നോട്ടത്തിലും പുരുഷാധികാര വിജയം

പതിനാല് സെക്കന്‍റുകള്‍! അതേ, പതിനാല് സെക്കന്‍റുകള്‍ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നവിധം, അസ്വസ്ഥതയും അരക്ഷിതത്വവും ഉണ്ടാക്കുന്നവിധം നോക്കുന്ന പുരുഷനെതിരെ ഒരു പെണ്‍കുട്ടിക്ക് പരാതിപ്പെടാന്‍ നിയമപരമായി സാധ്യമാണെന്ന് ഋഷിരാജ് സിങ് പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചു. അദ്ദേഹം ഉണ്ടിരിക്കുമ്പോള്‍ വെറുതെ ഇങ്ങനെ വിളിച്ചു പറഞ്ഞതായിരുന്നില്ളെന്നാണ് മനസ്സിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള നിയമ പരിരക്ഷകളെപ്പറ്റിയുള്ള ബോധവത്കരണ പ്രഭാഷണത്തിനിടയില്‍ പറഞ്ഞതാണ് എന്നാണറിവ്. പക്ഷേ, ഈ പ്രഭാഷണഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു മാധ്യമങ്ങള്‍. മലയാളിയുടെ നര്‍മബോധം വിളംബരം ചെയ്തുകൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ വന്നു.

എന്നാല്‍, ഇത്രമാത്രം എതിര്‍ക്കപ്പെടാനും പരിഹസിക്കപ്പെടാനും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാനും ഈ പരാമര്‍ശത്തില്‍ എന്താണ് ഉണ്ടായിരുന്നത്? ഇത്തരം ഒരു നിയമപരിരക്ഷയെപ്പറ്റി പെണ്‍കുട്ടികളെ ഉദ്ബോധിപ്പിക്കേണ്ടി വരുന്ന അവസ്ഥ നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യത്തെ ബോധപൂര്‍വം മറച്ചുവെച്ചു കൊണ്ടാണ് അതിന്മേലുള്ള ചര്‍ച്ചകള്‍ മുമ്പോട്ടുപോയത് എന്നു കാണാം. ഋഷിരാജ് സിങ് എന്ന മനുഷ്യന്‍െറ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നില്ല അദ്ദേഹം. സ്ത്രീ സുരക്ഷ സംബന്ധിച്ച് നിയമപരമായ ഒരു വസ്തുത വിശദീകരിച്ചതായിരുന്നു. അദ്ദേഹത്തിന്‍െറ ഈ വിശദീകരണത്തെപ്പറ്റി ‘ചില’ മാധ്യമപ്രവര്‍ത്തകര്‍ വ്യവസായമന്ത്രിയോട് അഭിപ്രായം ചോദിക്കുന്നു. മന്ത്രി പറഞ്ഞതിനെ എഡിറ്റ് ചെയ്ത്, ഒന്നു രണ്ടു വാചകങ്ങള്‍  ഋഷിരാജ് സിങ് പറഞ്ഞത് അരോചകമാണ്, നിയമത്തില്‍ ഇല്ലാത്തത് പറഞ്ഞ എക്സൈസ് കമീഷണറെപ്പറ്റി എക്സൈസ് മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യും എന്ന അര്‍ഥത്തില്‍ വരുന്നവ പുന$ക്ഷേപിച്ചുകൊണ്ട് അതൊരാഘോഷമാക്കി മാറ്റുന്നു. എഡിറ്റ് ചെയ്യപ്പെട്ടത് മനുഷ്യരുടെ ദൗര്‍ബല്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്നതിനോടുള്ള അസഹിഷ്ണുത ആയിരുന്നു താനും!

ഇത് സ്വാഭാവികമായി സംഭവിച്ച ഒരു ചര്‍ച്ച അല്ളെന്ന തോന്നല്‍ എന്നെപ്പോലുള്ളവരില്‍ ഉണ്ടായി. കാരണം, വ്യവസായമന്ത്രിയുടെ പ്രസ്താവനകളും പ്രതികരണങ്ങളും ഇതിനു മുമ്പും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അലി, അഞ്ജു ബോബി ജോര്‍ജ് എന്നിങ്ങനെ. അതദ്ദേഹം സ്പോര്‍ട്സിന്‍െറ മന്ത്രി കൂടി ആയിരുന്നതിനാല്‍ വേണ്ടിവന്നതായിരുന്നു. എന്നാലിതോ? എന്തുകൊണ്ട് ഈ വകുപ്പുമന്ത്രിയുടെതന്നെ (മാത്രം) പ്രതികരണം? അതും അനവസരത്തില്‍ ‘ചില’ പത്രക്കാര്‍ ചോദിച്ചു പറയിക്കുന്നു. ആരായിരുന്നു ഈ ‘ചില’ മാധ്യമപ്രവര്‍ത്തകര്‍? എന്തായിരുന്നു അവരുടെ ഉദ്ദേശ്യം? സാമൂഹികക്ഷേമ വകുപ്പ്, നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിങ്ങനെ ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ പ്രതികരണം കൂടി അറിയിക്കാന്‍ പ്രസ്തുത ‘ചിലര്‍’ക്ക് ബാധ്യതയുണ്ട്. വനിതാ കമീഷനുണ്ട്, കോര്‍പറേഷനുണ്ട്, വനിതാ നേതാക്കളുണ്ട്. അവരും ഇക്കാര്യത്തില്‍ നിശ്ശബ്ദരാണെന്ന് ശ്രദ്ധിക്കുക        

