വിദ്വേഷ പ്രചാരകരുടെ മുന്നില്‍ തോല്‍ക്കുന്ന നിയമവ്യവസ്ഥ

മെക്കാളേ പ്രഭു രൂപംകൊടുത്ത ഇന്ത്യന്‍ ശിക്ഷാനിയമം 1862ല്‍ നിലവില്‍വരുമ്പോള്‍ രാജ്യത്ത് എടുത്തുപറയത്തക്ക വര്‍ഗീയവാദികളോ വിദ്വേഷപ്രചാരകരോ ഉണ്ടായിരുന്നില്ല. എന്നിട്ടും നാട്ടില്‍ സ്വാസ്ഥ്യവും സമാധാനവും സഹവര്‍ത്തിത്വവും പുലര്‍ന്നുകാണണമെന്ന ഉദ്ദേശ്യത്തോടെയാണ് ജനങ്ങളെ തമ്മിലടിപ്പിക്കുകയും സമുദായങ്ങളെ വിദ്വേഷവാഹകരാക്കുകയും മതത്തിന്‍െറ പേരില്‍ നാട്ടില്‍ കലാപങ്ങള്‍ പരത്തുകയും ചെയ്യുന്നവരെ പിടിച്ചുകെട്ടാന്‍ അര ഡസനിലേറെ നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ കൊണ്ടുവന്നത്. സമൂഹത്തിന്‍െറ സ്വാസ്ഥ്യം കളഞ്ഞുകുളിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന സകല ദുഷ്ടന്മാര്‍ക്കും കൂച്ചുവിലങ്ങിടാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഒട്ടേറെ വ്യവസ്ഥകള്‍ എഴുതിവെച്ചിട്ടുണ്ട്. മതദ്വേഷത്തിലൂടെ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്നവര്‍ക്കെതിരെയാണ് 153 (എ) വകുപ്പ്. കലാപമുണ്ടാക്കുക എന്ന നികൃഷ്ടലക്ഷ്യത്തോടെ പ്രകോപനങ്ങളുണ്ടാക്കുന്നവരെ പിടികൂടാന്‍ 153ാം വകുപ്പുണ്ട്. 153 (ബി ) മൂന്നുതരത്തിലുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കാനുള്ളതാണ്. മന$പൂര്‍വം ഏതെങ്കിലും മതവിഭാഗത്തിന്‍െറ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവരെ കൈകാര്യംചെയ്യാനുള്ളതാണ് 295 (എ ) വകുപ്പ്. മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ച് വല്ലതും തട്ടിവിടുന്നവനെ കെട്ടിയിടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 298ാം വകുപ്പ്. നാട്ടില്‍ കുഴപ്പമുണ്ടാക്കുക, വിവിധ സമൂഹങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക, ആരാധനാലയങ്ങളില്‍ അരുതാത്തത് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് തടയിടാനാണ് 505ാം വകുപ്പ് എഴുതിവെച്ചത്. കുറ്റകരമായ ഭീഷണിയുമായി ഒരാള്‍ രംഗത്തുവന്നാല്‍ അയാളെ കൈകാര്യം ചെയ്യാന്‍ 503 വകുപ്പ് പര്യാപ്തം.

