ഇത് നഗ്നമായ വഞ്ചന

റിപ്പബ്ളിക് ദിന ത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച സമരം പുതിയതല്ല. നിരവധി തവണയായി കാസര്‍കോട്ടെ അമ്മമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ഈ സമരം. ഈ ആവശ്യങ്ങള്‍ പലതും സര്‍ക്കാര്‍ മുമ്പ് അംഗീകരിച്ച് നടപ്പാക്കാമെന്ന് ഉറപ്പുതന്നതാണ്. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ 2014ല്‍ ഈ അമ്മമാര്‍ നടത്തിയ കഞ്ഞിവെപ്പ് സമരം അവസാനിപ്പിക്കുമ്പോള്‍ തന്നിട്ടുള്ള ഉറപ്പുകള്‍ പലതും നടപ്പായിട്ടില്ല. കടം എഴുതിത്തള്ളാമെന്ന് അദ്ദേഹം അന്നു പറഞ്ഞതാണ്. എന്നാല്‍, ഇപ്പോഴും കടം എഴുതിത്തള്ളിയിട്ടില്ല.
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അതിലേക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേടത്ത് നില്‍ക്കുന്നു. ഒരുപാട് ആശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പലതും നാമമാത്രമായിത്തീര്‍ന്നു. കാസര്‍കോട്ട് മരുന്നുവിതരണം നിലച്ചിരിക്കുന്നു. ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞു. മെഡിക്കല്‍ കോളജ് സ്ഥാപിച്ച് 2015ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും തറക്കല്ലിട്ടിട്ട് മൂന്നു വര്‍ഷമായി. കേരളത്തില്‍ 32 മെഡിക്കല്‍ കോളജുകളുണ്ടെങ്കിലും ഒരെണ്ണംപോലും കാസര്‍കോട്ടില്ല. എന്നാല്‍, കാസര്‍കോടിനൊപ്പം തറക്കല്ലിട്ട പാലക്കാട് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തുടങ്ങി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കാസര്‍കോട്ട് എന്തുകൊണ്ട് മെഡിക്കല്‍ കോളജ് തുടങ്ങുന്നില്ല എന്നതും ഗൗരവപൂര്‍വം വീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനു പിന്നില്‍ എന്തൊക്കെയോ താല്‍പര്യങ്ങളുണ്ട്.
മനുഷ്യാവകാശ കമീഷന്‍ ചില ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ 2010ല്‍ നിര്‍ദേശിക്കുകയുണ്ടായി. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഇവ ഇരകള്‍ക്ക് കൊടുക്കാനായിരുന്നു നിര്‍ദേശം. പക്ഷേ, ആ കാര്യങ്ങള്‍ ആറുകൊല്ലമായിട്ടും ഭാഗികമായി മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. ആറായിരത്തോളം പേര്‍ പട്ടികയിലുണ്ടെങ്കിലും മൂവായിരത്തോളം പേര്‍ക്കു മാത്രമാണ് ആനുകൂല്യങ്ങള്‍ കിട്ടിയത്. കിട്ടിയവര്‍ക്കുതന്നെ പൂര്‍ണമായി ലഭ്യമായതുമില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണിത്. ദുരിതബാധിതരായ കുട്ടികള്‍ക്കുവേണ്ടി ആരംഭിച്ച ബഡ്സ് സ്കൂളുകള്‍ അഞ്ചുകൊല്ലം മുമ്പ് തുടങ്ങിയ അതേ സ്ഥിതിയില്‍ കിടക്കുകയാണ്. ഈ സ്കൂളുകളില്‍ ഒന്നില്‍പോലും യൂറോപ്യന്‍ ക്ളോസറ്റില്ല. മാത്രമല്ല, സൗകര്യങ്ങളും