റോഡ് സുരക്ഷ: ഇത് കൈകോര്‍ക്കേണ്ട ഘട്ടം

റോഡ് സുരക്ഷ, ഇതാണ് പ്രവര്‍ത്തിക്കേണ്ട സമയം.  27ാമത്  ദേശീയ റോഡ് സുരക്ഷാവാരത്തിന്‍െറ മുദ്രാവാക്യമാണിത്. വളരെ കാലികപ്രസക്തിയുള്ള മുദ്രാവാക്യമാണിത്. ഈ കാലഘട്ടത്തിന്‍െറ ആവശ്യവും.
റോഡപകടങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസംപോലും കേരളത്തിലില്ല. അപകടമരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരു പത്രവും ഇറങ്ങുന്നില്ല.  ഓരോ ദിനവും പുലരുന്നത് ഏതെങ്കിലും ഒരു കുടുംബത്തിന്‍െറ കണ്ണീര്‍ കണ്ടാണ്. ഓരോ ദുരന്തവും നിസ്സാരമായ ഒരു കേസില്‍ അവസാനിക്കുന്നതോടെ സര്‍വരും അത് മറക്കും.  ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ഓര്‍മയായി ആ കുടുംബങ്ങളെ അത് കൊല്ലാക്കൊല ചെയ്യും.
ഓരോ വാഹനദുരന്തവും ചെന്നത്തെുന്നത് അനാഥമാക്കപ്പെടുന്ന കുടുംബത്തിലേക്കും ജീവച്ഛവങ്ങളാക്കപ്പെടുന്ന മനുഷ്യജീവിതങ്ങളിലേക്കുമാണ്.  വാഹനദുരന്തങ്ങളിലെ സാമ്പത്തിക നഷ്ടത്തിനെക്കാള്‍ എത്രയോ വലുതാണ് അനാഥരാക്കപ്പെടുന്ന മനുഷ്യരുടെ ദു$ഖം.
ഇന്ത്യയില്‍ പ്രതിവര്‍ഷം 50 ലക്ഷം അപകടങ്ങള്‍ നടക്കുകയും 1.5 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. ഓരോ ആറു മിനിറ്റിലും ഒരാള്‍വീതം റോഡില്‍ ചോരചിന്തി മരിക്കുന്നു. മരിക്കുന്നവരില്‍ 1/3 പേരും 15-45 വയസ്സിനിടയിലുള്ള പുരുഷന്മാരാണ്. ഭൂരിഭാഗവും, ഓരോ കുടുംബത്തിന്‍െറയും അത്താണിയായിരിക്കും എന്നതാണ് സത്യം.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നത്.  എങ്ങനെ സുരക്ഷിതമായി റോഡ് ഉപയോഗിക്കണമെന്നതിനെപ്പറ്റിയും സുരക്ഷിതമായ ഡ്രൈവിങ്ങിന്‍െറ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ഇരുചക്രം, നാലുചക്രം ഉപയോഗിക്കുന്ന ഇന്നത്തെ തലമുറക്ക്.
എന്താണ് റോഡപകടത്തിനുള്ള കാരണം.  റോഡിന്‍െറ ശോച്യാവസ്ഥ, അശാസ്ത്രീയമായ റോഡ് നിര്‍മാണം, വാഹനപ്പെരുപ്പം, കാല്‍നടക്കാരുടെ കുഴപ്പം തുടങ്ങി പല മറുപടികള്‍ ഇതിനുണ്ടാകാം.  എന്നാല്‍, ശാസ്ത്രീയപഠനങ്ങള്‍ ഇതെല്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ തെറ്റായ പ്രവൃത്തികള്‍തന്നെയാണ് റോഡപകടത്തിന് പ്രധാന കാരണം.
അമിതവേഗം
റോഡപകടങ്ങളിലെ പ്രധാനവില്ലന്‍ അമിത വേഗംതന്നെയാണ്. ചക്രത്തിന്‍െറ കണ്ടുപിടിത്തം മാനവരാശിയുടെ പുരോഗതിയില്‍ ഒരു നാഴികക്കല്ലാണ്.  മനുഷ്യന്‍െറ വേഗതകൂട്ടാനുള്ള ശ്രമത്തിന്‍െറ ഫലമായാണ് ചക്രത്തില്‍നിന്ന് വാഹനങ്ങളിലേക്കും പിന്നീട് റോക്കറ്റുകളിലേക്കും വരെയത്തെിയത്. മോട്ടോര്‍ വാഹനങ്ങളില്‍ വേഗതക്കും സൗകര്യത്തിനും പ്രാധാന്യം വന്നതോടെ സുരക്ഷാ പ്രാധാന്യവും കുറഞ്ഞു.
