ഡിഫ്തീരിയ മരണങ്ങളും വാക്സിനേഷനും

വാക്സിന്‍കൊണ്ട് തടയാമായിരുന്ന ഡിഫ്തീരിയ ബാധിച്ച് കേരളത്തില്‍ ഒരിക്കല്‍കൂടി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.  നാം അഭിമാനിച്ചിരുന്ന ലോകനിലവാരമൊക്കെ എവിടെപ്പോയി? കഴിഞ്ഞ ഏതാനും വര്‍ഷത്തെ അനുഭവമാണ് വാക്സിന്‍ പ്രതിരോധവും അല്ലാത്തവയുമായ പല രോഗങ്ങളുടെയും തിരിച്ചുവരവ്. ഒരുവശത്ത് തീരെ വിലകുറഞ്ഞതും സര്‍ക്കാര്‍ വിലയില്ലാതെ നല്‍കുന്നതുമായ വാക്സിനുകള്‍വഴി നിസ്സാരമായി തടയാവുന്ന രോഗങ്ങള്‍ പുനരാവിര്‍ഭവിക്കുകയും മരണംപോലും സംഭവിക്കുകയും ചെയ്യുന്നു. മറുവശത്ത് പാരിസ്ഥിതികത്തകര്‍ച്ചയുടെ പ്രതിഫലനമെന്നോണം വാഹകരോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും ചികുന്‍ഗുനിയയുമൊക്കെ തിരിച്ചത്തെുന്നു. പൊതുജനാരോഗ്യ സംവിധാനത്തിന്‍െറ തികഞ്ഞ പരാജയമായെ ഇതിനെയൊക്കെ കാണാനാവൂ. പൊതുജനാരോഗ്യമെന്നത് മഴക്കാലപൂര്‍വ ശുചീകരണത്തിലും  ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പിലുമൊക്കെയായി ഒതുങ്ങിയിരിക്കുന്നു. സ്വകാര്യവും അല്ലാത്തതുമായ മുപ്പതിലേറെ മെഡിക്കല്‍ കോളജുകളും  ആഗോളതലത്തില്‍തന്നെ പ്രശസ്തിയാര്‍ജിച്ച അച്യുതമേനോന്‍ സെന്‍റര്‍, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിപോലെയുമുള്ള ഗവേഷണസ്ഥാപനങ്ങളുമൊക്കെയുള്ള സംസ്ഥാനത്തിന്‍െറ സ്ഥിതിയാണിത്.   

1983-84 കാലത്താണ് ഞാനൊരു ഡിഫ്തീരിയ രോഗിയെ അവസാനമായി കാണുന്നത്. ഞാന്‍ സ്വയം പ്രാക്ടിസ് ചെയ്യാന്‍ ആരംഭിച്ചതിന്‍െറ ആദ്യവര്‍ഷങ്ങളിലൊക്കെ ടെറ്റനസും വില്ലന്‍ചുമയുമൊക്കെ സാധാരണം. മരണത്തിനും അംഗവൈകല്യങ്ങള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ല. ആശുപത്രികളില്‍ ഈ വിഭാഗങ്ങള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍. നിരന്തരമെന്നോണം ആശുപത്രികളിലത്തെുന്ന ഇത്തരം രോഗികള്‍ ഭാഗ്യംപോലെ തിരിച്ചുപോയെന്നിരിക്കും. അല്ളെങ്കില്‍, മരണത്തിന് കീഴടങ്ങും. 19ാം നൂറ്റാണ്ടിലൊക്കെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയായിരുന്നു സ്ഥിതി. 19ാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെയാണ് ഡിഫ്തീരിയക്കെതിരായ പ്രതിസിറം ( ആന്‍റിസിറം) വികസിപ്പിക്കുന്നത്. താമസിയാതെ ഇതിനെ ആധാരമാക്കി പ്രതിരോധ വാക്സിനുകളും നിലവില്‍വന്നു. അധികംവൈകാതെ, മാരകരോഗങ്ങളായ വില്ലന്‍ചുമക്കും ടെറ്റനസിനുമെതിരായുള്ളവയും ആവിഷ്കൃതമായി. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ട്രിപ്ള്‍ വാക്സിന്‍ എന്നു നാം വിളിക്കാറുള്ള  ഡി.പി.ടി നിലവില്‍വന്നത് തൊള്ളായിരത്തി നാല്‍പതുകളോടെയാണ്. ഇക്കാലത്തുതന്നെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇത് വ്യാപക ഉപയോഗത്തിലാവുകയും അദ്ഭുതാവഹമായ ഫലം കുട്ടികളുടെ ആരോഗ്യത്തിലും ആയുസ്സിലും പ്രദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍, ഇതൊക്കെ നമ്മുടേതുപോലുള്ള രാജ്യങ്ങളിലത്തൊന്‍ പിന്നെയും സമയമെടുത്തു. 1977ല്‍ വസൂരിനിര്‍മാര്‍ജനം പൂര്‍ത്തീകരിച്ച ആവേശത്തില്‍ ലോകാരോഗ്യസംഘടന മൂന്നാംലോക രാജ്യങ്ങളിലെ കുട്ടികള്‍ക്കായി സാര്‍വത്രിക വാക്സിന്‍ പരിപാടി ആവിഷ്കരിക്കുകയും ഇന്ത്യയും അതില്‍ ഭാഗഭാക്കാകുകയും ചെയ്തു. വാക്സിന്‍െറ ഗുണവും അനിവാര്യതയും അന്ന് ബോധ്യപ്പെടുത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല.  

ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. വാക്സിനുകളോടുള്ള വിയോജിപ്പും അതിനെ അവമതിക്കാനുള്ള ശ്രമങ്ങളും വാക്സിനുകളോളംതന്നെ പഴക്കമുണ്ടെന്ന്  പറയാം. ശാസ്ത്രത്തിന്‍െറയും സാങ്കേതികവിദ്യയുടെയും പരിമിതികള്‍മൂലം പലതരം അപകടങ്ങള്‍ക്കും വാക്സിനുകള്‍ കാരണമായിട്ടുണ്ട് എന്നതുകൊണ്ട് ഈ ഭയവും വിയോജിപ്പും തികച്ചും അസ്ഥാനത്താണെന്നും പറയാനാവില്ല. പ്രശ്നസങ്കീര്‍ണമായ വസൂരി വാക്സിന്‍ ഉപയോഗിച്ചാണ് നാം ആ രോഗത്തെ കീഴ്പ്പെടുത്തിയത്. ഒരാള്‍ വാക്സിന്‍െറ പാര്‍ശ്വഫലങ്ങള്‍ക്ക് കീഴടങ്ങുമ്പോള്‍ അനേകായിരങ്ങള്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുന്നുമുണ്ട്.  

തീവ്രമായ വാക്സിന്‍വിരുദ്ധ പ്രചാരണങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ വില്ലന്‍ചുമ വാക്സിനായിരുന്നു വാക്സിന്‍വിരുദ്ധരുടെ ആക്രമണങ്ങള്‍ക്ക് ശരവ്യമായത്. വാക്സിനെടുക്കാന്‍ തുടങ്ങുന്ന ശൈശവത്തില്‍തന്നെ ആരംഭിക്കാനിടയുള്ള അഥവാ പ്രകടമാകാനിടയുള്ള ജനിതകരോഗങ്ങളെയെല്ലാം അണിനിരത്തി അവയെല്ലാം വാക്സിന്‍മൂലമുണ്ടായതാണെന്ന് പറഞ്ഞ് വിഷയം കോടതിവരെയത്തെി. അതോടെ, അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലുമൊക്കെ വാക്സിന്‍ സ്വീകാര്യത കൂപ്പുകുത്തി. നിരവധി കുട്ടികള്‍ മരിച്ചുവീണു.  വിഷയത്തില്‍ ശാശ്വതപരിഹാരത്തിനായി ഈ രാജ്യങ്ങള്‍ കൈക്കൊണ്ടത് അത്ര ശാസ്ത്രീയമെന്ന് വിശേഷിപ്പിക്കാനാവാത്ത ഒരു മാര്‍ഗമായിരുന്നു.  അധികവും ദോഷഫലങ്ങള്‍ കുറഞ്ഞ എന്നാല്‍, ഫലപ്രാപ്തിയും കുറഞ്ഞ വില്ലന്‍ചുമക്കെതിരായുള്ള ഘടകവാക്സിനുകള്‍ ആവിഷ്കരിക്കുക എന്നതായിരുന്നു ഇത്. വിമര്‍ശങ്ങളും കോടതി വ്യവഹാരങ്ങളുംവഴി ഉല്‍പാദനരംഗം വിട്ട വാക്സിന്‍ നിര്‍മാതാക്കളെ അതില്‍ പിടിച്ചുനിര്‍ത്താനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും ഒരു പരിധിവരെ സഹായിച്ചു എങ്കിലും പലരും പ്രകടിപ്പിച്ച ഉത്കണ്ഠകള്‍ അസ്ഥാനത്തായിരുന്നില്ല.

