നൈപുണ്യത്തിലേക്കുള്ള ദൂരം

‘വെല്‍ഡറുടെ മകന് മൈക്രോസോഫ്റ്റില്‍ 1.2 കോടി ശമ്പളത്തില്‍ ജോലി’ -ജയ്പുരില്‍നിന്നുള്ള ഈ വാര്‍ത്ത മലയാളപത്രങ്ങള്‍ മുഖപേജില്‍ പ്രസിദ്ധീകരിച്ചതില്‍ അതിശയിക്കാനില്ല. ഇത്തരം നേട്ടങ്ങള്‍ അസ്വാഭാവികതയുടെ സ്വരമുള്ള വാര്‍ത്തകളാകുന്നതിനെ ഇക്കാലത്ത് ചര്‍ച്ചാവിഷയമാക്കേണ്ടതുമില്ല. യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ മിടുക്കനായ മകന്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ വെല്‍ഡെറായി ജോലിചെയ്യുന്നു എന്ന മറുവാര്‍ത്തക്കായി നമുക്ക് കാത്തിരിക്കാം.
ഫെബ്രുവരി ആദ്യവാരത്തില്‍ കേരള ഗവണ്‍മെന്‍റിന്‍െറ തൊഴില്‍ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൈപുണ്യം -2016   സ്കില്‍  ഫിയസ്റ്റ ആന്‍ഡ് സ്കില്‍ സമ്മിറ്റില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഈ വാര്‍ത്ത ദൃഷ്ടിയില്‍ പതിഞ്ഞത്.

കഴിഞ്ഞവര്‍ഷം ബ്രസീലിലെ സാവോപോളോയില്‍ നടന്ന വേള്‍ഡ് സ്കില്‍  2015 ന്‍െറ ചുവടുപിടിച്ച് നടത്തിയ പരിപാടി ശ്ളാഘനീയംതന്നെ. നല്ളൊരുതുടക്കം, ടീം ഒത്തൊരുമ,  പരിപാടികളുടെ ക്രമീകരണം,   പല മേഖലയില്‍നിന്നും പല രാജ്യത്തുനിന്നുമുള്ള പ്രഭാഷകരുടെ സാന്നിധ്യം എന്നിവ പ്രശംസനീയം.
സ്കില്‍ ഫിയസ്റ്റയില്‍ വെല്‍ഡിങ്, ഫിറ്റിങ്, പ്ളംബിങ്, കാര്‍പെന്‍ററി,  ഓട്ടോമൊബൈല്‍ തുടങ്ങിയ ക്രാഫ്റ്റ്സ്മാന്‍ സ്കില്‍ മുതല്‍ രുചിയേറും ബേക്കറി കണ്‍ഫെക്ഷനറി,  ബ്യൂട്ടീഷ്യന്‍ ട്രേഡുകള്‍, നവീനമായ മൊബൈല്‍ റോബോട്ടിക്സ് വരെ അണിനിരത്തിയ കൂടാരങ്ങള്‍ മേളയെ അവിസ്മരണീയമാക്കി.
സമാന്തരമായി നടന്ന സ്കില്‍ സമ്മിറ്റ് വിഷയത്തിന്‍െറ  തെരഞ്ഞെടുപ്പും അവതരണ ക്രമീകരണവുംകൊണ്ട് പ്രതീക്ഷയുളവാക്കി. സ്കില്‍ സമ്മിറ്റില്‍ അക്കാദമിക ചര്‍ച്ചകളോടൊപ്പം ക്രാഫ്റ്റ്സ്മന്‍ സ്കില്ലിലോ മറ്റോ പ്രതിഭ തെളിയിച്ച് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ ഏതാനും വ്യക്തികളുടെ നേരിട്ടുള്ള അനുഭവങ്ങള്‍കൂടി ഉള്‍പ്പെടുത്താമായിരുന്നു.

