രാജി ശിവൻ
നേമം (തിരുവനന്തപുരം): അബ്ദുൽകലാം സാങ്കേതിക സർവകലാശാലക്ക് വേണ്ടി ഭൂമി വിട്ടുനൽകി ധനസഹായം പ്രതീക്ഷിച്ചിരുന്ന വീട്ടമ്മ ഒടുവിൽ കടബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. വിളപ്പിൽശാല നെടുംകുഴി ചെല്ലമംഗലത്ത് വീട്ടിൽ രാജി ശിവൻ (48) ആണ് ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ 5.30നാണ് സംഭവം. കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇൻറർലോക്ക് കമ്പനി ഉടമയാണ് രാജി. കമ്പനിവളപ്പിലെ ഒരു ഷെഡ്ഡിലാണ് തൂങ്ങിയ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
രാജിയുടെ ആത്മഹത്യ കടബാധ്യത മൂലമാണെന്ന് വിളപ്പിൽശാല പൊലീസ് സ്ഥിരീകരിച്ചു. കമ്പനി മുന്നോട്ട് കൊണ്ടുപോകാൻ വെള്ളയമ്പലത്തെ കേരള ഫിനാൻസ് കോർപ്പറേഷനിൽനിന്ന് 60 ലക്ഷത്തോളം രൂപ ഇവർ വായ്പയെടുത്തിരുന്നു. 25,000 രൂപ മാത്രമാണ് തിരിച്ചടക്കാൻ സാധിച്ചത്.
ബാക്കിതുക തിരിച്ചടക്കാൻ കോവിഡ് കാലത്തെ പ്രതിസന്ധിയും തൊഴിലിലെ മന്ദതയും കാരണം സാധിക്കാതെയായി. കുടിശ്ശികതുക വർധിച്ചു വന്നതോടെ മുക്കാൽ ഏക്കറോളം വരുന്ന ഭൂമി വിറ്റ് കടക്കെണിയിൽനിന്ന് രക്ഷനേടാൻ ഇവർ ശ്രമം നടത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് വിളപ്പിൽശാലയിലെ സാങ്കേതിക സർവകലാശാലക്ക് വേണ്ടി സർക്കാർ ഭൂമി ഏറ്റെടുക്കുന്ന കാര്യം ഇവർ അറിയുന്നത്.
100 ഏക്കർ ഭൂമി ഏറ്റെടുക്കും എന്നായിരുന്നു സർക്കാറിന്‍റെ ആദ്യ വാഗ്ദാനം. ഇതിൽ രാജിയുടെ കാൽ ഏക്കർ ഭൂമിയും ഉൾപ്പെട്ടിരുന്നു. ഒരു സെൻറിന് അഞ്ച് ലക്ഷത്തോളം രൂപയാണ് വിലയായി നിശ്ചയിച്ചത്. ഒരുവർഷം മുമ്പാണ് രാജിയുടെ ഭൂമി സംബന്ധമായ രേഖകൾ സർക്കാറിലേക്ക് നൽകിയത്. തുടക്കത്തിൽ 30 ലക്ഷം അടച്ചു തീർക്കണമെന്നും ക്രമേണ ബാക്കി തുക അടയ്ക്കാനുള്ള സാവകാശം നൽകാമെന്നും ബാങ്ക് അധികൃതർ രാജിയെ അറിയിക്കുകയുണ്ടായി.
തുക അടച്ചുതീർക്കാൻ രാജിക്ക് സാവകാശം ലഭിച്ചതോടെ ബാങ്ക് അധികൃതർ വ്യവസ്ഥകൾ മുന്നോട്ടുവച്ചു. ഈ വ്യവസ്ഥകൾ ഡിസംബർ 31ന് അവസാനിക്കാനിരിക്കുകയാണ്. ആദ്യം 100 ഏക്കർ ഏറ്റെടുക്കും എന്ന് പറഞ്ഞ സർക്കാർ പിന്നീട് അത് പകുതിയായി ചുരുക്കിയതോടെ രാജി സർക്കാറിന്‍റെ പട്ടികയിൽനിന്ന് പുറത്തായി.
വീടിന്‍റെ രേഖകൾ സർക്കാറിന്‍റെ കൈയിൽ ആയതോടെ ഭൂമി കൈമാറ്റം ചെയ്യാനോ ലോൺ എടുക്കാനോ സാധിക്കാത്ത അവസ്ഥ വന്നതോടെ കമ്പനി മുന്നോട്ടു കൊണ്ടുപോകാനും കഴിയാതെയായി. കഠിനമായ വിഷമവും മാനസിക സമ്മർദ്ദവുമാണ് രാജിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
ഡിസംബർ 31 കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന ഉത്കണ്ഠ രാജിയെ മാനസികമായി ഏറെ തളർത്തിയിരുന്നു. കമ്പനിക്കുള്ളിൽ കുറച്ചുനാളായി വിഷാദമൂകയായിരുന്നു രാജി എന്ന് ജീവനക്കാർ തന്നെ പറയുന്നു. വിളപ്പിൽശാല പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോവിഡ് പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് നീക്കി. ശിവൻ ആണ് ഭർത്താവ്. മകൻ: ശ്രീ ശരൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.