കേരള മോഡല്‍ പൊളിച്ചെഴുതണം

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. ദലിത് ആദിവാസി മേഖലയിലെ പരിഷ്കരണ നിര്‍ദേശങ്ങളുമായി ആദിവാസി ഗോത്രസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍

ചരിത്രത്തിലുടനീളം പൗരാവകാശങ്ങളില്‍നിന്നും ജീവനോപാധികളില്‍നിന്നും മാറ്റിനിര്‍ത്തിയ ജനതയാണ് പട്ടികജാതി-പട്ടികവര്‍ഗക്കാര്‍. നാളിതുവരെ ജനാധിപത്യത്തില്‍ എന്തവകാശമാണുള്ളതെന്ന് അവര്‍പോലും ഗൗരവപൂര്‍വം ചിന്തിച്ചിട്ടില്ല. പാര്‍ലമെന്‍റും നിയമസഭയും പാസാക്കിയ പ്രത്യേകമായ പൗരാവകാശ നിയമങ്ങള്‍ ഇതുവരെ അംഗീകരിക്കാന്‍ സര്‍ക്കാറും  പൊതുസമൂഹവും തയാറായിട്ടില്ല. ജിഷ കൊല്ലപ്പെട്ടതിനെ വളരെ നിസ്സാരമായി പൊലീസ് കൈകാര്യം ചെയ്ത രീതിയും പ്രാഥമിക തെളിവുകള്‍ നശിപ്പിച്ചതും ഈ മനോഭാവത്തിന്‍െറ പ്രതിഫലനമാണ്.

കേരളത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അരങ്ങുവാഴുകയാണ്. ഇവരുടെ നിയന്ത്രണത്തിലാണ് ബ്യൂറോക്രസി. പട്ടികവിഭാഗങ്ങള്‍ പൗരാവകാശം നിഷേധിക്കപ്പെടേണ്ടവരാണെന്ന ബോധം പൊലീസ് സേനയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ആ മനോഭാവം പെട്ടെന്ന് ജനമൈത്രിയിലൂടെ തിരുത്താന്‍ കഴിയില്ല. അവരുടെ മൈത്രിക്കുള്ളില്‍ ദലിതരും ആദിവാസികളും ഉണ്ടാവില്ല. യു.ഡി.എഫ് മാറി എല്‍.ഡി.എഫ് ഭരണം വന്നതുകൊണ്ട് ഇക്കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കില്ല.

പട്ടികജാതി-പട്ടികവര്‍ഗ അതിക്രമവിരുദ്ധ നിയമം ഏറ്റവും മോശമായി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. നിയമം നടപ്പാക്കുന്നതിന് നിര്‍ദേശം നല്‍കാനും മോണിറ്റര്‍ ചെയ്യാനും സംസ്ഥാന- ജില്ലാതലത്തില്‍ സമിതികളുണ്ടെങ്കിലും ഇതൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സംവിധാനം പട്ടികവിഭാഗങ്ങളുടെ പൗരാവകാശം സംരക്ഷിക്കാന്‍ പര്യാപ്തമല്ല. പ്രത്യക്ഷത്തില്‍ ജാതിബോധം ശക്തമല്ലാത്ത സംസ്ഥാനമാണ് കേരളമെങ്കിലും പരോക്ഷമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പോലും ജാതിബോധം ശക്തമായി നിലനില്‍ക്കുന്നുണ്ട്. പട്ടികവിഭാഗങ്ങള്‍ക്കെതിരെ നടന്ന അതിക്രമ കേസുകളില്‍ 98 ശതമാനത്തിലും കോടതിയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല.