               
അതായത്, ഈ ചര്‍ച്ച ആസൂത്രിതമായിരുന്നെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല എന്നുതന്നെ. നമുക്കറിയാം മൂന്നാര്‍ ഓപറേഷനിലെ മൂന്നു പൂച്ചകളില്‍ ഒരാളാണ് ഇന്നത്തെ എക്സൈസ് കമീഷണര്‍. എവിടെയും സര്‍ക്കാറുകള്‍ അദ്ദേഹത്തെ ഏറെക്കാലം വാഴിക്കില്ല. ട്രാന്‍സ്പോര്‍ട്ട്, കെ.എസ്.ഇ.ബി വകുപ്പുകളില്‍ നിന്നദ്ദേഹം പോരാനിടയായ സംഭവം നമ്മള്‍ മറന്നിട്ടില്ലല്ളോ. വിതുരക്കേസ് അന്വേഷണമായിരുന്നു അദ്ദേഹത്തിന്‍െറ സര്‍വിസ് മുദ്രയായി എന്നെപ്പോലുള്ളവര്‍ നെഞ്ചേറ്റുന്നത്.

എക്സൈസ് കമീഷണറായി അദ്ദേഹം ചുമതലയേറ്റതിനുശേഷം നടത്തിയ റെയ്ഡുകള്‍, കോഴിക്കോട്ട് ഒരു പ്രശസ്ത റിസോര്‍ട്ടില്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിടിച്ചെടുക്കലുകള്‍  ഇവയെല്ലാം മതിയല്ളോ എക്സൈസ് വകുപ്പിന് അദ്ദേഹം അനഭിമതനാവാന്‍. ഓണവും വരുന്നു. അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവോ ഇതും? സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്ക് വ്യക്തമാണ് സ്വാഭാവികമായി ഉണ്ടായിവരുന്ന ചിന്തകളും ബോധപൂര്‍വം ഉണ്ടാക്കിക്കൊണ്ടു വരുന്ന അഭിപ്രായങ്ങളും തമ്മിലുള്ള വ്യത്യാസം. നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഭാഗമായി കൃത്രിമമായി രൂപപ്പെടുത്തിക്കൊണ്ടുവന്ന ഒരു ചര്‍ച്ചയായി പതിനാല് സെക്കന്‍റ് പരാമര്‍ശം മാറിപ്പോയതായാണ് അനുഭവം                        
സ്വതന്ത്രരോ അനുരാഗികളോ ആയ സ്ത്രീ പുരുഷന്മാര്‍ പരസ്പരം നോക്കുന്ന നോട്ടത്തെയല്ല പതിനാല് സെക്കന്‍റ് നോട്ടമായി ഋഷിരാജ് സിങ് സൂചിപ്പിച്ചതെന്ന് മനസ്സിലാകാത്ത മലയാളികള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായ അനുരാഗത്തോടെ ഒരു പുരുഷന്‍ നോക്കുന്ന നോട്ടം പോലുമല്ല അതെന്ന് വ്യക്തം. അനുരാഗം, പ്രണയം, രതി, ആഗ്രഹം, കാമന എന്നീ അവസ്ഥകള്‍ അഥവാ വാക്കുകള്‍ അക്ര മോത്സുകമായ ആണ്‍നോക്കിനെ ന്യായീകരിക്കുന്നില്ളെന്ന് ആര്‍ക്കാണറിയാത്തത്.

ഐ.പി.സി 354 സി വകുപ്പ് വിശദീകരിക്കുക മാത്രമായിരുന്നു അദ്ദേഹം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള നോക്കിലോ ബന്ധത്തിലോ പൊലീസ് അധികാരം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു എന്ന പ്രതീതി ജനിപ്പിച്ച് പ്രതികരണങ്ങള്‍ ഉണ്ടായി. എന്തിന് 14 സെക്കന്‍റ്, ഒരു സെക്കന്‍റ് പോലും അനുവദിക്കരുതായിരുന്നു എന്നും കേട്ടു. യഥാര്‍ഥ പ്രശ്നം ആണ്‍ -പെണ്‍ ബന്ധ നിയന്ത്രണമായി വ്യാഖ്യാനിക്കപ്പെട്ടതുകൊണ്ട് ആരാണ് യഥാര്‍ഥത്തില്‍ ഗോളടിച്ചത്?

