നാരായണഗുരുവിന്‍െറ പ്രസക്തി ചോരാത്ത ആ രാജി

‘നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നിച്ചുചേര്‍ക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദര്‍ശത്തിലേക്ക് നയിക്കുന്നതുമായിരിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സനാതനധര്‍മം അങ്ങനെയുള്ള ഒരു മതമാകുന്നു...’പള്ളാത്തുരുത്തിയില്‍ ചേര്‍ന്ന പ്രസിദ്ധമായ എസ്.എന്‍.ഡി.പി യോഗം സമ്മേളനത്തില്‍ ശ്രീനാരായണഗുരു, തന്‍െറ സംഘടനയുടെ നയം എന്തായിരിക്കണമെന്ന് വ്യക്തമാക്കിയ പ്രസംഗത്തിലെ സന്ദേശമാണിത്. എസ്.എന്‍.ഡി.പി യോഗം മറ്റു മതസ്ഥരെ ഉള്‍ക്കൊള്ളുന്നതും മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നതുമായിരിക്കണമെന്നാണ് ഗുരു വിഭാവന ചെയ്തതെന്ന് ഈ പ്രസംഗത്തില്‍ വ്യക്തമാണ്.1888 ഫെബ്രുവരി 20 ന് ശിവരാത്രി നാളില്‍ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് നാരായണഗുരു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹത്തിന്‍െറ ദര്‍ശനം ഒന്നുകൂടി തെളിഞ്ഞു കാണുന്നു.‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ആ പ്രഖ്യാപനം മതേതര കേരളത്തിന്‍െറ അടിസ്ഥാന പ്രമാണമായി കല്‍പിച്ചുപോരുകയും ചെയ്യുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ അതിന്‍െറ സ്ഥാപനകാല നിലപാടുകളുടെ നേര്‍വിപരീതം സഞ്ചരിക്കുന്ന അനുഭവങ്ങള്‍ ചരിത്രത്തില്‍ അദ്ഭുതമല്ല. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ഗതി അതുതന്നെയാണോ എന്ന് സംശയിപ്പിക്കുന്നതാണ് ഇപ്പോള്‍ ആ പ്രസ്ഥാനത്തിന്‍െറ സഞ്ചാരം. എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു പ്രസ്ഥാനമെന്ന് നാരായണ ഗുരു നിര്‍വചിച്ച എസ്.എന്‍.ഡി.പിയെ, മനുഷ്യര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്, മതദ്വേഷം ഒരു നയമായി കൊണ്ടുനടക്കുന്ന സംഘ്പരിവാരത്തിന്‍െറ പാളയത്തില്‍ തളക്കാനാണ് ഇപ്പോഴത്തെ അതിന്‍െറ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വാസ്തവത്തില്‍ ശ്രീനാരായണ ഗുരുവിന്‍െറ മതദര്‍ശനത്തിന്‍െറ എതിര്‍ചേരിയിലാണ് രാഷ്ട്രീയ ഹിന്ദുത്വം എന്ന് കാണാന്‍ വലിയ ക്രാന്തദര്‍ശനത്തിന്‍െറ ആവശ്യമൊന്നുമില്ല. ഗുരുവിന്‍െറ ജീവിതവും സന്ദേശങ്ങളും സാമാന്യമായി പരിചയമുള്ള ആര്‍ക്കും അത് ബോധ്യമാകും. വാസ്തവത്തില്‍ രാഷ്ട്രീയ ഹിന്ദുത്വ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ‘ഹിന്ദു മതം’എന്ന ആശയംതന്നെ ഗുരുദര്‍ശനങ്ങള്‍ക്ക് പുറത്താണ്. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു പ്രബോധിപ്പിച്ചത്. തന്‍െറ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ആത്മോപദേശശതകത്തില്‍  ‘പലമതസാരവുമേകമെന്ന’ അദൈ്വത ദര്‍ശനമാണ് തന്‍െറ മതമെന്ന്  സുതരാം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍െറയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള സ്വത്വവാദം അദ്ദേഹം മുന്നോട്ടുവെച്ചില്ല. പകരം, വിശ്വമാനവികതയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.

