ബിഹാറിലെ മഹാമനസ്കര്‍

ബിഹാറില്‍ ബി.ജെ.പിവിരുദ്ധ ‘മതേതര’ പാര്‍ട്ടികളുടെ വിശാലമനസ്കത കണ്ട് അമ്പരന്നു നില്‍ക്കുകയാണ് ജനം. സോഷ്യലിസ്റ്റ് മണ്ണില്‍നിന്ന് നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കെട്ടുകെട്ടിക്കാന്‍ ഇക്കുറി ഒന്നിച്ചു പോരാടുമെന്നായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പത്തെ വീമ്പുപറച്ചില്‍. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യം ഉണ്ടാക്കിയാലെന്നപോലെ ലാലുപ്രസാദും നിതീഷ്കുമാറും തോളില്‍ കൈയിട്ടു ചിരിച്ചു. ജനതാ പരിവാര്‍ പാര്‍ട്ടികളും കോണ്‍ഗ്രസും ഇടതും ന്യൂനപക്ഷങ്ങളും പിന്നാക്ക^ദുര്‍ബല വിഭാഗങ്ങളുമെല്ലാം ഒത്തുപിടിക്കാന്‍ പോകുന്നുവെന്ന തോന്നലാണ് ഉണ്ടായിപ്പോയത്.

എവിടെയും ദുരൂഹമായ പാരപ്രയോഗം നടത്താറുള്ള മുലായംസിങ് പതിവു തെറ്റിച്ചില്ല. ജനതാപരിവാര്‍ പാര്‍ട്ടികളെ മുന്നില്‍നിന്ന് നയിക്കാന്‍ തെരഞ്ഞെടുത്ത നേതാവാണ് മുലായം. തന്നെ അപമാനിക്കുന്ന വിധം രണ്ടോ മൂന്നോ സീറ്റു മാത്രം നല്‍കിയതില്‍ രോഷം പ്രകടിപ്പിച്ച് നിതീഷിനോടും ബന്ധുവായ ലാലുവിനോടും ഉടക്കി, ജനതാപരിവാറിന്‍െറ ബിഹാര്‍ ദൗത്യത്തോട് മുലായം സലാം പറഞ്ഞു. സീറ്റും പരിഗണനയും കുറഞ്ഞുപോയതില്‍ പ്രതിഷേധിച്ച ശരദ്പവാറിനെയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പവാര്‍ പുറത്താക്കിയ പി.എ. സാങ്മയെയും മറ്റും കൂട്ടുപിടിച്ച് ‘മൂന്നാം മുന്നണി’ ഉണ്ടാക്കി. അതുകൊണ്ട് ഒരു ഗുണമുണ്ട് ^^ഒറ്റ സീറ്റില്‍പോലും ജയിക്കാനിടയില്ളെങ്കിലും എല്ലാ സീറ്റിലും മത്സരിക്കാം.

ബി.ജെ.പിവിരുദ്ധ മതനിരപേക്ഷ ചേരി ഒന്നിച്ചുനിന്ന് വര്‍ഗീയതക്കെതിരെ പോരാട്ടം നടത്തണമെന്ന് അടിക്കടി ആഹ്വാനം ചെയ്യുന്ന അതിവിശാലമനസ്കരാണ് ഇടതുപാര്‍ട്ടികള്‍. ആറ് ഇടതുപാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി വേറിട്ടു മത്സരിക്കാനുള്ള തീരുമാനത്തിലേക്കാണ് അവര്‍ ഇക്കുറി എത്തിച്ചേര്‍ന്നത്. ലാലു^നിതീഷ്^കോണ്‍ഗ്രസ് സഖ്യത്തില്‍നിന്നാല്‍ വേണ്ടത്ര സീറ്റു കിട്ടില്ളെന്ന് അവര്‍ മുമ്പേ കണ്ടു. ഇടതുസഖ്യത്തിലെ ആറു പാര്‍ട്ടികള്‍ക്കുംകൂടി ബിഹാറിലുള്ളത് സി.പി.ഐയുടെ ഒറ്റ എം.എല്‍.എയാണ്. ചെകുത്താനെ കൂട്ടുപിടിച്ചിട്ടായാലും ബി.ജെ.പിയെ നഖശിഖാന്തം എതിര്‍ക്കണമെന്ന താല്‍പര്യക്കാരനായ ഹൈദരാബാദിലെ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി 24 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാനെടുത്ത തീരുമാനം, അതു വേറെ. സീറ്റു പങ്കിടുകയോ, പൊന്നുരുക്കുകയോ ചെയ്യുന്നിടത്ത് പൂച്ചക്കെന്തു കാര്യമെന്ന പരുവത്തിലായിരുന്നു ഉവൈസി. താന്‍ മത്സരിക്കാതിരുന്നതുകൊണ്ട് ബി.ജെ.പി വിരുദ്ധരായ പ്രബലന്മാര്‍ ജയിക്കുമെന്ന് ഉറപ്പുണ്ടോ എന്നാണ് അദ്ദേഹത്തിന്‍െറ ചോദ്യം.

