ഗ്രീസില്‍ വീണ്ടും ദുരന്തനാടകങ്ങള്‍

യൂറോപ്പിന് ജനാധിപത്യത്തിന്‍െറ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ഗ്രീസ് വന്‍ സാമ്പത്തികദുരിതം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ മൂന്നാം കടാശ്വാസ പദ്ധതിക്ക് യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്ന് അംഗീകാരം നല്‍കുകയും ആദ്യ ഗഡുവായി 2500 കോടി യൂറോ ഉടന്‍ അനുവദിക്കാന്‍ തീരുമാനമാവുകയും ചെയ്തതോടെ പ്രതിസന്ധി അയഞ്ഞുവെന്ന് ആശ്വസിക്കാമെങ്കിലും പരിഹാരം താല്‍ക്കാലികം മാത്രമായിരിക്കുമെന്നുതന്നെയാണ് സൂചന. മൊത്തം ആളോഹരി വരുമാനത്തിന്‍െറ രണ്ടിരട്ടിയായി കടം കുന്നുകൂടുകയും കേട്ടുകേള്‍വിയില്ലാത്തത്ര ക്രൂരമായ സാമ്പത്തിക അച്ചടക്ക നടപടികളെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥ അനുദിനം ക്ഷയിക്കുകയും ചെയ്യുന്ന ഗ്രീസിന് 32,000 കോടി യൂറോ അടച്ചുവീട്ടാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം.

2008ല്‍ ലോകത്തെ നടുക്കി സാമ്പത്തികമാന്ദ്യമത്തെുന്നതോടെയാണ് ഗ്രീക് പ്രതിസന്ധിയെക്കുറിച്ച ആദ്യ സൂചനകള്‍ പുറംലോകമറിയുന്നത്. മറ്റു പല രാജ്യങ്ങളെയുംപോലെ സര്‍ക്കാര്‍ കടം അതിരുകടന്ന ഗ്രീസിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ 2010ല്‍ ഒന്നാം കടാശ്വാസ പദ്ധതിയുമായി യൂറോപ്യന്‍ യൂനിയന്‍ എത്തി. സോഷ്യലിസം അടിത്തറയായ രാജ്യത്തെ സാമൂഹികക്ഷേമ നടപടികള്‍ക്കുമേല്‍ ഭാഗിക വിലക്ക് അടിച്ചേല്‍പിച്ച പദ്ധതിയില്‍ 11,000 കോടി യൂറോയാണ് നല്‍കിയത്. ഇതുകൊണ്ടൊന്നും തീരുന്നതല്ല ബാധ്യതയെന്നു കണ്ട്  2011ല്‍ പിന്നെയും 10,900 കോടി യൂറോ കൂടി അനുവദിക്കപ്പെട്ടു. സാമൂഹിക ക്ഷേമം സര്‍ക്കാര്‍ അജണ്ടയില്‍നിന്ന് ഒഴിവാക്കുമെങ്കില്‍ 50 ശതമാനം കടം എഴുതിത്തള്ളാമെന്നും വാഗ്ദാനമുണ്ടായി. 2012ല്‍ രണ്ടാം കടാശ്വാസ പദ്ധതിയില്‍ 13,000 കോടികൂടി അനുവദിക്കപ്പെടുമ്പോള്‍ ഗ്രീക് പൗരന്മാര്‍ക്ക് മൗലികാവകാശങ്ങള്‍പോലും ബാക്കിയില്ളെന്നതായിരുന്നു സ്ഥിതി. രാജ്യത്തെ രക്ഷിക്കാനെന്ന പേരില്‍ വര്‍ഷങ്ങള്‍ക്കിടെ പലതവണ വന്‍ സംഖ്യ ലഭിച്ചത് തീര്‍ച്ചയായും ഒരു രാജ്യത്തെ സാമ്പത്തികമായി രക്ഷപ്പെടുത്തേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചത് നേരെ മറിച്ചാണ്. 28 ശതമാനത്തിനു മുകളിലാണിപ്പോള്‍ തൊഴിലില്ലായ്മ. മൂന്നിലൊന്ന് ജനതയും ദാരിദ്ര്യരേഖക്കു താഴെ. മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി പോലുമില്ല. ആശുപത്രികള്‍ക്കും ആതുര ചികിത്സാമേഖലക്കുമുള്ള ഫണ്ട് 25 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ സര്‍ക്കാര്‍ ചികിത്സ ലഭ്യമായിരുന്ന എട്ടു ലക്ഷം പേരാണ് വര്‍ഷങ്ങള്‍ക്കിടെ പട്ടികയില്‍നിന്ന് പുറത്തായത്. കടാശ്വാസമെന്ന പേരില്‍ ലഭിക്കുന്ന തുക മുഴുവന്‍ ചെന്നുവീഴുന്നത് ജര്‍മനിയിലെയും ഫ്രാന്‍സിലെയും ബാങ്കുകളിലാകുമ്പോള്‍ ഇതല്ലാതെ മറ്റെന്തു സംഭവിക്കാന്‍. ഇതില്‍നിന്ന് 10 ശതമാനം തുകപോലും ഗ്രീക് സര്‍ക്കാറിന് ലഭിച്ചിട്ടില്ളെന്നതാണ് സത്യം.  