1888ല്‍ നാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിച്ചപ്പോള്‍, പ്രതിഷ്ഠയെ എതിര്‍ക്കാന്‍വന്ന സവര്‍ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ടാണ് ഗുരു പ്രതിരോധിച്ചത്. പരമ്പരാഗത സവര്‍ണ മേധാവിത്വത്തിനു നേരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു അത്. ഒരു കീഴാള ക്ഷേത്ര പ്രതിഷ്ഠയായിരുന്നില്ല അദ്ദേഹത്തിന്‍െറ ലക്ഷ്യം. അദ്ദേഹം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. മറിച്ച്, മതാചാരങ്ങളെക്കാള്‍ അദ്ദേഹത്തിന് വലുത് മാനവിക മൂല്യങ്ങളായിരുന്നു. ശിവപ്രതിഷ്ഠയില്‍നിന്ന് കണ്ണാടി പ്രതിഷ്ഠയിലേക്ക് മാറുകവഴി അദ്ദേഹം തന്‍െറ ദര്‍ശനത്തിനു കുറെകൂടി വ്യക്തത നല്‍കുകയും ചെയ്തു. ക്രിസ്ത്യാനികളും മുഹമ്മദീയരും ആവശ്യപ്പെട്ടാല്‍ അവര്‍ക്കുവേണ്ടിയും താന്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചു കൊടുക്കുമെന്ന് നാരായണ ഗുരു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അരുവിപ്പുറം ശ്രീനാരായണ ധര്‍മപരിപാലന സംഘമാണ് പിന്നീട് 1903ല്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് ശ്രീനാരായണ ധര്‍മപരിപാലന യോഗമായി പുന$സംഘടിപ്പിക്കപ്പെട്ടത്. ശ്രീനാരായണഗുരു യോഗത്തിന്‍െറ ആദ്യ അധ്യക്ഷനും കുമാരനാശാന്‍ ആദ്യ സെക്രട്ടറിയും ആയിരുന്നു. ശ്രീനാരായണ ഗുരുവിന്‍െറ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക, ഈഴവര്‍, തീയര്‍ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്ന്യാസമഠങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു യോഗത്തിന്‍െറ മുഖ്യ ലക്ഷ്യങ്ങള്‍. വിദ്യകൊണ്ട് പ്രബുദ്ധരാകുക, വ്യവസായംകൊണ്ട് അഭിവൃദ്ധിപ്പെടുക, സംഘടനകൊണ്ട് ശക്തരാകുക തുടങ്ങിയ പ്രായോഗിക പാഠങ്ങള്‍ ആണ് ഗുരു പകര്‍ന്നുനല്‍കിയിരുന്നത്. എന്നാല്‍, ഒരു ജാതിസംഘടനയായി അതില്‍ അഭിമാനം കൊള്ളുകയല്ല, പിന്നാക്ക ജാതിക്കാരില്‍ ആത്മാഭിമാനം ജനിപ്പിച്ച് ജാതിതന്നെ ഇല്ലാതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍െറ കാഴ്ചപ്പാട്. നിര്‍ഭാഗ്യവശാല്‍ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്‍െറ വഴിയില്‍നിന്ന് വ്യതിചലിച്ച് ഒരു ജാത്യഭിമാന സംഘടനയായി എസ്.എന്‍.ഡി.പി മാറി. അതില്‍ മനംനൊന്ത അദ്ദേഹം അതിന്‍െറ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിയുകയും ചെയ്തു.

