അസ്സയിൻ കാരന്തൂർ

വിട പറഞ്ഞ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. അസ്സയിൻ, ഓർമകളിൽ മായാത്ത ഒരോർമയാണ്. മാധ്യമപ്രവർത്തകന് റിട്ടയർമെന്‍റ് ഇല്ല, എന്ന് പറയാറുണ്ട്. സ്വന്തം ജീവിതവും കുടുംബവും സമ്പാദ്യവും എല്ലാം മറന്ന് ജീവിതം തന്നെ പത്രപ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച അസ്സയിനിക്ക എല്ലാവരുടെയും നല്ല സുഹൃത്തും സഹോദരനും ആയിരുന്നു. മാധ്യമം പ്രസാധകരും പത്രാധിപരും മറ്റു സഹപ്രവർത്തകരും മാത്രമല്ല, പത്ര ഏജന്‍റുമാർ വരെ അസ്സയിനിക്ക എന്ന ന്യൂസ് എഡിറ്ററുടെ, ഡെപ്യൂട്ടി എഡിറ്ററുടെ സ്നേഹവായ്പ് നിർലോഭം അനുഭവിച്ചവരാണ്.

കൊടുങ്കാറ്റും പൊള്ളുന്ന വെയിലും പെരുമഴയും എല്ലാം തരണം ചെയ്ത് മാധ്യമം മുന്നേറിയപ്പോൾ, ആ വള്ളത്തിന്‍റെ ഒരറ്റത്ത് അസ്സയിൻ ഉണ്ടായിരുന്നു. പുഞ്ചിരിച്ച്, നിശബ്ദനായി അദ്ദേഹം തുഴഞ്ഞു. കരുത്തുള്ള മാനേജ്മെന്‍റും സമർഥരായ ഒരു കൂട്ടം മാധ്യമ പ്രവർത്തകരുമായിരുന്നു മുതൽ കൂട്ട്. മുണ്ടും മുറി കൈയൻ ഷർട്ടും. അതാണ് വേഷം. പോരാത്തതിന് ഉള്ളിൽ പതിഞ്ഞുകത്തുന്ന ആദർശവും. രാഷ്ട്രീയത്തിന്‍റെ ചതുരങ്ങളിലൊന്നും ആ മനസ് വ്യാപരിച്ചില്ല. ശുദ്ധമായ ജേർണലിസം അതായിരുന്നു പ്രമാണം.

ഇരുന്ന കസേരക്ക് മുഷിഞ്ഞാലും പത്രമാപ്പീസ് വിട്ടപ്പോകാത്ത മനുഷ്യൻ. വാർത്തകളിൽ മാത്രം കണ്ണുനട്ട് ഒരു ജീവിതം. ജില്ലാ ബ്യൂറോയിലേക്ക് എന്നും എത്രയോ തവണ അസ്സയിനിക്ക വിളിക്കും.

"അന്‍റെ കത്തിയും കഞ്ഞിയും വേണ്ട. നല്ല സ്റ്റോറികൾ വല്ലതും ഉണ്ടോ?

ഞാൻ മാത്രമല്ല, എല്ലാ റിപ്പോർട്ടർമാരും അതിന് മുന്നിൽ പിടിച്ചു നിൽക്കാൻ പാടുപെടും.

കഞ്ഞിയല്ല കനപ്പെട്ടതു തന്നെ നൽകാമെന്ന് പറഞ്ഞാൽ

'വേഗം എടുക്ക്, എന്നാവും മറുപടി.

എത്രയോ വാർത്തകൾക്ക് ബൈലൈൻ ചാർത്തിയ അസ്സയിൻ സ്വന്തം ബൈലൈനിൽ വന്നത് അപൂർവം. എന്തിന്, ജീവിക്കാൻ പോലും മറന്നു പോയ മനുഷ്യൻ. പേജ് ചെയ്യാനും പരിഭാഷപ്പെടുത്താനും സഹപ്രവർത്തർ വന്നില്ലെങ്കിൽ അസ്സയിനിക്ക അതും നിർവഹിച്ചു. ഇങ്ങനെയൊരു ഓൾറൗണ്ടർ ഡെസ്ക്കിൽ അപൂർവമാണ്. കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ പി. അസ്സയിൻ ഒരു പക്ഷേ, ഇടം പിടിക്കില്ല. എന്നാൽ, മാധ്യമം കുടുംബത്തിന്‍റെ ഈ പത്രപ്രവർത്തകനെ ഒരിക്കലും മാറ്റി നിർത്താനാവില്ല. അതൊരു യാഥാർഥ്യമാണ്. പരാതികളും പരിഭവങ്ങളും ഒരിക്കലും പുറത്തെടുക്കാതെ, മനസ്സിൽ ഒളിപ്പിച്ച ഒരാൾ. ജീവിതത്തിന്‍റെ സഹജമായ താളമേളങ്ങൾ ഇല്ലാതെ മാധ്യമത്തിനൊപ്പം, അടുത്ത കാലം വരെ ആ കൃശഗാത്രൻ ഒരു നിഴൽ പോലെ, ഉണ്ടായിരുന്നു.

പ്രശംസകൾക്കു മുന്നിൽ

'എന്തിനാ നമ്മൾ തമ്മിൽ!

നാഴിക്കുള്ളിൽ നാഴി കയറ്റല്ലേ

എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അസ്സയിനിക്ക.

അനേകം സ്കൂപ്പ് വാർത്തകൾക്ക് ബൈലൈൻ ചാർത്തിയ അസ്സയിനിക്കയുടെ മരണം പോലും ഒരു സ്കൂപ്പായത് യാദൃശ്ചികമായിരിക്കാം.. ഒരു ചെറിയ സൂചന പോലും നൽകാതെയാണ് ആ ഹൃദയം നിലച്ചത്. അതെ മരണത്തെയും ഒരു സ്കൂപ്പാക്കി കടന്നു പോകാനായിരുന്നു ഇഷ്ടം. ജീവിതത്തിന്‍റെ വസന്തം മുഴുവൻ സമയം അക്ഷരങ്ങൾക്കൊപ്പം ചെലവഴിച്ച്, ഒരു ഇടവേളയിൽ വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണ് അദ്ദേഹം മറ്റാരോടും പറയാതെ മരണത്തിന്‍റെ തേരിൽ കയറിയത്.

വിട...

Tags:    
News Summary - V Muhammed ali remember Assain karanthoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.