ഫലത്തില്‍, ചുരുങ്ങിയത് നാലായി ചിതറിയാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിവിരുദ്ധ, മതേതര, സോഷ്യലിസ്റ്റ്, വികസന ചിന്താഗതിക്കാര്‍ നരേന്ദ്ര മോദിയെയും സംഘത്തെയും നേരിടാന്‍ പോകുന്നത്. 1. നിതീഷ്, ലാലു, സോണിയമാര്‍ നയിക്കുന്ന ജനതാദള്‍^യു, രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യം. 2. സി.പി.ഐ, സി.പി.ഐ^എം.എല്‍, സി.പി.എം, എസ്.യു.സി.ഐ, ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ളോക് എന്നിവ ചേര്‍ന്ന ഇടതുസഖ്യം. 3. മുലായം, പവാര്‍, സാങ്മ, ദേവേന്ദ്രപ്രസാദ് യാദവ് എന്നിവര്‍ അണിനിരക്കുന്ന സമാജ്വാദി പാര്‍ട്ടി, എന്‍.സി.പി, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, സമാജ്വാദി ജനതാദള്‍^ഡെമോക്രാറ്റിക് എന്നിവയുടെ മൂന്നാം മുന്നണി. 4. മുസ്ലിം സ്വാധീനമുള്ള സീമാഞ്ചല്‍ മേഖലയിലെ നാലു ജില്ലകളിലായി 24 മണ്ഡലങ്ങളില്‍ ഇതാദ്യമായി ശക്തി പരീക്ഷിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍. ആദ്യത്തെ കൂട്ടര്‍ക്കൊഴികെ ആര്‍ക്കും ബിഹാറില്‍ ജയിക്കേണ്ട; ശക്തി തെളിയിച്ചാല്‍ മതി. അതല്ളെങ്കില്‍, മറ്റേ കൂട്ടര്‍ അവഗണിച്ചതിലുള്ള അപമാനവും പകയും തീര്‍ത്തെടുത്താല്‍ മതി.

ബി.ജെ.പിക്കെതിരായ ഒന്നാംനമ്പര്‍ സഖ്യം സീറ്റു പങ്കുവെച്ചത് ജനതാദള്‍ (യു) ^100, ആര്‍.ജെ.ഡി ^100, കോണ്‍ഗ്രസ് ^40 എന്നീ ക്രമത്തിലാണ്. ഈ മൂന്നു പ്രബലന്മാരുടെ കഥ എന്താണ്? ശനിയാഴ്ച ചമ്പാരണില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പു റാലിയില്‍നിന്ന് നിതീഷും ലാലുവും വിട്ടുനിന്നു. നേരത്തെ പട്നയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ സോണിയ, നിതീഷ്, ലാലു എന്നിവര്‍ ഒരേ വേദിയില്‍ അണിനിരന്നതാണ്. കോണ്‍ഗ്രസിന്‍െറ യുവനേതാവായ രാഹുലിന്‍െറ റാലിക്ക് ലാലു അയച്ചത് മകന്‍ തേജസ്വിയെയും നിതീഷ് അയച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയുമാണ്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ മൂലമാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നാണ് നിതീഷ്^ലാലുമാരുടെ വിശദീകരണം. പക്ഷേ, നയതന്ത്രതലത്തില്‍ തത്തുല്യ പദവിയുള്ളവര്‍ തമ്മിലാണ് ഇടപാട് എന്നാണ് സംഗതിയുടെ ഒരു സാരാംശം. സോണിയക്ക് നല്‍കുന്ന പരിഗണന രാഹുലിന് നല്‍കാന്‍ ഈ നേതാക്കള്‍ തയാറല്ല. നിതീഷ്^മോദി ഏറ്റുമുട്ടലിനപ്പുറം, രാഹുല്‍^മോദി ഏറ്റുമുട്ടലായി ബിഹാര്‍ തെരഞ്ഞെടുപ്പിനെ മാറ്റരുതെന്ന് നിര്‍ബന്ധവുമുണ്ട്.

