ഈ കുരുതി അവസാനത്തേതാകുമോ?

പരവൂരില്‍ നടന്ന വെടിക്കെട്ടപകടത്തിന്‍െറ നടുക്കത്തിലും നിരാശയിലും രോഷത്തിലും നിന്ന് കേരളം അത്രപെട്ടെന്നൊന്നും മുക്തിനേടുകയില്ല.  ഇതാദ്യമല്ല വെടിക്കെട്ട് ദുരന്ത വാര്‍ത്ത കേട്ട് നാം ഞെട്ടിയുണരുന്നത്.  ഓരോ അപകടം കഴിയുമ്പോഴും അതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തായിരുന്നുവെന്ന് സര്‍ക്കാര്‍ അന്വേഷിക്കും.  വിശദമായ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ തുടര്‍നടപടികളുണ്ടാകും.  പിന്നെ എല്ലാവര്‍ക്കും അതില്‍ താല്‍പര്യം കുറയുകയും ഏതു കാരണങ്ങളാല്‍ അപകടം സംഭവിച്ചോ, അതേ കാരണങ്ങളാല്‍ വീണ്ടും മറ്റൊരിടത്ത് സ്ഫോടനം നടക്കുകയും ചെയ്യും.  കുരുതിക്കളങ്ങള്‍ ആവര്‍ത്തിക്കുന്നു.  നിസ്സഹായരായ മനുഷ്യര്‍ വെന്തുമരിക്കുന്നു.  പൊള്ളലേറ്റ് മരിക്കാത്തവര്‍ ഒരിക്കലും മായാത്ത ദു$ഖവുമായി ശിഷ്ടജീവിതം നയിക്കുന്നു.  ഒരപകടത്തിലും നിന്ന് ഒന്നും പഠിക്കാന്‍ കഴിയാത്ത ജനതയായി നാം മാറിക്കഴിഞ്ഞോ? അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ആ നിഗമനത്തില്‍ എത്തിച്ചേരാനാണ് പരവൂര്‍ ദുരന്തം പ്രേരിപ്പിക്കുന്നത്.

ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ 2011ല്‍ നടന്ന അപകടത്തെപ്പറ്റി പഠിക്കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരുന്ന എന്നെ സര്‍ക്കാര്‍ നിയോഗിച്ചതും സ്ഥലം സന്ദര്‍ശിച്ച് ആളുകളോട് സംസാരിച്ച്, വിദഗ്ധരുമായി ആശയവിനിമയം നടത്തി ഒരു റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിച്ചതും ഓര്‍ത്തുപോകുന്നു.  സര്‍ക്കാറിന് പുറത്തുള്ള ഒരാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അതോടെ അദ്ദേഹത്തിന്‍െറ ഉത്തരവാദിത്തം അവസാനിച്ചു.  എന്നാല്‍, ആഭ്യന്തരവകുപ്പിന്‍െറ സെക്രട്ടറി എന്ന നിലക്ക് റിപ്പോര്‍ട്ട് സമര്‍പ്പണംകൊണ്ട് ഉത്തരവാദിത്തം അവസാനിച്ചു എന്ന് എനിക്ക് കരുതാനാവില്ല.  റിപ്പോര്‍ട്ടും അതിലെ നിഗമനങ്ങളും ശിപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ച ഉടനെ തന്നെ, കരിമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സമഗ്രമായ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. 

നിലവില്‍ നിയമങ്ങളും വ്യവസ്ഥകളും ഇല്ളെന്നല്ല.  പക്ഷേ, നടപടികളില്‍ വരുന്ന പിഴവുകള്‍കൊണ്ടും ക്ഷേത്രോത്സവങ്ങളുടെ നടത്തിപ്പില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശൈലീപരമായ മാറ്റങ്ങള്‍കൊണ്ടും നടപടിക്രമങ്ങള്‍ സ്പഷ്ടീകരിക്കുകയും ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി പുനര്‍നിര്‍വചിക്കുകയും ചെയ്യേണ്ടിവന്നു. ഇനി കേരളത്തില്‍ വെടിക്കോപ്പുകളുടെ അലക്ഷ്യമായ ഉപയോഗം വഴി മനുഷ്യജീവന്‍ നഷ്ടമാകരുതെന്ന ഇച്ഛയായിരുന്നു ആ ഉത്തരവിനു പിന്നില്‍. എന്നിട്ടുമിതാ പത്താംതീയതി പുലര്‍ച്ചെ പുറ്റിങ്ങല്‍ ക്ഷേത്രപരിസരം ഉഗ്രമായ സ്ഫോടനങ്ങള്‍ക്ക് സാക്ഷിയായി.  മനുഷ്യമാംസം ചിതറിത്തെറിച്ചു.  നിരപരാധികള്‍ കരിഞ്ഞുമരിച്ചു.  പൊള്ളലേറ്റവര്‍ ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുന്നു.  അവരനുഭവിക്കുന്ന വേദന, അമ്മമാരുടെയും മക്കളുടെയും വേദന, ഒരു പ്രദേശത്തെ മുഴുവന്‍ മനുഷ്യരുടെ മനസ്സിലെ മാറാവേദന, ഇവയെല്ലാം കൂടിക്കലര്‍ന്ന വേദനയുടെ ചുഴിയില്‍ നമ്മെ കൊണ്ടുചെന്നിട്ടത് ആരാണ്? എന്തായിരുന്നു അവരുടെ ലക്ഷ്യം?  എന്തുകൊണ്ട് ഇത് ഒഴിവാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല? ക്ഷേത്രപരിസരത്ത് ചൊരിയപ്പെട്ട ബലിച്ചോര ആരുടെയൊക്കെ കൈകളിലാണ് ചെന്ന് പതിക്കുന്നത്?

