വിടപറഞ്ഞത് നിശ്ശബ്ദ സാന്നിധ്യം

‘നാർമടിപ്പുടവ’ പോലുള്ള മികച്ച നോവലുകൾ എഴുതിയ എഴുത്തുകാരിയാണ് വിടപറഞ്ഞ സാറാ തോമസ്. അവരെഴുതിയ ‘ മണിമുഴക്കം’ എന്ന പി.എ. ബക്കറിന്‍റെ സിനിമയുടെ കഥയും അതുപോലെ എടുത്തുപറയേണ്ടതാണ്. ധാരാളം എഴുതിയില്ലെങ്കിലും എഴുതിയവയൊക്കെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഡോ. എം. ലീലാവതി സാറാ തോമസിന്‍റെ കൃതികളെപ്പറ്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ നോവൽ സാഹിത്യത്തിൽ അവർ വേണ്ടപോലെ വിലയിരുത്തപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. വ്യക്തിപരമായി എന്റെ പേരിനോടുള്ള സാമ്യംമൂലം ഒരുപാടുതവണ ആളുകൾക്ക് തെറ്റിദ്ധാരണ വന്നിട്ടുണ്ട്. ഇപ്പോൾതന്നെ അവരുടെ മരണവാർത്തയറിഞ്ഞ് ആളുകൾ രാവിലെ തൊട്ട് വിളിയാണ്. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്.

നേരത്തേതന്നെ ഡോ. സക്കറിയയെയും സാറാ തോമസിനെയും അറിയാം. ഒരിക്കൽ ട്രെയിൻ യാത്രയിൽ ഡോക്ടറും സാറാ തോമസും ഞാനും ഒരുമിച്ച് ദീർഘദൂരം യാത്രചെയ്തിരുന്നു. അന്നാണ് കൂടുതൽ സംസാരിക്കാനും അറിയാനും സാഹചര്യമൊരുങ്ങിയത്. സുഗതകുമാരി ടീച്ചറുടെ അടുത്ത സുഹൃത്തായിരുന്നു സാറാ തോമസ്. ഞാൻ വിക്ടോറിയ കോളജിൽ ജോലി ചെയ്തിരുന്ന കാലത്ത് സൗന്ദര്യമത്സരം നടക്കുന്ന വേദിയിൽ പ്രതിഷേധമെന്ന നിലയിൽ ചാക്കുമുടുത്ത് വരാൻ തീരുമാനിച്ചു. എന്നാൽ, പ്രതിഷേധത്തിനു മുമ്പേ ഞങ്ങളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സാറാ തോമസ് ആ സംഭവത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ആ ദിവസങ്ങളിൽ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കവെ വളരെയേറെ പേർ ‘ജയിലിൽനിന്ന് എന്ന് എപ്പോൾ വന്നു’ എന്ന രീതിയിൽ സംസാരിച്ച കാര്യമൊക്കെ.

എന്റെ ജനകീയ ഇടപെടലുകളുടെ ഭാരം ഒരുപക്ഷേ, ഒരുതരത്തിലും ബന്ധമില്ലാത്ത സാറാ തോമസിലേക്കും എത്തിയിട്ടുണ്ട്. അത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകണം. കാരണം, ജനങ്ങൾക്കിടയിൽ അധികം വരാനിഷ്ടപ്പെട്ടിരുന്നില്ല അവരെന്ന് തോന്നിയിട്ടുണ്ട്. എഴുത്തുപോലും വളരെ ആഘോഷിക്കാത്ത സ്ത്രീയായിരുന്നു അവർ. നിശ്ശബ്ദമായിരുന്നു ആ സാന്നിധ്യം.

Tags:    
News Summary - Sara joseph on Sarah Thomas death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.