ഇതുതന്നെയാണ് ഇവിടത്തെ ആണ്‍ ലോകം ആഗ്രഹിച്ചതെന്ന് വ്യക്തം. രാഹുല്‍ ഈശ്വറിനെപ്പോലൊരു മാധ്യമസാംസ്കാരിക വ്യക്തി വ്യവസായമന്ത്രിയുമായി കൈകോര്‍ത്തു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ -മറ്റെന്ത് വാക്കാണ് ഉപയോഗിക്കേണ്ടത് എന്നറിയാത്തതുകൊണ്ട്- ഉള്ളവര്‍ ഒന്നിക്കുന്ന ഒരു നിലപാടുതറ ഈ പരാമര്‍ശത്തിലൂടെ വ്യക്തമാവുകയായിരുന്നു. ‘ചില’ മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായമന്ത്രി, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഒരു കോക്കസ് സജീവമായത് ഇക്കാര്യത്തില്‍ നമ്മെ അദ്ഭുതപ്പെടുത്തേണ്ടതായിരുന്നു. ഏറ്റവും മര്‍മപ്രധാനമായ ഉന്നതങ്ങളിലെ ആണധികാര സംരക്ഷണ ബോധത്തിന്‍െറ ഒരസ്സല്‍ മാതൃകയായി ഈ സന്ദര്‍ഭവും കേരളത്തില്‍ മാറി.  ഏതെങ്കിലും പെണ്ണിന്‍െറ നീതിയായിരുന്നില്ല ഇത്തവണ തുരുപ്പുചീട്ട്. സ്വാഭാവികമായ
ആണ്‍ -പെണ്‍ ആകര്‍ഷണത്തിന്‍െറ ചെലവിലായിരുന്നു ആണുങ്ങളുടെ ഈ ഉത്സവ ലഹരി.

എന്നോടുള്ള പ്രണയം പൊറാതെ ഒരു വന്‍ എന്നെ എത്ര വേണമെങ്കിലും നോക്കിക്കൊള്ളട്ടെ. അങ്ങനെയൊരുവന്‍ 14 യുഗം കണ്ണിമവെട്ടാതെ എന്നെ നോക്കിനിന്നാലും ഞാനവനെതിരെ പൊലീസില്‍ പരാതിപ്പെടുകയില്ല. അത് ഏകപക്ഷീയ പ്രണയമാണെങ്കില്‍പോലും എനിക്ക് പരാതിയില്ല. കാരണം, അവന്‍ എന്നെ വ്യക്തിയായി അംഗീകരിക്കുന്നവനാണ്. പക്ഷേ, ഒരു കാഴ്ച വസ്തുവിനെയെന്നപോലെ ഉപഭോഗത്വരയോടെ ഒരുവന്‍ നോക്കുന്നത് എനിക്കെതിരെയുള്ള അക്രമമായി ഞാന്‍ കാണുന്നു. ഒരു നിമിഷം പോലും ഞാനത് സഹിക്കേണ്ടതില്ല. അതു കൊണ്ടുതന്നെ അത്തരമൊരുവനെതിരെ എനിക്ക് പരാതിയുണ്ട്. ഇത് മന്ത്രി സൂചിപ്പിച്ചതുപോലെ പുരുഷന്‍െറ ദൗര്‍ബല്യമായല്ല ധാര്‍ഷ്ട്യവും ധിക്കാരവുമായാണ് എനിക്കനുഭവപ്പെടുന്നത്.

ഒരു പക്ഷേ, എന്‍െറ ഈ പരാതിക്ക് ഭരണാധികാരികളുടെ പിന്തുണയോ ആണുങ്ങളുടെ കൈയടിയോ ആണ്‍നോക്കുകാരുടെ പ്രോത്സാഹനമോ ലഭിക്കുകയുണ്ടാവില്ല. പക്ഷേ, എന്‍െറ ശരീരത്തെ ചരക്കുപോലെ കണക്കാക്കി അതിന്‍െറ വില നിശ്ചയിക്കുന്ന നോട്ടങ്ങളെ ഒരു പെണ്ണെന്നരീതിയില്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അത്തരമൊരു ഇടത്തെയാണ് ഋഷിരാജ് സിങ്ങിന്‍െറ 14 സെക്കന്‍റ് പരാമര്‍ശത്തില്‍ ഞാന്‍ അറിയുന്നത്. ഒരു വ്യക്തിയാവാന്‍ ആ നിയമത്തിന്‍െറ പരിരക്ഷ ഒരു പെണ്ണിന് ചിലപ്പോഴെങ്കിലും ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. അതു കൊണ്ടുതന്നെ, എത്ര പഴഞ്ചത്തിയെന്ന് അപവദിച്ചാലും ഞാനതിനെ പരസ്യമായി പിന്തുണക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.