പുതിയ സമവാക്യങ്ങള്‍തേടി തമിഴക രാഷ്ട്രീയം

തെരഞ്ഞെടുപ്പുവേളയില്‍ മുന്നണികള്‍ കലങ്ങിമറിയുന്നത് തമിഴകത്തിലെ  രാഷ്ട്രീയപ്രതിഭാസമാണ്. ദേശീയ-പ്രാദേശിക രാഷ്ട്രീയ സംഘടനാഭേദമില്ലാതെ ഓരോ ഇലക്ഷനിലും മുന്നണിസമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച് ഭാഗ്യപരീക്ഷണം നടത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. പ്രാദേശിക രാഷ്ട്രീയത്തില്‍ കരുണാനിധിയും ജയലളിതയും മുഖ്യശത്രുക്കളാണ്. മറ്റു സംസ്ഥാനങ്ങളില്‍ കാണാറുള്ള വ്യത്യസ്ത കക്ഷികളില്‍പെട്ട നേതാക്കള്‍ക്കിടയില്‍ രാഷ്ട്രീയത്തിനതീതമായ വ്യക്തിപരമായ സൗഹാര്‍ദങ്ങള്‍ക്കൊന്നും തമിഴകത്തില്‍ ഇടമില്ല. കീരിയും പാമ്പുംപോലുള്ള ശത്രുതയാണ് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും വെച്ചുപുലര്‍ത്തുന്നത്. ഇരുകക്ഷികളിലെയും നേതാക്കള്‍ പരസ്പരമുള്ള വിവാഹ-മരണാനന്തര ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. സംസ്ഥാന രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയകക്ഷികള്‍ ഓരോ തെരഞ്ഞെടുപ്പിലും മുന്നണികളില്‍ മാറിമാറി ചേക്കേറിയ അനുഭവമാണുള്ളത്.
കുറുമുന്നണി
നിലവില്‍ ‘കറുത്ത എം.ജി.ആര്‍’എന്ന പേരില്‍ അറിയപ്പെടുന്ന തമിഴ് സിനിമാതാരം വിജയ്കാന്ത് നയിക്കുന്ന ഡി.എം.ഡി.കെയെ (ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം) വരുതിയിലാക്കാനാണ് എ.ഐ.എ.ഡി.എം.കെ ഒഴിച്ചുള്ള പ്രമുഖ രാഷ്ട്രീയകക്ഷികളുടെ ഇപ്പോഴത്തെ ശ്രമം. എന്നാല്‍, വിജയ്കാന്ത് നിലപാട് വ്യക്തമാക്കാതെ മൗനംതുടരുകയാണ്. വൈകോയുടെ നേതൃത്വത്തില്‍ കുറുമുന്നണി (ജനക്ഷേമസമിതി) രൂപവത്കരിക്കപ്പെട്ടതാണ് പുതിയ രാഷ്ട്രീയസംഭവവികാസം. വൈകോയുടെ എം.ഡി.എം.കെക്ക് (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം) പുറമേ സി.പി.ഐ, സി.പി.എം, തിരുമാവളവന്‍ നയിക്കുന്ന വിടുതലൈ ശിരുത്തൈകള്‍ (ദലിത് പാന്തേഴ്സ് പാര്‍ട്ടി) എന്നിവയാണ് കുറുമുന്നണിയിലുള്ളത്. ഇപ്പോഴത്തെ നിലയില്‍ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ബി.ജെ.പി, ജനക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തിലുള്ള മുന്നണികള്‍ രംഗത്തുള്ളതിനാല്‍ തമിഴകത്ത് ബഹുകോണ മത്സരം ഉറപ്പായിരിക്കയാണ്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയോടൊപ്പം സഖ്യമുണ്ടാക്കി വിജയ്കാന്തിന്‍െറ ഡി.എം.ഡി.കെ 41 സീറ്റുകളില്‍ മത്സരിച്ച് 29 എണ്ണം കരസ്ഥമാക്കി. നിയമസഭയിലെ ഏറ്റവുംവലിയ രണ്ടാമത്തെ കക്ഷിയായ ഡി.എം.ഡി.കെക്ക് പ്രതിപക്ഷ നേതൃസ്ഥാനവും ലഭിച്ചു. അധികം താമസിയാതെ ജയലളിതയുമായി തെറ്റിയ വിജയ്കാന്ത് മുന്നണിബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേര്‍ന്ന ഡി.എം. ഡി.കെക്ക് 14 സീറ്റുകള്‍ ലഭ്യമായെങ്കിലും ഒരു മണ്ഡലത്തില്‍പോലും വിജയിക്കാനായില്ല. തമിഴകത്തിലെ 39 ലോക്സഭാ സീറ്റുകളില്‍ എന്‍.ഡി.