പാനലിസ്റ്റുകള്‍ ആധികാരികമായും ആത്മാര്‍ഥമായും വിഷയാവതരണം നടത്തിയെങ്കിലും സ്വന്തം സ്ഥാപനത്തിന്‍െറ പൊങ്ങച്ചങ്ങള്‍ പറയുന്നതില്‍ ആയിരുന്നു ചിലരുടെ ഒൗത്സുക്യം. നമ്മുടെ പല പദ്ധതികളും വഴിയില്‍ ഇടറുന്നത് അവക്കു പിന്നിലെ ആശയങ്ങള്‍ക്കും ആലോചനകള്‍ക്കും അനുഭവത്തിന്‍െറ ഗന്ധം കുറവുള്ളതുകൊണ്ടാണ്. സ്കില്‍ ഡെവലപ്മെന്‍റ് അഥവാ നൈപുണികളുടെ വികസനമെന്ന ആശയം  ഒരു സാമൂഹിക അടിത്തട്ടിനെ സ്ഥിരമായി നിലനിര്‍ത്താനുള്ള ഉപാധിയായി വഴിതെറ്റിപ്പോകാന്‍ പാടില്ല. തൊഴില്‍ ദായകര്‍ക്ക് ആവശ്യമുള്ള മനുഷ്യവിഭവങ്ങള്‍ ആവശ്യത്തിലധികം ഉല്‍പാദിപ്പിക്കാനും അവരെ കാലാകാലം ഒരേ ലായത്തില്‍ തളച്ചിടാനുമുള്ള ഒരു  ‘മാസ്പ്രൊഡക്ഷന്‍’ സംവിധാനമായി കണ്ടു മുന്നോട്ടുപോയാല്‍ അതും സങ്കുചിതത്വംതന്നെയാണ്. എപ്ളോയീ മോടിവേഷന്‍ എന്നത് കേവലം എംപ്ളോയി റീറ്റെന്‍ഷന്‍ എന്നതിലേക്ക് താഴ്ത്തി ചര്‍ച്ചചെയ്യുന്നത് ആശാവഹമല്ല. കഴിവിനും നിര്‍മാണക്ഷമതക്കും അനുസരിച്ച് ഏതൊരാള്‍ക്കും അര്‍ഹമായ അംഗീകാരവും സാമ്പത്തിക സാമൂഹിക ഉന്നതിയും ഉറപ്പാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് തൊഴില്‍ പ്രോത്സാഹനവും തൊഴിലിടം അഭിമാനവുമായി മാറുന്നത്.

വിദഗ്ധ പരിശീലനം എന്ന ഡെമോക്ള്ളസിന്‍െറ വാള്‍
തൊഴില്‍ദായകര്‍ പലരും തൊഴില്‍പരിശീലനം   സ്വയം കുഴിച്ച കുഴിയാണെന്നാണു കരുതുന്നത്. കൂടുതല്‍ വൈദഗ്ധ്യവും സര്‍ട്ടിഫിക്കേഷനും  എന്നത്  കൂടുതല്‍ വേതനവും  പുതിയ അവസരങ്ങളുംതേടുന്ന തൊഴിലാളിയെയാണ് സൃഷ്ടിക്കുക എന്നാണ് അവരുടെ ആശങ്ക. അതുകൊണ്ടുതന്നെ, വിദഗ്ധ പരിശീലനം എന്നത് പലപ്പോഴും ബോധപൂര്‍വം ഒഴിവാക്കപ്പെടുന്നു. എന്നാല്‍, തൊഴില്‍ സുരക്ഷയും സന്തോഷവും കൂടുംബക്ഷേമവും ഉറപ്പുനല്‍കുന്ന തൊഴിലിടങ്ങള്‍ വിട്ടുപോകാന്‍ ഏതൊരാളും രണ്ടുവട്ടമല്ല അതില്‍കൂടുതല്‍ ചിന്തിക്കും. ഇ.എസ്.ഒ.പി (എംപ്ളോയീ സ്റ്റോക്  ഓപ്ഷന്‍സ്) പോലെയുള്ള ലാഭവിഹിത സംവിധാനങ്ങള്‍ അര്‍ഹരായ എല്ലാ തൊഴിലാളികള്‍ക്കും പദവിക്കതീതമായി നല്‍കുക. ഇത് തീര്‍ച്ചയായും ഇവരുടെ ആത്മാര്‍ഥതയും നിര്‍മാണശേഷിയും ഗുണനിലവാരബോധവും വര്‍ധിപ്പിക്കും.

