അടച്ചുപൂട്ടരുത്, ഈ ജനകീയ ഇടപെടലുകള്‍

സര്‍ക്കാറും അനുബന്ധ സംവിധാനങ്ങളും ജനകീയ കൂട്ടായ്മയും ചേര്‍ന്നാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളില്‍ ബഹുഭൂരിഭാഗത്തെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. പ്രായോഗികതലത്തില്‍ വിജയംകണ്ട ഒട്ടേറെ ഉദാഹരണങ്ങളുണ്ട് ഇതിന്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കലവൂര്‍ ടാഗോര്‍ മെമ്മോറിയല്‍ ഗവ. എല്‍.പി സ്കൂളില്‍ 2014-15ല്‍ അഞ്ച് കുട്ടികളാണുണ്ടായിരുന്നത്. അടച്ചുപൂട്ടുന്ന നിലയിലായതോടെ സ്കൂള്‍ സംരക്ഷിക്കണമെന്ന ആവശ്യം നാട്ടുകാരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം കുട്ടികള്‍ 15 ആയി. ഈ വര്‍ഷം  98ഉം. ടാഗോര്‍ സ്കൂള്‍ ഈ വര്‍ഷം മുതല്‍ അനാദായ പട്ടികക്ക് പുറത്തും ആദായ  പട്ടികക്കകത്തുമാണ്. പഠന നിലവാരം ഉയര്‍ത്താനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുകൂടി പ്രാമുഖ്യം നല്‍കാനുമുള്ള ശ്രമങ്ങളാണ് നാട്ടുകാര്‍ നടത്തിയത്. ജനകീയ ഇടപെടലിനെക്കാള്‍ മികച്ച മറ്റൊരു മാര്‍ഗവും അനാദായ സ്കൂളുകളുടെ പുനരുദ്ധാരണത്തിനായി മുന്നിലില്ല. ഒപ്പം, സര്‍ക്കാറിന്‍െറയും അധ്യാപകരുടെയും പിന്തുണയും അനിവാര്യം.

അനാദായ സ്കൂളുകളെ ശാക്തീകരിക്കാന്‍ 2014-15ല്‍ എസ്.എസ്.എ നടപ്പാക്കിയ ഫോക്കസ് പദ്ധതിയുടെ സാധ്യതകള്‍ വളരെ വലുതാണ്. 3500ഓളം വരുന്ന അനാദായ സ്കൂളുകളില്‍നിന്ന് ആയിരം സ്കൂളുകളെ തെരഞ്ഞെടുത്ത് ശാക്തീകരിക്കാനായിരുന്നു ആദ്യഘട്ട പദ്ധതി. സര്‍ക്കാറിന് ഒരുപൈസപോലും ചെലവില്ലാതെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ബി.ആര്‍.സി ട്രെയ്നര്‍മാര്‍, ക്ളസ്റ്റര്‍ കോ ഓഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപ്പാക്കല്‍. നാട്ടുകാരെയും പൂര്‍വ വിദ്യാര്‍ഥികളെയും സന്നദ്ധ സംഘടനകളെയും   വിളിച്ചുകൂട്ടി ബോധവത്കരണം നടത്തുകയായിരുന്നു ആദ്യം. കുട്ടികള്‍ കുറഞ്ഞതിന്‍െറ പേരില്‍ ജില്ലാ ഭരണകൂടവും തിരുവനന്തപുരം വികസന അതോറിറ്റിയും (ട്രിഡ) ചേര്‍ന്ന് അടച്ചുപൂട്ടി ബസ്ടെര്‍മിനലും ഷോപ്പിങ് കോംപ്ളക്സും പണിയാന്‍ നിര്‍ദേശിച്ച അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്കൂളിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോ സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയോട് ചേര്‍ന്ന് കിടക്കുന്ന അട്ടകുളങ്ങര സ്കൂള്‍, ഭരണകൂടത്തിന്‍െറ ബോധപൂര്‍വമായ അനാസ്ഥയിലാണ് ക്ഷയിച്ചുപോയത്.

ജില്ലയുടെ എല്ലാഭാഗങ്ങളില്‍നിന്നുമുള്ള ബസുകള്‍ വന്നുചേരുന്നതിനാല്‍ അവിടെനിന്നുള്ള കുട്ടികളെല്ലാം അട്ടക്കുളങ്ങരയിലെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. എന്നാല്‍, പിന്നീട് സ്കൂള്‍ നവീകരണത്തില്‍നിന്ന് ഭരണകൂടം പിറകോട്ടുപോവുകയും കെട്ടിടങ്ങള്‍ക്ക് ബലക്ഷയം വരുകയും ചെയ്തതോടെ  രക്ഷിതാക്കള്‍ കുട്ടികളെ  മാറ്റിത്തുടങ്ങി. ഒടുവില്‍ ചാലയിലെ ഏതാനും തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളായി മാറി. ഈ അവസരത്തിലാണ് സ്കൂള്‍ അടച്ചുപൂട്ടി ബസ്ടെര്‍മിനലും ഷോപ്പിങ് കോംപ്ളക്സും പണിയാനുള്ള പദ്ധതി വരുന്നത്. ജനകീയ ചെറുത്തുനില്‍പിലൂടെയും ഇടപെടലുകളിലൂടെയും സ്കൂളില്‍ വീണ്ടും കുട്ടികളത്തെി തുടങ്ങി. ഈ വര്‍ഷം 200ല്‍ അധികം കുട്ടികളായി. മലപ്പുറം തിരൂര്‍ അന്നാരയില്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ ഒരുങ്ങിയിറങ്ങിയ സ്കൂള്‍ ജനകീയ ഇടപെടലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ ചേര്‍ന്ന് വില കൊടുത്തി വാങ്ങി  ശാക്തീകരിച്ചു. കെട്ടിടങ്ങള്‍  പുതുക്കിപ്പണിതു. അണ്‍എയ്ഡഡ് സ്കൂളുകളെ വെല്ലുന്ന രൂപത്തില്‍ ബഹുവര്‍ണ ബ്രോഷര്‍ അച്ചടിച്ചാണ് പുതിയ കുട്ടികളെ ആകര്‍ഷിച്ചത്. ഈ സ്കൂള്‍ ഇന്ന് അനാദായ പട്ടികയില്‍നിന്ന് പുറത്താണ്.