ഏതു രാജ്യത്തിന്‍െറയും സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന നികുതിവരുമാനത്തിന്‍െറ കാര്യത്തില്‍ ഗ്രീസ് കാലങ്ങളായി പരാജയമായതാണ് തുല്യതയില്ലാത്ത ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിയിട്ടത്. പഴയകാല ഫ്യൂഡല്‍ പ്രഭുക്കളെപ്പോലെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും വഴങ്ങാത്ത കുത്തക മുതലാളിമാരും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന സാധാരണക്കാരും ഒരുപോലെ സര്‍ക്കാറിന് നികുതി നല്‍കാതെ മാറിനില്‍ക്കുന്നവര്‍. സര്‍ക്കാര്‍ ചെലവുകള്‍ക്കാവശ്യമായ തുകപോലും പിരിഞ്ഞുകിട്ടാത്ത സോഷ്യലിസ്റ്റ് രാജ്യത്ത് സോഷ്യലിസം ഭംഗിയായി നടപ്പാകുന്നത് ഈ വിഷയത്തില്‍ മാത്രം. ഇത് മറികടക്കാനാകാതെ ഒരു രാജ്യവും കരകയറില്ളെന്ന ഏറ്റവും വലിയ പാഠംകൂടിയാണ് ഗ്രീസ്.

രാജ്യത്തിന്‍െറ സ്വാതന്ത്ര്യംതന്നെ അപായപ്പെടുത്തിയാണ് പുതിയ സഹായ പാക്കേജിന് ‘ട്രോയിക’ എന്നു വിളിക്കപ്പെടുന്ന യൂറോപ്യന്‍ കമീഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നിവയടങ്ങുന്ന ത്രയം രൂപം നല്‍കിയിരിക്കുന്നത്. ഇനി രാജ്യത്തെ സാമ്പത്തിക, സാമൂഹിക നയങ്ങളൊക്കെയും ഈ മൂവര്‍ സംഘം തീരുമാനിക്കും. ഗ്രീക് പാര്‍ലമെന്‍റിന് വല്ലതും തീരുമാനിക്കണമെന്നുണ്ടെങ്കില്‍ ഇവയില്‍നിന്ന് അനുമതി നേരത്തേ വാങ്ങിയിരിക്കണം. പുതിയ ദുരന്തങ്ങളിലേക്കാകും രാജ്യം ഇതുവഴി എടുത്തെറിയപ്പെടുക. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കണം. വൈദ്യുതി മേഖലയിലെ സര്‍ക്കാര്‍ സാന്നിധ്യം അവസാനിപ്പിച്ച് കുത്തകകള്‍ക്ക് കൈമാറണം. കര്‍ഷകനുപോലും നികുതി കുത്തനെ ഉയര്‍ത്തണം. അവര്‍ക്കുള്ള ഇളവുകള്‍ അവസാനിപ്പിക്കണം. ഫാര്‍മസികള്‍ നടത്താന്‍ ഫാര്‍മസിസ്റ്റ് വേണമെന്ന നിബന്ധന മാറ്റി രാജ്യാന്തര കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കണം. ഇതിനുവേണ്ടി ഏറ്റവും കൂടുതല്‍ രംഗത്തുണ്ടായിരുന്ന ജര്‍മനിയില്‍പോലും ഫാര്‍മസികളുടെ 51 ശതമാനം ഓഹരി ഫാര്‍മസിസ്റ്റിനാകണമെന്നത് ചേര്‍ത്തുവായിച്ചാലറിയാം യൂറോപ്പ് ഗ്രീസിനുവേണ്ടി കാണിക്കുന്ന ഒൗദാര്യത്തിന്‍െറ വലുപ്പം.

