ഇടതുപക്ഷം ന്യൂനപക്ഷപ്രീണനമാണോ നടത്തുന്നതെന്ന ഒരു സംവാദം അടുത്തകാലത്ത് ഉയര്‍ന്നുവന്നത് ശ്രദ്ധയില്‍പെട്ടു കാണുമല്ളോ. ബി.ജെ.പി ആയിരുന്നു അതിലൊരു ഭാഗത്ത്. അവരുടെ ആക്ഷേപം സ്വാഭാവികം. എന്നാല്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പ്രസ്താവിച്ചത് ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മത ന്യൂനപക്ഷത്തിന്‍െറ മാത്രം സംരക്ഷകരെന്ന് മറ്റുള്ളവര്‍ക്ക് സംശയം തോന്നിയാല്‍ കുറ്റംപറയാനാവില്ല എന്നാണ്. ഇത്തരമൊരു സംവാദം സ്വന്തംപക്ഷത്തുനിന്ന് വരുന്നതിനെ സി.പി.എം എങ്ങനെ വിലയിരുത്തുന്നു?
സി.പി.എം ഭൂരിപക്ഷ, ന്യൂനപക്ഷ അനുകൂല പ്രീണന സമീപനം എടുക്കുന്നില്ല. തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, കൃഷിക്കാര്‍, ഇടത്തരം ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ആളുകളെ ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമന്യേ അണിനിരത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ബി.ജെ.പി ഇന്ന് ഭൂരിപക്ഷവര്‍ഗീയത വളരെ ശക്തിയായി രാജ്യത്ത് പ്രചരിപ്പിക്കുകയാണ്. ഹിന്ദുവര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രം സ്ഥാപിക്കാനാണ് പരിശ്രമം. ആ വര്‍ഗീയതയെയും അത്തരം ശ്രമങ്ങളെയും ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നു. ലോകത്തെ വ്യത്യസ്ത മതവിശ്വാസികള്‍ പാര്‍ക്കുന്ന പല രാജ്യങ്ങളിലുംന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും അര്‍ഹമായി ലഭിക്കേണ്ട കാര്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളാണ്. മത ന്യൂനപക്ഷങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗം മുസ്ലിംകളാണ്. പിന്നെ ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളുമാണ്. സ്വാഭാവികമായും ഭൂരിപക്ഷത്തിന്‍െറ ഭരണമാണ് ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്നത്. അതിനാലാണ് നമ്മുടെ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും സംരക്ഷിക്കാന്‍ പല വകുപ്പുകളും ഉള്‍പ്പെടുത്തിയത്. അങ്ങനെ ഭൂരിപക്ഷമുള്ള ഒരു സമൂഹത്തില്‍ ന്യൂനപക്ഷത്തിന് പരിരക്ഷ ആവശ്യമാണ്. ആ പരിരക്ഷയാണ് സി.പി.എം ആവശ്യപ്പെടുന്നത്. അതിനെ പ്രീണനമായി ചിത്രീകരിക്കുന്നതില്‍ അര്‍ഥമില്ല.
പക്ഷേ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍തന്നെയാണ് ഇക്കാര്യത്തില്‍ സന്ദേഹമുയര്‍ത്തുന്നതെന്ന് ഓര്‍ക്കണം. പുറത്തുവരാത്ത ഒരു കാനേഷുമാരി കണക്കുകളിന്മേലാണ് ഇതുമുഴുവന്‍ എന്നാണ് ആക്ഷേപം?
ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞതിന്‍െറ പൂര്‍ണവിവരം എനിക്കറിയില്ല. ഈ പറയുന്നതാണെങ്കില്‍ ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നില്ല. കാനേഷുമാരി കണക്കിനെ സംബന്ധിച്ച് പറയുന്നുണ്ടല്ളോ. അതില്‍ മുസ്ലിം മത വിശ്വാസികളും ക്രൈസ്തവ മതവിശ്വാസികളും തമ്മില്‍ ചേരുമ്പോഴാണ് ഭൂരിപക്ഷ മതവിഭാഗത്തിന് അപ്പുറമത്തെുന്നത്്. ഈ ഓരോ മതവിഭാഗങ്ങളും ഈ പറയുന്ന കാനേഷുമാരി കണക്കനുസരിച്ചുതന്നെ പ്രത്യേകം ന്യൂനപക്ഷവിഭാഗങ്ങളാണ്. ഇവരെ കൂട്ടിക്കലര്‍ത്തി ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി എന്ന് ചിത്രീകരിക്കുന്നത് കണക്കുശാസ്ത്രത്തിനും നിരക്കുന്നതല്ല. ഈ വ്യത്യസ്ത മതവിശ്വാസത്തിലെ സാമൂഹികവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാണ് ഭരണഘടന പ്രകാരമുള്ള സംരക്ഷണനടപടികളുള്ളത്. അതിന്, ഈ പറയുന്ന കാനേഷുമാരി കണക്കനുസരിച്ചുതന്നെ പ്രസക്തിയുണ്ട്. മുസ്ലിം ജനവിഭാഗങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ന്യൂനപക്ഷമാണ്. അതേപോലെ ക്രൈസ്തവ മതവിഭാഗങ്ങളും ഇപ്പോഴും ന്യൂനപക്ഷമാണ്. ഇന്നിപ്പോള്‍ ബി.ജെ.പി പ്രചാരവേലയിലൂടെ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്തുകൊണ്ടുമാത്രമേ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് മുന്നേറാനാവൂ.
ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം പ്രസ്താവനകള്‍ വരുന്നതും ഇടതുപക്ഷ നേതാക്കളില്‍നിന്നുതന്നെയല്ളേ? സി.പി.എമ്മിന്‍െറ നിലപാട് എന്താണ്?
മതന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിരക്ഷ ആവശ്യമുള്ളവരാണ് എന്നതാണ് സി.പി.എമ്മിന്‍െറ തത്ത്വാധിഷ്ഠിത നിലപാട്. ഇന്ന് ക്രിസ്ത്യന്‍ മതവിശ്വാസികളും മുസ്ലിം മതവിശ്വാസികളും മറ്റു കൊച്ചുകൊച്ചു മതവിഭാഗങ്ങളും നമ്മുടെ രാജ്യത്തുണ്ട്. അവരെല്ലാം പ്രത്യേക പരിരക്ഷക്ക് അര്‍ഹതയുള്ളവരാണ്.
മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഖിലേന്ത്യാതലത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ 100ലധികം ആക്രമണ സംഭവങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം എല്ലാ പ്രതിരോധങ്ങളെയും അടിച്ചമര്‍ത്തി കോര്‍പറേറ്റ് വത്കരണവും. ഇതിനെ ഇടതുപക്ഷം എങ്ങനെയാവും പ്രതിരോധിക്കുക?
കോര്‍പറേറ്റ്-വര്‍ഗീയ ഐക്യമുന്നണിയാണ് രാജ്യത്തുള്ളത്. കോര്‍പറേറ്റുകള്‍ അവരുടെ താല്‍പര്യം പരിരക്ഷിക്കാന്‍ വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷവര്‍ഗീയതയാകട്ടെ അവരുടെ വര്‍ഗീയത അടിച്ചേല്‍പിക്കാന്‍ കോര്‍പറേറ്റുകളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിവിധ ജാതിമത വിഭാഗങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നിപ്പോള്‍ കോര്‍പറേറ്റുകള്‍ ഈ ജാതി, മതങ്ങളെ ജനങ്ങളെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കുന്നു. ആ നിലയിലാണ് കോര്‍പറേറ്റുകളും വര്‍ഗീയവാദികളും തമ്മിലുള്ള കൈകോര്‍ക്കല്‍. ബി.ജെ.പി വളരെ സംഘടിതമായി വര്‍ഗീയസംഘട്ടനങ്ങള്‍ ഉണ്ടാക്കുകയാണ്. ഇതിന്‍െറയെല്ലാം ലക്ഷ്യം ഭൂരിപക്ഷവര്‍ഗീയതയെ ധ്രുവീകരിക്കലാണ്. ഒപ്പം, ന്യൂനപക്ഷങ്ങള്‍ക്ക് ഒരു അരക്ഷിതബോധം ഉണ്ടാക്കലും ഭീഷണിപ്പെടുത്തി കീഴടക്കാനുള്ള പരിശ്രമവും. ഇതിനെതിരായി പാവപ്പെട്ട ജനവിഭാഗങ്ങളെ ഒരുമിച്ച് അണിനിരത്താനാണ് ഞങ്ങളുടെ പരിശ്രമം.
