കോടതി മുറികളിലെ അസ്തിത്വ പ്രതിസന്ധി

നിരീക്ഷണങ്ങള്‍ നിര്‍ലോഭം പ്രകടിപ്പിച്ച് മാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കാറുള്ള സുപ്രീംകോടതി ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ആര്‍.എസ്.എസിന്‍െറ  മാനനഷ്ടക്കേസിന്‍െറ വാദം നടന്നുകൊണ്ടിരിക്കുകയാണ്. ഗാന്ധിവധത്തില്‍ പങ്കുണ്ടെന്നു പറഞ്ഞതിന് ആര്‍.എസ്്.എസിനോട് മാപ്പുപറയണം, അല്ളെങ്കില്‍ വിചാരണ നേരിടണം എന്ന പോയ വാരത്തിലെ വിവാദമായ നിരീക്ഷണത്തിലൂടെ ശ്രദ്ധേയമായിത്തീര്‍ന്ന കേസ് വീണ്ടും പരിഗണനയിലത്തെിയ ജിജ്ഞാസയിലാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും. ക്രിമിനല്‍ നിയമത്തില്‍ എന്നെങ്കിലും വാദം നടത്തിയിട്ടുണ്ടോ എന്ന് പരാതിക്കാരനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനോട് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ചോദ്യം കേട്ട് ബെഞ്ചില്‍ കൂടെയുണ്ടായിരുന്ന ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അഭിഭാഷകന്‍ ആരാണെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ കാതില്‍ മന്ത്രിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് യു.യു. ലളിതിന്‍െറ പിതാവും മുന്‍ ഹൈകോടതി ജഡ്ജിയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. യു.ആര്‍. ലളിതാണ് അതെന്ന സൂചനയാണ് ജസ്റ്റിസ് നരിമാന്‍ നല്‍കിയത്. ഈ സൂചന മനസ്സിലായില്ളെന്നു കരുതി ഞങ്ങളെക്കാള്‍ ക്രിമിനല്‍ കേസ് വാദിച്ചയാളാണിതെന്ന് രാഹുലിനുവേണ്ടി ഹാജരായ കപില്‍ സിബലും ചൂണ്ടിക്കാട്ടിയതോടെ ജസ്റ്റിസ് മിശ്രക്ക് അമളി മനസ്സിലായി.   

‘ക്ഷമിക്കണം, താങ്കളൊരിക്കലും എനിക്ക് മുന്നില്‍ കേസ് വാദിച്ചിട്ടില്ളെന്നും അതുകൊണ്ടാണ് അറിയാതിരുന്നതെ’ന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. താന്‍ വല്ലപ്പോഴുമേ സുപ്രീംകോടതിയില്‍ വരാറുള്ളൂവെന്നായിരുന്നു യു.ആര്‍. ലളിത് അതിന് നല്‍കിയ മറുപടി. വീണ്ടുമൊരിക്കല്‍ക്കൂടി ക്ഷമാപണം നടത്തിയ ജസ്റ്റിസ് മിശ്ര, മാനനഷ്ടത്തിനുള്ള ക്രിമിനല്‍ കേസ് പൊലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാന്‍ ഒരു മജിസ്ട്രേറ്റിന് അധികാരമുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിവു പകരണമെന്ന് അഭ്യര്‍ഥിച്ചു. പൊലീസിന് വിഷയത്തില്‍ എന്തെങ്കിലും റോളുണ്ടോ? അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വെളിച്ചം പകരണമെന്ന് അഭിഭാഷകനോട് അഭ്യര്‍ഥിച്ചാണ് ജസ്റ്റിസ് മിശ്ര കേസ് മാറ്റിവെച്ചത്.