ഗുരു ഒഴിവായെങ്കിലും, ഈഴവ സമുദായത്തിന്‍െറ ശാക്തീകരണത്തിനുള്ള  സംഘടിത പ്രസ്ഥാനം എന്ന നിലയില്‍ പില്‍ക്കാലത്തും എസ്.എന്‍.ഡി.പി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ചരിത്രത്തില്‍ ഇടംനേടി. ഡോ. പല്‍പു, കെ. അയ്യപ്പന്‍, കുമാരനാശാന്‍, എം. ഗോവിന്ദന്‍, എന്‍. കുമാരന്‍, ടി.കെ. മാധവന്‍, പി.കെ. വേലായുധന്‍, വി.കെ. പണിക്കര്‍, ഡോ. പി.എന്‍. നാരായണന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍, വി.ജി. സുകുമാരന്‍, കെ.എ. വേലായുധന്‍, എ. അച്യുതന്‍, സി.ആര്‍. കേശവന്‍ വൈദ്യര്‍ തുടങ്ങിയ നേതാക്കളെല്ലാം എസ്.എന്‍.ഡി.പിയുടെ വളര്‍ച്ചയില്‍ വമ്പിച്ച സംഭാവനകള്‍ നല്‍കി. ഇവരുടെ കാലഘട്ടത്തില്‍ ഏറക്കുറെ നാരായണ ഗുരുവിന്‍െറ മാനവിക ദര്‍ശനം വിട്ടുവീഴ്ചയില്ലാതെ പിന്തുടരാന്‍ സംഘടന ശ്രമിച്ചു. വര്‍ഗീയതയുമായി പൂര്‍ണമായ അകലം നിലനിര്‍ത്തി കേരളത്തിന്‍െറ മതനിരപേക്ഷ,സാഹോദര്യ സംസ്കാരം ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ അവരുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി പ്രസ്ഥാനം വഹിച്ച നിസ്തുലമായ പങ്കു ആര്‍ക്കും നിഷേധിക്കാനാകില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ആ നവോത്ഥാന പാരമ്പര്യത്തെ തീര്‍ത്തും അപ്രസക്തമാക്കുന്ന ആത്മഹത്യാപരമായ നീക്കമാണ് ഇപ്പോള്‍ അതിന്‍െറ നേതൃനിരയിലുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍, സംഘ്പരിവാരവുമായി ഒരു രാഷ്ട്രീയ സഖ്യത്തിനു വേണ്ടിയുള്ള കളമൊരുക്കുകയാണ്. ഇതിനകം അദ്ദേഹം ഡല്‍ഹിയില്‍  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്  ഷായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അമിത് ഷായുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും പങ്കെടുത്തിരുന്നു. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിലും എസ്.എന്‍.ഡി.പിയും ബി.ജെ.പിയും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളാണ് മുഖ്യമായും ചര്‍ച്ചാവിഷയമായത്. കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമാ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനാണ് വെള്ളാപ്പള്ളി അമിത് ഷായെ കണ്ടത് എന്ന് പറയുന്നുണ്ടെങ്കിലും, ഈ ക്ഷണം പോലും പുതിയ രാഷ്ട്രീയ ബന്ധത്തിന്‍െറ ഭാഗമായി കരുതാം. കൊല്ലത്തെ പരിപാടിയില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാമെന്ന് ഷാ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ന്യൂനപക്ഷപ്രീണനമാണ് അരങ്ങേറുന്നതെന്നും ഹിന്ദുകൂട്ടായ്മ വേണമെന്നും ഇപ്പോള്‍ വെള്ളാപ്പള്ളി സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും മറ്റും ഭൂരിപക്ഷസമുദായങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാണെന്നും തുറന്നടിക്കുന്നു. നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹിന്ദു ജനതയുടെ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കേരളത്തിലെ സമുദായ മൈത്രിക്കും മതേതര രാഷ്ട്രീയ പ്രബുദ്ധതയ്ക്കും കനത്ത തിരിച്ചടി നല്‍കുന്ന വഴിയിലേക്കാണ്, താല്‍ക്കാലിക നേട്ടം മുന്‍നിര്‍ത്തിയുള്ള എസ്.എന്‍.ഡി.പിയുടെ വ്യതിയാനം എന്ന് വിശ്വസിക്കുന്നവരാണ് ആ സമുദായത്തിനകത്തും പുറത്തുമുള്ള മഹാഭൂരിപക്ഷവും. 1916 മേയ് 22ന് നാരായണഗുരു എസ്.എന്‍.ഡി.പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ച് ഡോക്ടര്‍ പല്‍പ്പുവിന് എഴുതിയ കത്തില്‍, രാജിക്ക് കാരണമായി തന്‍െറ ആശയങ്ങള്‍ പ്രസ്ഥാനം ഉപേക്ഷിച്ചു എന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഗുരുവിന്‍െറ ആ രാജിക്കത്ത് ഒരിക്കല്‍കൂടി പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു ഇപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.