'സിദ്ദീഖ് സാർ ഒരു വിശുദ്ധനായിരുന്നു..!'

സിനിമ സംവിധായകൻ സിദ്ദീഖിന്റെ മരണത്തിലൂടെ ശൂന്യതയാണ് അനുഭവപ്പെടുന്നത്. സംസ്ക്കാരം കഴിഞ്ഞു മടങ്ങുമ്പോൾ എന്തോ ഏതോ നഷ്ടപ്പെട്ടതുപോലെ...

സിനിമ ലോകത്തേക്ക് എനിക്ക് കടന്നു വരുവാൻ കൈ തന്ന ഗുരുനാഥനാണ് സിദ്ദീഖ്. സംവിധായകൻ ഫാസിലിന്റെ അനുജൻ ഖയ്സ്സാണ് 1999 ൽ സിദ്ദീഖിനെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. എറണാകുളത്തെ ഹോട്ടലിൽ തിരക്കഥ എഴുതുന്ന സ്ഥലത്ത് പോയി കണ്ടപ്പോൾ, എന്നെ സ്വീകരിച്ച ആ ചിരി, പിന്നീട് എക്കാലത്തും ആ മുഖത്ത് വിടർന്ന് നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഏത്ര തിരക്കിനിടയിലും ഒരു കുശലത്തിനും ഒരു നല്ല പുഞ്ചിരിക്കും ഇടം കണ്ടെത്തുന്ന വലിയ മനുഷ്യൻ.

ബോളിവുഡ്ഡിൽ സൽമാൻ ഖാൻ നായകനായ 'ബോഡി ഗാർഡ്' എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം, ഇന്ത്യൻ സിനിമയിൽ പ്രശസ്തിയുടെ കൊടുമുടികളിൽ എത്തിനിൽക്കുമ്പോഴും, വിനയാന്വിതനായി പെരുമാറാൻ കരുത്ത് ലഭിച്ച, കഴിവ് ലഭിച്ച എല്ലാവർക്കും പ്രിയങ്കരനായ ഉന്നത വ്യക്തിത്വമായിരുന്ന പ്രിയ സിദ്ദീഖ്.

സമപ്രായക്കാരനാണെങ്കിലും, സിനിമയുടെ വെട്ടത്തേക്ക് എന്നെ അദ്ദേഹം കൊണ്ടുവന്നു കഴിഞ്ഞപ്പോഴാണ്, മലയാള സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം എത്ര ഉന്നതിയിൽ ആണെന്ന് എനിക്ക് നേരിട്ട് മനസ്സിലാകുന്നത്. അതുവരെ 'സിദ്ദീഖ്' എന്ന് വിളിച്ച ഞാൻ, ഞാൻ തന്നെ അറിയാതെ 'സാർ ' എന്നുകൂടി ചേർക്കുകയുണ്ടായി ... പിന്നീട് ഇന്നുവരെ 'സിദ്ദീഖ്സർ' എന്നു മാത്രമായി വിളി.

"ക്രോണിക് ബാച്ച്ലറിലന്റെ ഫസ്റ്റ് ഷോട്ട്, എന്റെ മുഖത്ത് നിന്നാണ് തുടങ്ങുന്നത്. വിശ്വാസമോ അന്ധവിശ്വാസമോ, ആദ്യ ഷോട്ട് ആരിൽ നിന്നും തുടങ്ങുന്നുവോ ആ ആളുടെ രാശി ആയിരിക്കും ആ സിനിമയുടെ വിജയം, അല്ലെങ്കിൽ പരാജയം എന്ന് പരക്കെ സിനിമക്കാരുടെ ഇടയിൽ ഒരു പറച്ചിലുണ്ട്. പിന്നീട് എനിക്ക് പ്രാർത്ഥനാനിരതമായ ദിവസങ്ങൾ ആയിരുന്നു. ദൈവം സഹായിച്ച്, "ക്രോണിക് ബാച്ചിലർ "ഒരു വൻ വിജയമായി. കുടുംബസമേതം സിദ്ദീഖ് സാറിന്റെ കുടുംബത്തിൽ എത്തി സന്തോഷം പങ്കിട്ടു.

