മിനായുടെ കറുത്ത പെരുന്നാള്‍

മിനാ വെള്ളിയാഴ്ച ശാന്തമായി കിടന്നു. സൗദി വ്യോമസേനയുടെ ഹെലികോപ്ടര്‍ മിനായിലെ ടെന്‍റുകള്‍ക്കു മീതെ വട്ടമിട്ടു പറക്കുമ്പോള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെല്ലാവരും സൂക്ഷ്മമായി ശ്രദ്ധിച്ചത് സൂഖുല്‍ അറബിലെ സംഭവസ്ഥലമായിരുന്നു. അവിടവും അനുബന്ധസ്ഥലങ്ങളുമെല്ലാം ആളുകളുടെ ശാന്തമായ ചെറു അനക്കങ്ങള്‍ മാത്രം. കഴിഞ്ഞ ദിവസം സ്ഥലം നേരിട്ടു സന്ദര്‍ശിക്കുമ്പോഴും പ്രദേശത്ത തമ്പുകളിലുള്ളവരെ കര്‍ശന പരിശോധനക്കു ശേഷം സേന അകത്തേക്കു വിട്ടുകൊണ്ടിരുന്നത് കണ്ടിരുന്നു. ഹജ്ജിനിടയിലെ ജുമുഅ ദിവസമായിരുന്നതുകൊണ്ടും അതിനുശേഷം രണ്ടാം നാളിലെ കല്ളേറിന്‍െറ സമയം തുടങ്ങുന്നതു കൊണ്ടും എല്ലാം ഭദ്രമാക്കാനുള്ള തീവ്രശ്രമങ്ങളാണ് അധികൃതര്‍ വെള്ളിയാഴ്ച നടത്തിയത്. വിവിധ മുത്വവ്വിഫുമാരെ അതത് നാട്ടുകാര്‍ ജംറകളിലേക്ക് കല്ളേറിനിറങ്ങേണ്ട സമയം ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. പൊലീസുകാര്‍ വഴിയരികിലെല്ലാം ശക്തമായ സ്നേഹശാസനകളോടെ ഹാജിമാരെ നിയന്ത്രിക്കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തി. അതിനിടയിലും സുരക്ഷക്ക് മേല്‍നോട്ടം വഹിച്ച എല്ലാ സേനാമേധാവികളുടെയും സങ്കടം ഒന്നുതന്നെ - ചിട്ടയോടെ എല്ലാം ചെയ്തു വെച്ചിട്ടും ഹാജിമാരില്‍നിന്നു സംഭവിച്ച അശ്രദ്ധ എല്ലാം അസ്ഥാനത്താക്കിയല്ളോ എന്ന്. മിനായിലെ ഹജ്ജ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണസംവിധാനങ്ങളുടെ പഴുതടച്ച പ്രവര്‍ത്തനം വിശദീകരിച്ച ഹാജിമാരുടെ നിരീക്ഷണ, നിയന്ത്രണവിഭാഗം ഉപമേധാവി ഇബ്രാഹീം മുഹമ്മദ് അല്‍ബുശരി ‘ഗള്‍ഫ് മാധ്യമ’ത്തിനു മുന്നില്‍ വിശദീകരിച്ചതും ഇതുതന്നെ. ഏഴായിരം കാമറകള്‍ വെച്ചുള്ള നിരീക്ഷണം, ഒരു ലക്ഷം സൈനികരുടെ സേവനം, വിവിധ ഭാഷകളിലുള്ള ബോധവത്കരണങ്ങള്‍...എല്ലാം ഒരു ചെറുവിഭാഗത്തിന്‍െറ അലംഭാവത്തില്‍ വൃഥാവിലായി.  