പിന്നെയുമുണ്ട് ‘സ്നേഹപൂര്‍വമുള്ള’ വ്യവസ്ഥകള്‍. ബജറ്റിന്‍െറ വലിയ വിഹിതം ആവശ്യമായി വരുന്ന പെന്‍ഷന്‍ സമ്പ്രദായം ഘട്ടംഘട്ടമായി അവസാനിപ്പിക്കണം. രാജ്യത്തെ പ്രധാന ബാങ്കുകളില്‍ ചുരുങ്ങിയത് മൂന്ന് വിദേശ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സാന്നിധ്യമുണ്ടാകണം.  ഇതുവരെ സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്ന എല്ലാ ഉപഭോക്തൃ മേഖലകളിലും സ്വകാര്യ പങ്കാളിത്തത്തിന് അവസരമൊരുക്കണം. ഗ്രീസില്‍ ഇനി ഒരാള്‍പോലും സന്തോഷത്തോടെയിരിക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ 320ഓളം മേഖലകളാണ് പുതുതായി നികുതി ഏര്‍പ്പെടുത്താവുന്നതോ നിലവിലുള്ളവ ഉയര്‍ത്താവുന്നതോ ആയി യൂറോപ്യന്‍ സമിതി കണ്ടത്തെിയത്.  ജനങ്ങളുടെ പ്രധാന ഭക്ഷണമായ റൊട്ടിയുടെ വില്‍പനക്കും വരുന്നുണ്ട് നിബന്ധനകള്‍. ഇത്രയുമാകുന്നതോടെ ഇനി ഗ്രീക് സര്‍ക്കാര്‍ പാവഭരണകൂടം മാത്രമായിരിക്കുമെന്നതാണ് ഏറ്റവും വലിയ തമാശ.

തീരുമാനങ്ങള്‍ക്കൊന്നും അവര്‍ക്ക് അവകാശമേയില്ളെന്നാണ് കരാര്‍. ‘ട്രോയ്ക’യുമായി ആലോചിക്കാനുള്ള സമിതി മാത്രമായിമാറും സര്‍ക്കാര്‍.
എന്നിട്ടും ഗ്രീസ് എന്തിനാണ് ഇതിന് നിന്നുകൊടുക്കുന്നതെന്നതാണ് വിഷയം. കടുത്ത അച്ചടക്ക നടപടികള്‍ ഡെമോക്ളസിന്‍െറ വാളായി ഉയര്‍ന്നുനില്‍ക്കുന്നതു കണ്ട് ഒരിക്കല്‍ ഹിതപരിശോധന നടത്തുകയും ജനം എതിരെന്ന് ഉറപ്പാക്കുകയും ചെയ്ത പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് തന്നെയാണ് എല്ലാം മറന്ന് അതിനേക്കാള്‍ തീവ്രമായ ഉപാധികള്‍ക്ക് വഴങ്ങാമെന്ന് പ്രഖ്യാപിച്ചത്; ഇനിയും പുതിയ നിബന്ധനകള്‍ വെക്കുന്നുവെങ്കില്‍ അതും സമ്മതിക്കാന്‍ ഒരുക്കമറിയിച്ചത്. ഏതു രാജ്യവും സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കാണുമ്പോള്‍ പലിശനിരക്ക് കുറച്ചും മറ്റും ഇവയെ മറികടക്കാറുണ്ട്.