ഇനി മറ്റൊരു സംഭവം പറയാം.  ബ്രിട്ടനിലെ റോയല്‍ഫ്രീ ഹോസ്പിറ്റലില്‍ സര്‍ജനായിരുന്ന ആന്‍ഡ്രു വേക്ഫീല്‍ഡ് എം.എം.ആര്‍ വാക്സിനിലുള്ള അഞ്ചാംപനി ഘടകങ്ങളാണ് ഓട്ടിസമെന്ന മസ്തിഷ്ക രോഗമുണ്ടാക്കുന്നതെന്ന ‘സിദ്ധാന്ത’വുമായി 1998ല്‍ രംഗപ്രവേശം ചെയ്തു. വ്യക്തമായ കാരണങ്ങള്‍ ഇനിയും കണ്ടത്തെിയിട്ടില്ലാത്ത ഒന്നാണ് ഈ രോഗം. ജനിതക കാരണങ്ങളാകാമെന്ന് പറയുന്നു. ഓട്ടിസം ബാധിച്ചവരുടെ കേസ് വാദിച്ചിരുന്ന റിചാര്‍ഡ് ബാര്‍ എന്ന അഭിഭാഷകനും അദ്ദേഹത്തിന്‍െറ സ്ഥാപനവും എം.എം.ആര്‍ പഠനത്തിനായി ബ്രിട്ടനിലെ ലീഗല്‍ സര്‍വിസ് കമീഷനെ സമീപിക്കുകയും അവര്‍ മൂന്നു കോടി  ഡോളര്‍ ഇതിനായി അനുവദിക്കുകയും ചെയ്തു. ഇതില്‍ രണ്ടു കോടി കമ്പനി സ്വന്തമാക്കി. ബാക്കി ‘ഗവേഷകര്‍ക്കായി ’ വീതിച്ചുകൊടുത്തു. അങ്ങനെ എട്ടുലക്ഷം ഡോളര്‍ കരസ്ഥമാക്കിയ വേക്ഫീല്‍ഡിന് ഓട്ടിസത്തിന്‍െറ കാരണം കണ്ടത്തൊന്‍ പ്രയാസമുണ്ടായില്ല. ചുറ്റു വട്ടത്തുള്ള ലബോറട്ടറികളെയും ഗവേഷകരെയുമൊക്കെ കൂട്ടിച്ചേര്‍ത്ത് എല്ലാ നൈതിക മൂല്യങ്ങളെയും തൂത്തെറിഞ്ഞ് കുട്ടികളില്‍ അനാവശ്യവും അപകടകരവുമായ പരിശോധനകള്‍ നടത്തി ഗവേഷണപ്രബന്ധം തയാറാക്കി. പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റ് ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓട്ടിസത്തിന്‍െറ കാരണം തേടിയവര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ എന്ന അവസ്ഥയായി!  

പക്ഷേ, വേക്ഫീല്‍ഡിന്‍െറ ഈ ആനന്ദാതിരേകം അധികം നീണ്ടുനിന്നില്ല. സണ്‍ഡേ ടൈംസില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രയാന്‍ ഡിയര്‍ എന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍െറ അന്വേഷണങ്ങള്‍ കള്ളികളെല്ലാം വെളിച്ചത്തുകൊണ്ടുവന്നു. മുന്‍കൂട്ടി നിശ്ചയിച്ച ഫലം കണ്ടത്തൊന്‍ വേണ്ടി നടത്തിയ കൂലി ഗവേഷണത്തിന്‍െറയും മറ്റു നിരവധി നിക്ഷിപ്ത താല്‍പര്യങ്ങളുടെയും വിവരങ്ങള്‍ ഓരോന്നായി വെളിവായി.  കാര്യങ്ങളെല്ലാം വെളിവായതോടെ ബ്രിട്ടനിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍നിന്ന്  വേക്ഫീല്‍ഡിന്‍െറ പേര് വെട്ടിമാറ്റപ്പെട്ടു.