ഹൃദയഭേദകമായിരുന്നു മിനാ തമ്പു നഗരിയിലെ പെരുന്നാള്‍ കാഴ്ചകള്‍. സൂഖുല്‍ അറബ്, ജൗഹറ റോഡുകള്‍ കേന്ദ്രീകരിച്ച തമ്പുകളിലും വഴിയോരങ്ങളിലുമൊന്നും വ്യാഴാഴ്ച വൈകുന്നേരം പെരുന്നാള്‍ അവധിയുടെ ആഘോഷങ്ങളോ തീര്‍ഥാടകരുടെയും വളണ്ടിയര്‍മാരുടെയും ആവേശത്തിരക്കുകളോ കണ്ടില്ല. ആംബുലന്‍സുകളും വലിയ കണ്ടെയ്നറുകളും സംഭവസ്ഥലത്തേക്കും തിരിച്ചും തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരിക്കെ വിളര്‍ത്ത നോട്ടത്തോടെ എല്ലാവരും അടക്കം പറഞ്ഞു. ദുരന്തമുണ്ടായ തെരുവിലൂടെ സഞ്ചരിച്ച് ഹജ്ജ് കവര്‍ ചെയ്യാനത്തെിയ ഞങ്ങള്‍ വിദേശ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചുണ്ടില്‍ വിരല്‍വെച്ചു ഒന്നും പറയാനില്ളെന്ന വിസമ്മതത്തിലായിരുന്നു  അറബ് തീര്‍ഥാടകര്‍. സൗദി മാധ്യമങ്ങളും ആഭ്യന്തര സുരക്ഷാവകുപ്പുമൊക്കെ 717ല്‍ മരണനിരക്ക് കുറിക്കുമ്പോഴും രാവിലെ അപകടമുണ്ടായ സ്ഥലത്തുനിന്നു സന്ധ്യാസമയത്തും വലിയ കണ്ടെയ്നറുകളില്‍ മൃതശരീരങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. സംഭവസ്ഥലത്ത് സേവനത്തിനിറങ്ങിയ മലയാളി വളണ്ടിയര്‍മാര്‍ മൃതദേഹങ്ങള്‍ ചികഞ്ഞു ചുമന്നും മരവിച്ച നിലയിലുമായിരുന്നുവെന്ന് സേവനത്തിനുണ്ടായിരുന്ന കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി സി.കെ. ശാക്കിര്‍, തനിമ ജിദ്ദ സൗത് സോണ്‍ സെക്രട്ടറി എ. നജ്മുദ്ദീന്‍ എന്നിവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  
അറഫസംഗമത്തിനും മുസ്ദലിഫയിലേക്കും തിരിച്ചു മിനായിലേക്കുമുള്ള യാത്രക്കു ശേഷം തീര്‍ഥാടകര്‍ക്ക് ഒരൊറ്റ ജംറയില്‍ കല്ളെറിയാനുള്ള അനുഷ്ഠാനം മാത്രമേ ദുല്‍ഹജ്ജ് പത്തിന് അവശേഷിക്കുന്നുള്ളൂ. അതും കഴിഞ്ഞ് ഹറമില്‍ പോയി ത്വവാഫുല്‍ ഇഫാദയും കഴിച്ചാല്‍ മുടിയെടുത്തു ഇഹ്റാം വേഷത്തില്‍ നിന്നൊഴിവാകാം. യാത്രാക്ഷീണം മാറ്റി വൈകി ജംറയിലേക്കിറങ്ങുന്നവരും തിരക്കൊഴിവാക്കാന്‍ പ്രഭാതത്തില്‍ തന്നെ ചടങ്ങിനു പുറപ്പെടുന്നവരുമുണ്ട്. പ്രായമുള്ളവരും കുടുംബം കൂടെയുള്ളവരുമൊക്കെ ഈ നേരമാണ് തെരഞ്ഞെടുക്കാറ്. ഇങ്ങനെ പുറപ്പെട്ടവരാണ് ‘കറുത്ത’ പെരുന്നാള്‍ ദുരന്തത്തില്‍ പെട്ടവരിലേറെയും. കഴിഞ്ഞ ഏതാനും ദിനങ്ങളായി മക്കയില്‍ വെയില്‍ രാവിലെ തന്നെ ചുട്ടുപഴുക്കുന്നുണ്ട്. ജംറയിലേക്കു രാവിലെ യാത്ര പുറപ്പെട്ട വൃദ്ധരും സ്ത്രീകളുമെല്ലാം വഴിയരികില്‍ കിട്ടിയ തണല്‍ച്ചീന്തിനു താഴെ വിശ്രമിക്കുന്നതു കാണാമായിരുന്നു.
