ബംഗളൂരു: മുതിർന്ന കന്നഡ നടൻ രാജേഷ് (89) ബംഗളൂരുവിൽ അന്തരിച്ചു. പ്രായാധിക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച പുലർച്ച 2.30ഓടെയാണ് മരണം.
45 വർഷത്തെ അഭിനയ ജീവിതത്തിനിടെ 150 സിനിമകളിൽ വേഷമിട്ടു. അദ്ദേഹത്തിന്റെ ആത്മകഥ 'കലാ തപസ്വി രാജേഷ് ആത്മകഥെ' 2014ൽ പുറത്തിറങ്ങി. 2012ൽ ധാർവാഡിലെ കർണാടക യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ ഭാര്യ ആശ റാണി രാജേഷിന്റെ മകളാണ്.
സംസ്കാര ചടങ്ങുകൾ ശനിയാഴ്ച വൈകീട്ട് വിദ്യാരണ്യപുരയിലെ വസതിയിൽ നടന്നു. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനമറിയിച്ചു.
മുനി ചൗതപ്പ എന്ന കലാ തപസ്വി രാജേഷ് നാടകരംഗത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. നാടക മേഖലയിൽ വിദ്യാസാഗർ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത്. വിദ്യാഭ്യാസ കാലത്തിന് ശേഷം ടൈപ്പിസ്റ്റായി ജോലി നോക്കവേ 'ശക്തി നാടക മണ്ഡലി' എന്ന നാടക ഗ്രൂപ്പുണ്ടാക്കി. നാടക വേദിയിലെ അഭിനയ മികവ് കണ്ട് 1964ൽ സംവിധായകൻ ഹുൻസുർ കൃഷ്ണ മൂർത്തി വീര സങ്കൽപ എന്ന ചിത്രത്തിൽ വേഷം നൽകി.
സംവിധായകൻ സി.വി. ശിവശങ്കറിന്റെ 'നമ്മ ഊരു' എന്ന ചിത്രത്തിൽ നായകനാക്കിയപ്പോൾ നേരത്തെ നിശ്ചയിച്ച രമേശ് നായകിനെ ഒഴിവാക്കിയതിൽ നായിക കൃഷ്ണ കുമാരി അസംതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, ഇത് വകവെക്കാതിരുന്ന സംവിധായകൻ പേര് രമേഷാണോ രാജേഷാണോ എന്നത് പ്രശ്നമല്ലെന്ന് പറഞ്ഞു. ഈ സിനിമയോടെ വിദ്യാസാഗർ തന്റെ പേര് രാജേഷ് എന്നാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.