ഈ വിഷയം ഇത്രയും വിശദമായി പ്രതിപാദിച്ചത് ഇന്നും നമ്മുടെ നാട്ടിലെ പല ഡോക്ടര്‍മാരും ശാസ്ത്രലേഖകരുമെല്ലാം ഇതൊക്കെ ആവര്‍ത്തിച്ചതുകൊണ്ടാണ്. ഇല്ലാത്ത വസ്തുതകളെ മുന്‍നിര്‍ത്തി നടത്തുന്ന അപവാദ വ്യവസായം കേരളത്തിലും ചില മാധ്യമങ്ങളുടെ റേറ്റിങ് കൂട്ടുന്നുണ്ടാകണം. ഈ ആരോപണങ്ങള്‍ വഴിയും അതിനുകിട്ടുന്ന പ്രചാരണങ്ങള്‍വഴിയും സാധാരണക്കാരായ ഒട്ടേറെപ്പേര്‍ ആശയക്കുഴപ്പത്തിലാവുകയും വാക്സിനില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.  വാക്സിനുകള്‍ എന്തോ കുഴപ്പംപിടിച്ചതാണ്. വെറുതെ അതൊക്കെയെടുത്ത് പൊല്ലാപ്പുകള്‍ വരുത്തിവെക്കേണ്ട എന്നു തീരുമാനിച്ചാല്‍ അവരെ കുറ്റം പറയാനാകില്ലല്ളോ.

വാക്സിന്‍കൊണ്ട് തടയാവുന്ന രോഗങ്ങളില്‍ പലതും തടയാനെ കഴിയൂ, ചികിത്സിച്ചു മാറ്റാനാവില്ല അല്ളെങ്കില്‍, എളുപ്പമല്ല. വാക്സിന്‍ പരിപാടി പരാജയപ്പെട്ടിടത്തെ ദുരന്താനുഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ അനവധിയാണ്. തൊണ്ണൂറുകളില്‍, സോവിയറ്റ് യൂനിയന്‍െറ ഭാഗമായിരുന്ന പല റിപ്പബ്ളിക്കുകളിലും വാക്സിന്‍ നിര്‍ത്തിയതിന്‍െറ  ഭാഗമായുണ്ടായ ഡിഫ്തീരിയബാധ മൂലം ലക്ഷക്കണക്കിന് പേര്‍ക്ക് രോഗികളാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. ആന്‍ഡ്രു വേക്ഫീല്‍ഡിന്‍െറ ‘പഠനഫലങ്ങളെ’ തുടര്‍ന്ന് ബ്രിട്ടനിലും വാക്സിന്‍ സ്വീകാര്യത നിലംതൊടുകയും ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി അവിടെ അഞ്ചാംപനി മരണമുണ്ടാവുകയും ചെയ്തു. ഡിഫ്തീരിയയുടെ അണുക്കള്‍  എവിടെയും എല്ലായ്പ്പോഴുമുണ്ടായിരിക്കും. മിക്കവരുടെയും തൊണ്ടയില്‍  ഇതു കാണാം. അനുകൂല സാഹചര്യങ്ങളില്‍ അവ രോഗമുണ്ടാക്കാം. ഇതിന്‍െറ അണുക്കള്‍ സൃഷ്ടിക്കുന്ന വിഷപദാര്‍ഥങ്ങള്‍ നാഡീകോശങ്ങളേയും ഹൃദയകോശങ്ങളേയുമൊക്കെ ബാധിച്ചാണ് അപകടമുണ്ടാവുന്നത്. വിഷാംശങ്ങള്‍ ഈ കോശങ്ങളുമായി ബന്ധിച്ചാല്‍ ഒൗഷധപ്രയോഗമെല്ലാം ഫലിച്ചെന്നുവരില്ല. പിന്നെ രോഗം ചുരുക്കമായതുകൊണ്ട് ഈ ഒൗഷധത്തിന്‍െറ ലഭ്യതയും പ്രശ്നമാണ്. ഇതൊക്കെ രോഗം ബാധിച്ചവരുടെ മരണത്തിലേക്കാണ് അനിവാര്യമായും ചെന്നത്തെുക. ഇതുപോലെതന്നെയാണ് ടെറ്റനസ് രോഗവും.

