‘ഞായറാഴ്ച നോവലിസ്റ്റി’ന്‍െറ സര്‍ഗലോകങ്ങള്‍

ഉംബര്‍ട്ടോ എക്കോ അന്തരിച്ചുവെന്ന വാര്‍ത്ത ഇന്നലെ പുലര്‍ച്ചെ അറിയുമ്പോള്‍, അദ്ദേഹം ഒരിക്കല്‍  സ്വയം തന്നെ വിലയിരുത്തിയത് ഓര്‍ത്തു പോയി. ഞായറാഴ്ചകളില്‍മാത്രം നോവലെഴുതുന്ന പ്രഫസറാണ് താനെന്നാണ് അദ്ദേഹം പറഞ്ഞത്. 2005 ഒക്ടോബറില്‍ പുതുച്ചേരിയില്‍ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘അറിവിന്‍െറ സംസ്കാരങ്ങള്‍’  എന്ന സെമിനാറില്‍ പ്രസംഗിക്കാനത്തെിയ അദ്ദേഹവുമായി ദ ഹിന്ദു പത്രത്തിനുവേണ്ടി മുകുന്ദന്‍ പത്മനാഭന്‍ നടത്തിയ അഭിമുഖത്തിലാണ് എക്കോ തന്നെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. 2005 ഒക്ടോബര്‍ 23ന് ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ആ അഭിമുഖത്തിന്‍െറ തലക്കെട്ട് I am a professor who writes novels on Sundays എന്നായിരുന്നു.
1980ല്‍ ‘ദ നെയിം ഓഫ് ദ റോസ്’ എന്ന അദ്ദേഹത്തിന്‍െറ വിഖ്യാത നോവല്‍ വന്നതിനുശേഷം ലോകത്തിന്‍െറ പല ഭാഗങ്ങളിലുമുള്ള വായനക്കാരില്‍ ഭൂരിപക്ഷവും ഉംബര്‍ട്ടോ എക്കോയെ നോവലിസ്റ്റ് എന്ന നിലയിലാണ് കണ്ടു വന്നത്. ചിഹ്നശാസ്ത്രവും  പുരാതന രേഖകളും ചരിത്ര ചെപ്പേടുകളും ഉപയോഗപ്പെടുത്തി കാലത്തിന്‍െറയും മനുഷ്യകര്‍മങ്ങളുടെയും രഹസ്യങ്ങള്‍ കണ്ടത്തെിക്കൊണ്ടേയിരുന്ന തന്നെ നോവലിസ്റ്റ് മാത്രമായി പരിമിതപ്പെടുത്തിയ ലോകനീതിയോടുള്ള പ്രതിഷേധമാണ് ‘ഞായറാഴ്ച നോവലിസ്റ്റ്’  എന്ന പ്രയോഗത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്.  
1992ല്‍ ‘വ്യാഖ്യാനങ്ങളും അതി വ്യാഖ്യാനങ്ങളും’  എന്ന കൃതിയിലൂടെ ലോകം വ്യാഖ്യാനങ്ങളിലൂടെയും അതി വ്യാഖ്യാനങ്ങളിലൂടെയും എങ്ങനെ നിലനില്‍ക്കുന്നു, അല്ളെങ്കില്‍ ലോകം എക്കാലത്തും ഇത്തരമൊരു പ്രവര്‍ത്തനത്തിലൂടെയാണ് നിലനില്‍ക്കുന്നത്, നിലനിന്നത് എന്ന യാഥാര്‍ഥ്യം അദ്ദേഹം  പുറത്തുകൊണ്ടുവന്നു. ഒപ്പം വ്യാഖ്യാനങ്ങളുടെ പരിമിതികള്‍ മറികടക്കാന്‍ മനുഷ്യര്‍ നടത്തുന്ന  സര്‍ഗ വ്യാപാരങ്ങളിലേക്കും അദ്ദേഹം വെളിച്ചം പായിച്ചു കൊണ്ടിരുന്നു.
