ഒളിച്ചുവെച്ചാല്‍ ഇല്ലാതാകുമോ?

മെക്സികോയില്‍ രണ്ടരദിവസത്തെ വര്‍ക്കിങ് ഗ്രൂപ് മീറ്റിങ്ങിന് വന്നതായിരുന്നു ഞാന്‍. അവികസിത രാജ്യങ്ങളിലെ വേദനാഭാരം കുറക്കാന്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് വന്ന 20ഓളം വിദഗ്ധര്‍ പങ്കെടുക്കുന്ന മീറ്റിങ്. ‘വര്‍ക്കിങ്’ ഗ്രൂപ് എന്നുവെച്ചാല്‍ ശരിക്കും എല്ലുമുറിയെ പണിയെടുക്കണം. പണി തുടങ്ങിക്കഴിഞ്ഞാല്‍ പല്ലുമുറിയെ തിന്നാം. പക്ഷേ, അതുവരെ വയറു നിറയണമെങ്കില്‍ സ്വന്തം കീശയില്‍ തപ്പണം.
ഹോട്ടലിന്‍െറ മെനുകാര്‍ഡ് നോക്കി. കീശക്ക് ഏറ്റവും കുറച്ച് മുറിവേല്‍പ്പിക്കുന്ന ഐറ്റം തെരഞ്ഞെടുത്തു. ഒരു സാന്‍വിച്ച്. വന്നപ്പോള്‍ തരക്കേടില്ല. ഭയങ്കര സ്റ്റൈല്‍. ഒരു ചതുരശ്രമീറ്റര്‍ ഓസോണ്‍പാളി പൊളിയാനുള്ള പ്ളാസ്റ്റിക് വരിഞ്ഞുചുറ്റി പ്ളേറ്റിനെയും അടപ്പിനെയും ഒക്കെ ബന്ധിച്ച് കഥാനായകന്‍ പ്രത്യക്ഷപ്പെട്ടു. നല്ല ഭംഗി. കഴിച്ചുതുടങ്ങിയപ്പോള്‍ അത്ര എളുപ്പത്തില്‍ അവനങ്ങ് ഇറങ്ങിപ്പോകുന്നില്ല. മുഖത്തിന് നല്ല വ്യായാമം കിട്ടുന്നുണ്ട്. എന്നാലും ഇറങ്ങണ്ടേ? ഇടക്കിടക്ക് വെള്ളം കുടിച്ചു. ഇനി ശ്രദ്ധ അതില്‍നിന്ന് മാറ്റി, അല്‍പം യാന്ത്രികമായിട്ടു ചവച്ച് അവനെ ഇറക്കാമെന്ന് തീരുമാനിച്ചു. ടെലിവിഷന്‍ ഓണ്‍ ചെയ്തു. ദിവസങ്ങള്‍ കുറെയായി മലയാളം പത്രം കണ്ടിട്ട്. ബി.ബി.സി ന്യൂസ് എങ്ങാനും വെച്ചാല്‍ ഭാരതത്തിലെ കാര്യം വല്ലതും കിട്ടിയേക്കും.
വന്നു ചാടിയത് ഒരു മെക്സികന്‍ ന്യൂസ് ചാനല്‍. ചാനല്‍ മാറ്റാന്‍ റിമോട്ടില്‍ വിരല്‍ അമര്‍ത്തി,  അമര്‍ത്തിയില്ല എന്നായപ്പോഴാണ് ടെലിവിഷനില്‍ ഭാരതമാണ് കാണുന്നതെന്ന് മനസ്സിലായത്. സ്പാനിഷില്‍ പറയുന്ന ഒരൊറ്റ വാക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് ക്ഷീണമത്രയും കുറഞ്ഞു. കാരണം, കാണിക്കുന്നതു മുഴുവന്‍ നമ്മുടെ നാട്ടിലെ ചവറും ചപ്പും അതിനിടെ നുരയുന്ന കുരുന്നു ജീവിതങ്ങളും.

