ.
ഈയിടെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇതേ നിര്‍ദേശം പ്രതിപക്ഷ നേതാക്കള്‍ക്കുമുമ്പാകെ ഉന്നയിക്കുകയുണ്ടായി. വാക്കുകളെ പ്രവര്‍ത്തനത്തിലൂടെ സ്ഥിരീകരിക്കാന്‍ പ്രതിപക്ഷം തയാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.  അപ്പോള്‍ പൗരാവകാശ സംരക്ഷണ കാര്യത്തില്‍ ബി.ജെ.പിയുടെ പൊയ്മുഖം ജനങ്ങള്‍ക്കുമുന്നില്‍ അനാവരണം ചെയ്യപ്പെടും.

മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും ഭീഷണികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ക്രിയാത്മക നിലപാട് പുറത്തുവിടാന്‍ ഇനിയും കാലവിളംബം പാടില്ളെന്ന് പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കട്ടെ. സോണി സോറി എന്ന വനിതാ ആക്ടിവിസ്റ്റിനുനേരെ സവര്‍ണവിഭാഗം നടത്തിയ ക്രൂരമായ കൈയേറ്റം ഇത്തരം സംഭവങ്ങളില്‍ ദീക്ഷിക്കപ്പെട്ട മൗനത്തിന്‍െറകൂടി പ്രത്യാഘാതമാണ്. ബസ്തറിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സോണിക്കെതിരായ ആസിഡാക്രമണത്തിനു പിന്നില്‍ ഉമര്‍ ഖാലിദിന് പങ്കുണ്ടെന്ന പെരുങ്കള്ളം പ്രചരിപ്പിക്കാന്‍ വരെ ഛത്തിസ്ഗഢ് ഐ.ജി ധാര്‍ഷ്ട്യം പ്രകടിപ്പിച്ചത് എന്തുകൊണ്ടായിരുന്നു? വാസ്തവത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ സോണി സോറിയെ സവര്‍ണ ഗുണ്ടകളും പൊലീസും ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയിരുന്നു. അന്ന് പി.യു.സി.എല്‍ ഇടപെടലുകള്‍ വഴിയാണ് ആ അധ്യാപികക്ക് ജയില്‍മോചനവും പുതുജീവനും ലഭ്യമായത്. മതഭ്രാന്തിളകിയ ആര്‍.എസ്.എസുകാര്‍ വര്‍ഗീയവിഷം അപകടകരമായ അളവില്‍ വമിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി ദീക്ഷിക്കുന്ന മൗനം ഹിംസകള്‍ ആവര്‍ത്തിക്കാന്‍ നിമിത്തമാകുന്നു.
റിപ്പബ്ളിക്ദിനം കരിദിനമായി ആചരിക്കുമെന്ന ഹിന്ദു മഹാസഭയുടെ പ്രഖ്യാപനത്തോടും നാഥുറാം ഗോദ്സെ തൂക്കിലേറ്റപ്പെട്ട ദിവസം  ബലിദിനമായി ആചരിക്കാനുള്ള പ്രഖ്യാപനത്തോടും മൗനമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

മുസ്ലിം പിശാചുക്കളെ വളഞ്ഞുപിടിക്കാന്‍’ ആഹ്വാനം ചെയ്ത മാനവവിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കതേരിയക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകാതിരുന്നത് അതിരുവിട്ട അലംഭാവത്തിന്‍െറ മറ്റൊരു ഉദാഹരണമായിരുന്നു. കതേരിയക്കെതിരെ നടപടി വേണമെന്ന പ്രതിപക്ഷത്തിന്‍െറ മുറവിളി ചെവിക്കൊള്ളാതിരുന്നത് വിഷലിപ്ത പ്രസ്താവനകള്‍ നടത്താനുള്ള മൗനാനുവാദമായി കലാശിക്കുകയായിരുന്നു. ആഗ്രയിലായിരുന്നു കതേരിയ പ്രകോപന പ്രസംഗം നടത്തിയത്. മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ യു.പി സര്‍ക്കാറും തയാറായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.