സാല്‍ക്കിയയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സംഘടനാദൂരം

സി.പി.എം ഇന്ത്യയില്‍ നേരിടുന്നത് സ്വത്വപ്രതിസന്ധിയാണ്. ദരിദ്രരും പാര്‍ശ്വവത്കൃതരുമായ ദലിതരുടെയും ആദിവാസികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും ന്യൂനപക്ഷങ്ങളുടെയും താല്‍പര്യസംരക്ഷണത്തിനുള്ള സംവിധാനം എന്നനിലക്കാണ് ഇന്ത്യയില്‍ സി.പി.എം അടയാളപ്പെട്ടിരുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങളിലെ ഭരണപാര്‍ട്ടി എന്നനിലയിലുള്ള അതിന്‍െറ ഭാവപ്പകര്‍ച്ച പാര്‍ട്ടിയുടെ സ്വത്വത്തെ ശിഥിലീകരിച്ചു. ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമില്ലാതെയായി. ആയിരങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോയി. രാജ്യം വര്‍ഗീയതയുടെ ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് അസഹിഷ്ണുതയില്‍ എരിപൊരികൊള്ളുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍െറ പ്രതിഷേധശബ്ദം പ്രകമ്പനമായി അലയടിച്ചുയര്‍ന്നില്ല. അതേസമയം, എഴുത്തുകാരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും കലാകാരന്മാരും അസഹിഷ്ണുതക്കെതിരെ ശക്തമായി പ്രതികരിച്ചു. അതിന്‍െറ പിന്നിലായിപ്പോയി ഇടതുപക്ഷത്തിന്‍െറ പ്രതിഷേധം.
ഈ സാഹചര്യത്തില്‍ അതിജീവനം ആഗ്രഹിച്ച് പാര്‍ട്ടി ആത്മപരിശോധനക്ക് തയാറായതിന്‍െറ സൂചനകളാണ് കൊല്‍ക്കത്ത പ്ളീനത്തില്‍നിന്ന് പ്രസരിച്ചത്. ദലിതന് വെള്ളംനല്‍കാത്ത ജലസ്രോതസ്സിനുമുന്നില്‍ ചെങ്കൊടി ഉയരണമെന്ന് പ്ളീനം പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. കാലം പാര്‍ട്ടിയില്‍നിന്ന് ആവശ്യപ്പെടുന്ന പലതും പ്ളീനം മുന്നോട്ടുവെച്ചു. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് സംവരണം, വനിതകളുടെ സാന്നിധ്യം 25 ശതമാനമായി ഉയര്‍ത്തല്‍, പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരല്‍, വാക്കുകള്‍കൊണ്ട് കൊലപാതകവും ആത്മഹത്യയും പാടില്ളെന്ന പ്രസ്താവം, വാക്കും പ്രവൃത്തിയും ഒന്നാകണം. തെറ്റുതിരുത്തല്‍ സമ്മേളനങ്ങളല്ല വേണ്ടത്. തെറ്റുതിരുത്തുന്ന പ്രയോഗമാണ് സാധ്യമാക്കേണ്ടത്. ബഹുജനസംഘടനകള്‍ വളരേണ്ടത് സ്വതന്ത്രമായിട്ടാണ്. തൊഴില്‍ കുടിയേറ്റമേഖലകളില്‍ സംഘടനകള്‍ നിര്‍മിക്കണം. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാര്‍പ്പിടം, സാമൂഹികപദവി-ഇവയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരെ പോരാട്ടമുന്നണി. ദലിതര്‍, ആദിവാസികള്‍, മുസ്ലിംകള്‍ തുടങ്ങിയ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന. ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, കായികപ്രതിഭകള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനുള്ള പദ്ധതി - കൊല്‍ക്കത്തയില്‍ അഞ്ചുദിവസം നീണ്ട പ്ളീനത്തിന് കൊടിയിറങ്ങുമ്പോള്‍ അപചയത്തില്‍പെട്ടുപോയ പാര്‍ട്ടിയെ വീണ്ടെടുക്കാനുള്ള ധീരനൂതനവഴികളില്‍ ചര്‍ച്ചകള്‍ പടര്‍ന്നുകയറി. പക്ഷേ, വഴിമുട്ടിനില്‍ക്കുന്നത് പ്രയോഗശാലയിലാണ്.