നാലോ അഞ്ചോ വർഷത്തിൽ ഇടയിൽ ഒരു സിനിമ എടുക്കുക എന്നതാണല്ലോ അദ്ദേഹത്തിന്റെ രീതി. അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷമാണ് ക്രോണിക്ക് ബാച്ച്ലർറും പിറക്കുന്നത്. സായികുമാറോ റിസബാവയോ പോലെ ഒരു പുതിയ വില്ലനായിരിക്കും ഈ പുതിയസിനിമയിൽ ഉണ്ടാകുക എന്ന് അദ്ദേഹത്തിന്റെ കൂടെയുള്ള സംവിധാന സഹായികൾക്കും, സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. അപ്പോഴാണ് ഗൾഫിൽ നിന്നും ഒരു നാടകനടനായ ഞാൻ ഈ വേക്കൻസിയിൽ എത്തിച്ചേർന്നതായി അവർ മനസ്സിലാക്കുന്നത്. ഒന്നോ രണ്ടോ സഹസംവിധായകർ ഒഴികെ, മഹാഭൂരിപക്ഷവും എന്റെ വരവിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരായിരുന്നു. അതിന്റെ പരിണിതഫലം എന്റെ സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഘട്ടത്തിലും സമചിത്തതയോടും ധൈര്യത്തോടും മുമ്പോട്ടു പോകാൻ വേണ്ട ആത്മബലം നൽകിയത് സിദ്ദീഖ് സാറാണ്. ഒരു പുതുമുഖക്കാരനായ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുമോ എന്ന എന്റെ സന്ദേഹം അദ്ദേഹം തിരുത്തി "മോഹൻ തന്നെ ഡബ്ബ് ചെയ്യണം" എന്ന് അദ്ദേഹം തന്നെ നിർദേശിച്ചപ്പോൾ, കരുതലിന്റെ അനുഭൂതി അനുഭവിച്ചറിഞ്ഞു.  

ക്രോണിക്ക് ബാച്ചിലറിന്റെ ആദ്യ ഷോട്ടിന് മുൻപ്

"ക്രോണിക് ബാച്ചിലർ " എന്റെ സിനിമയിലെ കന്നിയങ്കമായിരുന്നു എന്നു പറഞ്ഞല്ലോ. ഷൂട്ടിനിടയിൽ സംവിധാകനെ പ്രതിസന്ധിയിലാക്കിയ ഒരു വിഷയം എന്നിൽ നിന്നും ഉണ്ടായി. മമ്മുക്കയും ഞാനും തമ്മിൽ ക്ലൈമാക്സിനടുത്ത് അല്പം നീണ്ടു നിൽക്കുന്ന സംഘട്ടന രംഗമാണ്. ലാലു അലക്സ്, മുകേഷ്, ബിജു മേനോൻ, ഇന്നസെന്റ്, ഇന്ദ്രജ തുടങ്ങിയ വൻ താരങ്ങൾക്കൊപ്പം നൂറിൽപരം ജൂനിയർ ആർട്ടിസ്റ്റുകളും എൺപതോളം ടെക്നീഷ്യൻസുമുണ്ടായിരുന്നു. മമ്മുക്കയുടെ കഴുത്ത് എന്റെ കൈയ്ക്കും നെഞ്ചിനുമിടയിൽ ഞെരിക്കേണ്ടി വരുന്ന ഒരു ഷോട്ട് ... സംഘട്ടന സംവിധായകൻ മാഫിയാ ശശി പറഞ്ഞുതന്ന പോലെ ശക്തമായി ഞെരിക്കുന്ന മാതിരി ചെയ്യുക... മമ്മുക്ക അതിനനുസരിച്ച് പ്രതികരിച്ചു കൊള്ളും. റിഹേഴ്സൽ എല്ലാം പറഞ്ഞു തന്നപോലെ ഒരു കുഴപ്പവുമില്ലാതെ ഞാൻ ചെയ്തു. ഫൈനൽ ടേക്ക് : സംവിധായകൻ ആക്ഷൻ പറഞ്ഞു .. മഹാനടൻ മമ്മൂട്ടിയുടെ തലയും കഴുത്തും എന്റെ കൈയ്ക്കുള്ളിൽ ! അഭിനയം എന്നതു മറന്ന്, സത്യസന്ധമായി ഞാൻ ഒറ്റ ഞെരിക്കൽ വെച്ചുകൊടുത്തു. മമ്മുക്കയുടെ കഴുത്ത് എന്റെ കയ്ക്കുള്ളിൽ ഒരു നിമിഷം ഞെരിഞ്ഞുപോയി. മമ്മുക്ക ഉരുക്കും വാർപ്പും അല്ലല്ലോ ... നന്നായി വേദനിച്ച അദ്ദേഹം പിടലിയിൽ തിരുമ്മി നടന്ന് അടുത്ത കെട്ടിടത്തിന്റെ ഭിത്തിയിൽ കൈ ഊന്നി നിന്നു. അദ്ദേഹത്തിന്റെ മേക്കപ്പ്മാനും സന്തതസഹചാരിയുമായ ജോർജ് ഓടിവന്ന് എന്തോ ഒരു സ്പ്രേ മമ്മുക്കയുടെ പിടലിക്ക് അടിച്ചു. ഷൂട്ടിംഗ് കാണാൻ വന്നവരും സിനിമാക്കാരും ഉൾപ്പെടെ മുന്നറ്റമ്പതോളം പേർ നിശ്ചലരായി ! താൻ നേരിട്ട് ഗൾഫ് നാട്ടിൽ നിന്നും കൊണ്ടുവന്ന പുതു നടൻ ഉണ്ടാക്കിയ പ്രശ്നത്തിൽ തലയിൽ കൈവെച്ചു നില്ക്കുകയാണ് സംവിധായകൻ സിദ്ദീഖ്! നിമിഷങ്ങൾക്ക് എന്തൊരു ഘനം ! അസ്സോസിയേറ്റ് ഡയറക്ടർ എന്റെ അടുത്തുവന്ന് ചെവിയിൽ മന്ത്രിച്ചു .. "ചേട്ടാ, ചേട്ടന്റെ കാർഡ് കീറി ..!" മറ്റൊരു അസിസ്റ്റൻറ് ഡയറക്ടർ വന്നു പറഞ്ഞു, "എന്ത് പണിയാ ചേട്ടാ കാണിച്ചത് .. മമ്മുക്കയല്ലേ .. സൂക്ഷിക്കേണ്ടേ.."

