അറബി, സംസ്​കാരത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഭാഷ

അറബ് നാടുകളുമായി കേരളത്തിെൻറ ബന്ധം അതിപുരാതനമാണ്. കപ്പലുകളിൽ ഇവിടെയെത്തിയ അറബിസംഘമാണ് അറബിഭാഷയെ കേരളത്തിൽ എത്തിച്ചത്. ഇസ്ലാമിക പ്രചാരണത്തിന് കേരളത്തിലെത്തിയവർക്കു മുമ്പുതന്നെ ഈ ഭാഷ തിരുവിതാംകൂറിലും മലബാറിലും പ്രചരിച്ചിട്ടുണ്ട്. മലയാളിയുടെ സംസാരത്തിലും എഴുത്തുകളിലും ഇന്നും അറബിഭാഷ കടന്നുവരുന്നതിെൻറ കാരണം ഇതാണ്.
കേരളത്തിലെ അഞ്ച് യൂനിവേഴ്സിറ്റികൾക്ക് കീഴിലും സ്കൂളുകളിലുമായി 12 ലക്ഷത്തിൽപരം വിദ്യാർഥികൾ ഈ ഭാഷ പഠിക്കുകയും അതിെൻറ വളർച്ചക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഭാഷ എഴുതാനും വായിക്കാനും കഴിയുന്ന 50 കോടി ജനങ്ങൾ ഇന്ന് ലോകത്തുണ്ട്.
ഗദ്യം, പദ്യം, കഥ, കവിത, നോവൽ, നാടകം, സിനിമ, മ്യൂസിക് തുടങ്ങിയ സാഹിത്യകലാസ്വാദന മേഖലകളിലെല്ലാം ഈ ഭാഷയുടെ സംഭാവന വളരെ വലുതാണ്. യൂറോപ്യൻ രാജ്യമായ സ്പെയിൻ വിജ്ഞാന കേദാരമായിരുന്നുവല്ലോ. ഇവിടെനിന്ന് പതിനായിരക്കണക്കിന് അറബി ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. യൂറോപിന് വിജ്ഞാനത്തിെൻറ തിരികൊളുത്തിയത് അറബി ഗ്രന്ഥങ്ങളാണെന്ന് തീർത്തുപറയാം.

ലോക ക്ലാസിക് ഭാഷകളിൽ സഹസ്രാബ്ദങ്ങൾക്കു ശേഷവും മരണമില്ലാതെ വിനിമയഭാഷയായി അവശേഷിക്കുന്ന അത്യപൂർവ ഭാഷയാണ് അറബി. മഹത്തായ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും ഭാഷ എന്ന നിലക്കാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അറബിഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചത്. ഈ ഭാഷ പഠിപ്പിക്കുന്ന അധ്യാപകർ ഭാഷാധ്യാപനത്തിന് ഉപരിയായി സേവനരംഗത്തും നന്മയുടെ പാതയിലും പ്രവർത്തിക്കുന്നത് ഭാഷാ സംസ്കാരത്തിെൻറ ഭാഗമായാണ്. 28 അക്ഷരങ്ങളുള്ള അറബി മറ്റു ഭാഷകളെ അപേക്ഷിച്ച് വാമൊഴിയിലും വരമൊഴിയിലും സൗന്ദര്യവും വ്യത്യാസങ്ങളുമുണ്ട്. വലത്തുനിന്ന് ഇടത്തോട്ടെഴുതുന്ന ഈ ലിപിക്ക് കുറഞ്ഞ വാക്കുകളിൽ കൂടുതൽ അർഥങ്ങൾ വരച്ചിടാനാവും. അറേബ്യൻ കാലിഗ്രഫികളും പ്രാസം നിറഞ്ഞ ഗദ്യപദ്യ സാഹിത്യങ്ങളും ഏവരുടെയും മനം കവരുന്നതാണ്. പേർഷ്യൻ ഭാഷകളിലും ഇന്ത്യൻ ഭാഷകളായ കശ്മീരി, പഞ്ചാബി, ഹിന്ദി ഭാഷകളിലും അറബിയുടെ സ്വാധീനം പ്രകടമാണ്.

‘അലിഫ്’ മുതൽ ‘യാഅ്’ വരെ ഈ അക്ഷരങ്ങളുടെ ലിപി ഖുർആൻ അവതരണത്തിെൻറ മുമ്പാണ് മക്കയിൽ ഉപയോഗിച്ചുവന്നത്. പിന്നീട് ചില പരിണാമങ്ങൾക്കു ശേഷം നാമിന്നു കാണുന്ന തരത്തിലേക്ക് മാറുകയാണുണ്ടായത്. പേർഷ്യൻ, അഫ്ഗാൻ, ഉർദു മുതലായ ഭാഷകളുടെ ലിപി അറബിതന്നെയാണ്. പോർചുഗൽ രാജാവിെൻറ  പ്രതിനിധിയായി വന്ന കബ്രാൾ ക്രിസ്ത്വബ്ദം 1500 സെപ്റ്റംബർ 18ന് സാമൂതിരി രാജാവിന് നൽകിയ കത്ത് അറബി ലിപിയിലായിരുന്നു. മാത്രമല്ല, അന്നത്തെ അന്താരാഷ്ട്ര  വാണിജ്യ ഭാഷയും അറബിയായിരുന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു.