സുവര്‍ണകാലം
1978ല്‍ സാല്‍ക്കിയ പ്ളീനം സൃഷ്ടിച്ചത് വിപ്ളവകരമായ ചരിത്രനിര്‍മിതിയായിരുന്നു. അടിയന്തരാവസ്ഥക്കുശേഷമുള്ള നാളുകള്‍ സി.പി.എമ്മിന് നല്‍കിയത് കുത്തനെയുള്ള ഉയര്‍ച്ചയായിരുന്നു. സാല്‍ക്കിയ പ്ളീനം സി.പി.എമ്മിനെ ഒരു വിപ്ളവ ബഹുജന പാര്‍ട്ടിയാക്കാനാണ് തീരുമാനിച്ചത്. അതിന്‍െറ ഫലം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രകടമായി. 1979 മുതല്‍ 1998വരെയുള്ള സി.പി.എമ്മിന്‍െറ ചരിത്രം സുവര്‍ണകാലം എന്നറിയപ്പെടുന്നു. പാര്‍ലമെന്‍ററി രംഗത്തും പാര്‍ലമെന്‍േറതര രംഗത്തും പാര്‍ട്ടി വളര്‍ന്നുവികസിച്ചു. ഇന്ത്യയിലെമ്പാടും പാര്‍ട്ടി കെട്ടിപ്പടുക്കാനും പാര്‍ട്ടിയെ ജനകീയവത്കരിക്കാനുമാണ് സാല്‍ക്കിയ പ്ളീനം തീരുമാനിച്ചത്. മാര്‍ക്സിസം ലെനിനിസം നിരന്തരം പഠിക്കാനും പ്രയോഗിക്കാനും പാര്‍ട്ടി കേഡര്‍മാരോട് ആവശ്യപ്പെട്ടു. പ്രത്യയശാസ്ത്ര വ്യതിയാനത്തെയും തെറ്റായ ധാരണകളെയും തിരുത്താതെ അച്ചടക്കമുള്ള പാര്‍ട്ടി ഉണ്ടാവില്ളെന്ന് അന്ന് പ്ളീനം വ്യക്തമാക്കി. തെറ്റായ പ്രയോഗങ്ങളും രീതികളും നയങ്ങളും തിരുത്തി ജനാധിപത്യ കേന്ദ്രീകരണത്തിലധിഷ്ഠിതമായ സംഘടന രൂപപ്പെടേണ്ടതിന്‍െറ ആവശ്യകത പ്രത്യേക സമ്മേളനത്തില്‍ അന്ന് ചര്‍ച്ച ചെയ്തു. അതെല്ലാം ഒരു പരിധിവരെ നടപ്പാക്കിയതുകൊണ്ട് പാര്‍ട്ടി വളര്‍ന്നു.
എന്നാല്‍, 1998നുശേഷം പാര്‍ട്ടിക്കകത്ത് വിഭാഗീയത ഉയര്‍ന്നുവന്നു. അധികാര ആര്‍ത്തിനിറഞ്ഞ പാര്‍ലമെന്‍ററി വ്യാമോഹം പാര്‍ട്ടിയുടെ മേല്‍ത്തട്ടിലും അടിത്തട്ടിലും ആണ്ടിറങ്ങി. പാര്‍ട്ടി അഴിമതിക്ക് വിധേയമായി. പാര്‍ട്ടി സഖാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. അണികളുടെ പ്രത്യയശാസ്ത്ര തിരിച്ചറിവ് നഷ്ടപ്പെട്ടതുകൊണ്ട് സി.പി.എം വിട്ടുപോയ പലരും വര്‍ഗീയപാര്‍ട്ടികളിലേക്ക് ചേക്കേറി. കേരളത്തില്‍ പാര്‍ട്ടിക്കാരായിരുന്ന ഹിന്ദുക്കള്‍ ബി.ജെ.പിയിലേക്കും  മുസ്ലിംകള്‍ തീവ്രവാദി സംഘടനയായ എന്‍.ഡി.എഫിലേക്കും പോയി. പശ്ചിമബംഗാളിലാകട്ടെ പാര്‍ട്ടി ഓഫിസ് തന്നെ ബി.ജെ.പി ഓഫിസായി മോര്‍ഫ് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്ത പ്ളീനം കഴിഞ്ഞത്. സാല്‍ക്കിയ പ്ളീനത്തിലെ പലകാര്യങ്ങളും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. കേന്ദ്രകമ്മിറ്റിക്കും പോളിറ്റ്ബ്യൂറോവിനും അതിന്‍െറ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. സഖാക്കളുടെ പ്രത്യയശാസ്ത്ര അവബോധം കുറഞ്ഞുപോകുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശയപരമായും രാഷ്ട്രീയപരമായും മൂല്യശോഷണം സംഭവിച്ചു. ബഹുജനസംഘടനകളില്‍ പാര്‍ട്ടി ആധിപത്യം അടിച്ചേല്‍പിക്കുന്നു. ഹിന്ദിമേഖലകളില്‍  പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ കേന്ദ്രനേതൃത്വം പരാജയപ്പെട്ടു. പോളിറ്റ്ബ്യൂറോയില്‍തന്നെ ആശയ ഐക്യം സാധ്യമല്ലാതായിരിക്കുന്നു.