കോടതികളുടെ നിരീക്ഷണങ്ങളിലും ഉത്തരവുകളിലും എന്തൊക്കെ ഘടകങ്ങള്‍ സ്വാധീനിക്കപ്പെടാമെന്നതിന്‍െറ ഒരുദാഹരണം മാത്രമാണ് 27നുണ്ടായ ഈ അനുഭവം. അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള സഹവര്‍ത്തിത്വത്തിലാണ് രാജ്യത്തെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സഹവര്‍ത്തിത്വം ഏതറ്റംവരെ പോകുന്നുണ്ടെന്ന് കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ രാജ്യത്തെ കീഴ്കോടതികളിലെ ജഡ്ജിമാര്‍ക്ക് ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പില്‍നിന്ന് മനസ്സിലാക്കാനാവും. അഭിഭാഷകര്‍ ആവശ്യപ്പെടുന്ന മുറക്ക് കേസുകള്‍ പിന്നെയും പിന്നെയും മാറ്റിവെക്കുന്ന സാഹചര്യമൊഴിവാക്കണമെന്നായിരുന്നു സുപ്രധാന ഉത്തരവില്‍ ജഡ്ജിമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള ധാരണയിലാണ് കേസുകള്‍ പലപ്പോഴും മാറ്റിവെക്കാറുള്ളത്. രാജ്യത്ത് കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെയും കോടതികളുടെയും എണ്ണക്കുറവുകൊണ്ടല്ളെന്നും അഭിഭാഷകരുടെ താല്‍പര്യത്തിന് അനുസൃതമായി കോടതികള്‍ കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് മൂലമാണെന്നും ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ കേന്ദ്രസര്‍ക്കാറും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്.

സഹവര്‍ത്തിത്വം
അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള ഈ സഹവര്‍ത്തിത്വത്തിനിടയില്‍ കോടതിമുറിക്കകത്ത് തങ്ങളുടെ സ്ഥാനം എവിടെയാണെന്ന് തിരിച്ചറിയാതെപോയതാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധി. അതുകൊണ്ടാണ് അഭിഭാഷകരുമായുള്ള സംഘര്‍ഷംമൂലം കോടതിവിലക്ക് മുന്‍കൂട്ടി കാണാന്‍ അവര്‍ക്ക് കഴിയാതെ പോയത്. പൊലീസിനെയും അഭിഭാഷകരെയുംപോലെ തങ്ങളും നീതിന്യായ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്ന ധാരണയിലായിരുന്നു അവരിതുവരെ. കോടതിവിധികളെയും ജഡ്ജിമാരെയും അഭിഭാഷകരെയും ജനങ്ങളിലത്തെിക്കുന്നതില്‍ പങ്കു വഹിക്കുന്നതോടൊപ്പം കോടതിവിധികളെ സ്വാധീനിക്കുന്നതിന് ഇറങ്ങിക്കളിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്്. അത്തരം നീക്കങ്ങള്‍ ഫലംകാണാറുമുണ്ട്്. ഒന്നുകില്‍ മാധ്യമപ്രവര്‍ത്തകരുടെ വിചാരണകള്‍ക്ക് കോടതികളും ജഡ്ജിമാരും വശംവദരായിപ്പോകും. അല്ളെങ്കില്‍ പൊലീസും പ്രോസിക്യൂഷനും അഭിഭാഷകരും രചിക്കുന്ന തിരക്കഥകള്‍ക്കനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍  വിചാരണ നടത്തി പൊതുബോധത്തെ പാകപ്പെടുത്തും. സാകിര്‍ നായിക് കേസും മലയാളികളുടെ തിരോധാനവും മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിക്കളിച്ചതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്. അതിരുവിടുന്ന മാധ്യമ വിചാരണ സംബന്ധിച്ച് അപ്പോഴൊന്നും പരാതിയുന്നയിക്കാത്ത അഭിഭാഷകര്‍ കേരളത്തിലുണ്ടായ പുതിയ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ മാധ്യമവിചാരണയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങള്‍ ഇരയാക്കപ്പെട്ടുവെന്ന വാദവുമുയര്‍ത്തിയിരിക്കുന്നു.

