കുഴഞ്ഞുവീണ യുവാവിനെ നടി സുരഭി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

കോഴിക്കോട്: വഴിയരികിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണതിനെ തുടർന്ന് നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ കണ്ടേൻകാവ് ഓടുപാറയിൽ താമസിച്ചിരുന്ന വൈലശേരി മുസ്തഫ (39) ആണ് മരിച്ചത്.

കോഴിക്കോട് നഗരത്തിലാണ് സംഭവം. കാണാതായ ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങിയ മുസ്തഫക്ക് ജീപ്പ് ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒപ്പം സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും ഇവർക്ക് ഡ്രൈവിങ് അറിയാത്തതിനാൽ ആശുപത്രിയി​ലെത്തിക്കാനായില്ല. തുടർന്ന് അതുവഴി വന്ന സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. കുറച്ചു സമയത്തിനുള്ളിൽ മുസ്തഫ മരണപ്പെട്ടു.

ചൊവ്വാഴ്ചയാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ച് മുസ്തഫയും സുഹൃത്തുക്കളും ജീപ്പുമായി ഇറങ്ങിയത്. ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ പൊലീസിൽ പരാതി നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പറഞ്ഞ് യുവാവിന് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നു. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ യാത്രാ മധ്യേ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

സുഹൃത്തുക്കൾ പുറത്തിറങ്ങി സഹായത്തിന് അഭ്യർഥിച്ചെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിർത്തിയില്ല. ഇതിനിടെയാണ് സുരഭി ലക്ഷ്മി വന്നത്. താരം വണ്ടി നിർത്തി പൊലീസിൽ വിവരമറിയിച്ച് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. സുരഭിയുടെ രക്ഷാപ്രവർത്തനം വാർത്തയായതിന് തൊട്ടുപിന്നാലെയാണ് മരണവിവരവും പുറത്തുവന്നത്.

Tags:    
News Summary - The young man collapsed on road and helped by Actress Surabhi Lakshmi dies in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.