ദുരന്തം വന്ന വഴി

2006നുശേഷം  കാര്യമായ അപകടങ്ങളില്ലാതെ സുഗമമായനിലയില്‍ ഹജ്ജ് പര്യവസാനിക്കാറായിരുന്നു പതിവ്. അതിനര്‍ഥം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തികഞ്ഞ ജാഗ്രത ഭരണകൂടം കാണിക്കുന്നുണ്ടെന്നാണ്. ഒരുലക്ഷം സമര്‍ഥരായ യുവാക്കളാണ്, പ്രത്യേക നിര്‍ദേശമനുസരിച്ച് ഹജ്ജിന്‍െറ വിജയത്തിന് അക്ഷീണം സുരക്ഷാച്ചുമതല വഹിച്ചുകൊണ്ടിരിക്കുന്നത്. നിയമം ലംഘിക്കാന്‍ അവര്‍ ഒരിക്കലും സമ്മതിക്കില്ല. ചില തീര്‍ഥാടകര്‍ ക്ഷോഭിച്ചാല്‍പോലും കൈയില്‍ ഒരു ലാത്തിപോലുമില്ലാതെ സൗമ്യരായി അവര്‍ ചുമതല നിര്‍വഹിക്കുന്നത് കാണാം.
മഹാനായ പ്രവാചകന്‍ ഇബ്രാഹീം, ദൈവത്തിന്‍െറ തൃപ്തി കരസ്ഥമാക്കാന്‍ പുത്രന്‍ ഇസ്മാഈലിനെ ബലിയര്‍പ്പിക്കാന്‍ മിനായിലേക്കാണ് കൊണ്ടുപോയത്. ആ കര്‍മത്തില്‍നിന്ന് പ്രവാചകനെ പിന്തിരിപ്പിക്കാന്‍ ചെകുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങില്ളെന്ന് പ്രഖ്യാപിച്ച് ഇബ്രാഹീം കല്ലുകളെടുത്ത് പിശാചിനെ എറിഞ്ഞോടിച്ചു എന്ന് ചരിത്രം. ആ ചരിത്രത്തെ പ്രയോഗവത്കരിച്ചാണ് തങ്ങളുടെ ജീവിതത്തിലെ സകലവിധ പൈശാചികതകള്‍ക്കുമെതിരെ ഇന്നും തീര്‍ഥാടകര്‍ മിനായില്‍വെച്ച് ചെകുത്താനെ കല്ളെറിയുന്ന കര്‍മം നടത്തുന്നത്.

ഇബ്രാഹീം നബി, പുത്രനെ ബലിയറുക്കാന്‍ കിടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മലയില്‍ പില്‍ക്കാലത്ത് നാട്ടപ്പെട്ട സ്തൂപം ഇപ്പോഴും മിനായില്‍ കാണാം. ദുല്‍ഹജ്ജ് 10ന് ജംറതുല്‍ അഖബ എന്ന സ്ഥലത്ത് മാത്രമാണ് കല്ളെറിയേണ്ടത്. അടുത്തദിവസങ്ങളില്‍ തൊട്ടടുത്ത രണ്ടു ജംറകളായ ജംറതുല്‍ ഊലാ, ജംറതുല്‍ വുസ്ത്വാ എന്നിവയില്‍ക്കൂടി അവര്‍ ഏഴുവീതം കല്ളെറിയുമ്പോഴും ജീവിതത്തിലെ മുഴുവന്‍ പൈശാചിക പ്രവൃത്തികള്‍ക്കുമെതിരിലെ കല്ളേറാണ് അവര്‍ നടത്തുന്നത്. ഒരേ നിരയിലാണ് മൂന്നു ജംറകളുമുള്ളത്. പണ്ടുകാലത്ത് കുത്തനെ സ്ഥാപിക്കപ്പെട്ട തൂണുകളായിരുന്നു ജംറകള്‍. എന്നാല്‍, കൂടുതല്‍പേര്‍ക്ക് ഒരേസമയം ആ കര്‍മം ചെയ്യാന്‍വേണ്ടി നീണ്ട ഫലകമായാണ് പുതിയവ പണികഴിപ്പിക്കപ്പെട്ടത്.



