മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ അസൈൻക്കയുടെ പോക്ക് വല്ലാത്തൊരു പോക്കായി. വല്ലാത്ത വേദനയിൽ മൂന്ന് ദിവസം. എങ്ങിനെയാണ് പ്രിയപ്പെട്ടവർ അദ്ദേഹത്തെ കുറിച്ച് എഴുതുന്നത്. മരവിച്ച് ഉറച്ചു പോയ അക്ഷരങ്ങൾ. കനത്ത് വിങ്ങുന്ന നെഞ്ചകം. മനോരമയിലെ സോമേട്ടൻ മരിച്ചപ്പോൾ ആളുകൾ എഴുതുന്നത് കണ്ട് അന്ധാളിച്ചു നിന്നിട്ടുണ്ട്. ഈ എഴുത്ത് ചരിത്രത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതി മാത്രമാണ് എഴുതുന്നത്. മനോഹരമായ ഏത് വാക്കുകൾ ചേർത്താണ് എഴുതേണ്ടതെന്ന് അറിയില്ല. പറ്റും പോലെ എഴുതാം.

2011 ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് മാധ്യമത്തിൽ എത്തുന്നത്. പരിചയമുള്ള മുഖങ്ങളൊന്നും എത്തിയിട്ടില്ല. എന്ത് പണിയായിരിക്കും ഏൽപിക്കുന്നത്. പറഞ്ഞ പണി മര്യാദയ്ക്ക് ചെയ്യാൻ പറ്റോ? ആശങ്കപ്പെട്ട് ഇരിക്കുമ്പോൾ കസേരയ്ക്ക് പിറകിൽ നിഴൽ പോലെ നേർത്തൊരു മനുഷ്യൻ. എഴുന്നേൽക്കണ്ടെന്ന് ആംഗ്യം കാണിച്ച്. ചിരിച്ചു കൊണ്ട് പരിചയപ്പെടുത്തി. കുറച്ച് നേരം മിണ്ടി. അപ്പോഴേക്കും വിദേശ പേജ് ചെയ്യാൻ എവിടെ നിന്നോ തിരക്കിട്ട് വന്ന്. ഒറ്റ വിരൽ കൊണ്ട് കീ ബോർഡ് കുത്തിമറിക്കുന്ന.. കണ്ട ഭാവം നടിക്കാതെ.. പണിയെടുക്കുന്ന റഷീദ്ക്ക (M Abdul Rasheed) യോട് എന്നെ പരിചയപ്പെടുത്തി. ടേക്ക് കൊടുത്ത് വാർത്ത എഴുതിപ്പിക്കണംന്ന് പറഞ്ഞ് വേറെ എന്തോ തിരക്കിലേക്ക് നീങ്ങി. ആ വാർത്ത പിറ്റേന്ന് വന്ന പേജിൽ കണ്ട് എങ്ങിനെ വാർത്ത എഴുതണം. മനുഷ്യരുടെ ജീവനായിരിക്കണ൦ വാർത്തയുടെ തുടിപ്പെന്ന് പറഞ്ഞു കുറച്ച് നേരം മിണ്ടി. ഓരോ ദിവസവും ഒപ്പം കൂട്ടാൻ ചില ആളുകളോട് നിർദേശിക്കും. അവരോടൊപ്പം എങ്ങിനെണ്ടായിരുന്നുവെന്ന് അടുത്ത ദിവസം ചോദിക്കും. കെ.പി. റഷീദ്ക്ക (K P Rasheed) മിണ്ടാത്ത മനഷ്യനാണോന്ന് ചോദിച്ചപ്പോ.. ഓന്റെ അക്ഷരങ്ങൾ മിണ്ടുന്നത് കണ്ടിട്ടില്ലേന്നായിരുന്നു മറുപടി.

എന്നെ അത്ര മൈന്റ് ചെയ്യുന്നില്ലെന്ന് തോന്നിയായിരിക്കണം എന്റെ ബാഗിൽ നിന്ന് തെറിച്ചു വീണ സയൻസ് ഫിക്ഷനെ കുറിച്ച് എം. റഷീദ്ക്കയോട്.. ആള് സയൻസിൽ വല്യ താൽപര്യമുള്ള ആളാണെന്ന് സംസാരിച്ചത്. ശരിക്കും റഷീദ്ക്കയുടെ സൗഹൃദത്തിലേക്ക് അസൈൻക്ക അടുപ്പിച്ചത് അങ്ങിനെയാണ്. അന്ന് വീക്കിലിയിലുള്ള സൈഫുക്കയേയും സവാദ് റഹ്മാനേയും പരിചയപ്പെടണമെന്ന് പറഞ്ഞു.