30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടുന്ന വാഹനം ഒരു കാല്‍നടക്കാരനെ തട്ടിയാല്‍ മരണത്തിന് സാധ്യതയുണ്ടെന്നും 50 കിലോമീറ്ററില്‍ കൂടിയാല്‍ മരണം ഉറപ്പാണെന്നും പഠനം തെളിയിക്കുന്നു. അതുകൊണ്ട് കാല്‍നടക്കാര്‍ ഇറങ്ങിനടക്കുന്ന റോഡില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കാന്‍ പാടില്ല.
റോഡപകടങ്ങളില്‍ ഏറ്റവുംവലിയ വില്ലന്‍ ന്യൂജനറേഷന്‍ ബൈക്കുകള്‍ എന്നറിയപ്പെടുന്ന പുതിയ മോഡല്‍ ബൈക്കുകളാണ്. ഓടിക്കുന്നവര്‍ക്കും പിറകില്‍ യാത്രചെയ്യുന്നവര്‍ക്കും ഒരുവിധ സുരക്ഷാസംവിധാനവും കൊടുക്കാതെ വേഗതക്ക് മാത്രം പ്രാധാന്യംകൊടുത്ത് നിര്‍മിച്ചിരിക്കുന്നവയാണ് ന്യൂജനറേഷന്‍ വാഹനങ്ങള്‍.
ഇരുചക്രവാഹനക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) ഇരുചക്രവാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത് രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ്. രണ്ടുപേരില്‍ കൂടുതല്‍ ഒരു കാരണവശാലും ഇരുചക്രവാഹനത്തില്‍ യാത്രചെയ്യരുത്.  ന്യൂ ജനറേഷന്‍ വാഹനത്തില്‍ പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക്് ഒരു പ്രാധാന്യവും നല്‍കുന്നതായി കാണുന്നില്ല.  
2) ഇരുചക്രവാഹനക്കാര്‍  നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കുന്നത് നിയമംമൂലം മാത്രം കഴിയുകയില്ല. മറിച്ച്, ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ  അറിവ് നല്‍കുകയോ സ്വയം അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്.  സ്ട്രാപ് ഇല്ലാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് സുരക്ഷ നല്‍കില്ല.
3) അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു. കേരളത്തിന്‍െറ റോഡുകളില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള വേഗപരിധി 50 കിലോമീറ്ററാണ്.
4) ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് ഇരുചക്ര വാഹനാപകടത്തിന് പ്രധാന കാരണത്തില്‍ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങാണ്. റോഡ് റെഗുലേഷന്‍ അനുസരിച്ച് വാഹനം ഓടിക്കേണ്ടത് റോഡിന് ഇടതുവശം ചേര്‍ന്നും വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വേണ്ടിയുമാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്. പക്ഷേ, ബസ് ഉള്‍പ്പെടെയുള്ള വിവിധ വാഹനങ്ങള്‍ ഇടതുവശത്തുകൂടി ഓവര്‍ടേക് ചെയ്യുന്നതായി കാണുന്നു. ഇത് ഒഴിവാക്കപ്പെടണം.
5) ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ വാങ്ങുന്ന യുവാക്കള്‍ വാഹനത്തില്‍ കമ്പനി ഇറക്കിയ ഫീച്ചേഴ്സിന് അവരുടേതായ മാറ്റങ്ങള്‍ വരുത്തിയാണ് ഉപയോഗിക്കുന്നത്. ഹാന്‍ഡ് ഗ്രിപ്, സാരിഗാര്‍ഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്.  ഇതെല്ലാം ഫിറ്റ് ചെയ്തിരിക്കുന്നത് യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയാണ്. ഹാന്‍ഡ് ഗ്രിപ് പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ്.  പിന്നിലിരിക്കുന്ന യാത്രക്കാരന്‍ വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ അല്ല പിടിക്കേണ്ടത്. മറിച്ച്, സീറ്റിന് സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്പില്‍ മുറുകെ പിടിച്ചിരിക്കേണ്ടതാണ്.
6) സൈഡ് മിറര്‍-ഡ്രൈവറുടെ പിന്നിലെ കണ്ണ് (മൂന്നാം കണ്ണ്) ആയി പ്രവര്‍ത്തിക്കേണ്ടതാണ്.  വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെവരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കുകയല്ല വേണ്ടത്. ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കിയാണ് പിന്‍ഭാഗം വീക്ഷിക്കേണ്ടത്്.
വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിങ് രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. അതിന് ഓരോരുത്തരുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. നമുക്കൊരുമിച്ച് നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.