രാഹുലിനോട്  ലാലുവിന് പ്രത്യേകമായൊരു രോഷം ബാക്കികിടക്കുന്നു. അഴിമതിക്കേസില്‍ ശിക്ഷിച്ചവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വലിച്ചുകീറി കൊട്ടയിലിടാന്‍ രാഹുല്‍ പറഞ്ഞതും, മന്‍മോഹന്‍സിങ്ങിന് അങ്ങനെ ചെയ്യേണ്ടിവന്നതും ലാലുവിന്‍െറ രാഷ്ട്രീയഭാവിയുടെ കടക്കലെ കത്തിയായി. അതല്ളെങ്കില്‍ പാര്‍ലമെന്‍റില്‍ ബില്‍ പാസായേനെ; ലാലുവിന് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാമായിരുന്നു. ഇന്ന് നിതീഷിനു മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം വിട്ടുകൊടുത്ത് മാറിനില്‍ക്കാന്‍ ലാലു നിര്‍ബന്ധിതനായ പ്രധാന കാരണങ്ങളിലൊന്ന്, കൊട്ടയില്‍ തള്ളിയ ഓര്‍ഡിനന്‍സാണ്്. ആ രാഹുലിനൊപ്പം വേദി പങ്കിടാന്‍ ലാലുവിന് മനസ്സില്ളെന്നു മാത്രമല്ല, ലാലു തന്‍െറ വേദിയില്‍ വരുന്നത് രാഹുലിനും തലവേദന തന്നെ.

ജനതാദള്‍^ആര്‍.ജെ.ഡി ബന്ധത്തിലേക്ക് വന്നാല്‍, ഏച്ചുകെട്ടലിന്‍െറ മുഴപ്പ് തെളിഞ്ഞുനില്‍ക്കുന്നു. എത്രയോ വര്‍ഷങ്ങളായി ബദ്ധവൈരികയായി നിന്ന രണ്ടു പാര്‍ട്ടികളാണ് ബി.ജെ.പിയെ നേരിടുന്നതിന് കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. നേതാക്കള്‍ക്ക് തോളില്‍ കൈയിടാന്‍ എളുപ്പമാണ്. പക്ഷേ, അണികളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും എത്തുമ്പോള്‍ സംഗതി അതല്ല. 15 വര്‍ഷത്തെ ലാലു^റാബ്റിമാരുടെ ഭരണം ബിഹാറിനെ വികസനകാര്യത്തില്‍ ഇരുട്ടിലാക്കിയെന്നും ഗുണ്ടകളും ലാലുവിന്‍െറ ബന്ധുക്കളുമാണ് വാണതെന്നും ചൂണ്ടിക്കാട്ടിയാണ് നിതീഷും സംഘവും വോട്ടു ചോദിച്ചത്. ബി.ജെ.പിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജനതാദള്‍^യുവിന്‍െറ അണികളെ ശീലിപ്പിക്കുകയും ചെയ്തു. അങ്ങനെ ബദ്ധശത്രുവായി മാറിപ്പോയ ഛോട്ടാ നേതാക്കളാണ് ഇന്ന് പരസ്പരം കെട്ടിപ്പിടിക്കേണ്ടത്; രണ്ടാമനു വേണ്ടി സ്വയം മാറിനിന്നുകൊടുക്കേണ്ടത്. ടിക്കറ്റ് വിതരണം വരുമ്പോള്‍, കഴിഞ്ഞ തവണ പരസ്പരം മത്സരിച്ച രണ്ടുപേരില്‍ ഒരാളെ വെട്ടാതിരിക്കാന്‍ കഴിയില്ല. അതുണ്ടാക്കുന്ന സംഘര്‍ഷവും സങ്കീര്‍ണതയും ഒട്ടും ചെറുതായിരിക്കില്ല. ലാലുവിന്‍െറ വിശ്വസ്തനായിനിന്ന പപ്പു യാദവ് തുടക്കത്തിലേ യാത്ര പറഞ്ഞു പിരിഞ്ഞതിന്‍െറ പൊരുള്‍ അതാണ്.