ഒരുപാട് അകലമല്ലാത്ത ദൂരത്തിൽ സ്വന്തം പിടലി തിരുമ്മി നിൽക്കുന്ന മമ്മൂക്കയെ ഞാൻ ഭീതിയോടെ കണ്ടു. രണ്ടു തവണ ഒളികണ്ണിട്ട് അദ്ദേഹം എന്നെ നോക്കി. എന്തും സംഭവിക്കാം. എന്റെ സിനിമ സ്വപ്നങ്ങളുടെ കൊട്ടാരം ഇപ്പോ തകർന്നടിയും .... സൂചി തറയിൽ വീണാൽ കേൾക്കാവുന്ന നിശബ്ദത എങ്ങും .. ദൈവമേ എൻറെ വിധി ഇതായിപ്പോയല്ലോ എന്ന് എന്റെ മനസ്സ് ശബ്ദമുണ്ടാക്കാതെ ഉള്ളിൽ അലറി വിളിച്ചു .. ദാ വരുന്നു മമ്മുക്ക .. നേരിട്ട് എന്റെ നേർക്കു തന്നെ ! ഒരു വട്ടം ഞാൻ സിദ്ദീഖ് സാറിനെ കണ്ടു, പുകപടലത്തിനുള്ളിൽ എന്നപോലെ .. പിന്നെ നിമിഷങ്ങൾക്കുള്ളിൽ മൊത്തം മഞ്ഞ് നിറഞ്ഞമാതിരി. മമ്മൂക്ക എന്റെ മുമ്പിൽ എത്തി പറയാൻ സാധ്യത ഉള്ള ഡയലോഗ് ഞാൻ എൻറെ മനസ്സിൽ കുറിച്ചു.. "പണി അറിയാത്ത ഇവനെയൊക്കെ പറഞ്ഞുവിടെന്റെ സിദ്ദീഖേ ... മനുഷ്യനെ കൊല്ലാൻ ഇറങ്ങിയിരിക്കുന്നു.. "