മിനായിലെ തമ്പുനഗരിയെ അറഫ, മുസ്ദലിഫ, കല്ളേറിനുള്ള ജംറകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകള്‍ തലങ്ങും വിലങ്ങുമുണ്ട്. ഏതു വഴിയും ജംറകളിലാണ് അവസാനിക്കുന്നത്. ഇങ്ങനെ സൂഖുല്‍ അറബ് ഹൈവേയുടെ പ്രാന്തത്തിലുള്ള 204 ാം നമ്പര്‍ റോഡിലെ 219ാം ക്രോസിലുള്ളവരുടെ മിനാവഴിയിലേക്ക് 223ാം ക്രോസിലുള്ളവര്‍ കൂടി വന്നു ചേരുന്നിടത്താണ് വ്യാഴാഴ്ച വമ്പിച്ച ആള്‍നാശത്തിനിടയാക്കിയ തിരക്കുണ്ടായത്. ആളുകള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ മാനിക്കാതെ വഴിയരികില്‍ കൂടിയിരിക്കുന്നതും കിടക്കുന്നതും പലപ്പോഴും തിരക്കിനിടയാക്കാറുണ്ടെന്നും ഇതുതന്നെയാണ് വ്യാഴാഴ്ച ദുരന്തത്തിനും കാരണമെന്നാണ് സുരക്ഷാവിഭാഗത്തിന്‍െറ വിലയിരുത്തല്‍. നീങ്ങിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന്‍െറ ചലനം പൊടുന്നനെ നിലക്കുകയും അതോടെ സ്ത്രീകളുടെ നിലവിളിയുയരുകയും ആളുകള്‍ പരക്കം പായുകയുമായിരുന്നെന്നും പരിക്കേറ്റ് ആശുപത്രിയിലുള്ള ചിലര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മിനായില്‍ ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയും പറഞ്ഞത് അതുതന്നെ.
അറബ്നാടുകളില്‍ നിന്നുള്ള മുത്വവ്വിഫുമാര്‍ക്ക് കീഴിലുള്ള ഹാജിമാര്‍ താമസിക്കുന്ന തമ്പുകള്‍ക്കിടയിലായിരുന്നു ദുരന്തം. സുഡാന്‍, ഇറാന്‍, അല്‍ജീരിയ, ഇറാഖ്, തുര്‍ക്കി ഹാജിമാര്‍ കൂടുതല്‍ ദുരന്തത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പാസ്പോര്‍ട്ട് വിഭാഗം മരിച്ചവരുടെ രാജ്യം തിരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷം മാത്രമേ ഇതിന്‍െറ ചിത്രം വ്യക്തമാവുകയുള്ളൂ. സൗദിയില്‍നിന്നു ഹജ്ജില്‍ പങ്കെടുക്കുന്നവരും ഈ മുത്വവ്വിഫിനു കീഴിലാണ് വരിക. അപകടത്തില്‍ മരിച്ചെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലയാളികള്‍ ഇങ്ങനെ എത്തിയവരാണ്. ന്യൂ മിനാ ആശുപത്രിയിലേക്കായിരുന്നു ആദ്യമാദ്യം മൃതദേഹങ്ങളത്തെിയത്. പകച്ചു പോയ ആശുപത്രി അധികൃതരെ സഹായിക്കാന്‍ വിവിധ മലയാളിസംഘടനകളുടെ വളണ്ടിയര്‍മാര്‍ സജീവമായി ഇവിടെ രംഗത്തിറങ്ങി. ഇന്ത്യന്‍ മിഷന്‍െറ താമസസ്ഥലത്തിന്‍െറ മറുറോഡിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും മലയാളികളും കൂടുതല്‍ ഉള്‍പ്പെട്ടിരിക്കാമെന്ന ആശങ്കയുണ്ടായെങ്കിലും രണ്ട് മലയാളികള്‍, രണ്ടു തമിഴര്‍, ജമ്മു-കശ്മീര്‍, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് അപകടത്തില്‍പെട്ട ഇന്ത്യക്കാരുടെ കണക്ക്. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലുള്ളവരുടെ യാത്ര മശാഇര്‍ ട്രെയിന്‍ വഴിയായത് വലിയ അനുഗ്രഹമായി. മാത്രമല്ല, ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും  മലയാളി സന്നദ്ധപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ബോധവത്കരണത്തിനും  ഇന്ത്യന്‍ ഹാജിമാരുടെ കൈപിടിക്കാനും സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്.