വീണ്ടെടുപ്പുചര്‍ച്ചകള്‍
ഈ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് പാര്‍ട്ടിയുടെ വീണ്ടെടുപ്പിനുള്ള ചര്‍ച്ചകളാണ് പ്ളീനത്തെ പ്രസക്തമാക്കിയത്. ഇന്ന് ഇന്ത്യന്‍രാഷ്ട്രീയം വല്ലാതെ മാറിക്കൊണ്ടിരിക്കുകയാണ്. പ്രവചിക്കാന്‍ കഴിയാത്തവണ്ണം അതിന് ദ്രുതഗതിയുണ്ട്. ഇതിനെ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ വഴക്കമുള്ള അടവുനയം ആവശ്യമാണ്. അടവുനയം വഴക്കമുള്ളതായാല്‍ മാത്രം പോര, അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലുള്ള സംഘടനയെ രൂപപ്പെടുത്തേണ്ടതുമുണ്ട്. ഇന്ത്യന്‍രാഷ്ട്രീയം കോര്‍പറേറ്റ് മുതലാളിത്തത്തിന് പരവതാനിവിരിക്കുന്ന തിരക്കിലാണ്. അദാനിയും അംബാനിയും ആഘോഷപൂര്‍വം ആനയിക്കപ്പെടുന്നു. ആ അരങ്ങിന് ശക്തിപകരുന്നത് കാവിരാഷ്ട്രീയമാണ്. കോര്‍പറേറ്റ് മൂലധനം പോറ്റിവളര്‍ത്തുന്നത് വര്‍ഗീയരാഷ്ട്രീയത്തെയാണ്. മുതലാളിത്തചങ്ങാത്തം അതിന് രാസത്വരകമായി വര്‍ത്തിക്കുന്നു. ക്രോണി കാപ്പിറ്റലിസം അതിന്‍െറ കരങ്ങളെ ബലപ്പെടുത്തുകയാണ്. ഇതിന്‍െറ ആയുധം മാത്രമായി മാറിയ നരേന്ദ്ര മോദി ആഗോള മുതലാളിത്തത്തിന്‍െറ ഇന്ത്യന്‍ നെഞ്ചളവാണ്. പ്ളീനത്തിന് ഇത് തിരിച്ചറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് വര്‍ഗസമരത്തിന്‍െറ ഇരട്ടക്കാലുകളെക്കുറിച്ച് അത് ചര്‍ച്ച ചെയ്തത്. ഹിന്ദുത്വശക്തികള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന വര്‍ഗീയമുന്നേറ്റങ്ങള്‍ സാമൂഹിക വിവേചനങ്ങളെയാണ് ശക്തിപ്പെടുത്തുന്നത്. വര്‍ഗീയരാഷ്ട്രീയം വളരുമ്പോള്‍ സ്വത്വരാഷ്ട്രീയത്തിന്‍െറ സാധ്യതകളാണ് അതുല്‍പാദിപ്പിക്കുന്നത്. അതുകൊണ്ട് തകര്‍ന്നുവീഴുന്നത് വര്‍ഗരാഷ്ട്രീയമാണ്. മുംബൈയിലെ ട്രേഡ് യൂനിയന്‍പ്രസ്ഥാനം ഇന്ത്യയിലെതന്നെ മികച്ച തൊഴിലാളിവര്‍ഗ സംഘടിതശക്തിയായിരുന്നു. സ്വത്വരാഷ്ട്രീയം ശിവസേനയുടെ രൂപത്തില്‍ അതിനെ വിഴുങ്ങി. കേരളത്തിലും ഇതിന്‍െറ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. എസ്.എന്‍.ഡി.പിയുടെ സ്വത്വരാഷ്ട്രീയത്തിലൂടെ സി.പി.എമ്മിനെയും സി.പി.ഐയെയും കോണ്‍ഗ്രസിനെയും അത് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സാമൂഹിക അനീതിക്കെതിരെയും സാമ്പത്തിക അനീതിക്കെതിരെയുമുള്ള ദ്വിമുഖ പോരാട്ടമാണ് വര്‍ഗസമരത്തിന്‍െറ ഇരട്ടക്കാലുകളെന്ന് പ്ളീനം വിലയിരുത്തിയത്. ഇന്ത്യയിലിന്നുവളരുന്നത് അസഹിഷ്ണുതയാണ്. ഒരുപക്ഷേ, ഇന്ത്യ പാകിസ്താനെപ്പോലെ അസഹിഷ്ണുതയുടെ രാജ്യമായി മാറുകയാണ്. ഇതിനെ ഇടതുപക്ഷ ബുദ്ധിജീവികള്‍ വിലയിരുത്തിയത് ഇന്ത്യയുടെ പാകിസ്താനൈസേഷന്‍ എന്നാണ്. പ്ളീനം ഇതിനെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ എല്ലാ ജാതിമതസ്ഥര്‍ക്കും സമാധാനപൂര്‍വം ജീവിക്കാന്‍ ഇടമുണ്ടാവണം. അത് ഉറപ്പുവരുത്തുന്ന ചുമതല സി.പി.എമ്മിന്‍േറതാണ്.
