ജാതിയുടെ വിളവെടുപ്പും വികസനവും


അങ്ങനെ പതിവില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പറന്നാല്‍, എത്ര വൈകിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറക്കം ഡല്‍ഹിയില്‍തന്നെ. കഴിഞ്ഞ 16 മാസത്തിനിടയില്‍ പല സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടന്നു. അപ്പോഴൊന്നും ഈ പതിവു തെറ്റിയില്ല. പറന്നാല്‍ പട്നയിലത്തൊന്‍ ഒരു മണിക്കൂര്‍ മതിയെങ്കിലും, കഴിഞ്ഞ ദിവസം 7-റേസ് കോഴ്സ് റോഡിലെ ഒൗദ്യോഗിക വസതിവിട്ട് മോദി പട്നയില്‍ തങ്ങി. തലേന്നുംപിറ്റേന്നുമായി ഏഴെട്ടു പൊതുസമ്മേളനങ്ങള്‍. ഉറക്കവും വിശ്രമവും ഉപേക്ഷിച്ചുള്ള കരുനീക്കങ്ങള്‍. ഒരു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പ്രധാനമന്ത്രിമാര്‍ മൂന്നോ നാലോ തവണ എത്തിയാലായി. ബിഹാറില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് 40ഓളം പ്രചാരണ യോഗങ്ങളിലാണ്. നരേന്ദ്ര മോദി ഈ തെരഞ്ഞെടുപ്പിന് കല്‍പിക്കുന്ന പ്രാധാന്യത്തിനൊപ്പം, ബി.ജെ.പി സഖ്യം നേരിടുന്ന പ്രയാസങ്ങളും ഈ പരക്കംപാച്ചിലില്‍ തെളിഞ്ഞുകിടക്കുന്നു. ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും മുഴുവന്‍ സന്നാഹങ്ങളും ബിഹാറില്‍ തമ്പടിച്ചിരിക്കുന്നു. ബി.ജെ.പി പ്രസിഡന്‍റ് അമിത്ഷാ മുഴുസമയവും ബിഹാറിലാണ്. 13 കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി, ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ദുര്‍ഗാവാഹിനി എന്നിങ്ങനെ നീളുന്ന സംഘ്പരിവാര്‍ ഗ്രൂപ്പുകളെല്ലാം ജീവന്മരണ പോരാട്ടമെന്നപോലെ നാട്ടിന്‍പുറത്തും നഗരങ്ങളിലും കരുനീക്കം നടത്തുന്നു. വോട്ടു നേടാന്‍ ആളും പണവുമൊന്നും തടസ്സമല്ല.
16 മാസത്തെ കേന്ദ്രഭരണത്തിന്‍െറ ഹിതപരിശോധനയെന്ന നിലയിലാണ് ബിഹാര്‍ തെരഞ്ഞെടുപ്പിനെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഓരോ പാര്‍ട്ടികളും കാണുന്നത്. കരുത്തരായ പ്രാദേശിക പാര്‍ട്ടികളെയും സാമുദായിക സമവാക്യങ്ങളും മറികടന്ന് 40 ലോക്സഭാ സീറ്റില്‍ 31ഉം വെട്ടിപ്പിടിച്ച മോദിതരംഗത്തിന്‍െറ ശക്തി ഇപ്പോള്‍ എത്രത്തോളമുണ്ടെന്നാണ് ബിഹാര്‍ പറയാന്‍ പോവുന്നത്. ജനതാദള്‍-യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യം ജയിച്ചാല്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തെ പ്രധാന നേതാവായി വളരും. മറിച്ചായാല്‍, മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തിന് ആയുര്‍ദൈര്‍ഘ്യം കൂടിയെന്നിരിക്കും. ഫലത്തില്‍, ദേശീയ രാഷ്ട്രീയത്തിന്‍െറ ഗതി തിരിച്ചുവിടാന്‍ കെല്‍പുള്ള, നിലനില്‍പിനു വേണ്ടിയുള്ള മോദി-നിതീഷ് അഭിമാനപോരാട്ടം കൂടിയാണ് ബിഹാറിലേത്. ബിഹാര്‍ മുഖ്യമന്ത്രിയെ തോല്‍പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കരുത്ത് പരീക്ഷിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് പക്ഷേ, ബി.ജെ.പി തുടക്കത്തില്‍ പ്രതീക്ഷിച്ചപോലെ അനായാസമല്ല.