ജീവനോപാധി നഷ്ടപ്പെട്ടവര്‍

പാരമ്പര്യമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ക്ക് ഇന്ന് കൃഷിയെ ആശ്രയിച്ച് ജീവിക്കാനാവില്ല. കാര്‍ഷികമേഖല തകര്‍ന്നപ്പോള്‍ അഭയാര്‍ഥികളായതില്‍ വലിയൊരു വിഭാഗം പട്ടികജനതയാണ്. ഭൂമി, വനവിഭവങ്ങള്‍, പാരമ്പര്യ ജലസ്രോതസ്സുകള്‍ ഇതെല്ലാം അവരുടെ ജീവിതത്തില്‍നിന്ന് മുറിച്ചുമാറ്റിയത് ആധുനിക വികസനമാണ്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ 2500ലധികം കോളനികളിലെ ദുരിതക്കയത്തിലത്തെി. ആധുനിക ഡാം നിര്‍മാണം അടക്കം വികസനപദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ രണ്ടര ലക്ഷം പേരെങ്കിലും പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ടു. കാര്‍ഷിക മേഖലയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയത് വികസിച്ചുവന്ന നിര്‍മാണ മേഖലയാണ്. എന്നാല്‍, ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്നത്തെിയപ്പോള്‍ വീണ്ടും പുറന്തള്ളപ്പെട്ടത് പട്ടികവിഭാഗ സമൂഹമാണ്.  

കേരളത്തിലെ കൃഷിഫാമുകള്‍ എന്തിനുവേണ്ടിയാണ് തുറന്നിരിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. സര്‍ക്കാറിന്‍െറ 21 ഫാമുകളും അടച്ചുപൂട്ടുന്ന അവസ്ഥയിലാണ്. കാലങ്ങളായി പുന$ക്രമീകരണങ്ങള്‍ നടക്കുന്നില്ല. സ്വകാര്യഫാമുകളെയാണ് ജനങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ആദിവാസികള്‍ക്കുവേണ്ടി തുടങ്ങിയ ഫാമുകള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചവയാണ്. കണ്ണൂരിലെ ആറളം ഫാം കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഏറ്റെടുത്ത് ആദിവാസി പുനരധിവാസ മേഖലയാക്കി. അതില്‍ പകുതി ഫാമായി നിലനിര്‍ത്തിയത് ആദിവാസികളുടെ ഉപജീവനത്തിനാണ്. എന്നാല്‍, ഇവിടെ സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥത കാരണം പുനരധിവാസകേന്ദ്രവും ഫാമും തകര്‍ന്നു. 1980കളില്‍ നല്ല വിത്തും തൈകളും വിതരണം ചെയ്തിരുന്ന ഫാമിന്‍െറ അവസ്ഥ ഇന്ന് ശോച്യമാണ്.

ജൈവകൃഷിയെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുണ്ടെങ്കിലും കൃഷിഫാമുകളെ അതിനുവേണ്ടി തയാറാക്കുന്നില്ല. കുട്ടികള്‍വരെ ജൈവകൃഷിചെയ്യുന്ന കാലമാണിത്. ഫാമിനുള്ളില്‍ നഴ്സറികള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ. ആദിവാസി പുനരധിവാസ മിഷന് ആറളം ഫാമില്‍ നഴ്സറികള്‍ ആരംഭിക്കാന്‍ കഴിയുമായിരുന്നു. ഇവിടെനിന്ന് വിത്തും തൈകളും വിതരണം ചെയ്തിരുന്നെങ്കില്‍ പുനരധിവാസകേന്ദ്രത്തില്‍ ആദിവാസികള്‍ക്ക് പുതുജീവിതം തുടങ്ങാമായിരുന്നു. ഇപ്പോള്‍ പുനരധിവാസ പദ്ധതികള്‍ തകര്‍ന്ന ഫാമില്‍നിന്ന് ആദിവാസികള്‍ പുറത്തേക്ക്  പോവുകയാണ്.