ഇപ്പോള്‍ പാര്‍ലമെന്‍ററി രംഗത്തായാലും സംഘടനാപരമായും ഇടതുപക്ഷത്തിന് ശക്തിയില്ലായെന്നത് പരസ്യമായ സത്യമല്ലേ?
ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പുശക്തി എന്നനിലയില്‍ ഈ അടുത്തകാലത്ത് തിരിച്ചടിനേരിട്ടുവെന്നത് നേരാണ്. പക്ഷേ, ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഏറ്റെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ഒറ്റക്കുമാത്രമല്ല, കൂട്ടായ സമരത്തിനും ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. അതിന്‍െറ വലിയ ഉദാഹരണമാണ് സെപ്റ്റംബര്‍ രണ്ടിന് നടക്കാന്‍പോകുന്ന പണിമുടക്ക്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ളതും ബന്ധമില്ലാത്തവരുമായ തൊഴിലെടുക്കുന്നവരുടെ സംഘടനകള്‍ ഒരുമിച്ചാണ് ഈ പണിമുടക്ക് നടത്താന്‍പോകുന്നത്. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി അത്തരത്തിലുള്ള ഒട്ടേറെ യോജിച്ചസമരങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിരുന്നു. അതുപോലെ കൃഷിക്കാരുടെ വിശാലമായവേദി കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും വനിതകളുടെയുമൊക്കെ മേഖലകളില്‍ ഇത്തരം വിശാലവേദികള്‍ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിലാണ്. കുറെയൊക്കെ വിജയിച്ചുവരുന്നു.
പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജിക്കേണ്ടത് വളരെ പ്രധാനംതന്നെയല്ലേ. അതിനായി കോണ്‍ഗ്രസുമായൊ മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായൊ വിശാലവേദി രൂപവത്കരിക്കാന്‍ സാധ്യതയുണ്ടോ?
ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ രാജ്യത്ത് കോര്‍പറേറ്റ്-വര്‍ഗീയ ഐക്യമുന്നണിയാണുള്ളത്. ഇവരുടെ അതേ നവ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ക്കായാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. നമ്മുടെ നാട്ടിലെ പല പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളും ഇന്ന് ഈ നവ ഉദാരീകരണ സാമ്പത്തികനയങ്ങളാണ് പിന്തുടരുന്നത്. നവ ഉദാരീകരണ സാമ്പത്തികനയങ്ങളെക്കൂടി എതിര്‍ത്തുകൊണ്ടുമാത്രമേ നമുക്കിന്ന് വര്‍ഗീയതയെ എതിര്‍ക്കാനും പരാജയപ്പെടുത്താനുമാവൂ. അതുകൊണ്ട് നവ ഉദാരീകരണ സാമ്പത്തികനയങ്ങളെയും വര്‍ഗീയതയെയും എതിര്‍ക്കുന്ന എല്ലാ ജനാധിപത്യവിശ്വാസികളെയും വിശാലവേദിയില്‍ ഒരുമിപ്പിച്ച് അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം. അതിന് വര്‍ഗീയതക്കെതിരായ വിശാലയോജിപ്പ് വേണ്ടിവരും.
പക്ഷേ, ബിഹാറില്‍ സോഷ്യലിസ്റ്റ് കക്ഷികള്‍ കോണ്‍ഗ്രസുമായാണ് ധാരണയുണ്ടാക്കുന്നത്?
ഇതുകൊണ്ട് ബി.ജെ.പിയെ തോല്‍പിക്കാനാവില്ല. നവ ഉദാരീകരണ സാമ്പത്തികനയങ്ങളെക്കൂടി എതിര്‍ത്തുകൊണ്ടുമാത്രമേ ബി.ജെ.പിയെ തോല്‍പിക്കാനാവൂ. ആ നിലയില്‍ നവ ഉദാരീകരണ സാമ്പത്തികനയങ്ങളും വര്‍ഗീയതയും തമ്മിലുള്ള വളരെ ഇഴുകിച്ചേര്‍ന്നബന്ധം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമായ വിഷയമാണ്.