ഇത് ഒറ്റപ്പെട്ട അനുഭവമല്ല. പല രാജ്യങ്ങളിലും നമ്മുക്ക് അറിയാന്‍ വയ്യാത്ത ഓരോ ഭാഷയിലും നമ്മുടെ ദാരിദ്ര്യവും അനാരോഗ്യവും വൃത്തികേടും ട്രാഫിക്കും പുകയും ഒക്കെ പ്രത്യക്ഷപ്പെടാറുണ്ട്. ‘ഉയരുന്ന ലോകശക്തിക്കെതിരായ പാശ്ചാത്യരാജ്യങ്ങളുടെ കുത്സിത പ്രചാരണ’മാണെന്ന് വിചാരിച്ചു സമാധാനിക്കാന്‍ ശ്രമിച്ചുനോക്കാം. പക്ഷേ, അത്ര എളുപ്പമായിരിക്കില്ല. പെട്ടെന്ന് ഓര്‍മവന്നത്, വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പാലിയേറ്റിവ് കെയര്‍ രംഗത്തെ ഒരുപാടു സഹായിച്ച ഒരു അമേരിക്കന്‍ സുഹൃത്തുമായി ഡല്‍ഹിയില്‍ സഞ്ചരിച്ചതാണ്. വൈകുന്നേരത്തെ മീറ്റിങ് കാന്‍സല്‍ ചെയ്തതുകൊണ്ട് ഒരല്‍പം സമയം വീണുകിട്ടി. ഡല്‍ഹിക്കാരന്‍ സുഹൃത്ത് തന്‍െറ നഗരം ചുറ്റിക്കാണിക്കാം എന്നുപറഞ്ഞു. അമേരിക്കന്‍ സുഹൃത്തിനു കാണേണ്ടത് ഓള്‍ഡ് ഡല്‍ഹി. കളിമാറി. കൊണ്ടുപോകാമെന്ന് ഏറ്റ സുഹൃത്ത് ഓരോ ഒഴികഴിവു പറയുന്നു.

ട്രാഫിക് മോശമാണ്, പോയാല്‍ സമയത്തിന് തിരിച്ചത്തൊന്‍ കഴിയില്ല അങ്ങനെ പലതും. എന്നാല്‍, ഞങ്ങള്‍ ഓള്‍ഡ് ഡല്‍ഹിക്ക് വളരെയടുത്താണ്. ഒരു കി.മീറ്ററോ മറ്റോ പോയാല്‍ ഒരല്‍പമെങ്കിലും കണ്ടു തിരിച്ചുവരാമായിരുന്നു. എന്‍െറ മുഖം കണ്ടിട്ടായിരിക്കും ഡല്‍ഹിക്കാരന്‍ പതിയെ എന്‍െറ ചെവിയില്‍ മന്ത്രിച്ചു: ‘നമ്മുടെ ദാരിദ്ര്യവും വൃത്തികേടുമൊക്കെ ഇവരെയൊന്നും കാണിച്ചുകൊടുക്കണ്ട. ന്യൂഡല്‍ഹിയിലെ ഭംഗിയുള്ള തെരുവൊക്കെ കണ്ടിട്ട് അയാള്‍ പോയാല്‍ മതി.’ ഇതൊക്കെ ഒളിച്ചുവെക്കാന്‍ പറ്റുന്നതാണോ? ഇങ്ങനെയൊക്കെ മറച്ചുവെച്ചിട്ട് നമുക്ക് അഭിമാനിക്കാന്‍ പറ്റുമോ? മുമ്പും ഉണ്ടായിട്ടുണ്ട് ഇതുപോലൊരു അനുഭവം. വേദനചികിത്സയെപ്പറ്റി ഒരു പാശ്ചാത്യ രാജ്യത്തുവെച്ചു നടന്ന വലിയ സമ്മേളനമായിരുന്നു. ഇന്ത്യയിലെ വേദനചികിത്സാരംഗത്തെ പ്രശ്നങ്ങളും നാം കണ്ടത്തെിക്കൊണ്ടിരിക്കുന്ന പരിഹാരങ്ങളുമൊക്കെയാണ് ഞാന്‍ അവതരിപ്പിച്ചത്.