‘വ്യാഖ്യാനങ്ങളും അതി വ്യാഖ്യാനങ്ങളും’ ലോകമെങ്ങും വായനക്കാരും ചിന്തകരും വായിച്ച പുസ്തകമാണ്. ഒരുപക്ഷേ, നെയിം ഓഫ് ദ റോസിനുശേഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട പുസ്തകമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ രചന പല നിലയിലുള്ള സംവാദങ്ങള്‍ക്ക് തിരി കൊളുത്തി. പുസ്തകമിറങ്ങി ആറു കൊല്ലത്തിനുശേഷം മലയാളത്തില്‍ വ്യാഖ്യാനങ്ങളും അതി വ്യാഖ്യാനങ്ങളും വായിക്കുന്ന ഒരു വായനക്കാരന്‍  കവിതക്ക് വിഷയമായി. ഒരു നിലയില്‍ ആ കവിത ഉംബര്‍ട്ടോ എക്കോയുടെ ചിന്തകള്‍ സഞ്ചരിച്ചതിന്‍െറ ദൂരം വ്യക്തമാക്കുന്നു. പി.പി. രാമചന്ദ്രന്‍ രചിച്ച ‘ഉംബര്‍ട്ടോ എക്കോ ഉണങ്ങിടട്ടെ’ എന്ന കവിതയാണത്. മുറ്റത്ത് ഉണങ്ങാനിട്ട കൊപ്രക്ക് കാവല്‍നില്‍ക്കുന്നയാള്‍ വ്യാഖ്യാനങ്ങളും അതി വ്യാഖ്യാനങ്ങളും വായിക്കുന്നതും ഉംബര്‍ട്ടോ എക്കോ ഉണങ്ങിടട്ടെ എണ്ണയും പിണ്ണാക്കും വെറെയാട്ടെ  എന്ന വരികളില്‍ തന്‍െറ ചിന്ത അവസാനിപ്പിക്കുന്നതുമാണ് ആ കവിതയുടെ പ്രതിപാദ്യം. വേര്‍പെടുകയും കൂടിച്ചേരുകയും വീണ്ടും വേര്‍പെടുകയും ചെയ്യുന്ന ആശയങ്ങളുടെ ലോകം എന്ന സങ്കല്‍പം, ഹാസ്യ കവിതയെന്ന് എളുപ്പം തെറ്റിദ്ധരിക്കാവുന്ന ഈ കവിതയിലും പ്രവര്‍ത്തിക്കുന്നുണ്ട്. അത് എക്കോയുടെ പ്രധാന ആശയങ്ങളില്‍ ഒന്നുമാണ്. കഥാകൃത്ത് ബി. മുരളി ഉംബര്‍ട്ടോ എക്കോ എന്ന തലക്കെട്ടില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. അത് എക്കോയെക്കുറിച്ചുള്ളതല്ല.  ഗൗരവമായി ചിന്തിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ളതാണ്. പക്ഷേ, അത്തരമൊരു കഥക്കും ഉംബര്‍ട്ടോ എക്കോയുടെ പേരുതന്നെ വേണ്ടി വന്നുവെന്നത് കൗതുകകരം തന്നെ.
സൗന്ദര്യത്തിന്‍െറ ചരിത്രം, വൈരൂപ്യത്തിന്‍െറ ചരിത്രത്തെക്കുറിച്ച് എന്നീ രണ്ടു പുസ്തകങ്ങളാണ് ഈ മഹാനായ ചിന്തകന്‍െറ മറ്റു രണ്ട് പ്രധാന കൃതികള്‍. സൗന്ദര്യസങ്കല്‍പങ്ങള്‍, ഓരോ കാലത്തും ഓരോ സംസ്കാരത്തിലും ഓരോ ഭരണ സംവിധാനങ്ങളിലും എങ്ങനെ മാറി മാറി വന്നൂവെന്ന് അന്വേഷിക്കുകയാണ് ആദ്യ പുസ്തകം.  ആ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിലും ഫോട്ടോഗ്രാഫുകളിലും ഓരോ കാലത്തും മനുഷ്യന്‍ സൗന്ദര്യമായി കണ്ട ഇമേജുകള്‍ തുളുമ്പുന്നു. ഏറ്റവും പഴയ കാലംമുതല്‍ 20ാം നൂറ്റാണ്ട് വരെയുള്ളവ. ഒരു വിഷയത്തെ അതിന്‍െറ തുടക്കംമുതല്‍ ഒടുക്കംവരെ എങ്ങനെ പിന്തുടരണമെന്നതിന് മാതൃകയായി ഇതുപോലെ മറ്റു പുസ്തകങ്ങള്‍ അധികമുണ്ടായിക്കൊള്ളണമെന്നില്ല. വൈരൂപ്യത്തിന്‍െറ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകവും ഇതുപോലെയുള്ളത് തന്നെ. മനുഷ്യചരിത്രത്തിലെ, ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങളിലൂടെ ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യരെയും അദ്ദേഹം കണ്ണാടികള്‍ക്ക് മുന്നിലേക്ക് നയിക്കുന്നു. എവിടെ നിന്നാണ് ഓരോ മനുഷ്യനും സൗന്ദര്യത്തെക്കുറിച്ചും വൈരൂപ്യത്തെക്കുറിച്ചും ഇന്നത്തെ ധാരണകളില്‍ എത്തിയതെന്ന വിചാരണയിലേക്ക് നയിക്കുന്നു. എവിടെനിന്നാണ് വംശങ്ങളും അധീശത്വങ്ങളും ഉടലെടുത്തതെന്നും ഈ വിചാരണകളില്‍ വെളിപ്പെടുന്നു.
