എടക്കര: ‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടെയും മനസില്‍ എരിയുന്നെ’ന്ന ഫേസ് ബുക് പോസ്റ്റുമായി മലപ്പുറം മുന്‍ ഡി.സിസി അധ്യക്ഷന്‍ വി.വി. പ്രകാശിന്റെ മകൾ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് നന്ദന പ്രകാശിന്റെ പോസ്റ്റ് ചര്‍ച്ചയായത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു വി.വി. പ്രകാശ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം മരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിഭാഗീയ പ്രവര്‍ത്തനമാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ‘ജീവിച്ചുമരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും.
ആ ഓര്‍മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍’- നന്ദന ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല മകള്‍ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതെന്ന് വി.വി. പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.