എക്ക് രണ്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നാഗര്‍കോവില്‍ (പൊന്‍ രാധാകൃഷ്ണന്‍-ബി.ജെ.പി), ധര്‍മപുരി (അന്‍പുമണി രാമദാസ്-പാട്ടാളിമക്കള്‍ കക്ഷി) എന്നിവയാണിത്. പിന്നീട് ബി.ജെ.പി സഖ്യത്തില്‍നിന്ന് വൈകോയുടെ എം.ഡി.എം.കെ പുറത്തുവന്നു. ഡി.എം.ഡി.കെയും ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കള്‍ തമിഴകത്ത് വരുമ്പോള്‍ ജയലളിതയെ മാത്രം സന്ദര്‍ശിച്ചുമടങ്ങുന്നതില്‍ വിജയ്കാന്തിന് കടുത്ത അതൃപ്തിയാണുള്ളത്. വിജയ്കാന്തിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, വിജയ്കാന്ത് കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെച്ചതായാണ് വിവരം. വിജയ്കാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നാണ് ആവശ്യം. ഇതിന് ബി.ജെ.പി പരസ്യമായി തയാറാവില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാമെന്നാണ് ബി.ജെ.പി നിലപാട്. അതിനിടെ ഡി.എം.കെയും ദൂതന്മാരെ അയച്ച് വിജയ്കാന്തുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഏതായാലും, ജയലളിത മുഖ്യശത്രുവായതിനാല്‍ വിജയ്കാന്ത് എ.ഐ.എ.ഡി.എം.കെ പാളയത്തിലേക്ക് പോകില്ളെന്നുറപ്പാണ്. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ കക്ഷികളുമായി മുന്നണി ബന്ധമുണ്ടാക്കില്ളെന്നാണ് വിജയ്കാന്ത് ഉള്‍പ്പെടെയുള്ള ഡി.എം.ഡി.കെ നേതാക്കള്‍ പാര്‍ട്ടി പൊതുവേദികളില്‍ പ്രസംഗിക്കുന്നത്.  ഈ സാഹചര്യത്തിലാണ് ജനക്ഷേമസമിതി വിജയ്കാന്തിനെ ക്ഷണിക്കുന്നത്. വിജയ്കാന്ത് മുന്നണി നേതൃത്വമേറ്റെടുക്കുന്നതില്‍ ഇവര്‍ക്ക് വിരോധവുമില്ല. എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും ജയലളിത ഇക്കാര്യത്തില്‍ വിമുഖതയാണ് പ്രകടിപ്പിക്കുന്നത്. ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ജയലളിതയെ ബി.ജെ.പിയുമായി മാറ്റിനിര്‍ത്തുന്നത്.  ഈ നിലയിലാണ് വിജയ്കാന്തിനെ മെരുക്കാന്‍ ബി.ജെ.പി നേതൃത്വം കഠിന പരിശ്രമം നടത്തുന്നത്. പ്രധാനമന്ത്രി മോദിയുമായി വിജയ്കാന്തിന് കൂടിക്കാഴ്ച ഒരുക്കാനും ഇവര്‍ നീക്കം നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ഡി.എം.ഡി.കെക്ക് 10 ശതമാനത്തോളം വോട്ടുബാങ്കുണ്ട്. അന്‍പുമണി രാമദാസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ സഖ്യമുള്ളൂവെന്ന് പാട്ടാളിമക്കള്‍ കക്ഷിയും(പി.എം.കെ) വ്യക്തമാക്കി. എം.ഡി.എം.കെ, ഡി.എം.ഡി.കെ, പി.എം.കെ എന്നീ കക്ഷികള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പമായിരുന്നു.
ഇത്തവണ നിരവധി മുഖ്യമന്ത്രി സ്ഥാന മോഹികളുണ്ടെന്നതും പ്രത്യേകതയാണ്. കരുണാനിധി, ജയലളിത എന്നിവര്‍ക്കുപുറമേ എം.കെ. സ്റ്റാലിന്‍, വിജയ്കാന്ത്, ഡോ. അന്‍പുമണി രാമദാസ് തുടങ്ങിയവര്‍ക്കും സംസ്ഥാനഭരണം കൈയാളാന്‍ മോഹമുണ്ട്. ദലിതനായ തിരുമാവളവനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ജനക്ഷേമ സമിതിയിലും വിവാദത്തിന് കാരണമായിരുന്നു.