ചിഹ്നശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും പുരാണരേഖ പഠനത്തിലും സാഹിത്യത്തിലും അദ്ദേഹം നേടിയ അറിവിന്‍െറ സമൃദ്ധിതന്നെയാണ് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ ലോകത്തിന് ലഭിക്കാനിടയാക്കിയത് എന്നതില്‍ ഒരു സംശയവുമില്ല.
ദ നെയിം ഓഫ് ദ റോസില്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹത്തെ എഴുത്തില്‍ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം ഡിറ്റക്ടിവ് നോവല്‍ എഴുതുന്ന രീതിയും അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. തന്നെ സാംസ്കാരിക ഡിറ്റക്ടിവ് എന്നു വിളിക്കുന്നതില്‍ വലിയ കുഴപ്പമില്ളെന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഉംബര്‍ട്ടോ എക്കോയെ വായിച്ചവര്‍ക്ക് ഡാന്‍ ബ്രൗണിന്‍െറ ഡാവിഞ്ചി കോഡ് ഒരദ്ഭുത കൃതിയായി അനുഭവപ്പെടുകയില്ല. ദ നെയിം ഓഫ് ദ റോസിലെ ചില മുഹൂര്‍ത്തങ്ങള്‍ മറ്റൊരു തരത്തില്‍ ഡാന്‍ ബ്രൗണില്‍ ആവര്‍ത്തിക്കപ്പെടുകയാണോ എന്നുപോലും വായനക്കാരില്‍ സംശയങ്ങള്‍ ഉണര്‍ന്നതും അതുകൊണ്ടായിരുന്നു.  
അദ്ദേഹം അക്ഷരാര്‍ഥത്തില്‍ ബഹുമുഖ പ്രതിഭതന്നെ. നോവലിസ്റ്റ്,  പ്രബന്ധകാരന്‍, സാഹിത്യനിരൂപകന്‍, ചിഹ്നവിജ്ഞാനീയ പണ്ഡിതന്‍ എന്നിങ്ങനെ പല മേഖലകളില്‍ അദ്ദേഹം നില നില്‍ക്കുന്നു.  എക്കോ എഴുതിയ പുസ്തകങ്ങള്‍ കൈകാര്യംചെയ്ത പ്രമേയ വൈവിധ്യങ്ങളില്‍നിന്ന് ആ പ്രതിഭയുടെ ആഴം മനസ്സിലാകും. ആ സര്‍ഗലോകത്തില്‍നിന്ന് ഉദ്ഭവിച്ച പുസ്തകങ്ങളുടെ ലിസ്റ്റിലൂടെ വെറുതെ കണ്ണോടിക്കുന്ന ആര്‍ക്കും ഇക്കാര്യം തിരിച്ചറിയാനും പറ്റും. ഇറ്റലിയില്‍ എക്കോക്ക് രണ്ടു വീടുകളുണ്ടായിരുന്നു. അതിലൊരു വീട്ടില്‍ പുസ്തകങ്ങള്‍മാത്രമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, 60,000 പുസ്തകങ്ങളുള്ള ലൈബ്രറിയായിരുന്നുവത്രെ ആ വീട്. ജീവനുള്ള പുസ്തകങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരാളുടെ സര്‍ഗലോകം എന്തായിരിക്കുമെന്ന ചോദ്യത്തിനുള്ള ഏറ്റവും വലിയ ഉത്തരമായിമാറിയ ഒരാളെക്കൂടി  ഈ ലോകത്തിന് നഷ്ടമായിരിക്കുന്നു, അത് നമ്മെ കൂടുതല്‍ ദരിദ്രരാക്കിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.