നേമം: കോടികൾ വിലമതിക്കുന്ന തൻറെ സ്വത്ത് വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് ദാനം നൽകിയ മുത്തശ്ശി അന്തരിച്ചു. വിളപ്പിൽശാല അമ്പലത്തും വിള സ്വദേശിനി ജെ. സരസ്വതി ഭായി (96) ആണ് മരിച്ചത്. ഏറെ നാളായി അസുഖബാധിതയായിരുന്നു ഇവർ.
കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കറിൽ ഒരേക്കർ ഭൂമി 1957ൽ ആശുപത്രിക്ക് സൗജന്യമായി നൽകുകയായിരുന്നു. അവശേഷിച്ച ഭൂമി പാവങ്ങൾക്ക് ദാനം നൽകി. ദാനം നൽകിയ ഭൂമിക്ക് നിലവിൽ 10 കോടിയോളം രൂപ വിലമതിക്കും. 1961ലാണ് വിളപ്പിശാല സർക്കാർ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതി ഭായിയെ വീട്ടിലെത്തി അനുമോദിച്ചിരുന്നു. 2013ലാണ് ആശുപത്രിയെ സാമൂഹിക കേന്ദ്രമായി ഉയർത്തിയത്.
പുതിയ മന്ദിരത്തിന് സരസ്വതി ഭായിയുടെ പേര് നൽകണമെന്ന് ജനങ്ങളുടെ ആവശ്യം അധികൃതർ അംഗീകരിച്ചിരുന്നില്ല. എന്നാൽ പൊതുജന പ്രക്ഷോഭം ആരംഭിച്ചതോടുകൂടി ഒടുവിൽ അധികാരികൾ ആശുപത്രി ഹാളിന് മാത്രമായി ഇവരുടെ പേര് നൽകുകയും ഛായാചിത്രം സ്ഥാപിക്കുകയുമായിരുന്നു. ഈ ഹാളിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്.
വിവിധ തുറകളിലുള്ള നിരവധി പേർ സരസ്വതി ഭായിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഐ.ബി സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
കൃഷ്ണ പിള്ളയാണ് സരസ്വതി ഭായിയുടെ ഭർത്താവ്. മക്കൾ: ജയധരൻ നായർ, സുധാകരൻ നായർ, പ്രഭാകരൻ നായർ, രാജലക്ഷ്മി, ഭദ്രകുമാർ, ജയലക്ഷ്മി, അംബാലിക ദേവി, പരേതരായ രാജമോഹനൻ നായർ, അജിത്ത് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.