സ്പെഷല്‍ മെന്‍ഷന്‍

ഒരു കുറ്റി ഗ്യാസ് തീര്‍ന്നിട്ടും നാഴിയരി വെന്തില്ല. കാരണം കണ്ടത്തെി. അന്നു പ്രഖ്യാപിക്കേണ്ട സിനിമാ അവാര്‍ഡ് വിവരം അറിയാത്തതാണ് പ്രശ്നഹേതു. വൈകിച്ചില്ല-സ്നേഹിതനായ ജൂറിയംഗച്ചേകവരെ വിളിച്ചു. പെട്ടെന്നു പ്രഖ്യാപിക്കുക. എന്‍െറ അരി വേവിച്ചുതരണം.
ഇവിടെയും അതുതാന്‍ സ്ഥിതി. പഴയ  അരി പരിപ്പുകളൊന്നും വേവുന്നില്ല.
-കാരണം?
-ആര്‍ക്കും അവാര്‍ഡ് വേണ്ടത്രെ
എന്തേനു... എന്തേനു?
-അത്രയൊക്കെ നമ്മള്‍ തരംതാഴ്ന്നോ?
-അതല്ല... എല്ലാവര്‍ക്കും സ്പെഷല്‍ മെന്‍ഷന്‍  മതിയത്രെ. അല്ളെങ്കില്‍ വേണ്ടെന്ന്.
ശരിയാണല്ളോ. ചാനലുകളും മാധ്യമങ്ങളും അതാണ് അവാര്‍ഡിനെക്കാള്‍ മഹത്തരമെന്ന് ധരിച്ചുവശായിരിക്കുന്നു. അഥവാ വിഡ്ഢിദ്ധരിച്ചിരിക്കുന്നു. ആകാശത്തിന്‍െറ വേര്, ഭൂമിയുടെ അച്ചുതണ്ട്, പെണ്ണിന്‍െറ മനസ്സ് എന്നൊക്കെ പറയുമ്പോലെ യഥാര്‍ഥത്തില്‍ നിലവിലില്ലാത്തതും എന്നാല്‍, സങ്കല്‍പിക്കാന്‍ മനോഹരവുമായ ഒരു സാധനം.
അതാകുന്നു ഇപ്പോള്‍ സിനിമാ അവാര്‍ഡിലെ സംഗതി.
പ്രധാന അവാര്‍ഡ് കിട്ടിയ നടന്‍ പ്രഖ്യാപനം വന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും വിളിക്കാത്തതു കണ്ടപ്പോള്‍ അന്വേഷിച്ചു.
ചാനല്‍പ്പയ്യന്‍ പറഞ്ഞത്രെ -പ്ളീസ് വെയ്റ്റ്. ഞങ്ങളിപ്പോള്‍ സ്പെഷല്‍ മെന്‍ഷന്‍ സാറിന്‍െറ ബൈറ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. പിന്നെ വിളിക്ക്.
കാമുകിയുടെ വിവാഹ ക്ഷണക്കത്ത് കിട്ടുന്ന കാമുകനെ വരനെക്കാള്‍ പ്രധാനമായി കാണുന്നതരം രോഗലക്ഷണമാണിത്.
വെര്‍ച്വല്‍ വേള്‍ഡിലെ രോഗമാണത്രെ ഇത്. ഇതിന് ചികിത്സയില്ല. കാര്‍ റേസ് അനുഭവം സമ്മാനിക്കുന്ന പബുകള്‍. സര്‍ഗസാഹിത്യത്തെക്കാള്‍ അനുഭവക്കുറിപ്പിന് ക്യൂ നില്‍ക്കുന്ന മലയാളി വായനക്കാര്‍.
കത്തിനു പകരം ഇ-മെയില്‍.
മൊബൈല്‍ ഫോണിനെക്കാള്‍ വാട്സ്ആപ്.
നേരിട്ടു സംസാരിക്കില്ളെങ്കിലും ചാറ്റിങ് ബോക്സില്‍ വാചാലത. എന്നാല്‍, ഇത്രയും ശാസ്ത്രീയ കണ്ടുപിടിത്തത്തെക്കാള്‍ അദ്ഭുതമാണ് ഈ പ്രത്യേക പരാമര്‍ശം. ഞാനാലോചിച്ചു. ഇത് ആണോ പെണ്ണോ? ഒരു പുരാണത്തിലും ഇതിന്‍െറ ഉദ്ഭവത്തെപ്പറ്റി പറയുന്നില്ല. അടിപൊളി എന്ന നപുംസകപദം കണ്ടുപിടിച്ച മഹാന്‍തന്നെയായിരിക്കും ഇതിന്‍െറയും പിന്നില്‍.
ചാവക്കാട് ഒരു ജീവിയുണ്ട്. അജ്ഞാത ജീവി എന്നാണ് പേര്. ആരും കണ്ടവരില്ല. ആടിനെയും കോഴിയെയും പിടിക്കും. പുലിയുടെ കാല്‍പ്പാടുകള്‍, കുറുക്കന്‍െറ മൂത്രം, നീര്‍നായയുടെ കാഷ്ഠം, കാട്ടുപോത്തിന്‍െറ മുഖം... ഇതൊക്കെയാണ് ലക്ഷണം. ജാതിയോ മതമോ ഇല്ല. തികച്ചും മതനിരപേക്ഷന്‍... ആണ്ണും പെണ്ണുമല്ല. അരാഷ്ട്രീയവാദി... ചുമ്മാതെ ഇങ്ങനെ കിടക്കും.
അതാണീ പ്രത്യേക പരാമര്‍ശത്തിന്‍െറ രക്തസാമ്പ്ള്‍ റിപ്പോര്‍ട്ട്.
ചാനല്‍പ്പയ്യന്‍ -താങ്കളുടെ 50 വര്‍ഷത്തെ അഭിനയജീവിതം. അഞ്ചു ദേശീയ അവാര്‍ഡ്. കോടിക്കണക്കിന് ആരാധകരും പണവും. അഭിനയിക്കാത്ത വേഷങ്ങളില്ല. തിരിഞ്ഞുനോക്കുമ്പോള്‍ ഇനി എന്തെങ്കിലും നേടാനുണ്ടെന്ന ദു$ഖം തോന്നുന്നുണ്ടോ?
നടന്‍-ഉവ്വ്. ഒരു സ്പെഷല്‍ മെന്‍ഷന്‍!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.