ആദിവാസികളുടെ ഗ്രാമപഞ്ചായത്ത്

ആദിവാസികളുടെ കാര്യത്തില്‍ പ്രധാനമായും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ, മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പാക്കിയ ആദിവാസി ഗ്രാമപഞ്ചായത്ത് നിയമവും ( അഞ്ചാം ഷെഡ്യൂള്‍) വനാവകാശനിയമവും നടപ്പാക്കണം. ഇതില്‍ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കുന്നതിനുള്ള ആദ്യ പ്രപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അത് അംഗീകരിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കണം. വനാവകാശനിയമം നടപ്പാക്കുന്ന കാര്യത്തില്‍ കേരളം വളരെ മോശമായ നിലപാടാണ് പിന്തുടരുന്നത്. ഗ്രാമസഭാ തത്ത്വങ്ങള്‍ അംഗീകരിച്ച സാമൂഹിക വനാവകാശം നടപ്പാക്കണം. അതില്‍ സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ല. ആദിവാസികള്‍ ഏറെയുള്ള വയനാട് ജില്ലയില്‍ ഉദ്യോഗസ്ഥ മേധാവികള്‍ നിയമം അട്ടിമറിക്കുകയാണ്. ആദിവാസികളുടെ പാരമ്പര്യ അവകാശത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ല. അല്ളെങ്കില്‍ ബോധപൂര്‍വം ആദിവാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ നല്ല മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് വാഴച്ചാല്‍- അതിരപ്പിള്ളി മേഖലയാണ്. അവിടെ സാമൂഹിക വനാവകാശമായി 10 കിലോമീറ്റര്‍ വരെ വനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, വയനാട് ജില്ലയിലാകട്ടെ സാമൂഹിക വനാവകാശമായി 10-12 ഏക്കറിലേക്ക് ചുരുക്കി. മുത്തങ്ങയിലുള്ള ആദിവാസികള്‍ തമിഴ്നാട് അതിര്‍ത്തിവരെ കാട്ടില്‍ വിഭവശേഖരണത്തിന് പോകുന്നുണ്ടെന്നും അതവരുടെ പാരമ്പര്യ അവകാശമാണെന്നും അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല.

ആദിവാസി ഫണ്ട് ഉല്‍പാദനമേഖലയിലല്ല ചെലവഴിക്കുന്നത്. ശില്‍പശാലകളിലത്തെുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പദ്ധതിവിശദീകരണങ്ങളില്‍ ആദിവാസികളുടെ മുഖങ്ങളില്ല. ഗ്രാമസഭയെന്ന സങ്കല്‍പം നഷ്ടപ്പെട്ടുവെന്നും അവസ്ഥ വളരെ മോശമാണെന്നുമുള്ള മുന്‍വിധിയോടെയാണ് ഇവര്‍ സംസാരിക്കുന്നത്. മരണാനന്തര ചടങ്ങുകളിലും പാട്ടിലും പാരമ്പര്യ നൃത്തത്തിലും മാത്രമായി അവരുടെ സാംസ്കാരിക ചിഹ്നങ്ങള്‍ ഒതുങ്ങി. സംസ്കാരത്തിന്‍െറ അടിവേരുകളായിരുന്നു അവരുടെ ജീവിതത്തിന്‍െറ ശക്തി. അത് മുറിച്ചുനീക്കുന്നതില്‍ ജനാധിപത്യം വിജയിച്ചു. വനാവകാശ നിയമം നടപ്പാക്കിയതിന്‍െറ മോഡലായി വാഴച്ചാല്‍ ചൂണ്ടിക്കാണിക്കുമ്പോഴും അവിടെ വികസിപ്പിക്കുന്നത് ടൂറിസമാണ്. അതില്‍നിന്നുള്ള വരുമാനത്തിന്‍െറ നിശ്ചിത ശതമാനം ആദിവാസികള്‍ക്ക് ലഭിക്കുന്നതിന് സംവിധാനവുമില്ല. ഗൈഡുകള്‍ വനംവകുപ്പിന്‍െറ നിയന്ത്രണത്തിലാണ്. 10 ശതമാനം തുകയെങ്കിലും ആദിവാസികള്‍ക്കായി നീക്കിവെക്കാന്‍ വനംവകുപ്പ് തയാറായിട്ടില്ല. പുതിയ അടിമത്തമാണ് വനംവകുപ്പ് സൃഷ്ടിക്കുന്നത്.

