എന്നാല്‍, നിലനില്‍പിനുവേണ്ടിയുള്ള ഈ സാഹസിക യജ്ഞങ്ങളോടുള്ള യൂറോപ്പിന്‍െറ സമീപനം കൂടുതല്‍ കടുത്തതും അപലപനീയവുമായിരിക്കുന്നു. അതിര്‍ത്തികളില്‍ വന്‍മതിലുകള്‍ സ്ഥാപിക്കുക, കൂടുതല്‍ മുള്ളുവേലികള്‍ നിര്‍മിക്കുക, കൂടുതല്‍ സായുധസൈനികരെ വിന്യസിക്കുക, ബോട്ടുകള്‍ക്കുനേരെ നിറയൊഴിക്കുക തുടങ്ങിയ ബഹുവിധ തന്ത്രങ്ങള്‍. ഇത്തരം കാവല്‍സംരംഭങ്ങള്‍ക്കുവേണ്ടി ശതകോടി ഡോളറുകള്‍ ചെലവഴിക്കപ്പെടുന്നു. ഭീമമായ ഈ പണം ഉപയോഗിച്ച് ജനക്ഷേമകരമായ എത്ര ബൃഹദ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചേനേ? എന്നാല്‍, അതുസംബന്ധിച്ച സംവാദങ്ങള്‍ക്കുപോലും യൂറോപ്പില്‍ ഇടം ലഭിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാരുടെ വന്‍ പറ്റങ്ങളാല്‍ യൂറോപ്പ് ഇതാ കീഴടക്കാന്‍ പോകുന്നു എന്ന ആശങ്കകള്‍ വിതക്കുന്നതില്‍ മാത്രമാണ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വിവേകശൂന്യമായ ഒൗത്സുക്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അഭയാര്‍ഥികള്‍ ഭീകരരും തീവ്രവാദികളും സംസ്കാരശൂന്യരുമായി മുദ്രകുത്തപ്പെടുന്നു.
ഈയിടെ ഒരു അഭയാര്‍ഥി ക്യാമ്പിനെ പരാമര്‍ശിക്കെ മൃഗങ്ങളുടെ പറ്റം എന്ന രീതിയിലുള്ള വിശേഷണമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍പോലും സ്വീകരിച്ചത്. വാസ്തവത്തില്‍ ബഹുകോടി അഭയാര്‍ഥികള്‍ കുടിയേറ്റത്തിന് മുതിരുന്നുണ്ടെങ്കില്‍ യൂറോപ്യന്‍ യൂനിയനിലെ 28 രാജ്യങ്ങളിലേക്ക് 6,26,000 പേര്‍ മാത്രമാണ് പോയവര്‍ഷം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പോയവര്‍ഷം 40 ലക്ഷം പേരാണ് സിറിയയില്‍നിന്ന് പലായനം ചെയ്തത്. ഇതില്‍ 500 പേര്‍ക്ക് ബ്രിട്ടന്‍ അഭയം നല്‍കി. അതേസമയം, 10 ലക്ഷം സിറിയക്കാരെയാണ് ലബനാന്‍ സ്വീകരിച്ചത്. അതിനകം 20 ലക്ഷത്തിലേറെ പേര്‍ക്ക് തുര്‍ക്കി അഭയം നല്‍കുകയുണ്ടായി.
കുടിയേറ്റക്കാരോട് മൃദുസമീപനം സ്വീകരിക്കുന്നപക്ഷം യൂറോപ്പ് അമ്പേ തകര്‍ന്നടിയും, അരാജകത്വവും രാഷ്ട്രീയ അസ്ഥിരതയും വ്യാപകമാകും തുടങ്ങിയ സാങ്കല്‍പിക ആശങ്കകള്‍ ഉണര്‍ത്തിവിട്ടുകൊണ്ട് അഭയാര്‍ഥികള്‍ക്ക് മുന്നില്‍ കവാടങ്ങള്‍ കൊട്ടിയടക്കുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ കൊയ്ത്തുകള്‍ നടത്തുന്നു. തെരഞ്ഞെടുപ്പുകളില്‍ ഇത്തരം പ്രചാരണങ്ങള്‍ വലതുപക്ഷ തീവ്രദേശീയവാദികള്‍ക്ക് വന്‍തോതില്‍ ഗുണകരമായി ഭവിക്കുന്നു. ഇത്തരം അസഹിഷ്ണുതാവാദമാണോ യൂറോപ്പിന്‍െറ മൂല്യം. യഥാര്‍ഥത്തില്‍ കുടിയേറ്റക്കാരുടെ അംഗസംഖ്യ കുറഞ്ഞ രാജ്യങ്ങളിലാണ് തീവ്ര വലതുപക്ഷം കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടിരിക്കുന്നത്. അത്ര കടുത്ത പ്രചാരണതന്ത്രങ്ങളാണ് ഈ വിജയങ്ങളുടെ അടിത്തറ. എന്നാല്‍, ഈ അസംബന്ധവാദത്തെ ഉദാരവാദികളായ രാഷ്ട്രീയ നേതാക്കളും എതിര്‍പ്പുയര്‍ത്താതെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തോടുള്ള വര്‍ധിച്ച ആഭിമുഖ്യം മാത്രമാണ് മരണത്തെ വെല്ലുന്ന സാഹസികതകളിലേക്ക് ചാടിയിറങ്ങാന്‍ കുടിയേറ്റക്കാര്‍ക്ക് പ്രേരണയാകുന്നത്. മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അവര്‍ കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ മുതിരുന്നത്. ക്ളേശങ്ങളുടെ ബാഹുല്യം ഇല്ളെങ്കില്‍ യൂറോപ്പിന് പകരം ജന്മനാടുകളിലേക്കുതന്നെ അവര്‍ തിരികെ പോകുമായിരുന്നു.
അപായകരമായ യാത്രകള്‍, ദീര്‍ഘസഹനങ്ങള്‍, അതിരുകളിലെ വേലിക്കെട്ടുകള്‍ മറികടക്കാന്‍ ജീവന്‍ പണയപ്പെടുത്തിയുള്ള ധീരമായ ചുവടുവെപ്പുകള്‍ എന്നിങ്ങനെ നാനാവിധ പ്രതികൂല ഘടകങ്ങള്‍ തരണംചെയ്ത് ഈ ജനവിഭാഗങ്ങള്‍ യൂറോപ്പിനെ ലക്ഷ്യമാക്കുന്നതിലൂടെ അവര്‍ സ്വന്തം മാനുഷികമുഖമാണ് നമുക്ക് മുന്നില്‍ ആവര്‍ത്തിച്ച് അനാവരണം ചെയ്യുന്നത്. നാം അവര്‍ക്കു മുന്നില്‍ ആവര്‍ത്തിച്ച് കാണിക്കുന്നതാകട്ടെ മനുഷ്യത്വവിരുദ്ധമുഖവും!
കടപ്പാട്: അല്‍ജസീറ
(മാധ്യമപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.