പക്ഷേ, കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി.പി.എമ്മിന് തിരിച്ചടികളാണുണ്ടാവുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഭരണവിരുദ്ധ വികാരത്തിന്‍െറ ഗുണം ഇടതുപക്ഷത്തിന് ലഭിച്ചില്ല.
അരുവിക്കരയെ മാത്രം ആസ്പദമാക്കി കേരളത്തിന്‍െറയൊ ഇന്ത്യയുടെയൊ രാഷ്ട്രീയത്തെ വിലയിരുത്താനാവില്ല. അരുവിക്കര സ്ഥിരമായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന നിയോജകമണ്ഡലമാണ്. വളരെ പിന്നാക്കംനില്‍ക്കുന്ന ഒരു പ്രദേശവും. അവിടെ കോണ്‍ഗ്രസിന് വിജയിക്കാനായി. ഒന്ന്, അവര്‍ ഭരണത്തിലാണ്. രണ്ട്, വലിയ സമ്പത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു. ഇതെല്ലാം അവര്‍ക്ക് ജയിക്കാന്‍ സാധ്യതയുണ്ടാക്കി. ഈ സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് വലിയ പ്രചാരവേല ലഭിച്ച കാലത്താണ് തെരഞ്ഞെടുപ്പ് നടന്നതെന്നത് ഞാന്‍ നിഷേധിക്കുന്നില്ല.
കോണ്‍ഗ്രസിന്‍െറ നേരത്തെയുണ്ടായിരുന്ന മുന്‍കൈ മുറിച്ചുകടക്കാന്‍ ഞങ്ങള്‍ക്കായില്ലായെന്നത് ഒരു ഘടകമാണ്. മറ്റൊന്ന്, ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നു. അതിന്‍െറ ഭാഗമായി ഒരു ബി.ജെ.പി അനുകൂല ഒഴുക്ക് അഖിലേന്ത്യ അടിസ്ഥാനത്തില്‍തന്നെ വിവിധ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. അതും ബി.ജെ.പിക്ക് കുറെ വോട്ട് ലഭിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രത്യേകതയും കുറെ വോട്ട് ലഭിക്കാന്‍ ഇടവരുത്തി. ഇതിന്‍െറയെല്ലാം അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്ക് കുറെക്കൂടി വോട്ട് നേടാന്‍ കഴിയാതെവന്നത്.
സി.പി.എമ്മിന്‍െറ വോട്ട് അടിത്തറയായിരുന്ന ഈഴവസമുദായത്തില്‍നിന്ന് ബി.ജെ.പിയിലേക്ക് വോട്ടുചോര്‍ച്ച ഉണ്ടായില്ലേ?
ഈഴവസമുദായത്തിന്‍െറ മാത്രം വോട്ടാണ് അപ്പുറത്ത് പോയതെന്ന് വിലയിരുത്താനേ കഴിയില്ല. ഹിന്ദുവിഭാഗത്തില്‍പെടുന്ന വിവിധ വിഭാഗങ്ങളുടെ വോട്ട് പോയിട്ടുണ്ട്. ഇന്നിപ്പോള്‍ ബി.ജെ.പി എടുക്കുന്ന തന്ത്രം ചെറുതും വലുതുമായ ഹിന്ദു സമുദായസംഘടനകളെ ഒപ്പം അണിനിരത്താനാണ്. മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി ഈ സമൂഹങ്ങളിലെല്ലാം ഒരു പുത്തന്‍ സമ്പന്നവര്‍ഗം വളര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് സ്വാധീനിക്കാന്‍ ആകുന്നവരാണത്. അവര്‍ക്കൊക്കെ ബിസിനസിന്‍െറയും സമ്പത്തിന്‍െറയും താല്‍പര്യങ്ങളുണ്ട്. അവരെയെല്ലാം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
സി.പി.എമ്മിനൊപ്പം മുമ്പ് അണിനിരന്നിരുന്ന പിന്നാക്ക, ദലിത് ജാതിവിഭാഗങ്ങളെ ഹിന്ദു എന്ന പൊതുബോധത്തിനുകീഴില്‍ ബി.ജെ.പി അണിനിരത്തുകയാണ്. അതിനെ എങ്ങനെ പ്രതിരോധിക്കും?
