പാര്‍ലമെന്‍റ് പ്രഹസനങ്ങളുടെ രംഗവേദി?

രാജ്യത്തെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോണ്‍ഗ്രസും ബി.ജെ.പിയും പാര്‍ലമെന്‍റിനെ പ്രഹസനവേദിയാക്കിയിരിക്കുന്നു. ഏതെങ്കിലും നിസ്സാര പ്രശ്നം കിട്ടിയാല്‍മതി പിന്നെ അതില്‍ കടിച്ചുതൂങ്ങി പാര്‍ലമെന്‍റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതില്‍ ഇരു കക്ഷികളും പരസ്പരം മത്സരിക്കുകയാണ്. ഒരുപക്ഷേ, ഇത് ഇരുപാര്‍ട്ടികള്‍ക്കും ദേശവ്യാപക ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ടാകാം. പക്ഷേ, ജനാധിപത്യ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള മതിപ്പിനും വിശ്വാസത്തിനും കോട്ടമുണ്ടാക്കാനാണ് ആത്യന്തികമായി ഇത് നിമിത്തമാവുക.
കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചതും  ക്രിക്കറ്റ്  ഒത്തുകളി വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ ലളിത് മോദിക്ക് തിടുക്കത്തില്‍ വിദേശ യാത്രാനുമതി അനുവദിച്ചതുമായ സംഭവങ്ങള്‍ ഉദാഹരണമായി പരിശോധിച്ചുനോക്കുക. ജിദ്ദയില്‍ രോഗചികിത്സയില്‍ കഴിയുന്ന മകളെ സന്ദര്‍ശിക്കാനായിരുന്നു ഗീലാനി പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. പോര്‍ചുഗലില്‍ കാന്‍സര്‍ ചികിത്സ തേടുന്ന ഭാര്യയെ കാണാനുള്ള ശ്രമത്തിലായിരുന്നു ലളിത് മോദി. രണ്ടും സമാന സ്വഭാവമുള്ള കേസുകള്‍.
ഗീലാനിയുടെ അപേക്ഷ ‘ഇപ്പോഴത്തെ’ നിലയില്‍ സ്വീകരിക്കാനാകില്ളെന്നായിരുന്നു പാസ്പോര്‍ട്ടിന് അനുമതി നല്‍കേണ്ട ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണം. കാരണം, പൗരത്വ കോളത്തില്‍ ‘ഇന്ത്യക്കാരന്‍’ എന്ന് ഗീലാനി എഴുതിച്ചേര്‍ത്തിരുന്നില്ല. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന പരോക്ഷ സൂചന നല്‍കുകയായിരുന്നു അതുവഴി അദ്ദേഹം. പാസ്പോര്‍ട്ട് നിഷേധത്തെച്ചൊല്ലി ബി.ജെ.പിയുടെ കശ്മീര്‍ ഘടകവും സഖ്യകക്ഷിയായ പി.ഡി.പിയും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത പ്രകടിപ്പിക്കുകയും ചെയ്തതോടെ പ്രശ്നം രാഷ്ട്രീയമാനമുള്ളതായി മാറി.

‘മാനുഷിക നില’ പരിഗണിച്ച് ഗീലാനിക്ക് പാസ്പോര്‍ട്ട് നല്‍കേണ്ടതാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി വാദിക്കെ, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിന് ക്ഷമ ചോദിക്കുന്നതുവരെ പാസ്പോര്‍ട്ട് അനുവദിക്കേണ്ടതില്ളെന്ന കടുത്ത നിലപാടുമായി ബി.ജെ.പി രംഗപ്രവേശം ചെയ്തു. ഏറെ വാഗ്വാദങ്ങള്‍ക്കുശേഷം ഒമ്പതുമാസ കാലാവധിയുള്ള പാസ്പോര്‍ട്ട് ഗീലാനിക്ക് അനുവദിക്കാനാണ് ആഭ്യന്തര മന്ത്രാലയം തയാറായത്. അതേസമയം, അഴിമതി അപവാദങ്ങളുടെ കേന്ദ്ര
മായ ലളിത് മോദിയുടെ യാത്രക്കുവേണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രകടിപ്പിച്ച വ്യഗ്രതയും വിവാദത്തിന് തിരികൊളുത്തി. ലളിത് മോദിയുടെ യാത്രാരേഖകള്‍ ശരിപ്പെടുത്താന്‍ സുഷമ ബ്രിട്ടീഷ് അധികൃതര്‍ക്ക് നേരിട്ട് കത്തെഴുതുകയായിരുന്നു. ‘മാനുഷികനില’ പരിഗണിച്ചായിരുന്നു താന്‍ ഇക്കാര്യത്തില്‍ വ്യക്തിഗത താല്‍പര്യം പ്രകടിപ്പിച്ചതെന്ന സുഷമയുടെ വിശദീകരണം വിമര്‍ശകര്‍ക്ക് തൃപ്തികരമായില്ല. വകതിരിവില്ലാതെ നടത്തിയ ഈ അനൗചിത്യത്തിന് സുഷമക്ക് മാപ്പുനല്‍കാമായിരുന്നു. എന്നാല്‍, അവര്‍ രാജിവെച്ചേ മതിയാകൂവെന്ന പിടിവാശിയിലാണ് കോണ്‍ഗ്രസ്. സുഷമ സഭയില്‍ വിശദീകരണം നല്‍കുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന സ്വീകരിക്കാതെ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളം വെക്കുകയായിരുന്നു.

