ആചാരവെടി മുഴങ്ങാത്ത വീരമരണങ്ങള്‍

നിങ്ങളീ കുറിപ്പ് വായിക്കേ മണ്ണിനടിയിലേക്കാഴ്ന്ന വേരുകളൊന്നില്‍ തലവെച്ച് സമാധാനമായി ഉറങ്ങുകയാണ് നസീര്‍ ഭായ്. വരിതെറ്റിച്ച് അയാള്‍ക്കുമേല്‍ അരിച്ചു കേറാനൊരുമ്പെടുന്നൊരു കുഞ്ഞുറുമ്പിനോട് ആ മനുഷ്യനെ ശല്യപ്പെടുത്തല്ളേ എന്നു ഗുണദോഷിക്കുന്നുണ്ടമ്മ. അപ്പുറത്ത് ചിറകുകള്‍ വിരിച്ച് ആകാശത്തേക്ക് കുതിക്കുന്നു അനില്‍. അയാള്‍ക്കായി സ്വാഗതപ്പാട്ടൊരുക്കി കാത്തിരിക്കുകയാവും പക്ഷിക്കൂട്ടങ്ങള്‍. മരണദിവസം വരെ നമുക്ക് അറിയാതെ പോയ നമുക്കിടയില്‍ ജീവിച്ച രണ്ടു മനുഷ്യര്‍- നസീറുദ്ദീന്‍ എന്ന നസീര്‍ ഭായിയും അനില്‍കുമാര്‍ സാഹ്നിയും. ജീവിതയാത്ര പാതിവഴിയില്‍ തീര്‍ത്ത് തിരക്കിട്ടു മടങ്ങേണ്ടി വന്നവര്‍. ജീവിതവും മരണവും സാരപൂര്‍ണമാക്കിയവര്‍.
ചില്ലിട്ടു വെക്കേണ്ടതാണ് നസീറിന്‍െറയും അനിലിന്‍െറയും ചിത്രങ്ങള്‍. പക്ഷേ, ലോകത്തിനു കാണാന്‍ നല്ല ചിത്രങ്ങള്‍ പോലും എടുത്തുവെച്ചിരുന്നില്ല അവര്‍. മരണ നേരത്താവും അവരുടെ മുഖങ്ങള്‍ ഏറ്റവും വിളങ്ങിയിട്ടുണ്ടാവുക.
അനില്‍- പ്രായമായ, പാടുകേടുകളുള്ള അമ്മയും ഇളയതുകളുമുള്ള, സോനിയാ വിഹാറിലെ ദരിദ്ര ഗലികള്‍ക്കൊന്നില്‍ പാര്‍ത്തിരുന്ന 19 കാരന്‍. വടക്കന്‍ ഡല്‍ഹിയിലെ വസീറാബാദില്‍ രണ്ടു തിങ്കളാഴ്ചകള്‍ക്കു മുന്നേ വൈകീട്ട് പ്രാവൂട്ടിനിറങ്ങിയതാണ് അദ്ദേഹം. കൂടുകളോ ഉടമസ്ഥരോ ഇല്ലാത്ത എവിടെനിന്നോ വന്ന് എങ്ങോ പറന്നു പോകുന്ന പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാന്‍. ധാന്യപ്പുരകളില്‍ കെട്ടിക്കിടന്ന് പുഴുത്തു നാറിയാലും പാവങ്ങള്‍ക്കു കൊടുക്കാതെ കടലില്‍ തള്ളുന്ന നാട്ടില്‍ കോലാര്‍ വണ്ടിയോട്ടിയും കുപ്പ പെറുക്കിയും കിട്ടുന്ന നോട്ടുകളില്‍നിന്ന് മിച്ചം പിടിച്ച് അങ്ങാടിക്കിളികള്‍ക്കു ചോളവും തെരുവുനായ്ക്കള്‍ക്ക് പാലും ഇറച്ചിയും വാങ്ങാന്‍ വഴി കണ്ടത്തെുന്ന ഒരുപാട് പാവങ്ങളുമുണ്ട്. ധാന്യം വിതറുന്നതിനിടെയാണ് ചിറകുകള്‍ നനഞ്ഞ് തളര്‍ന്ന ഒരു പക്ഷി അഴുക്കു ചാല്‍ കുഴലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. കൈനീട്ടിക്കൊടുത്ത് അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി അനില്‍ കുഴലിലേക്കു വീണു. സംഭവമറിഞ്ഞ് ആളുകള്‍ ഓടിക്കൂടുന്നതിനിടെ രക്ഷാദൗത്യവുമായി നസീര്‍ ഭായ് എടുത്തു ചാടി. കണ്ടുനിന്നവര്‍ക്ക് പ്രത്യാശയുണ്ടായിരുന്നു. നസീര്‍= രക്ഷകന്‍ എന്ന പേരിനെ അര്‍ഥവത്താക്കും വിധം 35 വര്‍ഷത്തെ ജീവിതത്തിനിടയില്‍ യമുനയിലും മറ്റു ജലാശയങ്ങളിലും മുങ്ങിത്താണ നൂറോളം പേരെ ജീവിതക്കരയിലേക്ക് തിരിച്ചത്തെിച്ചയാളാണ്. പക്ഷേ, കുഴലിനുള്ളിലെ വിഷപ്പുകയും മലജലമൊഴുക്കും പ്രതികൂലമായി. സഹജീവികളെ അത്രമേല്‍ സ്നേഹിച്ച ഇരുവരും ജീവനറ്റാണ് തിരിച്ചത്തെിയത്. അന്തിച്ചര്‍ച്ചകളില്ല, അനുസ്മരണ യോഗങ്ങളില്ല, ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത വന്നതൊഴിച്ചാല്‍ പുറംലോകത്തിന് ഇതൊരു സംഭവമേ ആയി തോന്നിയില്ല. എന്തിനുമേതിനും ട്വീറ്റു ചെയ്യുന്ന മന്ത്രി പ്രഗല്ഭര്‍ക്കിതു യോഗ്യമായ ഒരു മരണമായില്ല. അതിജീവന കലകളുടെ ആശാനായ ‘സാധാരണക്കാരന്‍’ മുഖ്യമന്ത്രി ഇതൊന്നുമറിഞ്ഞതേയില്ല. ചാനല്‍ കാമറകളുടെയോ ആചാരവെടിയുടെയോ അകമ്പടിയില്ലാതെ നസീറിനെ മണ്ണും അനിലിനെ അഗ്നിയും ഏറ്റുവാങ്ങി.
 ഇതുപോലൊരു ഉപചാരക്കുറിപ്പുപോലും ലഭിക്കാത്ത, സ്വര്‍ണ-തുണിക്കടകളുടെ പരസ്യത്തള്ളിച്ചയില്ളെങ്കില്‍ ഒന്നാം പേജിലും അല്ളെങ്കില്‍ ചരമപ്പേജിന്‍െറ അടിത്തട്ടിലും കുഴിച്ചുമൂടപ്പെടുന്ന പേരറിയാത്ത ഒരു പറ്റം മരണങ്ങളെക്കുറിച്ചു കൂടി പറയാതിരിക്കുന്നത് അനീതിയാവും. സെപ്റ്റിക് ടാങ്കുകളും നഗരത്തിന്‍െറ മാലിന്യക്കുഴലുകളും വൃത്തിയാക്കാനിറങ്ങി മരിച്ചുവീഴുന്ന അല്ളെങ്കില്‍ മരിച്ചു ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുതന്നെ. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട്ടെ നൗഷാദിന്‍െറയും മേല്‍പറഞ്ഞ നസീറിന്‍െറയും അനിലിന്‍െറയും ജീവനെടുത്ത ഇത്തരം വിഷക്കുഴിക്കുള്ളില്‍ നിത്യം ജോലിചെയ്യുന്നവര്‍. സ്വന്തം വിസര്‍ജ്യങ്ങള്‍ കൈകൊണ്ട് വൃത്തിയാക്കാനറച്ച് നമ്മള്‍ ടിഷ്യൂ പേപ്പറിന്‍െറയും താനേ വെള്ളമൊഴിച്ചു വൃത്തിയാക്കിത്തരുന്ന ക്ളോസറ്റുകളുടെയും സഹായം തേടുമ്പോള്‍ നൂറുകണക്കിനു മനുഷ്യര്‍ വെറും കൈകൊണ്ട് കോരി തലയില്‍ പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു അപരന്‍െറ മാലിന്യങ്ങള്‍.
