ഗായിക സംഗീത സജിത്തിന്‍റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

പാതിമുറിഞ്ഞ സംഗീത

തിരുവനന്തപുരം: എത്ര ആവർത്തിച്ച് കേട്ടാലും മടുപ്പ് തോന്നാത്ത പാട്ടുകളിലൊക്കെയും നമ്മൾ അത്ര പ്രിയപ്പെട്ടതെന്തോ ഒളിപ്പിച്ചിട്ടുണ്ടാകണം. അത്തരം പ്രിയപ്പെട്ടതൊക്കെ ഈ ഭൂമിയിൽ ഉപേക്ഷിച്ചാണ് പാതി മനസ്സുമായി സംഗീത സചിത് വിടവാങ്ങുന്നത്.

പാടിയതിലൊക്കെയും ത‍ന്‍റെ കൈയൊപ്പ് ചാർത്തിയ ഗായിക, പാതിയിൽ മുറിഞ്ഞ നാദമായി മാഞ്ഞിരിക്കുന്നു. 'അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന പാട്ടിലൂടെ പിന്നണിഗാനരംഗത്തെത്തിയ സംഗീത, പിന്നീട് നിരവധി ഹിറ്റുകളുമായി വന്ന് ആസ്വാദക ഹൃദയങ്ങൾ കവർന്നു. 'ആലാരേ ഗോവിന്ദ', ധും ധും ധും ദൂരെയേതോ എന്നിവ താളം പിടിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയിലെ 'താളം പോയി തപ്പും പോയി' പ്രേക്ഷകരെ കരയിപ്പിച്ചു.

ഏറ്റവുമൊടുവിൽ 'കുരുതി'യിലെ തീം സോങ്ങാണ് മലയാളക്കരക്കായി സംഗീത നൽകിയത്. മലയാളത്തേക്കാളുപരി തെലുങ്ക്, കന്നട, തമിഴ് ഭാഷ പാട്ടുകളാണ് സംഗീതക്ക് പ്രശസ്തിയുടെ പട്ടം സമ്മാനിച്ചത്. ചെന്നൈയിലായിരുന്നു സ്ഥിരതാമസം. 'നാളൈതീര്‍പ്പി'ലൂടെയാണ് സംഗീത തമിഴ് സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്.

എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തില്‍ 'മിസ്റ്റർ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും'ഹിറ്റുകളുടെ നിരയിലേയ്ക്കുയർന്നു. പേരുപോലെ തന്നെ സംഗീതമയമായിരുന്നു സംഗീതയുടെ ജീവിതവും.

പിന്നണിഗാനരംഗത്തു മാത്രമല്ല, ശാസ്ത്രീയസംഗീതത്തിലും പ്രതിഭ തെളിയിച്ചു. കെ.ബി. സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അതേ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള കഴിവും സംഗീതയെ പ്രശസ്തയാക്കി. ഒരിക്കൽ തമിഴ്‌നാട് സര്‍ക്കാറിന്‍റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിച്ചപ്പോൾ ആസ്വാദകർ അത് ഹൃദയം കൊണ്ട് കേട്ടിരുന്നു.

ചടങ്ങിൽ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ജയലളിത പാട്ടുകേട്ട് വേദിയിൽ കയറിവന്ന് ത‍ന്‍റെ കഴുത്തിലുണ്ടായിരുന്ന പത്തര പവ‍ന്‍റെ മാല ഊരി സംഗീതയെ അണിയിച്ചത് അവിസ്മരണീയ മുഹൂർത്തമായിരുന്നു. ചിലരുടെ സംഗീതം ആത്മാവിൽ അലിഞ്ഞതാണ്. മറ്റ് ചിലരുടേത് പ്രണയത്തിലും. എന്നാൽ, സംഗീതയുടെ സംഗീതം ഇതിൽ രണ്ടിലും അലിഞ്ഞതായിരുന്നു.

Tags:    
News Summary - Singer Sangeetha Sajith passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.