സുഷമ സ്വരാജിന്‍െറ ഭര്‍ത്താവ് ലളിത് മോദിയുടെ അഭിഭാഷകനാണ് എന്നത് വാസ്തവം തന്നെ. എന്നാല്‍, ലളിത് മോദിയുടെ യാത്രാനുമതി തരപ്പെടുത്താന്‍ സുഷമയോ ഭര്‍ത്താവോ പണമോ മറ്റ് ആനുകൂല്യങ്ങളോ വാങ്ങിയതിന് തെളിവൊന്നുമില്ല. അതേസമയം, ഇത്തരം കാര്യങ്ങളില്‍ വിവേകശൂന്യമായി ഇടപെടരുതെന്ന് ബി.ജെ.പി സുഷമക്ക് നിര്‍ദേശം നല്‍കണം. കാരണം, പാര്‍ട്ടിയുടെ പ്രമുഖ നേതാവാണവര്‍. ഹിന്ദുത്വ വീക്ഷണത്തിന്‍െറ കടുത്ത ഉപാസകരായ ആര്‍.എസ്.എസ് നേതാക്കളും സുഷമയുടെ കാര്യത്തില്‍ വേണ്ടത്ര സംതൃപ്തരല്ല. സുഷമയുടെ ലിബറല്‍ സമീപനങ്ങള്‍ പഥ്യമല്ല അവര്‍ക്ക്.
ഹിന്ദു മഹാസഭയും ജിന്നയുടെ മുസ്ലിംലീഗും മതാത്മകതയില്‍ ഊന്നിയപ്പോള്‍ മതേതരത്വം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തിന് നിരക്കാത്ത സംഭവങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മതേതരത്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് ആറ് ദശാബ്ദം നീണ്ട ഭരണകാലയളവില്‍ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുകയുണ്ടായി. അതിന്‍െറ ഭവിഷ്യത്തുകള്‍ കൂടിയാണ് രാഷ്ട്രം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന് ന്യായീകരിക്കുന്ന കപില്‍ സിബല്‍, നേരത്തേ ബി.ജെ.പിയും ഇതേ തന്ത്രം പയറ്റിയിരുന്നതായി ചൂണ്ടിക്കാണിക്കുന്നു. സുഷമ രാജിനല്‍കുന്നതുവരെ സഭയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ഭീഷണി മുഴക്കിയിരിക്കുന്നു. ഒട്ടും ആരോഗ്യകരമല്ല ഈ സംഭവവികാസങ്ങള്‍. പാര്‍ലമെന്‍റിന്‍െറ മണ്‍സൂണ്‍ സമ്മേളനം പൂര്‍ണമായി പാഴായിപ്പോകുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. രാജ്യത്തിന്‍െറ വിഭവങ്ങളും ഊര്‍ജവും വൃഥാവിലാക്കുന്ന ഇത്തരം ഏര്‍പ്പാടുകള്‍ക്ക് അറുതിയുണ്ടാകണം. ‘മാര്‍ഗങ്ങള്‍ ഹീനമായാല്‍ ലക്ഷ്യവും ഹീനമായിത്തീരും’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളാകണം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട മാതൃകാപാഠം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.