ചൈനീസ് സാമ്പത്തിക പ്രകമ്പനം; ലോകരാഷ്ട്രങ്ങള്‍ ആഘാതത്തില്‍

ആഗസ്റ്റ് 24 തിങ്കളാഴ്ച ലോകം വിറച്ച ദിവസമായിരുന്നു. ലോകമെമ്പാടുമുള്ള ഓഹരി വിപണികളും ഉല്‍പന്ന വിപണികളും ഉരുകിയതോടെ നിക്ഷേപകരുടെ ലക്ഷക്കണക്കിന് കോടികളാണ് ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമായത്. ഈ പ്രതിസന്ധിയുടെയെല്ലാം ഉറവിടം ചൈനയായിരുന്നു. ചൈനയില്‍ രൂപപ്പെട്ട പനിയാണ് ലോകത്തെയാകെ വിറപ്പിച്ചത്. എന്നാല്‍, ഈ പനിക്ക് പിന്നിലെ കാരണം എന്താണ്?
2008 മുതല്‍ ലോകത്തെ ഗ്രസിച്ചിരുന്ന സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഒരു പരിധിവരെ രക്ഷപ്പെട്ടുനിന്നിരുന്നത് ചൈനയും ഇന്ത്യയുമായിരുന്നു. അതില്‍  ചൈനയും ഒടുവില്‍ വീണു. അതുകൊണ്ടുതന്നെ പ്രതിസന്ധി ഇന്ത്യക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്.

ചൈനീസ് സമ്പദ്വ്യവസ്ഥക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്നുവെന്നതുമാത്രമല്ല പ്രാധാന്യം. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയുടെ അവകാശികള്‍കൂടിയാണ് അവര്‍. അതുകൊണ്ടുതന്നെ ലോക സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക ചാലക ശക്തിയാണ് ഇന്ന് ചൈന. ചൈന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന ലഭിച്ചതോടെ ലോക വിപണികള്‍ ഉരുകിയതിന്‍െറ പ്രധാന കാരണവും അതുതന്നെ.

ചൈനയെ ബാധിച്ച പ്രശ്നം വളരെ ലളിതമാണ്. ലോകമാകെ സാമ്പത്തിക മാന്ദ്യത്തില്‍ മുങ്ങിയപ്പോഴും ചൈന പിടിച്ചു നില്‍ക്കുകയുണ്ടായി. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ചൈനയുടെ സമ്പദ്വ്യവസ്ഥയും തളരുകയാണ്. അത് ഒരു പരിധിവരെ പ്രതീക്ഷിക്കുകയും ചെയ്തതാണ്. എന്നാല്‍, പ്രശ്നം പ്രതീക്ഷിച്ചിരുന്നതിലും വേഗത്തിലാണ് ചൈനീസ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടി ഏറ്റത് എന്ന കാര്യമാണ് ലോകത്തെ അലട്ടുന്നത്. ഇത് ചൈനയിലെ ഓഹരി വിപണികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യമേഖലകളെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ജൂണ്‍ മാസത്തെ ഉയരങ്ങളില്‍നിന്ന് ഏതാണ്ട് 30 ശതമാനം ഇടിവാണ് ഷാങ്ഹായ് സ്റ്റോക് എക്സ്ചേഞ്ച് സൂചികയില്‍ സമീപകാലത്തുണ്ടായത്. ഇതിന് തടയിടാന്‍ പെന്‍ഷന്‍ നിധികളിലെ പണം ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ ചൈന  സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഓഹരി സൂചിക 17 ശതമാനത്തോളം വര്‍ധിക്കുകയുമുണ്ടായി.

കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവാന്‍െറ മൂല്യം കഴിഞ്ഞ ആഴ്ച ചൈന കുറച്ചു. ചൈനീസ് സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാണെന്ന സൂചനയാണ് ഇത് നല്‍കിയത്. ഇതോടെ ചൈനയിലെ വിപണികള്‍ വീണ്ടും പതിയെ ദുര്‍ബലമാവുകയായിരുന്നു. ഇതൊടുവില്‍ ഈ ആഴ്ചത്തെ കറുത്ത തിങ്കളില്‍ എത്തുകയായിരുന്നു. ഈ തകര്‍ച്ചയോടെ ഷാങ്ഹായ് സൂചിക 2015നു മുമ്പുള്ള അവസ്ഥയിലാണ്.