കോണ്‍ഗ്രസിനോടുള്ള സമീപനം
ഇന്ത്യയിലെ രാഷ്ട്രീയലോകം പ്ളീനത്തെ ശ്രദ്ധിച്ചത് സി.പി.എം കോണ്‍ഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കും എന്നതിലായിരുന്നു. അതില്‍ അസാധാരണമായ ഒരു തീരുമാനം എടുക്കാന്‍ പ്ളീനത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് സഖ്യം പ്ളീനം തള്ളുകയായിരുന്നു. വിശാഖപട്ടണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ നയം തുടരാന്‍തന്നെയാണ് തീരുമാനിക്കപ്പെട്ടത്. പശ്ചിമബംഗാളില്‍ മമതയെ തള്ളി സി.പി.എമ്മിന് തിരിച്ചുവരാന്‍ ഉടനെ കഴിയണമെങ്കില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലുംതരത്തിലുള്ള നീക്കുപോക്ക് ആവശ്യമാണ്. എന്നാല്‍, ഈ രാഷ്ട്രീയയാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. വളരെക്കാലം ബംഗാള്‍ ഭരിച്ചത് സി.പി.എമ്മി ന്‍െറ ശക്തികൊണ്ട് മാത്രമായിരുന്നില്ല. കോണ്‍ഗ്രസിനകത്തെ അനൈക്യം മുതലെടുത്തുകൊണ്ടുകൂടിയായിരുന്നു. ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള വഴി മമതക്കെതിരെയുള്ള ശക്തികളെ ഏകോപിപ്പിക്കുക എന്നുള്ളതാണ്. അതിന് തന്ത്രപരമായ മെയ്വഴക്കം ആവശ്യമാണ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാണ്. ഇവിടെ ഇടതുപക്ഷത്തെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇടതുപക്ഷരാഷ്ട്രീയത്തിന് താല്‍ക്കാലികവിരാമം സൃഷ്ടിക്കാം. അതൊഴിവാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഈ രാഷ്ട്രീയസാഹചര്യം കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ആത്മഹത്യാപരമാക്കും. സി.പി.എമ്മിന് മാത്രമല്ല, അത് ആത്മഹത്യാപരമാകുന്നത്. കോണ്‍ഗ്രസിനും അത് അങ്ങനെതന്നെയാണ് ഭവിക്കുക. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള സഖ്യത്തെ ആഹ്ളാദപൂര്‍വം കാണുന്നത് ബി.ജെ.പി മാത്രമാണ്. കോണ്‍ഗ്രസും സി.പി.എമ്മും ബംഗാളില്‍ സഖ്യത്തിലായാല്‍ അതിന്‍െറഗുണം ബി.ജെ.പിക്കുതന്നെയാണ്. അവര്‍ രണ്ടിടത്തും പ്രധാന പ്രതിപക്ഷവും ഭാവിയില്‍ ഭരണപക്ഷവുമാവും. ഇത് കൃത്യമായി പ്ളീനം തിരിച്ചറിഞ്ഞ് തള്ളി.
കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം സി.പി.എം പുനര്‍ നിര്‍വചിക്കേണ്ടതുണ്ട്. കോണ്‍ഗ്രസുമായി എത്രമാത്രം സഖ്യസാധ്യതയുണ്ട്? തീര്‍ച്ചയായിട്ടും ബി.ജെ.പി വര്‍ഗീയരാഷ്ട്രീയം അക്രമാസക്തമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണെങ്കില്‍ അതിനെതിരെയുള്ള ഐക്യമുന്നണി അനിവാര്യമാണ്. ഫാഷിസത്തിനെതിരെയുള്ള മതേതരശക്തികളുടെ ഐക്യമുന്നണിയായിരിക്കണമത്. അതിനാല്‍, കോണ്‍ഗ്രസുമായിട്ടുള്ള സഖ്യം പാര്‍ലമെന്‍ററി രംഗത്തുള്ള തെരഞ്ഞെടുപ്പുസഖ്യമല്ല. മറിച്ച് പാര്‍ലമെന്‍േറതര രംഗത്തുള്ള പ്രക്ഷോഭമേഖലകളിലാണ് ഉണ്ടാവേണ്ടത്. 37 വര്‍ഷത്തിനുശേഷം ചേര്‍ന്ന സംഘടനാ പ്ളീനവേളയില്‍  ഏറ്റവും ഗൗരവമുള്ള ഒരു രാഷ്ട്രീയ നിലപാടില്‍ വ്യക്തത വരുത്തുന്നതില്‍ പാര്‍ട്ടിക്ക് കഴിയാതെപോയത് തീര്‍ച്ചയായിട്ടും വലിയൊരു കുറവുതന്നെയാണ്. കോണ്‍ഗ്രസുമായി സി.പി.എമ്മിന് വേണ്ടത് തെരഞ്ഞെടുപ്പുസഖ്യമല്ല. മതേതരമൂല്യ സംരക്ഷണസഖ്യമാണ്. ആ രാഷ്ട്രീയ ലൈനിനെയാണ് ശക്തിപ്പെടുത്തേണ്ടത്.
സ്പര്‍ശിക്കപ്പെടാതെ കേരളം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഏകീകൃതമായ സംഘടനാസംവിധാനം ഉറപ്പുവരുത്തുന്നതിലും പ്ളീനത്തിന് വ്യക്തതയുണ്ടാക്കാന്‍ കഴിഞ്ഞില്ല. കേരളത്തിന്‍െറ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. വി.എസ്. അച്യുതാനന്ദന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലത്തെിക്കാന്‍ കഴിയുന്ന വിജയഘടകമായി മാറുമെന്നകാര്യം ഒൗദ്യോഗികനേതൃത്വത്തിന് കണ്ടത്തൊന്‍ കഴിഞ്ഞില്ളെങ്കില്‍തന്നെ വി.എസിന്‍െറ കലഹങ്ങള്‍ പിണറായി വിജയന്‍െറ അധികാരാരോഹണത്തെ ടോര്‍പിഡോ ചെയ്യാന്‍ കഴിയുമെന്നകാര്യം അവര്‍ തിരിച്ചറിയേണ്ടതാണ്. ആ തിരിച്ചറിവ് പ്രത്യയശാസ്ത്ര പരിശുദ്ധിയെക്കാളും വിപ്ളവ രാസത്വരകത്തെക്കാളും പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് എതിര്‍ചേരിക്കെതിരെ രൂപപ്പെടുത്തുന്ന അടവുനയങ്ങളും വിസ്മയകരമായ തന്ത്രങ്ങളും മാത്രം പോര. സ്വന്തം ചേരിയുടെ ഇടനാഴികളിലുയരുന്ന ശിഥിലീകരണ മന്ത്രങ്ങളെ മൗനമാക്കാനുള്ള പടനീക്കങ്ങളും സുപ്രധാനമാണ്. ഇതില്‍ സ്പര്‍ശിക്കാന്‍പോലും പ്ളീനത്തിന് കഴിഞ്ഞില്ല.
പ്ളീനത്തിന്‍െറ ചര്‍ച്ചകളിലുയര്‍ന്ന ഗൗരവമേറിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുന്നതിലാണ് പാര്‍ട്ടി വിജയിക്കേണ്ടത്. പാര്‍ട്ടിയുടെ യുവത്വവും സ്ത്രീസാന്നിധ്യവും ജനാധിപത്യസംവിധാനവും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞാല്‍ സാല്‍ക്കിയ പ്ളീനത്തെപ്പോലെ കൊല്‍ക്കത്താ പ്ളീനത്തിനും പാര്‍ട്ടിക്ക് മൈലേജ് നല്‍കാന്‍ കഴിയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.