നിയമസംഹിത ഇത്രമാത്രം കര്‍ക്കശമായിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യം വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍െറയും വിളനിലമായി മാറി എന്ന ചോദ്യത്തിന്‍െറ ഉത്തരം ലളിതമാണ്. രാജ്യാധികാരം പിടിച്ചെടുക്കാനുള്ള ആശയാടിത്തറ പോലും വര്‍ഗീയതയുടെമേല്‍ കെട്ടിപ്പടുത്ത ഒരു രാജ്യത്ത് വിദ്വേഷപ്രചാരകര്‍ക്കെതിരായ നിയമം മൃതാക്ഷരങ്ങളായി അവശേഷിക്കുകയാണ്. ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് എന്തുംപറയാം, മതദ്വേഷം പ്രസരിപ്പിക്കാം, വര്‍ഗീയത ആളിക്കത്തിക്കുന്ന വൈകാരിക പ്രസംഗങ്ങള്‍ നടത്താം, ഇതര മതാനുയായികളെ മോശമായി ചിത്രീകരിക്കാം, സ്വന്തം അനുയായികളില്‍ മതഭ്രാന്ത് പടര്‍ത്തി അവരുടെ കര്‍മാഗ്നി ജ്വലിപ്പിക്കാം. നിയമങ്ങള്‍ നോക്കുകുത്തിയാണിവിടെ. നിയമവ്യവസ്ഥ നിശ്ചേതനവും. നീതിപീഠങ്ങള്‍ക്ക് നേതാക്കളുടെ ‘തിരുവചനങ്ങളിലെ’ മതദ്വേഷ വശംപോലും മനസ്സിലാക്കാനാവുന്നില്ലത്രെ. ബാല്‍താക്കറെയുടെയും അശോക് സിംഗാളിന്‍െറയും പ്രവീണ്‍ തൊഗാഡിയയുടെയും വിനയ് കത്യാറിന്‍െറയും സാധ്വി ഋതംബരയുടെയുമൊക്കെ മുന്നില്‍ നിയമം നമ്രശിരസ്കരായത് എത്രയോതവണ നാം കണ്ടു. ഇങ്ങനെയൊരു നിയമം  ശിക്ഷാസമ്പ്രദായത്തിലുണ്ടെന്ന് നാമറിയുന്നത് ഏതെങ്കിലും മുസ്ലിം നേതാവോ ദലിത് ആക്ടിവിസ്റ്റോ മാവോവാദിയോ സമൂഹത്തിന്‍െറ പുറമ്പോക്കില്‍ ജീവിക്കുന്ന ദുര്‍ബലനോ പിടികൂടപ്പെടുമ്പോള്‍ മാത്രം. ന്യൂജനറേഷന്‍ ഹിന്ദുത്വവിദ്വേഷപ്രചാരകരായ സാക്ഷിയും പ്രാചിയുമൊക്കെ നിര്‍വിഘ്നം വിഷംവമിച്ച് നാടിന്‍െറ അന്ത$സ്ഥലികളില്‍ വിഷ മാലിന്യമൊഴുക്കുമ്പോള്‍ നിയമം പുസ്തകത്തിനുള്ളില്‍ ഗാഢനിദ്ര കൊള്ളുന്നു.

സമീപകാലത്ത് മലയാളിയുടെ പൊതുബോധത്തെ കൊഞ്ഞനംകുത്തുന്ന വിഭാഗീയതയുടെ അശ്ളീലമൊഴികള്‍കൊണ്ട് അന്തരീക്ഷം മലീമസമാക്കുന്ന വെള്ളാപ്പള്ളി നടേശന്‍െറ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നല്ല എന്ന് സമര്‍ഥിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. തന്നില്‍ രാഷ്ട്രീയമോഹം അങ്കുരിപ്പിക്കുകയും അധികാരസ്ഥാനങ്ങള്‍ കാട്ടി അരുതായ്മകളുടെ മറുകരയിലേക്ക് കൈപിടിച്ചുനടത്തിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ ആശയധാരയില്‍ മുങ്ങിക്കുളിക്കണമെങ്കില്‍ വര്‍ഗീയതയുടെ അമൃത് മൊത്തിക്കുടിക്കണമെന്ന കണക്കുകൂട്ടലാണ് അദ്ദേഹം വിഷലിപ്തമായ പ്രസംഗങ്ങള്‍കൊണ്ട് കേരളക്കരയെ മലീമസമാക്കിക്കൊണ്ടിരിക്കുന്നത്. സമത്വമുന്നേറ്റ യാത്ര കാസര്‍കോട്ടുനിന്ന് തുടങ്ങി ശംഖുംമുഖത്ത് സമാപിക്കുന്നതുവരെ വെള്ളാപ്പള്ളി മലയാളിയുടെ സഹിഷ്ണുതയുടെ പാരമ്പര്യത്തെയും സഹനശേഷിയെയും  വെല്ലുവിളിച്ചു. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വായില്‍തോന്നിയത് വിളിച്ചുകൂവിയാല്‍ ഇവിടത്തെ ഭൂരിപക്ഷസമുദായം ആഹ്ളാദിരേകത്താല്‍ തന്‍െറ പിന്നില്‍ അണിനിരന്നുകൊള്ളും എന്ന മൂഢവിശ്വാസംകൊണ്ടാവാം ആലുവയില്‍ ചെന്ന് കേരളീയസമൂഹത്തെ മൊത്തം ഞെട്ടിച്ച വര്‍ഗീയ ആക്രോശങ്ങള്‍ തട്ടിവിട്ടത്.