പരിമിതം. പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്കുകീഴെ. ബഡ്സ് സ്കൂളുകളുടെ നവീകരണത്തിന് നബാര്‍ഡ് സ്കീമില്‍ ഒരു കോടിയോളം രൂപ പാസായിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. ചില കെട്ടിടങ്ങളുടെ പണി തുടങ്ങിയെങ്കിലും ഒരു സ്കൂളുപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതും ഈ ദുരിതബാധിതരോട് ഭരണകൂടം കാട്ടുന്ന അനീതിയാണ്. ഇതിനാലാണ് അതിശക്തമായ സമരങ്ങള്‍ ഇരകളാക്കപ്പെട്ടവര്‍ക്കുവേണ്ടി ഇവിടെ സംഭവിക്കുന്നത്. ഏതെങ്കിലും രാജ്യത്തെയോ ഭരണകൂടത്തെയോ നിലംപരിശാക്കിയവരല്ല ഇവിടെ വന്നുകിടക്കുന്നത്. നമ്മുടെ ഭരണകൂടം കാല്‍നൂറ്റാണ്ടോളം പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കാളകൂടവിഷത്തിനിരയായി, എല്ലാ ആശകളും നഷ്ടപ്പെട്ട് വലിയ ദു$ഖങ്ങള്‍ അനുഭവിക്കുന്ന ആളുകളാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ വന്നുകിടക്കുന്നത്. ഇക്കൂട്ടത്തില്‍ ദുരിതം അനുഭവിക്കുന്ന മുഴുവന്‍ പേരുമില്ല.
ഈ സമരം തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ചെയ്തതെന്താണ്? ലക്ഷങ്ങള്‍ ചെലവിട്ട് പത്രങ്ങളില്‍ പരസ്യം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എല്ലാം ഞങ്ങള്‍ ചെയ്തുകൊടുത്തു; എന്തിനാണ് സമരമെന്നാണ് പരസ്യത്തിലെ അവകാശവാദം. ആ പരസ്യത്തിന്‍െറ കൂടെ കൊടുത്തിരുന്ന രണ്ടു കുട്ടികളുടെ ചിത്രമുണ്ട്. ഷംനയും ഹസനും. ഇവര്‍ ഒരു പട്ടികയിലുംപെടാത്തവരും ഒരു സഹായവും ലഭിക്കാത്തവരുമാണ്. സര്‍ക്കാര്‍ കൊടുക്കുന്ന പരസ്യത്തില്‍ വരുന്നവര്‍ക്കുപോലും സഹായം കിട്ടിയിട്ടില്ല എന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ബദിയടുക്ക എന്ന പ്രശ്നബാധിത സ്ഥലത്ത് ജനിച്ച ഷംന ഇപ്പോള്‍ താമസിക്കുന്നത് മദൂര്‍ പഞ്ചായത്തിലാണ്. ഇത് പ്രശ്നബാധിത സ്ഥലമല്ളെന്ന വാദം നിരത്തിയാണ് ആനുകൂല്യം ആ കുടുംബത്തിന് നിഷേധിച്ചിരിക്കുന്നത്. അത് ശരിയല്ല. മുഖ്യമന്ത്രി 2014ലും അതിനുമുമ്പും ഉറപ്പുതന്നതാണ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകള്‍ മാത്രമല്ല, എല്ലാ പഞ്ചായത്തുകളിലെയും ദുരിതബാധിതര്‍ക്കും ആനുകൂല്യം നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി ഉറപ്പുതന്നാലും ജില്ലാ ഭരണകൂടം ഇവരെ ഉള്‍പ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ല. ഈ പാവങ്ങള്‍ പുതുതായി ഒരാവശ്യവും ഉന്നയിക്കുന്നില്ല. പറഞ്ഞുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ വീണ്ടും പറയേണ്ടിവരികയാണ്.  നല്‍കിയ ഉറപ്പുകള്‍ ഇനിയെങ്കിലും സര്‍ക്കാര്‍ പാലിക്കണമെന്നാണ് ഈ സമരം ആവശ്യപ്പെടുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.