ചിലര്‍ ജോലിക്കിടയില്‍ മരിച്ചുവീഴുന്നു, അവശേഷിക്കുന്നവര്‍ ഈ തൊഴില്‍ സമ്മാനിച്ച രോഗങ്ങളാല്‍ മരണത്തോട് മല്ലിടുന്നു. ആരും സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ജോലിയല്ല ഇത്. തോട്ടിപ്പണി (മാനുവല്‍ സ്കാവഞ്ചിങ്) രാജ്യത്ത് നിരോധിച്ചതാണ്. സുപ്രീംകോടതിയുടെ വിധിയുമുണ്ട്. അതിനു പുറമെ ഈ ജോലിക്ക് ആളുകളെ നിയോഗിക്കുന്നത് കുറ്റകരമാക്കി നിയമം പാസാക്കിയിട്ടുണ്ട് നമ്മുടെ പാര്‍ലമെന്‍റ്. പക്ഷേ ആ നിയമമല്ല, പിതാവ് ഒഴിഞ്ഞ മണ്ഡലം മകനോ മകള്‍ക്കോ നല്‍കുന്നതു പോലെ തലമുറ തലമുറ കൈമാറേണ്ട ഏര്‍പ്പാടാണിതെന്ന അലിഖിത നിയമമാണ് പാലിക്കപ്പെടുന്നത്. പിന്നാക്ക-ദലിത് സംവരണം അട്ടിമറിക്കപ്പെടാതെ പാലിക്കപ്പെടുന്ന ഒരേയൊരു ജോലിയാവുമിത്. പാടത്തും പറമ്പിലും നിര്‍മാണമേഖലയിലുമെല്ലാം ഭാരിച്ച ജോലികള്‍ കഴിയുന്നത്ര യന്ത്രവത്കൃതമാക്കാന്‍ പരിശ്രമിക്കുമ്പോഴും ഈ വേല കൈകൊണ്ടുതന്നെ ചെയ്യിക്കണമെന്നൊരു നിര്‍ബന്ധ ബുദ്ധിയുണ്ട് നമുക്കിടയില്‍. പുഴുക്കള്‍ക്ക് സമാനമായി കണക്കാക്കുന്ന വിലയില്ലാത്ത മനുഷ്യരുള്ളപ്പോള്‍ കോടികള്‍ മുടക്കി യന്ത്രങ്ങളെന്തിനു വാങ്ങണം? തോട്ടിപ്പണിക്കെതിരായ കേസ് പരിഗണിക്കവെ ഇങ്ങനെ ഒരേര്‍പ്പാട് രാജ്യത്തുണ്ട് എന്നു സമ്മതിക്കാന്‍പോലും കൂട്ടാക്കാതിരുന്ന ജഡ്ജിമാരുണ്ട് എന്ന് തുറന്നു പറയുകയുണ്ടായി സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി ഷാ. മേശപ്പുറത്തു വീണ പല്ലിക്കാഷ്ഠം പോലും എടുത്തുമാറ്റേണ്ടി വന്നിട്ടില്ലാത്ത ജഡ്ജിമാരും മന്ത്രിമാരും സാദാ വോട്ടര്‍മാരും അറിയണം എന്‍െറയും നിങ്ങളുടെയും വീട് പുഴുത്തു നാറാതിരിക്കാന്‍ മാലിന്യ ടാങ്കും അഴുക്കു കാനകളും വൃത്തിയാക്കുന്നതിനിടെ ഒന്നിലേറെപ്പേര്‍ മരണപ്പെട്ട ഒരുപാടു കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടിലെന്ന്.
നിര്‍മല ഭാരതവും സ്വച്ഛ്ഭാരതവും പടുത്തുയര്‍ത്താന്‍ പതിറ്റാണ്ടുകളായി പടപൊരുതുന്നവര്‍. പക്ഷേ, അവരെ വീരപുത്രന്മാരെന്നോ അവരുടെ അമ്മമാരെ ഭാരതമാതാക്കളെന്നോ നാം വാഴ്ത്താറില്ല. അവര്‍ രാഷ്ട്രനിര്‍മിതിക്കിടയില്‍ ജീവന്‍ മുറിഞ്ഞുപോയ വെറും കാലാളുകള്‍ മാത്രം, വെറും കാലാളുകള്‍...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.