തൊഴില്‍സംബന്ധമായ വിദഗ്ധ പരിശീലനം നല്‍കാനുള്ള നിലവാരമുള്ള സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ചെലവുചുരുങ്ങിയ സംവിധാനമുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സ്ഥാപനങ്ങളും ധാരാളം. ഇവ കാലാനുസൃതമായി നവീകരിക്കാനും അതിന്‍െറ സേവനം ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ തൊഴില്‍ദായകരെ ആകര്‍ഷിക്കാനും കഴിയണം. പരിശീലനത്തിനും സര്‍ട്ടിഫിക്കേഷനും ശ്രദ്ധനല്‍കുന്ന തൊഴില്‍ദായകരെ നികുതി ഇളവുകളും പ്രത്യേക അംഗീകാരമുദ്രകളും നല്‍കി പിന്തുണ നല്‍കാം. ഐ.എസ്.ഐയും അഗ്മാര്‍ക്കും റഗ്മാര്‍ക്കും പോലെ ഒരു സ്കില്‍ മാര്‍ക്ക്.
സ്കില്‍ ഫിയെസ്റ്റയില്‍ നല്‍കപ്പെട്ട സമ്മാനവും പ്രൈസ്മണിയും മികച്ച കാര്യം തന്നെയാണ്. അതോടൊപ്പം അതില്‍ പങ്കെടുത്തവര്‍ക്ക് അതത് മേഖലകളില്‍ സംരംഭകരാവാന്‍ വേണ്ട സംവിധാനങ്ങള്‍കൂടി ആലോചിക്കണം.  
സ്കില്‍ ഫിയസ്റ്റയില്‍  പങ്കാളികളായവര്‍ക്കും അവരുടെ കുടുംബത്തിനും അധ്യാപകര്‍ക്കും അതുവഴി സമൂഹത്തിനും ഇതൊരു പ്രതീക്ഷയുടെ കവാടമാകട്ടെ. സ്കൂള്‍തലം മുതല്‍ ഇത്തരത്തിലുള്ള അഭിരുചികള്‍ കണ്ടത്തൊനുള്ള പ്രവണതകള്‍ വളരട്ടെ.
പാതിമുറിഞ്ഞ വലതു കൈവിരലുകളുമായി മത്സരിച്ച് ഒന്നാമനായ കുട്ടി, മൊബൈല്‍ റോബോട്ടിക്സില്‍ മാറ്റുരക്കാനത്തെിയ 12 വയസ്സുകാരന്‍, മന്ത്രി ഷിബു ബേബി ജോണിന്‍െറ വൈകാരികത കലര്‍ന്ന സമാപനപ്രസംഗം  പങ്കെടുത്തവര്‍ക്ക് ആര്‍ദ്രമായ അനുഭവമായി.
സ്കില്‍ ഫിയസ്റ്റയില്‍നിന്നും നൈപുണ്യ കേരളത്തിലേക്കുള്ളവഴി ഒരു ആകാശപാതയല്ല. വിദ്യാഭ്യാസം, സ്കില്‍ ഡെവലപ്മെന്‍റ് തുടങ്ങിയവ ഒറ്റമൂലി കണ്ടത്തൊത്ത വിഷയങ്ങളാണ്. നൈപുണ്യ കേരളത്തിലേക്കുള്ള യാത്രയില്‍ നമുക്ക് വേണ്ടത്.

• സ്വയംപര്യാപ്തതയും നിശ്ചയദാര്‍ഢ്യവുമുള്ള തൊഴില്‍ വിദഗ്ധര്‍.
• എല്ലാ തൊഴിലിനെയും ബഹുമാനിക്കാനും സാമൂഹിക തുല്യത കല്‍പിക്കാനുമുള്ള നിഷ്പക്ഷമായ മനസ്സ്.
• മാര്‍ക്ക് കുറഞ്ഞതിന്‍െറ പേരിലല്ലാതെ കഴിവിന്‍െറയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ ഉചിതമായ കോഴ്സും തൊഴില്‍മേഖലയും തെരഞ്ഞെടുക്കാന്‍ ആര്‍ജവമുള്ള തലമുറ അവരെ തൃപ്തിയോടെ ഉള്‍ക്കൊള്ളാനും പിന്തുണ നല്‍കാനും പക്വതയുള്ള അധ്യാപക രക്ഷാകര്‍തൃസമൂഹം.
• ഇതിനെല്ലാം അനുയോജ്യമായരീതിയില്‍ പല നവീകരണങ്ങളും ആവിഷ്കരിക്കാന്‍ കെല്‍പുള്ള ഗവണ്‍െമന്‍റും നാടിന്‍െറ നല്ലതില്‍ പുരോഗമന ദൗത്യങ്ങളില്‍ സഹകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും.
വ്യവസായരംഗത്തെ കണ്‍സള്‍ട്ടന്‍റ് ആണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.