അത് കഴിഞ്ഞപ്പോള്‍, എന്‍െറ ഒരു പഴയ വിദ്യാര്‍ഥി, ഇപ്പോള്‍ ആ രാജ്യത്തെ വിദഗ്ധ ഡോക്ടര്‍, വന്നു സ്വയം പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു: ‘സര്‍, ഇതൊന്നും ഇങ്ങനെ പറയരുത്. നമ്മള്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുന്നു. അതൊക്കെ വേണ്ടേ ഇവിടെവന്നു പറയാന്‍. ഈ കേട്ടിരിക്കുന്നവരൊക്കെ നമ്മളെപ്പറ്റി എന്തു വിചാരിക്കും?’ ‘ഇതെന്‍െറ മണ്ണ്’ എന്നുപറഞ്ഞ് അഭിമാനിക്കാന്‍ ഏതു നാട്ടുകാരനാണ് ഇഷ്ടമില്ലാതിരിക്കുക? നമുക്കും എത്രയോ ഉണ്ട് അഭിമാനിക്കാന്‍! അതിനെപ്പറ്റിയൊക്കെ ഊറ്റം കൊള്ളാം. പക്ഷേ, ചുറ്റുമുള്ള തിന്മകളും ഇല്ലായ്മകളും പതിയെ തൂത്തുവാരി അലമാരക്കടിയിലേക്ക് തള്ളിക്കയറ്റി ഒളിച്ചുവെക്കാന്‍ ശ്രമിച്ചാല്‍ എത്രത്തോളം വിജയിക്കും നമ്മള്‍? അഭിമാനിക്കാനുള്ളതിനെപ്പറ്റി അഭിമാനിച്ചാല്‍ പോരേ നമുക്ക്? ഇന്ത്യ വിടുമ്പോള്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്നത് നമ്മുടെ രാഷ്ട്രപിതാവിന് ലോകമെമ്പാടും കിട്ടുന്ന ആദരവു കാണുമ്പോഴാണ്. അതിന്‍െറ ഒരംശം ഇന്നും എവിടെയോയൊക്കെ തട്ടിത്തെറിച്ച് എല്ലാ ഭാരതീയനും കിട്ടുന്നു. ഇവിടത്തെ വൃത്തികേടുകള്‍ മാത്രമല്ലല്ളോ പാശ്ചാത്യ ചാനലുകള്‍ കാണിക്കുന്നത്. ഇപ്പോഴും ഗാന്ധിജി ഏതെല്ലാം രീതികളിലാണ് പല രാജ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നത്!

ഒരിക്കല്‍ ഒരു വെള്ളക്കാരി ഡോക്ടര്‍ സംസാരം തുടങ്ങിയത് ഒരു ചിത്രം കാണിച്ചുകൊണ്ടായിരുന്നു: അവരുടെ മകള്‍ വരച്ചത് എന്ന അഭിമാനത്തോടെ. ഗാന്ധിജിയുടെ ചിത്രം. ‘എന്‍െറ ജീവിതമാണ് എന്‍െറ സന്ദശേം’ എന്ന വചനത്തോടെ. മറ്റു പലതിനെപ്പറ്റിയും നമുക്ക് അഭിമാനിക്കാനുണ്ടാവും. താജ് മഹലോ പ്രകൃതിഭംഗിയോ ഒക്കെ. എന്തിന്, നമ്മുടെ ആളുകളുടെ സ്നേഹശീലം, അയല്‍ക്കാരനൊരു ബുദ്ധിമുട്ടുവരുമ്പോള്‍ സഹായിക്കാന്‍ അധികം ഭാരതീയരും കാണിക്കുന്ന ശുഷ്കാന്തി, എത്രയധികം ആള്‍ക്കാരാണ് എടുത്തുപറയാറുള്ളത്.  ഞാന്‍ പാലിയേറ്റിവ് കെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ആളാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ കേരളത്തിലെ സാമൂഹികരംഗത്ത് ആരോഗ്യപരമായ വിപ്ളവം സൃഷ്ടിച്ച ഒരു വലിയ പ്രസ്ഥാനമാണ് അതെന്നു ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഒരു ദയനീയ വസ്തുതയാണ് ജീവിതാന്ത്യത്തില്‍ ആവശ്യമായ ശുശ്രൂഷ കിട്ടാതിരിക്കുക എന്നത്. ഇത് കണ്ടറിഞ്ഞ് ഒരു പരിഹാരമാണ് കേരളത്തിലെ നല്ല മനുഷ്യര്‍ ഒന്നിച്ച് രൂപംകൊടുത്തു ചെയ്യുന്നത്. ഇതൊരു ഉദാഹരണമായി മാത്രം നമുക്കെടുക്കാം.

സമൂഹത്തിലെ ഇല്ലായ്മകളും തിന്മകളും ഒളിപ്പിച്ചുവെച്ച് പുറത്തു വെള്ളപൂശി കാണിക്കുന്നതിനു പകരം, നമ്മുടെ നന്മകളെ പൊതുശ്രദ്ധയില്‍ കൊണ്ടു വരുന്നതോടൊപ്പം തിന്മകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമവും നടത്തിക്കൊണ്ടേയിരുന്നാല്‍ നമ്മുടെ കുട്ടികള്‍ അഭിമാനത്തോടെ വളരും.

( പാലിയം ഇന്ത്യ ചെയര്‍മാനും ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയന്‍സിന്‍െറ ഡയറക്ടറുമാണ് ലേഖകന്‍ )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.