ഹജ്ജിലെ ദുരന്തങ്ങള്‍ എന്നും ഒരേ കാരണംമൂലമാണ് ആവര്‍ത്തിക്കപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് മശാഇര്‍ ട്രെയിന്‍ യാത്രയില്‍ ചില്ലറ പ്രശ്നങ്ങളുണ്ടായി. അവിടെയും നിയമലംഘനമായിരുന്നു വില്ലന്‍. ആഭ്യന്തരഹാജിമാര്‍ക്ക് അനുമതി പത്രമില്ലാത്ത ഹജ്ജ് അധികൃതര്‍ അനുവദിക്കുന്നില്ല. ഇതു സംബന്ധിച്ച് പ്രവാസികള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുന്നുണ്ട്. അനുമതി വഴി വരുന്നവര്‍ക്കുള്ള ഹജ്ജിനുള്ള സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. അല്ലാതെ അധികൃതരുടെ കാര്‍ക്കശ്യത്തിനിടയിലും കണ്ണുവെട്ടിച്ചത്തെുന്നവര്‍ക്ക് തമ്പില്ലാത്തതിനാല്‍ വഴിയോരങ്ങള്‍ അവര്‍ കൈയടക്കുന്നു. ഇതുണ്ടാക്കുന്ന അപായസാധ്യതയൊന്നും ‘വല്ലതും കൊടുത്ത്’ ഹജ്ജിനത്തെുന്നവരെ അലട്ടാറില്ല. ഇത് ഏതു തരം ഹജ്ജാണെന്നും അവര്‍ക്കു തന്നെയും തിട്ടമില്ല. ഇവിടം തൊട്ടു തുടങ്ങുന്ന നിയമ, നിര്‍ദേശലംഘനങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. ഈ വര്‍ഷത്തെ ഹജ്ജ് തീരുന്നതിന്‍െറ തൊട്ടടുത്ത നാളുകളില്‍ തന്നെ സൗദി ഭരണകൂടം അടുത്ത വര്‍ഷത്തെ ഹജ്ജിന് ഒരുക്കം തുടങ്ങുന്നു. കിസ്വ ഫാക്ടറിയിലെ ജീവനക്കാര്‍ അടുത്ത കിസ്വയുടെ പണി എന്നേ തുടങ്ങിക്കഴിഞ്ഞു.
എന്നാല്‍, ഈ മുന്നൊരുക്കങ്ങളെല്ലാം തകര്‍ക്കാന്‍ ചെറിയൊരിട മതിയെന്ന് തെര്യപ്പെടുത്തുന്നു ഇത്തരം ദുരന്തങ്ങള്‍. ഹജ്ജിനു വരുന്നവരും ഹാജിമാരെ കൊണ്ടുവരുന്നവരും ഹജ്ജിന്‍െറ ചൈതന്യം അതിന്‍െറ കര്‍മങ്ങളില്‍കൂടി പകര്‍ത്തിയാല്‍ തീരാവുന്നതാണ് പ്രശ്നം. സമാധാനപൂര്‍ണമായ ഹജ്ജ് ഓരോ ഹാജിയുടെ കൂടി ഉത്തരവാദിത്തമാണ്. എന്നാല്‍, അത് ബോധ്യപ്പെടുത്തേണ്ടത് ദുരന്തങ്ങളാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.