നിതീഷ്കുമാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തള്ളിപ്പറയാന്‍ ബിഹാറിലെ വോട്ടര്‍മാര്‍ക്ക് കഴിയില്ല. വികസനം വിധിയെഴുത്തിന്‍െറ പ്രധാന ഘടകമാണെങ്കിലും, ജാതി സമവാക്യങ്ങളില്‍ കൊരുത്തെടുത്ത ജനവിധിയാണ് ബിഹാറില്‍നിന്ന് വരാന്‍പോകുന്നത്. മുമ്പും അതങ്ങനത്തെന്നെയായിരുന്നു. എന്നാല്‍, ഇക്കുറി വര്‍ഗീയതയുടെ ചരടില്‍ ജാതി സമവാക്യങ്ങള്‍ കോര്‍ത്തെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി സമാഹരിച്ച മുന്നാക്ക വോട്ടുകളും ജനതാദള്‍-യു ഒന്നിച്ചു കൂട്ടിയ പിന്നാക്ക-മഹാദലിത് വോട്ടുകളുമാണ് കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിതീഷ്കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. ഒന്നരപ്പതിറ്റാണ്ട് ലാലുപ്രസാദ് സ്വന്തമാക്കിവെച്ച യാദവ-മുസ്ലിം-പിന്നാക്ക വോട്ടുബാങ്ക് ചിതറിച്ചുകൊണ്ടായിരുന്നു ഇത്. ഇപ്പോള്‍ ജിതന്‍റാം മാഞ്ചി, രാംവിലാസ് പാസ്വാന്‍ എന്നീ അതിപിന്നാക്ക വിഭാഗം നേതാക്കളെ ഉപയോഗിച്ച്  നിതീഷ്കുമാറിന്‍െറ വിജയസൂത്രവാക്യമായ കുര്‍മി-മഹാദലിത് സഖ്യത്തെ പൊളിക്കാനും  ഒപ്പം സവര്‍ണ വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനുമാണ് ബി.ജെ.പി പണിയെടുക്കുന്നത്. ദലിത് വോട്ടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ കൈവിട്ട് കാവി തെരഞ്ഞെടുത്തുവെന്ന് കണ്ടതുമാണ്. ലാലുപ്രസാദിന്‍െറ വോട്ടുബാങ്കായ ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള തന്ത്രം കാവി-ഒ.ബി.സി-ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെയും വികസനത്തിന്‍െറയും നായകനെന്ന പരിവേഷത്തോടെ നരേന്ദ്ര മോദി പ്രത്യേകമായും പരീക്ഷിക്കുന്നു.
നിതീഷ്കുമാര്‍ നയിക്കുന്ന ജനതാദള്‍-യുവിനെ രണ്ടു സീറ്റിലേക്ക് ഒതുക്കി, സോഷ്യലിസ്റ്റ് ഭൂമികയായ ബിഹാറിലെ 40ല്‍ 22 സീറ്റ് ബി.ജെ.പി ഒറ്റക്ക് നേടിയ 16 മാസം മുമ്പത്തെ മോദിക്കമ്പം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്നതാണ് കാതലായ വിഷയം. അക്കാലത്ത് വേറിട്ടു മത്സരിച്ച ജനതാദള്‍-യുവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഒന്നിച്ച് മോദിയെ നേരിടുകയും ചെയ്യുന്നു. മോദിക്കമ്പത്തിന്‍െറ തീവ്രതയും സംസ്ഥാനത്ത് അധികാരത്തിലിരുന്നവരോടുള്ള രോഷവും ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തെളിഞ്ഞുകത്തിയെങ്കിലും, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലത്തെിയപ്പോള്‍ കഥ മാറി. നരേന്ദ്ര മോദി സജീവ പ്രചാരണംനടത്തിയിട്ടും 60ല്‍ മൂന്നു സീറ്റൊഴികെയെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ അമരം പിടിച്ച അരവിന്ദ് കെജ്രിവാള്‍ തട്ടിയെടുത്തു. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റും ബി.ജെ.പി പിടിച്ചപ്പോള്‍ത്തന്നെയാണിത്. ബിഹാറിലും ഇതൊരു നിര്‍ണായക വിഷയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം പോയെങ്കിലും, വികസന കാര്യത്തില്‍ ബിഹാറിന്‍െറ വിശ്വസ്ത നേതാവായി നിതീഷ്കുമാറിനെ അന്നും ഇന്നും വോട്ടര്‍മാര്‍ കാണുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുപാട് മോഹങ്ങള്‍ വിറ്റെങ്കിലും, 16 മാസംകൊണ്ട് നിരാശപ്പെടുത്തിയതിന്‍െറ രോഷം വോട്ടര്‍മാര്‍ പരസ്പരം പങ്കുവെക്കുന്നുമുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി തന്നെയില്ലാതെ, മോദിയുടെ തണല്‍ ആശ്രയമാക്കുന്ന, സംഘടനാ സംവിധാനം സംസ്ഥാനത്ത് ദുര്‍ബലമായ ബി.ജെ.പിക്ക് ഇതൊക്കെയും വലിയ വെല്ലുവിളികളാണ്.