സുപ്രീംകോടതിയിലുള്ള 2ജി സ്പെക്ട്രം കേസ് ഡി.എം.കെയിലും ജയലളിതയുടെ അവിഹിത സ്വത്ത് സമ്പാദനക്കേസ് എ.ഐ.എ.ഡി.എം.കെയിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
വിശാലസഖ്യ നീക്കം
ജയലളിതയുടെ തുടര്‍ഭരണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെ വിശാലസഖ്യം രൂപവത്കരിക്കാനുള്ള ഡി.എം.കെയുടെ നീക്കങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്(ഐ.യു.എം.എല്‍) മാത്രമാണ് നിലവില്‍ ഡി.എം.കെയോടൊപ്പം ഉറച്ചുനില്‍ക്കുന്ന രാഷ്ട്രീയകക്ഷി. ഡി.എം.കെ സഖ്യത്തില്‍ ചേരാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജയലളിതക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടുത്തുകയാണ് ഡി.എം.കെ ലക്ഷ്യം. ഇതിനായി സംസ്ഥാനഭരണത്തില്‍ ഘടകകക്ഷികള്‍ക്ക് അധികാരം പങ്കിട്ടുനല്‍കുന്നതിന് ഡി.എം.കെ തയാറാവുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടില്‍ ഇതേവരെ കൂട്ടുകക്ഷിമന്ത്രിസഭ ഉണ്ടായിട്ടില്ല. കേരളത്തിലേതുപോലെയുള്ള കൂട്ടുകക്ഷിമന്ത്രിസഭയെന്ന ആശയം അവതരിപ്പിച്ച് പരമാവധി കക്ഷികളെ ഡി.എം.കെ കുടക്കീഴില്‍ അണിനിരത്താന്‍ അവസാനവട്ട പരിശ്രമങ്ങളും അണിയറയില്‍ സജീവമാണ്. ഇത്തവണ ജയലളിതയെ താഴെയിറക്കാന്‍ കഴിയാത്തപക്ഷം പ്രതിപക്ഷകക്ഷികള്‍ക്ക് രാഷ്ട്രീയഭാവി ഉണ്ടായിരിക്കില്ളെന്നും ഡി.എം.കെ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഗുരുതര വീഴ്ച ജയലളിത സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. സ്റ്റാലിന്‍ ഈയിടെ നടത്തിയ സംസ്ഥാനതല പര്യടനവും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതൊക്കെയാണെങ്കിലും 40 ശതമാനത്തിലധികം ഉറച്ച വോട്ടുബാങ്കുള്ള ജയലളിതയെ തറപറ്റിക്കണമെങ്കില്‍ കെട്ടുറപ്പുള്ള പ്രതിപക്ഷ ഐക്യം സാധ്യമാവണമെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതകള്‍ വിരളമാണെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. വൈകോയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കുറുമുന്നണിയാണ് ഇതിന് മുഖ്യതടസ്സം.  സംസ്ഥാനഭരണത്തില്‍നിന്ന് ഡി.എം.കെ- എ.ഐ.എ.ഡി.എം.കെ കക്ഷികളെ അകറ്റിനിര്‍ത്തുകയാണ് ജനക്ഷേമ മുന്നണിയുടെ പ്രഖ്യാപിതലക്ഷ്യം.
ജയലളിത പച്ചക്കൊടി കാണിച്ചാല്‍ ജി.കെ. വാസന്‍െറ നേതൃത്വത്തിലുള്ള തമിഴ് മാനില കോണ്‍ഗ്രസ് എ.ഐ.എ.ഡി.എം.കെയോടൊപ്പം ചേരും. അല്ലാത്തപക്ഷം മറ്റു മുന്നണികളിലേക്ക് ചേക്കേറും.
ഇത്തരത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഭിന്നനിലപാട് സ്വീകരിച്ചുവരുന്നത് പുരട്ച്ചിത്തലൈവിക്ക് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച എ.ഐ.എ.ഡി.എം.കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു കക്ഷികളുമായി സഖ്യസാധ്യതകള്‍ തുറന്നിടുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനയായ മനിതനേയ മക്കള്‍കക്ഷി ജയലളിതയോടൊപ്പം ചേര്‍ന്നേക്കും. പ്രളയം പ്രതിച്ഛായ തകര്‍ത്ത ‘അമ്മ’ സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ശക്തമാണ്. എന്നാല്‍, ഇതെല്ലാം പ്രതിപക്ഷകക്ഷികളുടെ അനൈക്യത്തിലൂടെ ജയലളിതക്ക് മറികടക്കാനാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ‘അമ്മയുടെ രണ്ടാം ഊഴം’ ഉറപ്പുവരുത്താന്‍  ഭരണകക്ഷി തന്ത്രങ്ങള്‍ ആവിഷ്കരിച്ചുവരുകയാണ്. അധികാരത്തിന്‍െറ തണലില്‍ കോടികളിറക്കി കളിക്കാന്‍ ശക്തിയുള്ള എ.ഐ.എ.ഡി.എം.കെയെ പ്രതിപക്ഷകക്ഷികള്‍ക്ക് പിടിച്ചുകെട്ടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.