ഫഹദ്​ പുല്ലൻ

യുവ കലാകാരന്‍റെ അകാലവിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാർ

കീഴുപറമ്പ് (മലപ്പുറം): നാടക, സിനിമ രംഗത്തും ഗാനരചയിതാവായും ഗായകനായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച യുവ കലാകാരന്‍റെ അകാലവിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാർ. കീഴുപറമ്പ് തൃക്കളയൂർ സ്വദേശി ഫഹദ് പുല്ലനാണ്​ (31) കോവിഡിനെ തുടർന്ന്​ ന്യുമോണിയ ബാധിച്ച്​ മരിച്ചത്​.

രണ്ട് മാസത്തിലധികമായി മഞ്ചേരി മെഡിക്കൽ കോളജിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ്​ മരണത്തിന് കീഴടങ്ങിയത്​. ഏറെ മികവുപുലർത്തിയ യുവകലാകാരനെയാണ്​ ഫഹദിന്‍റെ വിയോഗത്തിലൂടെ നാട്ടുകാർക്ക് നഷ്ടപ്പെട്ടത്. തളിക്കുളം ഇസ്​ലാമിയ കോളജിലും കൊടിയത്തൂർ വാദിറഹ്മ ഓർഫനേജിലും പഠനം പൂർത്തിയാക്കിയ ഫഹദ് പഠനകാലം മുതൽ ഗായകനായും അഭിനേതാവായും ഏറെ തിളങ്ങിയിരുന്നു.

പാറമ്മൽ അഹമ്മദ് കുട്ടി സംവിധാനം ചെയ്ത വെള്ളരിപ്പാടം തിയേറ്റേഴ്സിന്‍റെ വിത്തും കൈക്കോട്ടും എന്ന നാടകത്തിൽ പ്രധാനകഥാപാത്രമായ സഞ്ചാരിയുടെ വേഷം ചെയ്തത് ഫഹദായിരുന്നു. ആബിദ് തൃക്കളയൂർ സംവിധാനം ചെയ്ത 'ന്‍റെ പുള്ളി പയ്യ് കരയുന്നു' എന്ന സ്റ്റേജ് നാടകത്തിലും, ഹഫീസ് കൊളക്കാടൻ സംവിധാനം ചെയ്ത അവറാന്‍റെ പോത്ത്, മൂന്ന് പഴങ്കഥകൾ, മൂവി ഡ്രാമയിലൂടെ ശ്രദ്ധയാകർഷിച്ച നൂറാമിന, കൊടികേറ്റം, മരം കേറി, തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വെള്ളരിപ്പാടം തിയറ്റേഴ്സിന്‍റെ വിത്തും കൈക്കോട്ടും എന്ന നാടകത്തിലെ കലാകാരന്മാർക്കൊപ്പം ഫഹദ്​ പുല്ലൻ (വലത്തേയറ്റം)


'കറുത്ത പെണ്ണിന്‍റെ വെളുത്ത മനസ്സ്' എന്ന ഹോം സിനിമയിൽ ഗാനരചയിതാവും അസി. ഡയറക്ടറും ഫഹദായിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന നിലമ്പൂർ സീനത്ത് സംവിധാനം ചെയ്യുന്ന രണ്ടാം നാൾ എന്ന സിനിമയിൽ പ്രധാനവേഷത്തിൽ ഫഹദ്​ എത്തുന്നുണ്ട്​.

സോളിഡാരിറ്റി പ്രവർത്തകനായിരുന്ന ഫഹദ് സേവന രംഗത്തും നാട്ടിൽ സജീവമായിരുന്നു. തൃക്കളയൂരിലെ യുവജന കൂട്ടായ്മയായ കോമ്പി ബ്ലോക്ക് ക്ലബ്ബിന്‍റെ മെമ്പറുമായിരുന്നു. ഫഹദിന്‍റെ നിര്യാണത്തിൽ മത -രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.

പരേതനായ പുല്ലഞ്ചേരി അലവിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ് ഫഹദ്. വടക്കുമുറി സ്വദേശി മുബഷിറയാണ് ഭാര്യ.



 


Tags:    
News Summary - Remembering theater artist Fahad pullan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.