ഭൗതിക-ജീവശാസ്ത്രജ്ഞൻ ഡോ. എം. വിജയൻ അന്തരിച്ചു

തൃശൂർ: ലോകപ്രശസ്ത ഭൗതിക-ജീവശാസ്ത്രജ്ഞൻ പദ്മശ്രീ ഡോ. എം. വിജയൻ (മാമണ്ണ വിജയൻ - 80) അന്തരിച്ചു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാക്രോ മോളിക്യുലാർ ബയോഫിസിക്സ് പ്രഫസറായിരുന്നു ശാന്തിസ്വരുപ് ഭട്നഗർ പുരസ്കാര ജേതാവ് കൂടിയായ ഡോ. എം. വിജയൻ.

അദ്ദേഹത്തിന്‍റെ പ്രധാന ഗവേഷണ മേഖല പ്രോട്ടീൻ ഘടനകളായിരുന്നു. 1941ൽ തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനിച്ച അദ്ദേഹം തൃശൂർ കേരളവർമ്മ കോളജിലെ പഠനശേഷം അലഹബാദിൽനിന്ന് എക്സ്-റേ ക്രിസ്റ്റലോഗ്രാഫിയിൽ ഡോക്ടറേറ്റ് നേടി. ഐ.ഐ.എസ്.സി അസോസിയേറ്റ് ഡയറക്ടറായും ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.ബി.സി.എസ് സംവിധാനത്തിന് രൂപം നൽകിയ ഉന്നത വിദ്യാഭ്യാസ കമീഷന്റെ അധ്യക്ഷനുമായിരുന്നു. രണ്ടുതവണ സംസ്ഥാന സർക്കാർ ആയുഷ്കാല സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.

ക്രിസ്റ്റലോഗ്രാഫിയിലും സ്ട്രക്ചറൽ ബയോളജിയിലും നൽകിയ മൗലിക സംഭാവനകളിലൂടെ ലോക ശാസ്ത്രരംഗത്ത് ഇന്ത്യയ്ക്ക് ഉന്നതസ്ഥാനം നേടിത്തന്ന ഡോ. വിജയന്റെ അക്കാദമിക പരിശീലനം പ്രധാനമായും ഫിസിക്‌സിലായിരുന്നു.

1968-71 കാലഘട്ടത്തിൽ, ഓക്‌സ്‌ഫോര്‍ഡ് സർവകലാശാലയിലെ പ്രഫ. ഡൊറോത്തി ഹോഡ്ജ്കിന്റെ ഗവേഷണ സംഘത്തിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയിരുന്നു. ഓക്‌സ്‌ഫോര്‍ഡില്‍നിന്ന് ഗവേഷണം പൂർത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹം അധ്യാപകനായി.

പ്രഫസർ, മോളിക്യുലാർ ബയോഫിസിക്‌സ് യൂനിറ്റ് ചെയർമാൻ, ബയോളജിക്കൽ സയൻസസ് ഡിവിഷൻ ചെയർമാൻ തുടങ്ങി വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു.ഓം പ്രകാശ് ഭാസിൻ അവാർഡ്, ഡി.ബി.ടി ബയോടെക്നോളജിസ്റ്റ് അവാർഡ്, ഗോയൽ പ്രൈസ്, ബയോളജിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ മികവിനുള്ള ആദ്യത്തെ സി‌.എസ്‌.ഐ‌.ആർ/സയൻസ് കോൺഗ്രസ് ജി‌.എൻ. രാമചന്ദ്രൻ അവാർഡ്, വിശിഷ്ട പൂർവ വിദ്യാർഥി അവാർഡ്, ലക്ഷ്മിപത് സിംഗാനിയ- ഐ‌.ഐ‌.എം ലഖ്‌നൗ സയൻസ് ആൻഡ് ടെക്നോളജി-ലീഡറിനുള്ള ദേശീയ നേതൃത്വ അവാർഡ് (2009) എന്നിവ നേടിയിട്ടുണ്ട്.

Tags:    
News Summary - Structural biologist Vijayan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.