ഇന്ത്യയിലൊട്ടാകെയുള്ള മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി ഈ സമൂഹത്തിലൊക്കെ ചെറുതുംവലുതുമായ ഒരു സമ്പന്നവിഭാഗം വളര്‍ന്നുവരുന്നുണ്ട്. ആ സമ്പന്നവിഭാഗമാണ് വാചാലമായി സംസാരിക്കുന്നവര്‍. അവര്‍ക്ക് മറ്റു വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനശക്തിയുണ്ട്. ഈ സമ്പന്നവിഭാഗം സ്വന്തം താല്‍പര്യം പരിരക്ഷിക്കാന്‍ ഇവരെ വഴിതെറ്റിച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തുകയാണ്. ഈ സമ്പന്നവിഭാഗം വരുമ്പോഴുണ്ടാകുന്ന വ്യതിയാനം എല്ലാ സമൂഹത്തിലും വരും. അതിനെ നേരിട്ടുകൊണ്ടേ ഇടതുപക്ഷങ്ങള്‍ക്ക് മുന്നേറാനാവൂ. അതില്‍ ആശയസമരം പ്രധാനമാണ്. സി.പി.എമ്മിനും ഇടതുപക്ഷത്തിനും കേരളത്തില്‍ വലിയ ജനസ്വാധീനശക്തിയുണ്ട്. അതിനെ ഉപയോഗപ്പെടുത്തി ഈ പ്രചാരവേലക്കെതിരെ ജനങ്ങളെ അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം.
എസ്.എന്‍.ഡി.പി യോഗനേതൃത്വവും സംഘ്പരിവാറുമായുള്ള ഐക്യശ്രമങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് ചോദ്യം?
ഇത്തരം ശ്രമങ്ങളെ പരമാവധി തുറന്നുകാട്ടുകതന്നെ വേണം. അവര്‍ ആരുടെ താല്‍പര്യമാണ് പരിരക്ഷിക്കുന്നത്? ഇത് വളരെ തീക്ഷ്ണമായ പോരാട്ടമാണ്. അതുകൊണ്ടുമാത്രമേ ഇതില്‍ വിജയംവരിക്കാനാവൂ. ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ ആത്മവിശ്വാസമാണുള്ളത്. അണികളെ വഴിതെറ്റിച്ചുകൊണ്ടുപോയി കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ പിന്നില്‍ക്കെട്ടാനുള്ള ജാതി നേതാക്കന്മാരുടെ ശ്രമങ്ങളെ തുറന്നുകാട്ടാനാവുമെന്ന് തന്നെയാണ് വിശ്വാസം.
ഹിന്ദുത്വശക്തികളുടെ വലിയ ആക്രമണം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുമ്പോഴും അവരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയുന്നില്ലല്ലോ? എന്തുകൊണ്ട്?
മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒരു സമ്പന്നവിഭാഗമുണ്ട്. ആ സമ്പന്നവിഭാഗം മതത്തെ അവരുടെ താല്‍പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു. ഭൂരിപക്ഷവര്‍ഗീയതയുടെ ഭയം ന്യൂനപക്ഷവിഭാഗങ്ങളില്‍ ഉണര്‍ത്തി ഈ സമ്പന്നവിഭാഗത്തിന്‍െറ താല്‍പര്യം പരിരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മറ്റു ജാതിമത വിഭാഗങ്ങളുടെ നേതൃത്വം ചെയ്യുന്നതുപോലെയാണ് ഇതും. ഇതിനെയും തുറന്നുകാട്ടിക്കൊണ്ടേ നേരിടാനാവൂ.
അടുത്തദിവസങ്ങളില്‍ രാജ്യം ചര്‍ച്ചചെയ്ത ഒരു സംഭവമാണ് യാക്കൂബ് മേമന്‍െറ വധശിക്ഷ. അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിന്‍േറത്. സി.പി.എം വധശിക്ഷക്കെതിരായ നിലപാടിലേക്ക് പൂര്‍ണമായും എത്തിയോ?