19 രാജ്യങ്ങള്‍ അംഗങ്ങളായ യൂറോ ഗ്രീസിന്‍െറയും നാണയമായതോടെ അതു നടക്കില്ളെന്നതായിരുന്നു സ്ഥിതി. യൂറോപ്പിന്‍െറ കൂട്ടായ്മയില്‍ സാമ്പത്തികമായി രണ്ടു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഗ്രീസിനെ പരിഗണിച്ചൊരു നടപടി അവര്‍ക്ക് ആവശ്യവുമില്ലായിരുന്നു. ഇവിടെയാണ് ഗ്രീസിന് ഒന്നാമത്തെ തിരിച്ചടി തുടങ്ങുന്നത്. ഇനി അവസാന ഘട്ടത്തില്‍ സമ്മര്‍ദത്തിലാക്കി യൂറോപ്യന്‍ യൂനിയനില്‍ നിന്ന് മാറാമെന്ന് വെച്ചാല്‍പോലും നേരത്തേ ഉപേക്ഷിച്ച നാണയമായ ഡ്രാക്മയിലേക്ക് തിരിച്ചുപോക്ക് എളുപ്പമല്ല. 32,000 കോടി യൂറോയാണ് ഏറ്റവുമൊടുവില്‍ ഗ്രീസിന്‍െറ ബാധ്യത. ഇതില്‍ ജര്‍മനിക്കു മാത്രം 5700 കോടി നല്‍കണം. ഫ്രാന്‍സിന് 4300 കോടി, ഇറ്റലി 3800 കോടി, സ്പെയിന്‍ 2500 കോടി, ഐ.എം.എഫ് 2400 കോടി തുടങ്ങി പട്ടിക നീളും. ഇത്രയും തുക പോയിട്ട് ചില്ലിക്കാശുപോലും ഉടനൊന്നും സ്വന്തമായി നല്‍കാനാകാത്ത രാജ്യത്തിന് പിന്നെ കഴുത്ത് നീട്ടിക്കൊടുക്കുക മാത്രമായിരുന്നു പോംവഴി. അതിന്‍െറ വില നല്‍കുന്നത് ഗ്രീസിലെ പാവം ജനങ്ങളും.

ഈ ദൂഷിതവലയത്തില്‍നിന്ന് ഗ്രീസ് സമീപഭാവിയിലൊന്നും കരകയറുമെന്ന് തോന്നുന്നില്ല. എല്ലാം ശരിയാക്കുമെന്നും നാലു വര്‍ഷത്തിലേറെയായി തുടരുന്ന അച്ചടക്ക നടപടികളില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്ത സിപ്രാസ് സര്‍ക്കാറിനോ ഭരണകക്ഷിയായ സിറിസക്കോ തീര്‍ത്തുകളയാവുന്നത്ര നിസ്സാരവുമല്ല പ്രശ്നങ്ങള്‍. അടുത്ത രണ്ടു വര്‍ഷത്തിനകം ബജറ്റില്‍ 3.5 ശതമാനം മിച്ചമുണ്ടാക്കണമെന്ന തീട്ടൂരം നടപ്പാക്കപ്പെടുന്നതോടെ യൂറോപ്പിലെ യഥാര്‍ഥ രോഗിയായി ഗ്രീസ് മാറുമെന്ന് തീര്‍ച്ച.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.