  കേരളത്തില്‍ 2011ല്‍ നിലവില്‍വന്ന പെന്‍റാവാലന്‍റ് വാക്സിനെ കുറിച്ച് വലിയ വിമര്‍ശമുണ്ടായിരുന്നു. ഏറെനാളായി മറ്റു രാജ്യങ്ങളിലും ഇന്ത്യയില്‍തന്നെ സ്വകാര്യമേഖലയിലും വ്യാപകമായ ഉപയോഗാനുഭവംകൊണ്ട് സുരക്ഷിതമെന്ന് തെളിഞ്ഞ ഈ വാക്സിന്‍ ഇന്ത്യയില്‍ രോഗാവസ്ഥ സംബന്ധിച്ചുള്ള പഠനങ്ങളുടെ പിന്‍ബലത്തില്‍ വാക്സിന്‍ സംബന്ധിച്ചുള്ള സങ്കേതിക ഉപദേശകസമിതിയുടെ നിര്‍ദേശപ്രകാരമാണ് കേരളത്തിലും തമിഴ്നാട്ടിലും ആദ്യമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നടപ്പാക്കാനാരംഭിച്ച് ഏതാനും ദിവസത്തിനകംതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. വാക്സിന്‍ ലഭിച്ച കുട്ടികള്‍ മരിച്ചുവെന്നുവരെ ആരോപണമുണ്ടായി. അതൊന്നും വാസ്തവമല്ളെന്ന് പിന്നീട് തെളിഞ്ഞു.

കേരളത്തില്‍ റൂബല്ല വാക്സിന്‍ നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ അതും വിവാദമായി.  അമ്മയാകാന്‍ പോകുന്ന ഏതൊരു സ്ത്രീയെയും ഉത്കണ്ഠപ്പെടുത്തുന്ന ഒന്നായിരിക്കും  കുഞ്ഞിന്‍െറ ആരോഗ്യവും ആയുസ്സും. പ്രമേഹവും രക്താതിസമ്മര്‍ദവുമൊക്കെ നേരത്തേ കണ്ടത്തെി ചികിത്സിക്കുക, ഗര്‍ഭിണികളില്‍ അതീവ ഗുരുതരമാകാനിടയുള്ള സാംക്രമിക രോഗങ്ങളായ ഇന്‍ഫ്ളുവന്‍സും മഞ്ഞപ്പിത്തവുമൊക്കെ എതിരായി വാക്സിനെടുക്കുക, നവജാതശിശു രോഗബാധയുണ്ടാകാതിരിക്കാനുള്ള ടെറ്റനസ് വാക്സിന്‍ എടുക്കുക തുടങ്ങി ഒട്ടേറെ മുന്‍കരുതലുകള്‍ ഗര്‍ഭകാലത്ത് എടുക്കാറുണ്ട്.  ഉത്തരവാദിത്തബോധമുള്ള ഡോക്ടര്‍മാര്‍ വിശേഷിച്ചും സ്ത്രീരോഗ സ്പെഷലിസ്റ്റുകള്‍ നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്യും. ഗര്‍ഭസ്ഥശിശുവിന്‍െറ അന്ധതയും ബധിരതയും  ബുദ്ധിമാന്ദ്യവും ഹൃദ്രോഗങ്ങളുമുണ്ടാക്കാന്‍പോന്ന മറ്റൊന്നാണ് റൂബല്ല. ഗര്‍ഭാവസ്ഥയില്‍ ഈ രോഗംവന്നാല്‍ ശിശുവിനുണ്ടാകാനിടയുള്ള കംജനിറ്റല്‍ റൂബല്ല സിന്‍ഡ്രോമിന്‍െറ ലക്ഷണങ്ങളാണിവ. ഈ വാക്സിന്‍ പക്ഷേ, നേരത്തേ എടുക്കണം. ഗര്‍ഭിണികള്‍ക്ക് ഇതെടുക്കാനാവില്ല അങ്ങനെ എടുക്കുന്നതുകൊണ്ട് പ്രയോജനവുമില്ല. അപ്പോള്‍ അതെടുക്കേണ്ടത് കൗമാരപ്രായത്തിലാണ്.

ഇന്ന് നമുക്കാവശ്യം വാക്സിനുകളിലൂടെയും മറ്റും തടയാവുന്ന രോഗങ്ങളെ അങ്ങനെതന്നെ പ്രതിരോധിക്കുക എന്നതാണ്. അതില്‍ ശാസ്ത്രത്തിന്‍െറ പിന്‍ബലത്തോടെയുള്ള പ്രചാരണങ്ങള്‍മാത്രം അവലംബിക്കുക. ജനങ്ങളില്‍ സംശയത്തിന്‍െറ വിത്തുപാകുന്ന എഴുത്തിനും പ്രസംഗങ്ങള്‍ക്കും ചാനല്‍ചര്‍ച്ചകള്‍ക്കും തല്‍ക്കാലം വിടനല്‍കുക.  

(ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍െറ കേരളഘടകം മുന്‍ പ്രസിഡന്‍റാണ് ലേഖകന്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.