പ്രബുദ്ധ കേരളത്തിലെ അഴിഞ്ഞാട്ടം
കോടതിവളപ്പിലും പുറത്തും അഭിഭാഷകര്‍ നിയമം കൈയിലെടുക്കുന്നതും അഴിഞ്ഞാടുന്നതും വടക്കേ ഇന്ത്യയിലെ കോടതികള്‍ക്കോ ജഡ്ജിമാര്‍ക്കോ പുതുമയുള്ള സംഭവമല്ല. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്‍െറ ആവലാതി ബോധിപ്പിക്കാനായി ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പോയി കണ്ടപ്പോള്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞതുമിതാണ്. എന്നാല്‍, ഇത്തരം സംഘര്‍ഷങ്ങള്‍ സാക്ഷര പ്രബുദ്ധ കേരളത്തില്‍ എങ്ങനെ സംഭവിക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അദ്ഭുതം കൂറിയത്. കേരളത്തിന് സാമാന്യം നിയമസാക്ഷരതയുണ്ടാകുമല്ളോ എന്ന വിശ്വാസത്തിലാണിത് ചോദിച്ചത്. അതിനാല്‍ കേരളത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സൗഹാര്‍ദാന്തരീക്ഷം വീണ്ടെടുക്കാന്‍ രമ്യമായ ശ്രമംനടത്തണമെന്നും അതിന് തന്നാലാവുന്നത് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് മലയാള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജസ്റ്റിസ് കുര്യന്‍ ജോസഫിനോടും കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനോടും അനുരഞ്ജനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആവശ്യപ്പെടാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി. എന്നാല്‍, ആക്രമണത്തിനിരയായ അമര്‍ഷത്തിലും ചീഫ് ജസ്റ്റിസിനെ കണ്ട ആവേശത്തിലും ഒരുമുഴം നീട്ടിയെറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ കേരള ഹൈകോടതിയിലെ മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടുവെന്ന് ബ്രേക്കിങ് അടിച്ചുകളഞ്ഞു. അത്യാവേശത്തിലുള്ള ഈ ഇറങ്ങിക്കളികൊണ്ട് കാര്യങ്ങള്‍ കൈയില്‍നിന്ന് വഴുതിപ്പോയി. ചീഫ് ജസ്റ്റിസിനെ ചേംബറില്‍ ചെന്നുകണ്ട് അനുരഞ്ജനത്തിനായി തുറന്ന വഴിയും ദുരഭിമാനത്തിന്‍െറ ഏറ്റുമുട്ടലിനുള്ളതായി മാറി. മാധ്യമപ്രവര്‍ത്തകരെ തോല്‍പിക്കാന്‍ മലയാളിയായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ചെന്നുകണ്ട് നിവേദനം കൊടുത്തു മലയാളി അഭിഭാഷകരിലൊരു വിഭാഗം.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കേരള സര്‍ക്കാറും ഹൈകോടതിയും കൈക്കൊണ്ട സമീപനം ചര്‍ച്ചചെയ്യുമ്പോള്‍ ഏറെ കോളിളക്കമുണ്ടാക്കിയ പട്യാല ഹൗസിലെ അഭിഭാഷക ആക്രമണവും ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടായിരുന്നു കേന്ദ്രത്തില്‍ അന്ന് മോദിസര്‍ക്കാറിനും. കോടതിയുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നും സര്‍ക്കാര്‍ അതില്‍ ഇടപെടില്ളെന്നും പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൈകഴുകിയപ്പോഴാണ് കോടതി റിപ്പോര്‍ട്ടിങ്ങിനുള്ള സ്വാതന്ത്ര്യം ചോദിച്ച് ഡല്‍ഹിയിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരൊന്നടങ്കം സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍, തുടര്‍ച്ചയായി രണ്ടുതവണ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോഴും പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.
സംഘര്‍ഷസാധ്യതയുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പട്യാല ഹൗസ് കോടതി വളപ്പില്‍ കയറ്റരുതെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ആക്രമികളായ അഭിഭാഷകരില്‍നിന്ന് അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. അതേസമയം  കേരളത്തിലാകട്ടെ, സംഘര്‍ഷാവസ്ഥയുടെ പേരില്‍ ഹൈകോടതിയില്‍നിന്ന് കീഴ്കോടതി വരെ കോടതി റിപ്പോര്‍ട്ടിങ്ങിനുള്ള വിലക്ക് വ്യാപിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.