വാഹനം തട്ടി നടുറോഡില്‍ ചോരവാര്‍ന്ന് പിടഞ്ഞുമരിക്കുന്ന രംഗവും ക്ഷേത്രക്കുളത്തില്‍ പിഞ്ചുകുഞ്ഞ് കൈകാലിട്ടടിച്ച് മരണവക്രത്തിലേക്ക് താഴ്ന്നിറങ്ങുന്ന നെഞ്ചുരുക്കുന്ന കാഴ്ചയുമൊക്കെ മൊബൈലില്‍ പകര്‍ത്തി വാട്സ്ആപ്പില്‍ സന്നിവേശിപ്പിക്കുന്ന ആസുരകാലത്ത്, എവിടെനിന്നോ ജീവസന്ധാരണത്തിനത്തെിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിക്കുകയാണെന്നറിഞ്ഞ് സ്വജീവന്‍ മറന്ന് അഴുക്കുചാലിലേക്ക് എടുത്തുചാടി ആത്മബലി നടത്തിയ നൗഷാദ് എന്ന കോഴിക്കോടിന്‍െറ സുകൃതത്തെ പുച്ഛിച്ചുസംസാരിക്കാന്‍ വെള്ളാപ്പള്ളി കാട്ടിയ ‘ധീരത’ കേരളത്തിന്‍െറ പൊതുബോധത്തില്‍നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകാനിടയില്ല. എന്നാല്‍, സാമുദായികമായി ഇവിടത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും വിഭാഗീയ ചിന്ത വളര്‍ത്താനും വെള്ളാപ്പള്ളിയെ പോലുള്ള വര്‍ നടത്തുന്ന ജല്‍പനങ്ങളില്‍  നീതിപീഠം പോലും അപായസൂചന കാണാതെപോകുന്നത് മഹാകഷ്ടമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നടത്തുന്ന വാക്കാലുള്ള നിഗമനങ്ങളെ കോടതിവിധിയായി അവതരിപ്പിച്ച് എസ്.എന്‍.ഡി.പി നേതാവിനെ  കുറ്റമുക്തനാക്കാനും പൊതുബോധത്തെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്. ഭൂരിപക്ഷസമുദായത്തെ ഒരു രാഷ്ട്രീയകൊടിക്കൂറക്കുപിന്നില്‍ അണിനിരത്താന്‍ ഏകമാര്‍ഗം അവരെ വര്‍ഗീയമായി പൊതുസമൂഹത്തില്‍നിന്ന് അടര്‍ത്തിയെടുക്കുക എന്ന ഹിന്ദുത്വ കാഴ്ചപ്പാടാണ് വെള്ളാപ്പള്ളി നടേശനും പരീക്ഷിക്കുന്നതെന്ന യാഥാര്‍ഥ്യത്തെ  ബഹുമാനപ്പെട്ട കോടതി വിസ്മരിച്ചുകളഞ്ഞു എന്ന് മാത്രമല്ല, അനാവശ്യമായി കേസിന്‍െറ മെറിറ്റിലേക്ക് കടന്ന് വിധിപ്രസ്താവം നടത്തുകയും ചെയ്തു.

നമ്മുടെ സംസ്ഥാനം മതേതരമാണെന്ന് പറയുമ്പോഴും ആനുകൂല്യങ്ങള്‍ നല്‍കുന്ന വിഷയത്തില്‍ വിവിധ മത, സമുദായ വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിവേചനം  കാണിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ തോന്നുന്നുണ്ടെങ്കില്‍ ദൈവം നമ്മുടെ നാടിനെ രക്ഷിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയേ നിര്‍വാഹമുള്ളൂ.  കാരണം, വെള്ളാപ്പള്ളി വര്‍ഗീയ, വിഭാഗീയ ധ്വനിയോടെ കോഴിക്കോട്ടെ ദുരന്തത്തെ അവതരിപ്പിച്ചപ്പോള്‍ ചുറ്റും കൂടിനിന്ന  അനുയായികള്‍പോലും അന്ധാളിച്ചുപോയ ദൃശ്യം ദൃശ്യമാധ്യമങ്ങളിലൂടെ പലവുരു മാലോകര്‍ കണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷസമുദായാംഗങ്ങളില്‍ വിദ്വേഷവും വെറുപ്പും ശത്രുതയും വളര്‍ത്തുകയാണ് വെള്ളാപ്പള്ളിയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഒരുതവണ കേട്ടാല്‍ ഏത് മണ്ടനും ബോധ്യപ്പെടും.  എസ്.എന്‍.ഡി.പി നേതാവിന്‍െറ ശരീരഭാഷയിലെ പരപുച്ഛം വായിച്ചെടുത്താല്‍ മാത്രം മതി അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്‍െറയും അവധൂതനായി ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യനാണ് ഇദ്ദേഹമെന്ന് വിധിയെഴുതാന്‍. ഉന്നതനീതിപീഠം വിധിപ്രസ്താവം നടത്തിയ സ്ഥിതിക്ക് കേസ് മജിസ്ട്രേറ്റ് കോടതിയുടെ മുമ്പാകെ എത്തുമ്പോള്‍ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.