ഈ വിധമുള്ള അപകടങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ മഹാ പാണ്ഡിത്യമൊന്നും വേണ്ട.  ഉഗ്രസ്ഫോടകശേഷിയുള്ള കരിമരുന്നും ഗുണ്ടുകളും അമിട്ടുകളും ഒക്കെ തയാറാക്കി സൂക്ഷിക്കുന്നതിലെ ശ്രദ്ധയില്ലായ്മയും ഉദാസീനതയും മാത്രമാണ് ഹേതു. സ്ഫോടകവസ്തുകള്‍ കൈവശം വെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൃത്യമായ നിയന്ത്രണങ്ങളുണ്ട്.  സൂക്ഷിക്കാനുള്ള സൗകര്യമുണ്ടോ, സുരക്ഷാക്രമീകരണങ്ങളുണ്ടോ എന്ന് ബോധ്യം വന്ന ശേഷമേ ഇതിനുള്ള ലൈസന്‍സ് കൊടുക്കാവൂ.  ‘ഞങ്ങളിതെത്ര കണ്ടിരിക്കുന്നു? ഈ നിയമങ്ങളൊക്കെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ളേ?’ എന്ന സിനിക്കല്‍ മനോഭാവത്തിന്‍െറ പരിണതിയാണ് ഈ നരബലി.  നിയമാനുസൃതമല്ലാതെ ഇതൊക്കെ ചെയ്തുകൂട്ടുന്നത് നാട്ടില്‍ ആര്‍ക്കുമറിയാതെയല്ലല്ളോ.  ഏവര്‍ക്കുമറിയാം; പക്ഷേ, ‘പൊതുതാല്‍പര്യം’ കണക്കിലെടുത്ത് ആരും ഒരക്ഷരം മിണ്ടുകയില്ല. ക്ഷേത്രക്കമ്മിറ്റിക്കാരെ ഭയക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ നാട്ടില്‍?  എതിര്‍ക്കുന്നവനെ വെച്ചുപൊറുപ്പിക്കുമോ?

സ്ഫോടകവസ്തുക്കളുടെ കാര്യത്തിലെങ്കിലും നിയമം അനുസരിക്കാനുള്ള സാമാന്യ ബുദ്ധിയും വിവേകവുംകൂടി നമുക്ക് നഷ്ടമായല്ളോ.  ആര്‍ഭാടവും അഹന്തയും മനുഷ്യരെ എത്രകണ്ട് മൂഢന്മാരാക്കും എന്നതിന്‍െറ ദുരന്തനിദര്‍ശനമാണ് ഈ അപകടം.  പണത്തോടുള്ള ദുരയും നമ്മളെ അന്ധരാക്കുന്നു എന്നുകൂടി ഈ സ്ഫോടനം ഓര്‍മപ്പെടുത്തുന്നു.  ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു എന്ന് വാര്‍ത്ത കണ്ടു.  അത്രയും നല്ലത്.
 ശ്ളാഘനീയം.  എന്നാല്‍, അതുകൊണ്ട് തീരുന്നുവോ ഭരണകൂടത്തിന്‍െറ ഉത്തരവാദിത്തം?  പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒമ്പതാം തീയതി രാത്രി വലിയ വെടിക്കെട്ട് നടക്കാന്‍ പോകുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നല്ളോ.  അനുമതി കൊടുക്കാത്ത ക്ഷേത്രത്തില്‍ ഇതെങ്ങനെ നടക്കുന്നുവെന്ന് അന്വേഷിക്കാന്‍ ആര്‍ക്കൊക്കെ ബാധ്യതയുണ്ടായിരുന്നു!  അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ ‘അനുമതി നിഷേധിക്കപ്പെട്ട’ വെടിക്കെട്ട് സമംഗളം പര്യവസാനിക്കുമായിരുന്നില്ളേ?  അനുമതിയില്ലാത്ത വെടിക്കെട്ട് നടത്താന്‍ ഒത്താശ ചെയ്ത അധികാരികളുടെ ഈ രക്തക്കറ എത്ര വെള്ളത്തില്‍ കഴുകിയാലും മാഞ്ഞുപോകുമോ?

നിയമവാഴ്ച ഇത്ര ദുര്‍ബലമോ?  അഥവാ, അതെങ്ങനെ ഇത്രമേല്‍ ദുര്‍ബലമായി?  ഇത്രയും വലിയ അപകടസാധ്യതയുള്ളതും നിയമാനുസൃതം അനുമതി കിട്ടാതിരുന്നതുമായ തീക്കളിക്ക് മൗനാനുവാദം നല്‍കിയതാരാണ്? എന്തായിരുന്നു അതിനവരെ നിര്‍ബന്ധിച്ച ഘടകങ്ങള്‍?

(മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുമായ ലേഖകന്‍ ത്രാങ്ങാലി അപകടത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ ആയിരുന്നു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.