തലേക്കുന്നിൽ ബഷീർ; ഓർമയായത് വേറിട്ട രാഷ്ട്രീയക്കാരൻ

നെടുമങ്ങാട്: രാഷ്ട്രീയ രംഗത്ത് മൂല്യങ്ങളിലും സത്യസന്ധ നിലപാടുകളിലും ഉറച്ചുനിന്ന് തലേക്കുന്നിൽ ബഷീർ വിടപറയുമ്പോൾ അത് നെടുമങ്ങാട് താലൂക്കിലും അദ്ദേഹത്തിന്‍റെ കർമമണ്ഡലമായിരുന്ന മേഖലകളിലും സൃഷ്ടടിക്കുന്നത് വലിയ ശൂന്യതയാണ്. രാഷ്ട്രീയവഴികളിൽ നേരിന്‍റെ ചുവടുകൾ മാത്രം സ്വീകരിച്ച ഒരാൾ.

ഒരു തവണ നിയമസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താലൂക്കിലെ ഏക നേതാവ് കൂടിയാണ് തലേക്കുന്നിൽ ബഷീർ.

കൃത്രിമ ഭാവങ്ങളില്ലാതെ രാഷ്ട്രീയലോകത്ത് നേർവഴി നടന്ന തലേക്കുന്നിൽ ബഷീറിന്‍റെ രാഷ്ട്രീയ പാർലമെൻററി പ്രവർത്തനങ്ങളിൽ എതിരാളികൾക്കുപോലും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. മത്സര വേദികളിൽ ത‍ന്‍റെ പ്രവർത്തകരെയും മണ്ഡലത്തിലെ സമ്മതിദായകരെയും സാക്ഷി നിർത്തി അദ്ദേഹം പറയുമായിരുന്നു, 'എന്നെ തെരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾ ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ലെ'ന്ന്. അവസാനംവരെ ആ വാക്ക് അക്ഷരംപ്രതി പാലിച്ചായിരുന്നു തലേക്കുന്നിലിന്‍റെ പ്രവർത്തനം.

പദവികൾ വഹിക്കുമ്പോഴും വ്യത്യസ്തവും കുലീനവുമായ ഔന്നത്യം നിലനിർത്തിപ്പോന്ന നേതാവ് ആരോപണങ്ങൾ ഉന്നയിക്കാൻ ആഗ്രഹിച്ചവർക്ക് എന്നും അപ്രാപ്യനുമായിരുന്നു. സമ്പന്നതയിൽ വളർന്ന്, നീണ്ടകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനായി ജീവിതം സമർപ്പിച്ച് ആരോഗ്യകാരണങ്ങളാൽ പൊതുപ്രവർത്തനത്തിന് വിരാമമിടുമ്പോൾ തലസ്ഥാനത്തെ വീടുപോലും വിറ്റ് തലേക്കുന്നിലിലെ കുടുംബ വീട്ടിലേക്ക് മാറേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായി.

1969ൽ കേരള സർവകലാശാല യൂനിയന്റെ പ്രഥമ അധ്യക്ഷ സ്ഥാനം മുതൽ ഏറ്റവുമൊടുവിൽ മലയാളം മിഷൻ ചെയർമാൻ സ്ഥാനം വരെ ഏറ്റെടുത്ത പദവികളിൽ തിളങ്ങിയ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്‍റേത്. കെ.എസ്.യു ജില്ല പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുമ്പോഴും രാഷ്ട്രീയ സമരങ്ങൾക്കുപുറമെ നാടിന്‍റെ വികസന നയരൂപവത്കരണത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളിലെ കാർഷിക പുരോഗതിക്ക് വാമനപുരം ജലസേചന പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര രംഗത്തുമുണ്ടായിരുന്നു.

പറയുമ്പോഴും എഴുതുമ്പോഴും വാക്കുകളുടെ പ്രസരിപ്പും സൗന്ദര്യവും അനുകർത്താക്കൾക്കിടയിൽ ബഷീറിന്‍റെ തലപ്പൊക്കമേറ്റി. രാജീവ്‌ ഗാന്ധി സൂര്യതേജസ്സിന്‍റെ ഓർമക്ക്, വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ; ഗാന്ധിജിയുടെയും, കെ. ദാമോദരൻ മുതൽ ബർലിൻ കുഞ്ഞനന്തൻ വരെ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ സർഗാത്മക നിലാപാടുകളുടെ അടയാളങ്ങളാണ് 

Tags:    
News Summary - thalekunnil basheer was a different politician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.