കാസര്‍കോട് ജില്ലയിലാണ് ഫോക്കസ് പദ്ധതി അത്ഭുതകരമായ പ്രതികരണമുണ്ടാക്കിയത്. ഇവിടെ 39 സ്കൂളുകളെ എസ്.എസ്.എ തെരഞ്ഞെടുത്തതില്‍ ഒരു വര്‍ഷം കൊണ്ട്  22 എണ്ണം ആദായകരമാക്കി. കാസര്‍കോട് കല്ലുംകൂട്ടം ജി.എല്‍.പി.എസില്‍ 27 കുട്ടികളുണ്ടായിരുന്ന സമയത്താണ് ഫോക്കസ് പദ്ധതിയുടെ പരിഗണനക്ക് വരുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സ്കൂള്‍ വികസനസെമിനാര്‍ ദിവസംതന്നെ 12 ലക്ഷം രൂപയുടെ ഓഫറാണ് സ്കൂള്‍ വികസനത്തിനായി ലഭിച്ചത്. സ്കൂളിലെ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സൈക്കിള്‍, ലൈബ്രറി, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയും ഇതുവഴി പൂര്‍ത്തിയായി. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്കൂളിലെ കുട്ടികളുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഇപ്പോള്‍ കല്ലുംകൂട്ടം സ്കൂള്‍ ആദായ സ്കൂളുകളുടെ പട്ടികയിലാണ്. തൃക്കരിപ്പൂര്‍ കൂലേരി ജി.എല്‍.പി.എസിന്‍െറ നവീകരണത്തിനായി അഭ്യുദയകാംക്ഷികളില്‍നിന്ന് ഒരുദിവസംകൊണ്ട് ലഭിച്ചത് ആറുലക്ഷം രൂപയായിരുന്നു. ഇവിടെ 32 കുട്ടികള്‍ ഉണ്ടായിരുന്നത് ജനകീയ ഇടപെടലില്‍ 67 ആയി ഉയര്‍ന്നു. കളനാട് ന്യൂ എല്‍.പി സ്കൂളിന്‍െറ പ്രശ്നം കുട്ടികളുടെ യാത്രാ സൗകര്യമായിരുന്നു. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ ചേര്‍ന്നതോടെ സ്കൂള്‍ ബസ് ഏര്‍പ്പെടുത്തി സ്കൂള്‍ ആദായ പട്ടികയിലത്തെി.

ഫോക്കസ് പദ്ധതിയത്തെുടര്‍ന്ന് സംസ്ഥാനത്ത് 260 സ്കൂളുകളാണ് വിദ്യാര്‍ഥികളുടെ എണ്ണം 60ന് മുകളിലാക്കി അനാദായ പട്ടികയില്‍നിന്ന് പുറത്തുവന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് കാര്യമായ പിന്തുണയില്ലാതെ എസ്.എസ്.എയുടെ കീഴില്‍ നടത്തിയ ശ്രമങ്ങളിലൂടെ ഇത്രയധികം സ്കൂളുകളുടെ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍  സര്‍ക്കാര്‍ ഒരുങ്ങി ഇറങ്ങിയാല്‍ 80 ശതമാനം അനാദായ സ്കൂളുകളെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പദ്ധതിക്ക് നേതൃത്വം വഹിച്ച എസ്.എസ്.എ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൗതിക സൗകര്യങ്ങള്‍ കുറവുള്ളിടങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് അവ ഒരുക്കിയത്. ഇംഗ്ളീഷ് മീഡിയംവരെ തുടങ്ങി കുട്ടികളെ തിരികെ കൊണ്ടുവന്ന സ്കൂളുകള്‍ ഉണ്ട് ഇക്കൂട്ടത്തില്‍. അതോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണവശങ്ങളെ സംബന്ധിച്ച ബോധവത്കരണവും  ഭാഗമായി നടന്നു. മികച്ച കാഴ്ചപ്പാടോടെ തുടങ്ങിയ പദ്ധതിക്ക് നടത്തിപ്പുതലത്തില്‍ വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ഉണ്ടാകുമായിരുന്നുവെന്ന് എസ്.എസ്.എ അധികൃതര്‍  പറയുന്നു.  അധ്യാപക സംഘടനകള്‍ക്കും ബാധ്യതയുണ്ട്. അനാദായ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്തവ ദത്തെടുത്ത് സംരക്ഷിക്കാനുള്ള  സംഘടനകളുടെ തീരുമാനം ഈ ഉദ്യമത്തില്‍ മികച്ച പിന്തുണയായിരിക്കും.
(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.