ആറേമുക്കാല്‍ കോടി വോട്ടര്‍മാരുണ്ട് ബിഹാറില്‍. 83 ശതമാനം ഹിന്ദുക്കള്‍ (ദലിതുകള്‍ 16 ശതമാനം, സവര്‍ണ ജാതിക്കാര്‍ 17 ശതമാനം, ഒ.ബി.സി വിഭാഗങ്ങള്‍ 50 ശതമാനം). മുസ്ലിംകള്‍ 17 ശതമാനം. ജനതാദള്‍-യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവ ഒറ്റക്കൊറ്റക്ക് പിടിച്ച വോട്ടുകള്‍ ചേര്‍ത്തുവെച്ചാല്‍ അവരുടെ സഖ്യത്തിന് 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 44.3 ശതമാനം വോട്ടു കിട്ടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുംകൂടി ബിഹാറില്‍ കിട്ടിയത് 38.8 ശതമാനം വോട്ടാണ്. അന്നും യാദവ-മുസ്ലിം വോട്ടുബാങ്ക് ലാലുപ്രസാദിന്‍െറ ആര്‍.ജെ.ഡിക്ക് 29.5 ശതമാനം വോട്ടു നേടിക്കൊടുത്തു. ബി.ജെ.പിക്ക് 14 ശതമാനം വോട്ട് സമ്മാനിക്കാറുള്ള ഭൂമിഹാര്‍, താക്കൂര്‍ വിഭാഗങ്ങള്‍ക്കിടയില്‍ പോരുണ്ട്.  ഇത്തരമൊരു ഘട്ടത്തിലാണ് സംവരണവും മാട്ടിറച്ചിയും പോലുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് കടന്നുവന്നിരിക്കുന്നത്. പക്ഷേ, അതിനൊത്ത വിധം ബി.ജെ.പിയെ തിരിച്ചടിക്കാന്‍ ലാലു-നിതീഷുമാര്‍ക്ക് ഇതുവരെ കഴിഞ്ഞു.
ശതമാനക്കണക്കുകള്‍ക്കപ്പുറം, വോട്ടര്‍മാര്‍ എക്കാലവും ഒരു ചിന്താഗതിയില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നവരല്ല. എന്‍.ഡി.എക്ക് അനുകൂലമായി മഹാദലിത് വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കപ്പെടുന്നുവെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം മുമ്പെന്നത്തേക്കാള്‍ മുസ്ലിം, യാദവ, കുര്‍മി വിഭാഗം വോട്ടുകളുടെ ഏകീകരണം നിതീഷ്-ലാലു-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി ഉണ്ടാവുന്നുണ്ട്. രണ്ടാമത്തെ ഏകീകരണത്തിന് കരുത്ത് കൂടുതലുണ്ട്. ഇതിനെല്ലാമിടയില്‍, അതിപിന്നാക്ക വിഭാഗങ്ങളും ഒപ്പം മുന്നോക്ക ജാതിക്കാരും കൂടുതലായി പോളിങ് ബൂത്തിലത്തെിയാല്‍, അത് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുമെന്നും കുര്‍മി, മുസ്ലിം, യാദവ വിഭാഗങ്ങള്‍ക്കിടയിലെ വോട്ടിങ് ശതമാനം കൂടിയാല്‍ നീതിഷ് മൂന്നാമതും മുഖ്യമന്ത്രിയാകുമെന്നും സാമാന്യമായി പറയാമെന്നുമാത്രം.  അതിനപ്പറം പറയേണ്ടത് മറ്റൊന്നാണ്: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ഒറ്റപ്പെട്ടതാണോ, പുതിയ പ്രവണത തന്നെയാണോ എന്ന് ബിഹാര്‍ ഫലം കാണിച്ചുതരും. പ്രതിപക്ഷനിരക്ക് മോദിയെയും ബി.ജെ.പിയെയും നേരിടാനുള്ള കരുത്തിനെക്കുറിച്ച് ആ ഫലം പറഞ്ഞു തരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.