എന്നാല്‍, തിങ്കളാഴ്ച ചൈനയെച്ചൊല്ലി ലോക വിപണികളില്‍ പ്രകടമായ തകര്‍ച്ച ന്യായീകരിക്കത്തക്കതാണോയെന്ന സംശയം ശക്തമാണ്. സാമ്പത്തിക വളര്‍ച്ച പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ പര്യാപ്തമാണ് തങ്ങള്‍ സ്വീകരിച്ച നടപടികളെന്ന് ചൈനീസ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ഓഹരി വിപണിയിലെ തകര്‍ച്ച. ഈ തകര്‍ച്ച വന്ന വഴിയും സംശയങ്ങള്‍ നിറഞ്ഞതാണ്. അത് വിരല്‍ചൂണ്ടുന്നത് ആഗോളീകരണത്തിന്‍െറ ഭാഗമായ ലോകവിപണികളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും.
ആഗസ്റ്റ് 24 തിങ്കളാഴ്ചയാണ് ലോക മാധ്യമങ്ങള്‍ നിക്ഷേപകരുടെ കറുത്തദിനമായി ആഘോഷിക്കുന്നത്. എന്നാല്‍, അതിനും രണ്ടു ദിവസം മുമ്പ് വെള്ളിയാഴ്ചതന്നെ കറുത്ത തിങ്കളിന്‍െറ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. ലോകത്തെ പ്രമുഖ ഓഹരി വിപണികളെല്ലാം ഇടപാടുകള്‍ അവസാനിപ്പിച്ച ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന യു.എസ് വിപണി അന്ന് നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലായിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. അതിന് ചുവടുപിടിച്ചായിരുന്നു ആദ്യം ഏഷ്യയിലും പിന്നെ യൂറോപ്പിലും ഓഹരി വിലകള്‍ ഉരുകിവീണത്.

ഇനി അധികം അറിയപ്പെടാത്ത ചില കാര്യങ്ങള്‍കൂടിയുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഓഹരി വിപണിയെ കാര്യമായി ഉപയോഗപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇപ്പോഴത്തെ തകര്‍ച്ച. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ നിരവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പെന്‍ഷന്‍ നിധിയിലെ പണം ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ അതിന്‍െറ ഭാഗമായിരുന്നു. സര്‍ക്കാര്‍ സ്വാധീനം കൂടിയായതോടെ സമ്പത്തിലേക്കുള്ള കുറുക്കുവഴി ഓഹരി വിപണിയാണെന്ന് കരുതിയ ചൈനയിലെ നിരവധി സാധാരണക്കാര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ഓഹരി വിപണിയിലേക്ക് തിരിച്ചു വിട്ടിരുന്നു.

എന്നാല്‍, ചൈന ഉള്‍പ്പെടെ ലോകത്തെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളിലെയെല്ലാം ഓഹരിവിപണികളുടെയെല്ലാം നിയന്ത്രണം അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ നയിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈയിലാണ്. അവര്‍ തെളിക്കുന്ന വഴിയിലേ ഓഹരി വിപണി നീങ്ങൂ. പെന്‍ഷന്‍ നിധികളിലെ നിക്ഷേപങ്ങള്‍ വഴി ചൈനക്ക് ഓഹരി വിപണികളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തകര്‍ച്ചയോടെ തങ്ങളുടെ സമ്പാദ്യത്തില്‍ നല്ളൊരു പങ്ക് നഷ്ടമായ ചൈനീസ് നിക്ഷേപകര്‍ ഇനി സംശയത്തോടെയേ ഓഹരി വിപണികളെ കാണൂ. ഇതോടെ ഫലത്തില്‍ ചൈനയുടെ വികസന പദ്ധതികള്‍തന്നെ അവതാളത്തിലാകുന്ന പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈനമാറുമെന്ന വിശകലനങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ ചൈന ലോകത്തിന്‍െറ പനിയായി മാറിയിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കല്‍കൂടി ലഭിച്ചിരിക്കുന്ന കനത്ത താക്കീതാണ്. ആകര്‍ഷക വിപണികള്‍ തേടി ഒഴുകി നടക്കുന്ന മൂലധനം ആകര്‍ഷിച്ച് വളര്‍ച്ചയും വികസനവും ലക്ഷ്യമിടുന്ന സാമ്പത്തിക നയങ്ങള്‍ ഒടുവില്‍ എത്തിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള താക്കീത്. ലോകത്തെ ഏത് കോണിലിരുന്നും തകര്‍ക്കാവുന്നതേയുള്ളൂ ഇന്ത്യയുടെയും ഓഹരി വിപണി എന്ന് കറുത്ത തിങ്കള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. ഇത്തരം സാമ്പത്തിക അസ്ഥിരത രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.