അച്ചടിലിപിക്കു പുറമെ ഭാഷക്ക് അലങ്കാര ലിപികൾ നിലനിൽക്കുന്നുണ്ട്. കൂഫി, സുലുസ്, ദീവാനി, റയ്ഹാനി പേരിലറിയപ്പെടുന്ന അലങ്കാര ലിപി സൗന്ദര്യമാർന്നതും സവിശേഷതകൾ നിറഞ്ഞതുമാണ്. ഒരു ചിത്രത്തിെൻറ രൂപത്തിൽ ഔട്ട്ലൈൻ തയാറാക്കി അതിനകത്ത് മഹദ്വചനങ്ങൾ സമർഥമായി സന്നിവേശിപ്പിച്ച് എഴുതുന്ന കലാരൂപമാണ് അറബി കാലിഗ്രഫി. വിഗ്രഹനിർമാണവും അതിെൻറ ചിത്രങ്ങളും തയാറാക്കുന്നത് വിലക്ക് കൽപിക്കപ്പെട്ടപ്പോൾ കലാകാരന്മാർ നടത്തിയ ചുവടുമാറ്റമാണ് കാലിഗ്രഫി.

1988ൽ സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ഈജിപ്തുകാരനായ നജീബ് മഹ്ഫൂസ്, സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച ഈജിപ്തിെൻറ മൂന്നാമത്തെ പ്രസിഡൻറ് അൻവർ സാദാത്ത്, യമനി വിപ്ലവകാരിയും നൊബേൽ ജേതാവുമായ തവക്കുൽ കർമാൻ  തുടങ്ങിയവർ ഭാഷാസ്നേഹികൾക്ക് ആവേശമാണ്.

ലോക ക്ലാസിക് ഭാഷകളിൽ സഹസ്രാബ്ദങ്ങൾക്കുശേഷവും മരണമില്ലാതെ വിനിമയഭാഷയായി അവശേഷിക്കുന്ന അത്യപൂർവ ഭാഷയാണ് അറബി

അറബിഭാഷയിൽ രചിക്കപ്പെട്ട കേരളത്തിെൻറ ആദ്യത്തെ ചരിത്രഗ്രന്ഥമാണ് തുഹ്ഫത്തുൽ മുജാഹിദീൻ. കേരളത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച പോർചുഗീസുകാർക്കെതിരെ ഒരു നൂറ്റാണ്ടുകാലം സമരംചെയ്തതിെൻറ കഥകൾ ഈ മഹദ്ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛെൻറ സമകാലികനും മുഹ്യിദ്ദീൻമാല രചയിതാവുമായ ഖാദി മുഹമ്മദും മകൻ ഖാദി മുഹ്യിദ്ദീനും അറബിഭാഷയെ സ്നേഹിച്ച മലയാളികളിൽ മുൻഗാമികളാണ്. അറബ് നാടുകളിൽ പ്രചാരംസിദ്ധിച്ച അറബികാവ്യം വളപട്ടണം ഖാദി കൊച്ചുക്കോയ തങ്ങൾ രചിച്ചതാണ്.

വക്കം അബ്ദുൽ ഖാദർ മൗലവി നവോത്ഥാനത്തിെൻറ പര്യായവും കേരളത്തിെൻറ അറബിഭാഷാ വളർച്ചക്കും ഒരു നാഴികക്കല്ലായി ജീവിതം മാറ്റിവെച്ച വ്യക്തിയുമാണ്. 1912ൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ . ബിഷപ്പിന് മൗലവി നൽകിയ നിവേദനമാണ് ഭാഷാപഠനം വിദ്യാലയത്തിലേക്ക് കടന്നുവരാൻ കാരണമായത്. 1920ൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭാഷാപഠനം തുടങ്ങുകയും പ്രമുഖ പണ്ഡിതനായ ഇ.കെ. മൗലവി കേരളത്തിലെ ആദ്യത്തെ അറബിക് അധ്യാപകനായി നിയമിതനാവുകയും ചെയ്തു. 1973 ഡിസംബർ 18ന് യു.എന്നിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നായി അറബി അംഗീകരിക്കപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഡിസംബർ 18 ഭാഷാദിനമായി ആചരിക്കുന്നത്.

ഭാഷ വരമൊഴിയും വാമൊഴിയും ഉണ്ട്. വാമൊഴിതന്നെ പലേതരത്തിലുമുണ്ട്. വരമൊഴിയിൽ വ്യത്യസ്തമായ സംസാരഭാഷക്ക് പ്രദേശത്തിനും വിഭാഗങ്ങൾക്കുമനുസരിച്ച് പാഠഭേദങ്ങളും ഉച്ചാരണ ഭേദങ്ങളുമുണ്ട്. ഇവ തിരിച്ചറിഞ്ഞ് ഭാഷ എഴുതാനും പ്രയോഗിക്കാനും സംസാരിക്കാനും സഹായകമാവട്ടെ ഈ ഭാഷാദിനമെന്ന് ആശംസിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.