കൃഷിയെ സംബന്ധിച്ച ജൈവപരമായ സാങ്കേതികവിദ്യ അറിയാവുന്നവരാണ് പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍.  പാരമ്പര്യമായി കൃഷിയിലേര്‍പ്പെട്ടതിന്‍െറ അനുഭവപാഠങ്ങള്‍ അവര്‍ക്കുണ്ട്. കുട്ടനാടന്‍ കാര്‍ഷിക സംസ്കാരവും അവിടത്തെ ദലിതരും തമ്മിലുള്ള ജൈവബന്ധം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍, കുട്ടനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പുറന്തള്ളപ്പെട്ടത് ദലിതരാണ്. കുട്ടനാട് പാക്കേജിന് കോടികള്‍ അനുവദിച്ചതില്‍ 10 ശതമാനംപോലും പട്ടികവിഭാഗങ്ങള്‍ക്കായി നീക്കിവെക്കാന്‍ തയാറായില്ല. കുട്ടനാട്ടില്‍ പാട്ടകൃഷി തിരിച്ചുവന്നിരിക്കുന്നു. ആദിവാസികളെപ്പോലെ പട്ടികജാതി സമൂഹങ്ങള്‍ക്കും ഊരുകൂട്ടങ്ങള്‍ അഥവാ ഗ്രാമസഭകള്‍ രൂപവത്കരിക്കണം. ജില്ല-ബ്ളോക്-ഗ്രാമ പഞ്ചായത്തുകള്‍ വഴി എസ്.സി.പി-ടി.എസ്.പി ഫണ്ട് വീതംവെക്കുന്നത് അവസാനിപ്പിക്കണം. പട്ടികജാതി ഗ്രാമസഭക്ക് ഫണ്ട് വിനിയോഗത്തില്‍ തീരുമാനമെടുക്കാന്‍ അവകാശം നല്‍കണം. ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് ഇതുവഴി തടയാം. അതുപോലെ പൂള്‍ഡ് ഫണ്ടും കോര്‍പസ് ഫണ്ടും ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണ്. ജനങ്ങള്‍ക്ക് വ്യക്തിഗത വികസന പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിച്ച തുക റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിക്കണം. ത്രിതല പഞ്ചായത്ത് സംവിധാനം വികസന ഫണ്ട് ചിതറിക്കാന്‍ കാരണമാകുന്നു. ഉദ്യോഗസ്ഥര്‍ക്ക് തോന്നുംപോലെ ഫണ്ട് ചെലവഴിക്കുന്നത് തടയണം.

സാമൂഹികനീതി ഉറപ്പുവരുത്തണം

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യവത്കരണത്തിലൂടെ പട്ടികവിഭാഗങ്ങളെ പുറന്തള്ളുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. എയ്ഡഡ് മേഖലയിലെ എസ്.സി/എസ്.ടി സംവരണത്തിനായി കോടതി കയറിയവര്‍ക്ക് വിധി അനുകൂലമായെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിനെതിരെ അപ്പീല്‍ നല്‍കി. ഇടതു സര്‍ക്കാര്‍ ഈ കേസ് പിന്‍വലിക്കണം. എയ്ഡഡ് മേഖലയില്‍ എസ്.സി/എസ്.ടി സംവരണം നടപ്പാക്കാന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യം നിയമസഭയില്‍ എല്‍.ഡി.എഫ് നേതാക്കള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്ന ഉറപ്പുനല്‍കിയതാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും നിയമനം പി.എസ്.സിക്ക് വിടണം. ഉമ്മന്‍ ചാണ്ടി ബഡ്സ് സ്കൂളുകള്‍പോലും സ്വകാര്യ മേഖലക്കാണ് നല്‍കിയത്. കേരള മോഡല്‍  മികച്ച വികസനമാതൃകയായി വിലയിരുത്തുന്നവര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെക്കൂടി അവരുടെ പഠനത്തിനുള്ളിലേക്ക് കൊണ്ടുവരണം. ഈ ജനതയുടെ അസ്ഥികൂടങ്ങള്‍ക്ക് മുകളിലാണോ മികച്ച മാതൃകയുണ്ടാക്കിയതെന്ന് പരിശോധിക്കണം. അട്ടപ്പാടിയിലെ പട്ടിണിമരണവും വയനാട്ടിലെ ജീവിത ദുരിതവും കണ്ണൂരില്‍ മാലിന്യത്തില്‍നിന്ന് ഭക്ഷണം തേടുന്ന കുട്ടികളും കേരളമോഡലിന് പുറത്താണോ? പ്രകൃതി-ദലിത് വിരുദ്ധമായ കേരള മോഡല്‍ പൊളിച്ചെഴുതണമെങ്കില്‍ എല്‍.ഡി.എഫിന് പുതിയ കാഴ്ചപ്പാട് സ്വീകരിക്കേണ്ടിവരും.

തയാറാക്കിയത്: ആര്‍. സുനില്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.