(ബീഫ്) കഴിക്കുന്നവരും കഴിക്കാത്തവരും

ലോഹ്യയും ജെ.പിയും വി.പിയും പൊറുക്കുക, നിങ്ങളുടെ ബിഹാര്‍ മാറിയിരിക്കുന്നു. ബിഹാറിന് പരിവര്‍ത്തനം വേണമെന്ന് ഏറ്റവുമേറെ ആഗ്രഹിച്ചവരാണ് നിങ്ങള്‍. പക്ഷേ, സമ്പൂര്‍ണ വിപ്ളവത്തിന്  ആഹ്വാനംമുഴക്കുമ്പോള്‍, അധികാര തുല്യതയിലേക്ക് കീഴാളരെ വഴിനടത്താന്‍ ഒരുമ്പെടുമ്പോള്‍ ബിഹാര്‍ ഇങ്ങനെമാറുമെന്ന് നിങ്ങള്‍ സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. വിശപ്പായിരുന്നു ബിഹാറിന്‍െറ നോവ്. ആഹാരം കഴിക്കാനുള്ളവരും ഇല്ലാത്തവരും എന്നായിരുന്നു വേര്‍തിരിവ്. എന്നാല്‍, ബീഫ് തിന്നുന്നവരും തിന്നാത്തവരും എന്നായിരിക്കുന്നു മുഖ്യ ചര്‍ച്ച. മണ്ഡലിനുശേഷം ഉയര്‍ന്ന, പിന്നാക്ക സമൂഹത്തിന്‍െറ അധികാരപങ്കാളിത്തമോ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചര്‍ച്ചചെയ്ത വികസനസങ്കല്‍പങ്ങളോ പോലും ഇപ്പോഴിവിടെ പഴഞ്ചന്‍ വര്‍ത്തമാനങ്ങളായിരിക്കുന്നു. റോഡും വിളക്കും സ്കൂളുമൊന്നും ഇപ്പോഴാരും പറയുന്നില്ല. വര്‍ഗീയ വേര്‍തിരിവുകളില്ലാത്ത ഗ്രാമീണര്‍ക്കിടയില്‍പോലും പശുരാഷ്ട്രീയം നട്ടുമുളപ്പിച്ചെടുക്കുന്നതില്‍ പാര്‍ട്ടികള്‍ വിജയിച്ചതോടെ യഥാര്‍ഥ വിഷയങ്ങളൊന്നുമേ ചര്‍ച്ചചെയ്യപ്പെടാത്ത, ഉയര്‍ന്ന നേതാക്കള്‍ പരസ്പരം പച്ചക്കു തെറിവിളിക്കുന്ന അങ്ങാടിത്തല്ലായി മാറിയിരിക്കുന്നു ഈ തെരഞ്ഞെടുപ്പ്.
ദാദ്രിയിലെ അറുകൊലയെ ന്യായീകരിച്ച ബി.ജെ.പി നേതാക്കളെ കുറ്റപ്പെടുത്താനും തന്‍െറ ഉറച്ചവോട്ടുബാങ്കായ മുസ്ലിംസമൂഹത്തെ പ്രീതിപ്പെടുത്താനും ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബീഫ് വിളമ്പിയത്. ഹിന്ദുക്കളും ബീഫ് കഴിക്കുമെന്നുപറഞ്ഞ ലാലു, ചര്‍ച്ച വഴിതെറ്റുമെന്നുകണ്ടതോടെ തിരുത്തിപ്പറഞ്ഞു. യദുവംശത്തെ അവഹേളിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. മോദിക്കാലത്ത് ഗുജറാത്തില്‍നിന്ന് ബീഫ് കയറ്റുമതി കുതിച്ചു കയറിയെന്ന് ജനതാദള്‍ (യു) മുഖ്യന്‍ നിതീഷ് കുമാറും സന്യാസിമാരും ഇറച്ചി കഴിച്ചിരുന്നെന്ന് ലാലുവിന്‍െറ വലംകൈയായ രഘുവംശപ്രസാദും തിരിച്ചടിച്ചു. മോദി പ്രധാനമന്ത്രിയാവുന്നത് ഇഷ്ടമില്ലാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് പ്രസംഗിച്ച ചരിത്രമുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഇതിനുപറഞ്ഞ മറുപടി, ഹിന്ദുക്കളെ ബലംപ്രയോഗിച്ച് ഗോമാംസം കഴിപ്പിക്കാന്‍ എതിര്‍പാര്‍ട്ടികള്‍ക്ക് പദ്ധതിയുണ്ടെന്നാണ്.
ഗോമാംസ രാഷ്ട്രീയം എത്രമാത്രം ബിഹാറിന്‍െറ എല്ലില്‍പ്പിടിച്ചുവെന്നറിയാന്‍ ഗ്രാമങ്ങളില്‍നിന്ന് തലസ്ഥാനത്തത്തെി കൂലിവേലകള്‍ചെയ്യുന്ന ചിലരുമായി സംസാരിച്ചു. ഗോമാംസം കഴിച്ചുവെന്ന് കിംവദന്തി പരത്തിയാണ് ദാദ്രിയില്‍ അഖ്ലാഖിനെ അടിച്ചുകൊന്നതെങ്കില്‍ പത്രമോ ടി.വിയോ കണ്ടിട്ടു മാസങ്ങളായ ഈ മനുഷ്യര്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്നത്, ഗോമാംസം ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദുക്കള്‍ക്കു വിളമ്പിയെന്നും അതു ചോദ്യംചെയ്തപ്പോള്‍ കൊല്ലപ്പെട്ടുവെന്നുമാണ്. ഇവിടെയെങ്ങാനും അങ്ങനെ ചെയ്താല്‍ അടിക്കുകയല്ല, ആ പ്രദേശമാകെ ചുട്ടുകളയുമെന്നുപറഞ്ഞ ആള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുവരെ നിതീഷിന്‍െറ പാര്‍ട്ടിക്കാണ് വോട്ടുചെയ്തത്. മേല്‍ജാതിക്കാര്‍ പശുവിനോളംപോലും മാന്യത തനിക്കു നല്‍കാറില്ളെന്ന് അയാള്‍ ഏറ്റുപറയുമ്പോള്‍ വ്യക്തമാവുന്നത് വെറുപ്പിന്‍െറ രാഷ്ട്രീയം എത്രമാത്രം ആഴത്തില്‍ വേരുപിടിച്ചിരിക്കുന്നുവെന്നാണ്.
പട്ന റെയില്‍വേ സ്റ്റേഷനു സമീപം വാഹനത്തില്‍ ശിവ വിഗ്രഹവും വിചിത്ര ഗോക്കളെയും  പ്രദര്‍ശിപ്പിച്ച് പണംപിരിക്കുന്ന വാഹനത്തിനു മുന്നിലെ തിരക്കു കണ്ട് സാമൂഹികപ്രവര്‍ത്തകനായ പാര്‍ഥ റോയി പറഞ്ഞു -മുമ്പ് ഇവിടെ ഇത്തരമൊരു വാഹനം വന്നാല്‍ ആളുകള്‍ തിരിഞ്ഞുനോക്കില്ലായിരുന്നു. തട്ടിപ്പെന്നു പറഞ്ഞ് എതിര്‍ക്കാനും മുതിരുമായിരുന്നു. ഇന്ന് അങ്ങനെയൊരു ചെറുസംഭവം മതി ഒരു കലാപമുണ്ടാവാനും ഈ തെരഞ്ഞെടുപ്പുഫലം തന്നെ മാറിമറിയാനും; ബിഹാര്‍ അത്രമാത്രം മാറിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.