ഒരൊന്നരയടി അകലത്തിൽ വന്നു നിന്നു മമ്മുക്ക എന്നോട്.. " എടാ, സ്റ്റണ്ട് ചെയ്യുമ്പോൾ നീയെന്നും ഞാനെന്നും ഇല്ല .. ഇടി കിട്ടിയാൽ കിട്ടിയതാ . ടൈമിംഗ് വേണം. നീ മമ്മൂട്ടി എന്ന് മനസ്സിൽ വെച്ചാണ് ഫൈറ്റ് ചെയ്യുന്നത് അതാണ് പ്രശ്നം... എടാ നീ കഥാപാത്രത്തോട് ഫൈറ്റ് ചെയ്യ് .. ഇത്രയും എന്നോട് പറഞ്ഞിട്ട് സിദ്ദീഖിനോട് " സിദ്ദീഖേ വാ നമുക്ക് തുടങ്ങാം" !! സിദ്ദീഖ് സർ എന്റടുത്തു വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാനാവില്ല - " നമ്മള് രക്ഷപെട്ടു". ഒരു നിർണ്ണായകമായ സാഹചര്യത്തിൽ നിന്നും സന്തോഷകരമായ അവസ്ഥയിലേക്ക് പെട്ടെന്ന് കാര്യങ്ങൾ മാറിയതിന്റെ സന്തോഷം, ഒരു പുതുമുഖത്തെ കെട്ടിപ്പിടിച്ചുകൊണ്ട് പബ്ലിക്കായി പങ്കിടാൻ സിദ്ദീഖ്സാറിന് മനസ്സുണ്ടായിരുന്നു .. കഴിവുണ്ടായിരുന്നു. മറ്റ് എത്ര പേർ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത്ര ഉദാത്തമായ രീതി അവലംബിക്കും എന്നറിയില്ല. മമ്മുക്ക അങ്ങനെ പറയുകയും ആ നിലപാട് എടുക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ അവിടെ ഉണ്ടായിരുന്ന നൂറിൽ നൂറ്റൊന്നു പേരും എന്റെ നെഞ്ചിൽ പൊങ്കാലയിട്ടേനേ.

സിദ്ദീഖ് സാറിനും എനിക്കും, മൂന്ന് പെൺമക്കൾ വീതമാണ്. അത്തരത്തിലും കുടുംബപരമായി പല കാര്യങ്ങളും ഞങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു. മകൾ കരൾ പങ്കിട്ടുനൽകാൻ തയാറി നിന്ന ഘട്ടത്തിലാണ് സിദ്ദീഖിന് ന്യൂമോണിയ പിടിപെടുന്നതും തുടർന്ന് ഹൃദയാഘാതം ഉണ്ടായി മരണത്തിലേക്ക് എത്തുന്നതും.

ജീവിച്ച കാലത്തെ വിവിധ ഘട്ടങ്ങളിൽ പരസ്പരം കൈമാറിയ നല്ല അനുഭവങ്ങളെ മാറോട് അടുക്കി പിടിച്ച്, ഏറെ ദു:ഖത്തോടെ യാത്ര പറയുന്നു സിദ്ദീഖ് സർ.

ഉമ്മൻ ചാണ്ടി സാർ രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഒരു വിശുദ്ധനായിരുന്നു എന്ന് നാം കണ്ടെത്തിയെങ്കിൽ, സിനിമയുടെ ഭ്രമിപ്പിക്കുന്ന ലോകത്ത് "സിദ്ദീഖ് സാർ" ഒരു വിശുദ്ധനായിരുന്നു. ഇരുവരും അടുത്തടുത്ത് കടന്നു പോയി. ചിരിയുടെ 'ഗോഡ്ഫാദേഴ്സ്' ആയ ഇരുവരും മുകളിലിരുന്ന് നമ്മെ നോക്കി ചിരിക്കുന്നുണ്ടാവാം ...

പരമകാരുണ്യവാനായ ദൈവത്തിന്റെ സന്നിധിയിൽ അദ്ദേഹം എത്തിച്ചേർത്തു എന്ന് ഉറപ്പിച്ച് ആശ്വസിക്കാനേ ഇനി കഴിയു. പക്ഷേ അവസാനമായി ഒരു മനുഷ്യൻ എന്ന രീതിയിൽ ദൈവത്തോട് ഒരു ചോദ്യം ... ഒപ്പം പരിഭവവും ...

മദ്യവും പുകവലിയും ഇല്ലാത്ത, അമിതാഹാരം ഇല്ലാത്ത, സമാധാനപ്രിയനായ, ശാന്തനായ, സദാ ചിരിക്കുന്ന ഈ മനുഷ്യനെ, എന്തു കൊണ്ട് ഈ കരൾരോഗത്തിലൂടെ ന്യൂമോണിയയിലൂടെ ഈ ലോകത്തുനിന്നും വിളിച്ചുകൊണ്ട് പോയി ?

ആദരാഞ്ജലികളോടെ... മോഹനൻ അയിരൂർ

Tags:    
News Summary - 'Siddiq sir was a saint..'; This memoir by actor Mohan Aayirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.