കടലമണിപോലുള്ള കൊച്ചു കല്ലുകളാണ് ജംറയില്‍ എറിയാന്‍ തീര്‍ഥാടകര്‍ ഉപയോഗിക്കുക. ഫലകത്തിന്‍െറ നാലു ഭാഗങ്ങളില്‍നിന്ന് അതിലേക്കെറിയാന്‍ കഴിയുന്നതാണ് ഇപ്പോഴത്തെ സംവിധാനം. ഒരുഭാഗത്തുകൂടി പ്രവേശം, മറുഭാഗത്തുകൂടി മടങ്ങിപ്പോവുക. ഇതാണ് ആ കര്‍മം നിര്‍വഹിക്കാന്‍വേണ്ടിവരുന്ന വഴിയുടെ രീതി. അഞ്ചു നിലകളില്‍നിന്നുമായി ഇക്കാര്യം നിര്‍വഹിക്കാന്‍ സംവിധാനവുമുണ്ട്. അത്യാവശ്യഘട്ടത്തില്‍ കൊച്ചുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍വരെ അതിന് മുകളില്‍ സൗകര്യമുണ്ട്. ഉള്‍ഭാഗം ശീതീകരിക്കപ്പെട്ടിരിക്കുന്നു. പുറമേ വെള്ളം പുറത്തേക്ക് തെറുപ്പിക്കുംവിധമുള്ള വലിയ ഫാനുകളും ശീതീകരണത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഹാജിമാര്‍ വരുകയും പോവുകയും ചെയ്യേണ്ട വഴി സൂചിപ്പിക്കുന്ന നിരവധി ചൂണ്ടുപലകകള്‍ അവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേയാണ് രാപ്പകല്‍ ആയിരക്കണക്കിന് സുരക്ഷാഭടന്മാരുടെ സേവനവും. 2010 മുതല്‍ ട്രെയിന്‍മാര്‍ഗവും മിനായിലെ തമ്പില്‍നിന്ന് കല്ളേറ് നടത്താന്‍ വരാവുന്ന സൗകര്യമുണ്ട്.
 റെയില്‍വേ സ്റ്റേഷന്‍, ജംറയുടെ നാലാംനിലയിലെ പാലവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതിനാല്‍, ട്രെയിനിറങ്ങി പാലത്തിലൂടെവന്ന് കല്ളേറ് നടത്തി മറുഭാഗത്തുകൂടി സ്റ്റേഷനിലേക്കുതന്നെ വന്നുകയറാവുന്ന നൂതനസംവിധാനമാണ് നിലവിലുള്ളത്.
വ്യാഴാഴ്ചത്തെ അപകടം കല്ളേറ് കര്‍മം നടക്കുന്ന സ്ഥലത്തുനിന്ന് ഉദ്ദേശം രണ്ടു കി.മീറ്റര്‍ അകലെ മിനായിലെതന്നെ തമ്പുകള്‍ സ്ഥിതിചെയ്യുന്ന റോഡുകള്‍ സംഗമിക്കുന്ന ഭാഗത്താണ്. കടുത്ത ചൂടുകാരണം, അറഫദിവസം ഏറെ ക്ഷീണിച്ച പ്രായമായ തീര്‍ഥാടകര്‍ കൂട്ടത്തോടെ അല്‍പനേരം ഈ ഭാഗത്ത് വിശ്രമിക്കാന്‍ കൂട്ടംകൂടിയിരിക്കണം. പിന്നീട് അതേവഴി ഒരു പ്രവാഹംകണക്കെ ധിറുതിയില്‍വന്ന സംഘങ്ങള്‍ അവര്‍ക്കുമേല്‍ മുഖംകുത്തി വീണതായിരിക്കും അപകടകാരണം.
എങ്കിലും, 700ലേറെ പേര്‍ എങ്ങനെ മരിച്ചു എന്നതിന്‍െറ ചിത്രം ഇനിയും തെളിഞ്ഞിട്ടുവേണം. തീര്‍ഥാടകര്‍ അവര്‍ക്ക് നല്‍കുന്ന ബോധവത്കരണങ്ങള്‍ കൃത്യമായി പാലിക്കുകയെന്നതാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള വഴി. ഒപ്പം, കാലാനുസൃതമായ പരിഷ്കാരങ്ങള്‍, തികവാര്‍ന്നരൂപത്തില്‍ ഇനിയും നടത്തുമെന്ന രാജാവിന്‍െറ പ്രഖ്യാപനവും സമാധാനപൂര്‍ണമായ ഹജ്ജിന്‍െറ സൂചനയാവട്ടെ എന്നും പ്രാര്‍ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.