അതെ. ഞങ്ങളുടെ കേന്ദ്ര കമ്മിറ്റിതന്നെ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഞങ്ങളുടെ തത്ത്വാധിഷ്്ഠിത നിലപാട് വധശിക്ഷക്കെതിരാണ്. ഇന്ന് ലോകത്തെ മഹാഭൂരിപക്ഷം ആധുനികരാജ്യങ്ങളും വധശിക്ഷ ഒഴിവാക്കിക്കഴിഞ്ഞിരിക്കുന്നു. ആ നിലയില്‍ വധശിക്ഷ ഒഴിവാക്കണമെന്ന പക്ഷമാണ് ഞങ്ങള്‍ക്ക്. ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് പലപ്പോഴും രാഷ്ട്രീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തിലാണ്.
ന്യൂനപക്ഷങ്ങള്‍ ശരിക്കും വധശിക്ഷക്ക് ഇരകളാകുന്നുണ്ടോ?
അതെ. ഇവിടെ അങ്ങനെയാണല്ളോ നടപ്പാക്കിയിട്ടുള്ളത്. മുസ്ലിം പേരുള്ളതുകൊണ്ട് മാത്രവും മുസ്ലിം മതവിശ്വാസികളായതിനാലുമാണ് അത് നടപ്പാക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ, മതപരിഗണന വധശിക്ഷയില്‍ വരുന്നു. കുറച്ചുകൂടി വിശാലമായി പരിശോധിച്ചാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. കാരണം, കോടതിയില്‍ അവര്‍ക്ക് കേസ് ശരിയായി വാദിക്കാന്‍ കഴിയാതെവരുന്നു. ആ വസ്തുതയുമുണ്ട്.
നിര്‍ണായകമായ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പാര്‍ട്ടി നേരിടുന്ന ആഭ്യന്തരപ്രശ്നം പരിഹരിച്ചുകഴിഞ്ഞുവോ?
ഒരുവലിയ അളവോളവും സംഘടനാപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുകഴിഞ്ഞു. അവശേഷിക്കുന്ന പ്രശ്നവും പരിഹരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ ചിന്തിക്കുന്ന മനുഷ്യരാണ്, പ്രവര്‍ത്തിക്കുന്ന മനുഷ്യരാണുള്ളത്. ശരിയും തെറ്റുകളുമൊക്കെയുണ്ടാവാം.
വി.എസ്. അച്യുതാനന്ദന്‍െറ വിഷയം ഉള്‍പ്പെടെ?
എല്ലാ വിഷയവും പരിഹരിക്കും. അതിനുകഴിയും എന്നതില്‍ ഒരു സംശയവുമില്ല.
സി.പി.എമ്മില്‍ ഇനി പ്ളീനം നടക്കാന്‍ പോവുകയാണ്. എന്താണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്?
അതിലൊന്ന് സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ഇനിയെന്തു വേണമെന്നുള്ളതാണ്. അതുപോലെ, കഴിഞ്ഞ 25 കൊല്ലത്തെ നവ ഉദാരീകരണ സാമ്പത്തികനയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷികമേഖലയിലും പട്ടണപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ ഘടനയിലുമുണ്ടായ വലിയമാറ്റങ്ങളോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതും അവിടെ പരിശോധിക്കും. ഈ വിഷയങ്ങളൊക്കെ പരിശോധിച്ച് ഇനിയും കുറെക്കൂടി ഇതിനോട് ശക്തിയായി പ്രതികരിക്കാനുള്ള യോഗ്യത ആര്‍ജിക്കുകയെന്നതാണ് ലക്ഷ്യം. മറ്റൊന്ന് സാമ്പത്തിക ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും വന്നിട്ടുള്ള ഈ മാറ്റങ്ങളോട് സി.പി.എം വളരെ ഫലപ്രദമായിട്ടാണോ ഇപ്പോള്‍ പ്രതികരിക്കുന്നത്, എന്താണ് അതില്‍ പോരായ്മ എന്നിവ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.