രണ്ടാഴ്ചത്തെ ഡസ്കിലെ ഇന്റേൺഷിപ്പ് കഴിയുന്നു. വല്ലാത്ത ക്ഷീണമുള്ള നോമ്പ് കാലം. ക്ഷീണം തലക്ക് പിടിച്ച് സ്ഥലകാല ബോധം നഷ്ടപ്പെടും മുമ്പേ ഇറങ്ങാൻ ഒരുങ്ങുമ്പോൾ അസൈൻക്ക വിളിച്ചു. അടുത്തുള്ള കസേരയിലേക്ക് ചൂണ്ടി ഇരിക്കാൻ പറഞ്ഞു. എന്താണ് ഇല പോലെ ഇരിക്കുന്നത്. എത്ര വെയ്റ്റുണ്ട്. 42 ന്ന് പറഞ്ഞതും ചിരിച്ചു. അപ്പോ നിങ്ങളോ എന്ന് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. ഞമ്മക്ക് വയസ്സായില്ലേ.. അതുപോലെയാണോ യുവതിയായ ഇങ്ങളെന്നായിരുന്നു ചോദ്യം. എന്ത് പറയാൻ. വീട്ടിലെ വിവരങ്ങൾ ചോദിച്ചു. ചെറിയൊരു ചിത്രം കൊടുത്തുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ രണ്ടാഴ്ച ബ്യൂറോയിൽ. എന്നും വിളിച്ച് അന്വേഷിക്കും. ഇന്റേൺഷിപ്പ് കഴിയുന്നതിന് മുമ്പ് സഫീറ മഠത്തിലകത്ത് എന്ന ബൈ ലെയിനിൽ പെരുന്നാൾ സപ്ലിമെന്റിൽ എഴുതിച്ചു. ഫിറോസ്ക്കയാണ് അത് വായിച്ച് തലക്കെട്ട് മാറ്റിയത്. അതിനും ഉത്തരം ഉണ്ടായിരുന്നു.. പരിചയസമ്പന്നർക്ക് വേഗത്തിൽ തലക്കെട്ടിടാൻ പറ്റും. അതിലേക്ക് എത്തണം. ഫോണ്ടുകൾക്ക് പരിമിതിയുണ്ട്. പക്ഷേ, ചെറിയ മൂർച്ചയുള്ള വാക്കുകൾ ആയിരിക്കണമെന്ന് പറഞ്ഞു. ആ എഴുത്തിന് കവറിലിട്ട്.. കാശ് തന്നിട്ടുണ്ട്. എഴുത്തിന്റെ ആദ്യ കൂലി.

ഇന്റേൺഷിപ്പിന്റെ അവസാന ദിവസം ഹെഡ് ഓഫിസിൽ വന്ന് കണ്ടേ പോകാവൂന്ന് പറഞ്ഞു. ചെന്നു കണ്ടു. ഉടൻ ജോലി കണ്ടെത്തണം. അപേക്ഷകൾ ക്ഷണിക്കുമ്പോൾ ഭംഗിയിൽ സി.വി അയക്കണംന്ന് പറഞ്ഞു. ഞങ്ങളുടെ പരിസരത്തുണ്ടായിരുന്നവർ ചായ കുടിക്കാൻ പോകും വരെ കാത്ത് നിന്ന് കീശയിൽ നിന്ന് ചുരുട്ടിയ നോട്ടുകൾ എടുത്തു നീട്ടി. വേണ്ടെന്ന് ഒരുപാട് പറഞ്ഞു. നീ നന്നായി ഭക്ഷണം കഴിക്കണം. ഇരിക്കട്ടെ. എന്ന് പറഞ്ഞ് കയ്യിൽ വെച്ചു തന്നു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് കണ്ടത്. അഞ്ഞൂറിന്റെ നോട്ടുകൾ. അയ്യായിരം രൂപ. ആ അയ്യായിരത്തിന് എന്ത് മൂല്യമിടും.

തേജസിൽ ഒരു മാസത്തിനകം ജോയിൻ ചെയ്തു. ആ അയ്യായിരത്തിലെ മിച്ചം കൊണ്ട് എത്ര ചായ ഞാൻ കുടിച്ചിട്ടുണ്ട്!

പല തവണ ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്. പക്ഷേ, ഒരു കാലിച്ചായന്റെ കാശ് പോലും എന്നെ കൊണ്ട് കൊടുപ്പിച്ചിട്ടില്ല. മീഡിയവണിൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ നല്ല സാലറിയാണ്. ആ കാശ് തിരിച്ച് തരട്ടേന്ന് ചോദിച്ച് വിളിക്കണ്ടായിരുന്നുവെന്ന് തോന്നിട്ടുണ്ട്. അന്യനാക്കിയോന്ന് ചോദിച്ചു. അത്ര ഉത്സാഹമില്ലാത്ത സംസാരവും.

ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്ക് ഒരേ മുഖഛായയാണ്. നിനക്ക് മനസ്സിലാകും. അവർക്ക് ഉള്ളത് കൊടുക്കൂന്ന് പറഞ്ഞാ ഫോൺ വെച്ചത്.

തിരുവനന്തപുരത്ത് വന്നപ്പോൾ മാധ്യമം ടീമിനൊപ്പം ഞങ്ങളുടെ ഓഫീസ് കാണാൻ വന്നു. കൂടെ ഉണ്ടായിരുന്ന ഇബ്രാഹീം കോട്ടക്കൽ വാർത്തകൾ കാണാറുണ്ട്. ഞങ്ങൾ വളർത്തിയ കുട്ടിയാന്ന് പറഞ്ഞപ്പോൾ അസൈൻക്കയുടെ നേർത്ത ആ ചിരി.. അത് ഇപ്പഴും മായാതെ മനസ്സിലുണ്ട്.

ആ വിയോഗം തലക്ക് അടി കിട്ടിയപോലെയാണ്...

അസൈൻക്കാ...

നിങ്ങൾ കണ്ട ഒരേ മുഖഛായയുള്ള മനുഷ്യരിൽ നിന്ന് മുഖം തിരിക്കില്ലെന്ന് മാത്രമേ വാക്ക് തരാൻ പറ്റൂ..

ആ അയ്യായിരത്തിന് ഞാനെന്ത് മൂല്യമിടും.

അസൈൻക്കാ...

Full View


Tags:    
News Summary - Tribute to Assain Karanthoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.