എൻ.കെ. മുഹമ്മദ്‌ മൗലവി: വിടപറഞ്ഞത്​ ജ്ഞാനസാഗരം

ധീരതയും മാനുഷികതയും നയചാതുരിയും കർത്തവ്യബോധവും ലയനസൗന്ദര്യത്തോടെ ഇഴ ചേർന്ന മഹാമനീഷിയാണ് ഇന്നലെ വിടപറഞ്ഞ എൻ.കെ. മുഹമ്മദ്‌ മൗലവി. ശൈഖുൽ ഉലമാ (പണ്ഡിതൻമാരുടെ ഗുരു) എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

21.9.1931ൽ സൈതാലി -ആഇശ ദമ്പതികളുടെ മൂന്നാം സന്തതിയായാണ് ജനനം. അസാധാരാണമായ ബുദ്ധിശക്തിയും ഓർമ്മ ശക്തിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട സ്മര്യപുരുഷൻ ചെറുപ്പം മുതലേ അതീവ പഠനതാല്പര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂൾ പഠനം വ്യാപകമല്ലാത്ത കാലത്ത് തന്നെ സ്കൂളിൽ പോകാനും മലയാളഭാഷയിൽ അവഗാഹം നേടാനും അദ്ദേഹത്തിനു സാധിച്ചു. പിൽക്കാലത്ത്, നുസ്രത്തുൽ അനാം മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്ന അദ്ദേഹം പ്രൗഢഗംഭീരമായ ഭാഷയിൽ വരമൊഴി സൃഷ്‌ടിക്കുന്നതിൽ കൃതഹസ്തനായിരുന്നു.

അതേസമയം സാധാരണക്കാർക്ക് വേണ്ടിയുള്ള രചനകൾ അതീവ ലളിത ഭാഷയിൽ തയ്യാറാക്കാനും ശ്രദ്ധിച്ചിരുന്നു. കർമ്മശാസ്ത്രത്തിന്‍റെ നിഖില അദ്ധ്യായങ്ങളും ഉൾക്കൊണ്ട പ്രഥമമലയാള കൃതിയായ "സമ്പൂർണ കർമ്മശാസ്ത്രം" ഉൾപ്പെടെ നിരവധി രചനകൾ ആ തൂലികയിൽ നിന്ന് പിറവി കൊണ്ടിട്ടുണ്ട്.

പ്രാഥമിക മതപഠനത്തിനു ശേഷം മഞ്ചേരി മുഫീദുൽ ഉലൂം ദർസ്, വണ്ടൂർ ജുമാ മസ്ജിദ്, ബാഖിയാത്തുസ്സ്വാലിഹാത്ത് വെല്ലൂർ എന്നിവിടങ്ങളിൽ ഉപരി പഠനം നടത്തി. ഓവുങ്ങൽ വലിയ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ശൈഖ് ആദം ഹസ്രത്ത് ഉത്തമപാളയം, ശൈഖ് ഹസൻ ഹസ്രത്ത് പാപ്പിനിശ്ശേരി തുടങ്ങിയ അഗ്രിമസ്ഥാനീയരുടെ കീഴിലെ പഠനം വൈജ്ഞാനികവളർച്ച നേടാൻ സഹായിച്ചു.

1960ൽ ബാഖവി ബിരുദം നേടിയ അദ്ദേഹം നാലു വർഷം കണ്ണൂർ ജില്ലയിലെ ചാപ്പരപ്പടവിൽ (1960-64) മുദരിസ് ആയി സേവനം ചെയ്തു. തുടർന്ന് അമ്പതു വർഷത്തിലധികം പരപ്പനങ്ങാടി വലിയ ജുമാ മസ്ജിദിൽ തദരീസ് നടത്തുകയുണ്ടായി. ആറു ദശാബ്ദങ്ങൾ നീണ്ടു നിന്ന അധ്യാപനം മുഖേന ശതക്കണക്കിന് പ്രഗൽഭ ശിഷ്യൻമാരെ വാർത്തെടുക്കാൻ സാധിച്ചു.

അവിഭക്ത സമസ്തയിലെ പണ്ഡിതൻമാരിൽ അവശേഷിക്കുന്ന ഏകപണ്ഡിതൻ ആയിരുന്നു അദ്ദേഹം. 1962 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം ആയിരുന്നു. '67 ൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സ്ഥാപിക്കപ്പെട്ടപ്പോൾ അതുമായി സഹകരിക്കുകയും സജീവ സാന്നിധ്യമാവുകയും ചെയ്​തു. ശംസുൽ ഉലമാ കീഴന ഓറുടെ വിയോഗത്തെ തുടർന്ന് സംഘത്തിന്‍റെ അദ്ധ്യക്ഷപദവിയിൽ അവരോധിക്കപ്പെടുകയും ചെയ്തു.

സൗമ്യതയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥായിയായ മുഖമുദ്ര. ആരോടും വ്യക്തി വിരോധം വെച്ചു പുലർത്തിയിരുന്നില്ല. വേദചിന്ത പകരേണ്ട പണ്ഡിതൻമാർ ഭേദചിന്ത പകരുന്നതിൽ അദ്ദേഹം അസ്വസ്​ഥനായിരുന്നു. സംഘടനകളുടെ പേരിൽ വീടുകളിലും നാടുകളിലും ഉയർന്നു പൊങ്ങുന്ന അക്രമങ്ങളിൽ കടുത്ത ഖേദാമർശം പ്രകടിപ്പിച്ചിരുന്ന എൻ.കെ. മുഹമ്മദ്‌ മൗലവി, സാമുദായിക ഐക്യത്തിനും ഉന്നമനത്തിനും മരിക്കുവോളം വിളക്കുമാടമായി ജ്വലിച്ചു നിന്നു.

(കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗമാണ്​ ലേഖകൻ)

Tags:    
News Summary - NK Mohammad Moulavi is ocean of knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.