10 വര്‍ഷത്തിനിടയില്‍ ബിഹാറില്‍ വികസന കാര്യങ്ങളില്‍ നിതീഷ്കുമാര്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷേ, നിതീഷിനെ വെല്ലുന്ന വികസനാവതാരമായി വിശേഷിപ്പിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ബിഹാറില്‍ പറന്നിറങ്ങുന്നത്. കാല്‍നൂറ്റാണ്ടായി പ്രാദേശിക കക്ഷികള്‍ ബിഹാറിന് ഉണ്ടാക്കിവെച്ച കെടുതികള്‍ മാറ്റുമെന്നാണ് വാഗ്ദാന പെരുമഴ. ലാലുവില്‍നിന്ന് നീതിഷിലേക്കുള്ള മാറ്റത്തിന് വഴിതുറന്നവരുടെ, പ്രത്യേകിച്ച് ഇരുവരെയും തള്ളിപ്പറയാന്‍ താല്‍പര്യപ്പെടുന്ന യുവാക്കളുടെ പുതിയ മോഹങ്ങളും കാവിച്ചിന്തകളുമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് മുതല്‍ക്കൂട്ടായത്. അന്നേരം ജാതി സമവാക്യങ്ങള്‍ മാറിമറിഞ്ഞു. 40 സീറ്റുള്ള ബിഹാറില്‍, ലാലുവും നീതീഷും ചേര്‍ന്നാല്‍ ആറു സീറ്റ് എന്ന കെടുതിയാണ് ഉണ്ടായത്. അതിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന ഇച്ഛാശക്തി, നിലനില്‍പിന്‍െറ കൂടി ബാക്കിയായിരുന്നു. ഇടക്കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്ക് ആശങ്കയായി മാറുകയും ചെയ്തു.

പക്ഷേ, ബി.ജെ.പിവിരുദ്ധ പാര്‍ട്ടികള്‍ പല ചേരിയായി മാറിയതിന്‍െറ ആഹ്ളാദത്തിലാണ് ഇന്ന് ബി.ജെ.പി. ബിഹാറില്‍ കാലുകുത്താന്‍ സമ്മതിക്കാതിരുന്ന നിതീഷ്കുമാറിനെ കെട്ടുകെട്ടിക്കാനുള്ള വാശിയിലാണ് മോദി. ലോക്സഭാ തെരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്ന് രാജിവെക്കാന്‍ തീരുമാനിച്ച നിതീഷ്കുമാറിന്‍െറ രാഷ്ട്രീയ പിഴവും ജിതന്‍റാം മാഞ്ചി വഴി നേട്ടമായത് ബി.ജെ.പിക്കാണ്. ശതകോടികളുടെ പാക്കേജ് ചുമ്മാ പ്രഖ്യാപിക്കാനും സഖ്യകക്ഷികളെ മെരുക്കി നിര്‍ത്താനും കേന്ദ്രാധികാരത്തിന്‍െറ പിന്‍ബലം ബി.ജെ.പി ഉപയോഗപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ നേതാവ് ബിഹാറില്‍ ബി.ജെ.പിക്കില്ല. ബി.ജെ.പി സഖ്യത്തിലെ ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍റാം മാഞ്ചിയുമായുള്ള ബലപരീക്ഷണങ്ങളും പാരയും ബി.ജെ.പിക്ക് വെല്ലുവിളിയാണ്. സഖ്യത്തിലെ നാലാമനായ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹയും സീറ്റ് പങ്കിടലില്‍ തൃപ്തനല്ല. ബി.ജെ.പി സഖ്യത്തിലെ സവര്‍ണ^പിന്നാക്ക ഉരസലുകളും ഗൗരവപ്പെട്ടതാണ്. പക്ഷേ, ബി.ജെ.പിവിരുദ്ധ വിശാലമനസ്കര്‍ നാലായി തിരിഞ്ഞ് പോരടിക്കാന്‍ കച്ചമുറുക്കിയത്, കാവിപ്പടയുടെ തേരോട്ടം ചെറുക്കാന്‍ സോഷ്യലിസ്റ്റ് മണ്ണിനുള്ള കരുത്തിനെക്കുറിച്ച് വലിയ സംശയങ്ങള്‍ ഉണ്ടാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.